മലയാളം ഇ മാഗസിൻ.കോം

നവഗ്രഹങ്ങളെക്കുറിച്ച്‌ നിങ്ങൾക്കറിയാത്തതും അറിഞ്ഞിരിക്കേണ്ടതുമായ ഒൻപത്‌ കാര്യങ്ങൾ

ഈ ലേഖനത്തില്‍ ദൈവജ്ഞന്മാര്‍ക്കും ജ്യോതിഷ പണ്ഡിതന്മാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ് എഴുതുന്നത്. എന്നാല്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കും ഉള്ള ചില വിശദീകരണങ്ങള്‍ മാത്രമായി പരിഗണിച്ചാല്‍ മതി

1 ഗ്രഹങ്ങളും കാലപരിധിയും: വര്‍ഷത്തിന്റെ നാഥന്‍ ശനി. വര്‍ഷത്തെ രണ്ടാക്കുന്ന അയനത്തിന്റെ അധിപതി സൂര്യന്‍. ആറ് ഋതുക്കളാണ് ഭാരതീയര്‍ക്ക്. അവ ഈരണ്ടു മാസം വീതമാണ്. അവയുടെ അധിപതി ബുധനാകുന്നു. മാസങ്ങളുടെ നാഥന്‍ വ്യാഴം. മാസത്തെ രണ്ടാക്കുന്ന പക്ഷങ്ങളുടെ അധിപന്‍ ശുക്രന്‍. ദിവസത്തിന്റെ നാഥന്‍ ചൊവ്വ. നിമിഷത്തിന്റെ അധിപന്‍ ചന്ദ്രനും. എട്ടുമാസത്തിന്റെ ആധിപത്യം രാഹുവിന്, മൂന്ന് മാസത്തിന്റെ ആധിപത്യം കേതുവിന്. അങ്ങനെ സമയത്തിന്റെ ചെറുതും വലുതുമായ ഘടകങ്ങളെ ഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു.

2 ഋതുക്കളും ഗ്രഹങ്ങളും: പാശ്ചാത്യര്‍ക്ക് ഒരു വര്‍ഷത്തില്‍ നാലു ഋതുക്കള്‍; നമുക്ക് ആറ് ഋതുക്കളും. രണ്ടുമാസമാണ് ഓരോ ഋതുവിന്റെയും കാലപരിധി. ഉഗ്രവേനലായ ഗ്രീക്ഷ്മത്തിന്റെ അധിപന്മാര്‍ സൂര്യനും ചൊവ്വയും. ഇല പൊഴിയും കാലമായ ശിശിരത്തിന്റെ അധിപന്‍ ശനി. പുഷ്‌പോത്സവമായ വസന്ത ഋതുവിന്റെ നാഥന്‍ ശുക്രന്‍. തോരാമഴയുടെ കാലമായ വര്‍ഷത്തിന് ചന്ദ്രന്‍ കാരകന്‍. തെളിമാനത്തിന്റെ ദിനങ്ങളായ ശരല്ക്കാലത്തിന്റെ അധിപന്‍ ബുധനാണ്. മാമരം കോച്ചും ഹേമന്തത്തിന്റെ നാഥന്‍ വ്യാഴവും. ഗ്രഹങ്ങളെക്കൊണ്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവയുടെ ഋതുക്കളില്‍ സംഭവിക്കും.

3 ഗ്രഹങ്ങളുടെ വൃക്ഷകാരകത്വം:- ഉള്ളില്‍ കാതലുള്ള വന്മരങ്ങളുടെ കാരകന്‍ സൂര്യന്‍. വള്ളിച്ചെടികളുടെ കാരകന്മാര്‍ ശുക്രചന്ദ്രന്മാര്‍. പുല്‍ക്കൊടികളുടെ കാരകത്വം രാഹുവിനും കേതുവിനുമാണ്. മുള്ളുള്ള ചെടികള്‍ / മരങ്ങള്‍ എന്നിവയുടെ കാരകത്വം ചൊവ്വയ്ക്കും ശനിക്കും നല്‍കപ്പെട്ടിരിക്കുന്നു. കായ്ക്കാത്ത മരത്തിന് ബുധന്‍ കാരകന്‍; കായ്ക്കുന്ന മരത്തിന് വ്യാഴം കാരകന്‍. ഔഷധ സസ്യങ്ങള്‍ ചന്ദ്രനെക്കൊണ്ടും, പൂവും പാലുമുള്ള മരങ്ങള്‍ ശുക്രനെക്കൊണ്ടും, കരിമ്പനയും ഉള്‍ക്കാതലില്ലാത്ത മരങ്ങളും ശനിയെക്കൊണ്ടും ചിന്തിക്കുന്നു.

4 അടയാളങ്ങളും ഗ്രഹങ്ങളും: ആദിത്യന്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്ക് ദേഹത്തിന്റെ വലതു ഭാഗത്തും ചന്ദ്രന്‍, ശുക്രന്‍,ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ക്ക് ദേഹത്തിന്റെ ഇടത്തുഭാഗത്തും അടയാളം കാണും. കൂടാതെ ആദിത്യന് കക്ഷം, വ്യാഴത്തിന് തോള്‍, ശുക്രന് മുഖം, ശനിക്ക് ഗുഹ്യഭാഗം, തുട, കാല്‍ എന്നിവയിലും മറുകോ മറ്റ് അടയാളങ്ങളോ കാണും. ലഗ്‌നവുമായി ഏതു ഗ്രഹത്തിനാണോ ബന്ധം , പ്രസ്തുത ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേഹഭാഗത്തും ഇടത്-വലത് വശത്തും അടയാളങ്ങളുണ്ടാവും.

5 ഇന്ദ്രിയങ്ങളും ഗ്രഹങ്ങളും: ജ്ഞാനേന്ദ്രിയങ്ങള്‍ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ഇവയാണല്ലോ? യഥാക്രമം ചൊവ്വ, വ്യാഴം, ബുധന്‍, ശുക്രന്‍, ശനി എന്നിവയാണ് അവയുടെ കാരകന്മാര്‍. ഇനി കാല്‍, കൈ, വാക്ക്, ഗുദം, ഗുഹ്യം എന്നീ കര്‍മ്മേന്ദ്രിയങ്ങളുടെ കാരകത്വമാണ്. കുജന്‍ പാദത്തിന്റെയും ശനി കൈകളുടെയും ഗുരു വാക്കിന്റെയും ശുക്രന്‍ ഗുദത്തിന്റെയും ബുധന്‍ ഉപസ്ഥത്തിന്റെയും (രഹസ്യാവയവങ്ങളുടെയും) കാരകന്മാര്‍.

6 ചതുരുപായങ്ങളും ഗ്രഹങ്ങളും: സാമത്തിന്റെ ഗുരുശുക്രന്മാര്‍, ദാനത്തിന്റെ ചന്ദ്രന്‍, ഭേദത്തിന്റെ ശനിബുധന്മാര്‍, ദണ്ഡത്തിന്റെ ആദിത്യ കുജന്മാര്‍.

7 ഗ്രഹങ്ങളുടെ ഉദയരീതി: ചന്ദ്രനും ബുധനും ശുക്രനും ശിരസ്സ്/ മൂര്‍ദ്ധാവ് കൊണ്ട് ഉദിക്കുന്നു. അതിനാല്‍ അവയെ ശീര്‍ഷോദയ ഗ്രഹങ്ങള്‍ എന്നു പറയുന്നു. സൂര്യന്‍, ചൊവ്വ, ശനി, രാഹു എന്നീ പാപഗ്രഹങ്ങള്‍ പുച്ഛം / പൃഷ്ഠം കൊണ്ട് ഉദിക്കുന്നു. അതിനാല്‍ അവ പൃഷ്‌ഠോദയ ഗ്രഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. വ്യാഴം ശിരസ്സുകൊണ്ടും പൃഷ്ഠം കൊണ്ടും ഉദിക്കുന്നു. രാശികള്‍ക്കുമുണ്ട് ഇതുപോലെ ശിര:പുച്ഛോദയത്വം.

8 ഗ്രഹപുഷ്പങ്ങള്‍: രവിക്ക് അര്‍ക്കവും (എരുക്കും) വില്വവും (കൂവളം). ചന്ദ്രന് ആമ്പലും വെള്ളപ്പൂക്കളും വെണ്‍ താമരയും. ചൊവ്വയ്ക്ക് തെറ്റി, അരളി തുടങ്ങിയ രക്തകുസുമങ്ങള്‍. ബുധന് പച്ച – തുളസിയും മറ്റും. വ്യാഴത്തിന് ചമ്പകം. ശുക്രന് പിച്ചിയും മുല്ലയും. ശനിക്ക് നീലശംഖുപുഷ്പം, കരിങ്കൂവളം ഇത്യാദി. രാഹുവിന് കറുക. കേതുവിന് മുള്ളുള്ള പൂക്കള്‍! ചുവന്നപൂക്കളും പറയപ്പെടുന്നുണ്ട്.

9 പൂജാപാത്രങ്ങളും ഗ്രഹങ്ങളും: ദീപം സൂര്യനെക്കൊണ്ട്, ശംഖ് ചന്ദ്രനെക്കൊണ്ട്, ധൂപം ചൊവ്വയെക്കൊണ്ട്, ചന്ദനം ബുധനെക്കൊണ്ട്, മണി വ്യാഴത്തെക്കൊണ്ട്, പുഷ്പങ്ങള്‍ ശുക്രനെക്കൊണ്ട്, വലിയ പാത്രങ്ങള്‍ ശനിയെക്കൊണ്ട് ചിന്തിക്കുന്നു.

ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടുപോകാം. ‘ജ്യോതിഷ ഗുരുനാഥന്‍’ എന്ന എന്റെ പുസ്തകത്തില്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരങ്ങളായ ഇത്തരം ധാരാളം വിഷയങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

എസ്. ശ്രീനിവാസ് അയ്യര്‍
Phone: 98460 23343, അവനി പബ്ലിക്കേഷന്‍സ്

Avatar

Staff Reporter