തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച്ചക്കിടെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരണമടയുമ്പോഴും സർക്കാർ നിസ്സംഗതയിലാണ്. കോട്ടയം സ്വദേശി രശ്മി ജനുവരി രണ്ടിനാണ് സംക്രാന്തിയിലെ ഒരു ബിരിയാണിക്കടയിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. പിന്നാലെ ഇന്ന് കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീയും രുചികരമായ ഭക്ഷണം കഴിച്ച് മരിച്ചിരിക്കുകയാണ്. അറബ് ഭക്ഷണ പാരമ്പര്യം കേരളത്തിന്റെ വഴിയോരങ്ങളിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ആഹാരം മലയാളികളുടെ ജീവനെടുത്ത് തുടങ്ങിയത്. ആറു ദിവസത്തിനിടെ മരിച്ച രണ്ടുപേരും കഴിച്ചത് അറബ് ചിക്കൻ വിഭവമായിരുന്നു.
അറബ് ചിക്കൻ വിഭവങ്ങൾ കഴിച്ചുള്ള മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങുന്നത് 2012ലാണ്. 2012 ജൂലൈയിൽ തിരുവനന്തപുരം സ്വദേശി സച്ചിൻ റോയ് മരിക്കുന്നത് ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കരിവെള്ളൂർ സ്വദേശി ദേവനന്ദ മരിച്ചത്.
അറബ് വിഭവമാണ് എന്നതല്ല ഭക്ഷ്യവിഷബാധയേറ്റ് മലയാളികൾ മരിക്കാനുള്ള കാരണം. ബ്രോയിലർ കോഴിയുടെ ഉത്പാദനത്തിൽ മുതൽ തുടങ്ങുന്ന വിഷപദാർത്ഥങ്ങളോ, അതുമല്ലെങ്കിൽ പിന്നീട് മാരകമായി മാറാവുന്ന പദാർത്ഥങ്ങളുടെ ഉപയോഗമാണ് ഇന്ന് ആഹാര കാര്യത്തിൽ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വെറും 45 ദിവസം കൊണ്ട് രണ്ടും മൂന്നും കിലോയുള്ള കോഴി വെറുതെയങ്ങ് വളരുകയില്ലല്ലോ.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ വഴിയോര ഭക്ഷണശാലകളുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. കുഗ്രാമങ്ങളിൽ പോലും വറുത്തതും മൊരിച്ചതുമായ ചിക്കൻ വിഭവങ്ങളുമായി ന്യൂജെൻ ഹോട്ടലുകൾ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലെ ആഹാര സാധനങ്ങളുടെ ഇതുവരെ അനുഭവിക്കാത്ത രുചികൾ ആളുകളെ അവിടേക്ക് വീണ്ടും വീണ്ടും ആകർഷിച്ചു. ആഘോഷങ്ങൾക്ക് കുഴിമന്തിയും വിരസത അകറ്റാൻ ഷവർമ്മയും മലയാളികളുടെ ശീലമായി മാറി. കോഴിയുടെ വളർച്ച പോലെ തന്നെ ഈ രുചികളും എങ്ങനെയുണ്ടായി എന്ന അന്വേഷണം എങ്ങുമില്ല.
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ നടക്കുന്ന വഴിപാട് പരിശോധനകൾക്കപ്പുറം കേരളത്തിലെ ഭക്ഷണ ശാലകളിലും ചിക്കൻ സെന്ററുകളിലും സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനോ വകുപ്പ് മന്ത്രിക്കോ സർക്കാരിനോ അറിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്നും കൂട്ടക്കുരുതിയിലേക്കുള്ള നാളുകൾ അകലെയല്ല എന്ന് തിരിച്ചറിഞ്ഞ് സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത് മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം