മലയാളം ഇ മാഗസിൻ.കോം

വിവാഹ ശേഷം ഭർത്താവിനും പൂർവ്വ കാമുകനും ഇടയിൽ പെട്ടുപോയ ഒരു പെൺകുട്ടിയുടെ അവസ്ഥ

വിവാഹത്തെക്കുറിച്ച്‌ ആണിനും പെണ്ണിനും വലിയ പ്രതീക്ഷകളാണുള്ളത്‌. അത്തരം പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നും യാഥാർത്ഥ്യമായില്ലെങ്കിൽ ഇരുവരുടെയും ജീവിതം സന്തോഷകരമായിരിക്കില്ല. ആഗ്രഹിക്കുന്നതുപോലെ ഒരു ജീവിതമല്ല കിട്ടുന്നതെങ്കിൽ ആ ജീവിതം അനുഭവിച്ച്‌ തീർക്കേണ്ടി വരുമെന്ന്‌ ചിലർക്കെങ്കിലും അനുഭവത്തിലൂടെ മനസിലായിട്ടുള്ള കാര്യമാണ്‌. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാൻ സാധിക്കാതെ മറ്റൊരു പുരുഷന്റെ മുന്നിൽ താലികെട്ടാൽ തല കുനിയ്ക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയാണ്‌ പ്രമുഖ സൈക്കോളജിസ്റ്റ്‌ പങ്കു വയ്ക്കുന്നത്‌. വിവാഹ ശേഷം ഭർത്താവിനും പൂർവ്വ കാമുകനും ഇടയിൽ പെട്ടുപോയ ആ പെൺകുട്ടിയുടെ അവസ്ഥ ഇപ്പോൾ എങ്ങനെയെന്ന്‌ നോക്കാം.

രാജി, തീരെ പ്രതീക്ഷിച്ചിരിക്കാത്ത സമയത്തായിരുന്നു അവൾ വിവാഹ ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. ചിന്തകളിലും സ്വഭാവത്തിലും ഒരിക്കലും ചേരാത്ത ഒരാളാണ്‌ അയാൾ എന്നായിരുന്നു അവളുടെ അഭിപ്രായം. അതിന്‌ പ്രത്യേക കാരണങ്ങളും ഉണ്ടായിരുന്നു. വിവാഹത്തിനു മുൻപ്‌ ആ പെൺകുട്ടിക്ക്‌ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. കിഷോർ എന്നായിരുന്നു അയാളുടെ പേര്‌. എന്നാൽ അച്ഛനമ്മമാരോടുള്ള അവളുടെ സ്നേഹം ആ ബന്ധം ഉപേക്ഷിക്കുന്നതിനും പുതിയൊരാളെ ഭർത്താവായി സ്വീകരിക്കുന്നതിനും അവളെ പ്രേരിപ്പിച്ചു.

പക്ഷെ കിഷോർ പറഞ്ഞത്‌ വിവാഹ ശേഷവും വളരെ അടുത്ത സുഹൃത്തുക്കളായി തന്നെ നമുക്ക്‌ ജീവിക്കാം എന്നായിരുന്നു. അതേ സമയം പുതിയ ജീവിതവും മറ്റും ഇത്തരം ഒരു അടുപ്പം കിഷോറുമായി സൂക്ഷിക്കാൻ അവളെ അനുവദിച്ചില്ല. വിവാഹ ശേഷം ഭർത്താവിനോടൊപ്പം മറ്റൊരു നഗരത്തിലേക്ക്‌ ഇവൾ ചേക്കേറി. ബിസിനസ്മാൻ ആയിരുന്ന ഭർത്താവിനോടൊപ്പം സോഫ്റ്റ്‌ വെയർ എഞ്ചിനീയർ ആയി ഇവളും ജീവിതത്തിലെ പുതിയ പ്രതീക്ഷകളിലേക്ക്‌ നടന്നടുത്തു. അതിനിടെ ഭർത്താവിന്റെ മാതാപിതാക്കളുടെ നിർബന്ധ പ്രകാരം ആ പെൺകുട്ടിക്ക്‌ ജോലി രാജി വെക്കേണ്ടി വന്നു.

ഇതിനിടയിൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങിയപ്പോഴാണ്‌ ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന്‌ അവൾ തിരിച്ചറിഞ്ഞത്‌. പൊതു സമൂഹത്തിലും മറ്റും ജീവിതത്തിൽ വളരെയധികം സ്നേഹത്തോടെ പെരുമാറുന്ന ഭർത്താവ്‌ രണ്ടു പേരും മാത്രമുള്ളപ്പോൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത അവൾക്ക്‌ നേരിടേണ്ടി വന്നത്‌ അയാളുടെ ഉത്തരമില്ലാത്ത മുഖത്തെയായിരുന്നു. എങ്കിലും ജീവിതം കൈവിട്ടു പോവുമെന്നുള്ള അവളുടെ ആശങ്കകൾ പല വിധത്തിൽ അവളെ അലട്ടിക്കൊണ്ടിരുന്നു.

ഇടയ്ക്കൊരു ദിവസം ഭർത്താവിന്റെ ഫോൺ പരിശോധിക്കാൻ ഇടയായപ്പോഴാണ്‌ സംഗതിയുടെ കിടപ്പു വശം അവൾക്ക്‌ മനസ്സിലായത്‌. പഴയ കാമുകിയുമായി ഇപ്പോഴും അയാൾ ബന്ധം തുടരുന്നുണ്ടായിരുന്നു. ഇത്‌ തലക്കു മുകളിൽ വെള്ളിടി വീണതു പോലെ അവളെ വേദനിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത അവളുടെ മുന്നിൽ നല്ല ഭർത്താവായി ജീവിക്കാൻ ഒരു അവസരം വേണമെന്ന്‌ അയാൾ കെഞ്ചി. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അവൾ ഒരു അവസരം കൂടി അയാൾക്ക്‌ നൽകുകയുണ്ടായി.

ഈ ഇടക്കാണ്‌ തന്റെ പഴയ കാമുകനായ കിഷോറിനെ അവൾ കണ്ടു മുട്ടുന്നത്‌. ഇത്‌ വീണ്ടും ഒരു പരിചയം പുതുക്കലിലേക്കും മെസ്സേജിലേക്കും വാട്സാപ്പിലേക്കും കടന്നു. എങ്കിലും ഒരിക്കലും മര്യാദയുടെ അതിർവരമ്പുകൾ അവർ ലംഘിച്ചിരുന്നില്ല. ഭർത്താവിന്റെ പെരുമാറ്റത്തിൽ വീണ്ടും സംശയം തോന്നിയ അവൾ ഭർത്താവിന്‌ കാമുകിയുമായി വളരെ അടുത്ത ബന്ധം തന്നെയാണ്‌ ഉള്ളതെന്ന്‌ വീണ്ടും കണ്ടെത്തി. ഭർത്താവിന്‌ അശ്ലീല ഫോട്ടോകൾ അയക്കലും പ്രശ്നങ്ങളെല്ലാം കൂടുതൽ വഷളാക്കുകയായിരുന്നു. ഇത്‌ ക്ഷമിക്കാൻ കഴിയാതിരുന്ന അവൾ വിവാഹമോചനം എന്ന അവസ്ഥയിലേക്ക്‌ എത്തി. എന്നാൽ ഭർത്താവ്‌ കരഞ്ഞ്‌ കാലു പിടിച്ച്‌ വീണ്ടും ഒരു ഒത്തുതീർപ്പെന്ന അവസ്ഥയിലേക്ക്‌ അവൾ തിരികെയെത്തി. ഒരു തരത്തിലും പൂർവ്വ കാമുകിയുമായി ബന്ധം സ്ഥാപിക്കരുതെന്ന വാക്കിന്റെ പിൻബലത്തിൽ അവർ വീണ്ടും ജീവിതം തുടങ്ങി. ഇതിലൂടെ അയാൾ പുതിയൊരു മനുഷ്യനായ്‌ മാറുകയായിരുന്നു.

കിഷോർ തന്നിൽ നിന്നും പഴയതു പോലെ ഒരു ജീവിതമാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ അവൾ ഇതിനകം തന്നെ മനസ്സിലാക്കി. എന്നാൽ അത്‌ അപകടമാണെന്നും അത്തരത്തിലൊരു ജീവിതം തന്റെ മാത്രമല്ല കിഷോറിന്റെ കുടുംബം പോലും നശിപ്പിക്കുമെന്ന്‌ അവൾക്ക്‌ ഉറപ്പായിരുന്നു. ഇത്‌ കൊണ്ട്‌ തന്നെ കിഷോറിനെ സ്വീകരിക്കുവാൻ അവൾ തയ്യാറായില്ല. ഭർത്താവിന്റെ കാര്യത്തിൽ അവൾ ഭയന്നതു പോലെ തന്നെ വീണ്ടും സംഭവിച്ചു. ഒരിക്കലും തിരിച്ച്‌ പിടിക്കാനാവാത്ത രീതിയിൽ പൂർവ്വകാമുകിയുമായുള്ള അയാളുടെ ബന്ധം വളരെ ശക്തമായി പോയി. ഒന്നും ചെയ്യാൻ കഴിയാതെ ഇപ്പോഴവൾ ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ട്‌ ജീവിക്കുന്നു.

Staff Reporter