മലയാളം ഇ മാഗസിൻ.കോം

വെറും 8 ലക്ഷം രൂപയ്‌ക്ക്‌ നിർമ്മിച്ച ഈ വീടാണ് ഇപ്പോൾ താരം! പ്ലാനു‍ം നിർമ്മാണ രീതികളും ഇതാ!

കയറിക്കിടക്കാനൊരു സ്വന്തം വീട് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. സ്വപ്ന സൗധം നിര്‍മ്മിച്ച് കഴിഞ്ഞാലുണ്ടാകുന്ന ലക്ഷങ്ങളുടെ ബാധ്യതയുമായി അതേ വീടിനുള്ളില്‍ ഉറക്കമില്ലാത്ത ജന്മങ്ങളായി മാറുന്ന ഗൃഹനാഥന്മാരും കുറവല്ല. അങ്ങനെ വരാതിരിക്കാനിതാ ഒരു നല്ല പ്ളാന്‍. കല്‍പ്പറ്റയിലെ റിയാ മന്‍സില്‍ എന്ന 730 സ്ക്വയര്‍ ഫീറ്റിലുള്ള വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞ വർഷം (2016ൽ) ആകെ ചിലവായത് എട്ട് ലക്ഷം രൂപയാണ്.

ആദ്യമായി വീട്ടുകാരന്‍ തന്നെ നേരിട്ട് പണി ചെയ്യിപ്പിക്കുക എന്നതാണ് കൈയ്യിലൊതുങ്ങുന്ന ബജറ്റില്‍ സുന്ദര ഭവനം തീര്‍ക്കാനുള്ള ആദ്യപടി. നാലര സെന്‍റ് വരുന്ന ഉറച്ചതും നിരപ്പായതുമായ പ്ളോട്ടിലാണ് റിയാ മന്‍സില്‍. അത് കൊണ്ട് തന്നെ പ്ളോട്ടില്‍ അധികം തുക ചിലവാക്കേണ്ടി വന്നില്ല. ഹാളും അടുക്കളയും ഒരു കോമണ്‍ ബാത്റൂമും രണ്ട് ബെഡ്റൂമുകളും ചെറിയൊരു സ്റ്റോര്‍ റൂമും അടങ്ങുന്ന വീടിന്‍റെ തന്നെ ഭാഗമായാണ് ചുറ്റുമതിലിന്‍റെയും നിര്‍മ്മാണം. വീടിന്‍റെ പിന്‍ഭാഗത്തും ഇടത് ഭാഗത്തും കോമ്പൗണ്ട് വോളാണ് ഭിത്തികളുടെ റോളും കൈകാര്യം ചെയ്യുന്നത്. ഇത് രണ്ട് വശങ്ങളിലെ കോമ്പൗണ്ട് വാളിന്‍റെ നിര്‍മ്മാണ ചിലവ് ലാഭിക്കാന്‍ കഴിഞ്ഞു. കോമണ്‍ ബാത്റൂമിന് ഒരു ബെഡ്റൂമില്‍ നിന്നും എന്‍ട്രന്‍സ് നല്‍കിയിരിക്കുന്നു.

\"\"

കുന്നിമരത്തിന്‍റെ തടി കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതും വളരെ വിലക്കുറവില്‍ ലഭിക്കുന്നതുമാണ്. വാതിലുകളും ജനലുകളും കുന്നിമരത്തിന്‍റെ തടിയില്‍ നിര്‍മ്മിച്ചതിനാല്‍ വളരെ കുറച്ച് പണം മാത്രമേ തടിക്ക് വേണ്ടി ചിലവായുള്ളു.
തറയില്‍ പാകിയ വിട്രിഫൈഡ് ടൈല്‍ ഒരെണ്ണത്തിന് വെറും അന്‍പത് രൂപയാണ് വില. ഭാവിയില്‍ മുകളിലൊരു നില കൂടി പണിയേണ്ടി വന്നാല്‍ ചെയ്യാന്‍ പാകത്തില്‍ റൂഫ് വാര്‍ത്ത് സ്റ്റെയര്‍കേസും നല്‍കിയിരിക്കുന്നു.

വെട്ട് കല്ലുപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ട്ടീഷ്യന്‍ ഭിത്തികള്‍ ഏഴ് ഇഞ്ച് കനത്തിലും. മതിലിന് കോണ്‍ക്രീറ്റ് ഹോളോ ബ്രിക്സും ഉപയോഗിച്ചിരിക്കുന്നു.ഇലക്ട്രിക് – പ്ളംബിംഗ് ജോലികളൊക്കെ ഗൃഹനാഥന്‍ തന്നെയാണ് ചെയ്തത്. സാധാരണ അപ്പോക്സി പെയിന്‍റുപയോഗിച്ച് വീടിനെ ഭംഗിയാക്കിയിരിക്കുന്നു.

\"\"

അടുക്കളയിലെ കാബിനറ്റിന്‍റെ പണി ഒഴികെ ബാക്കിയെല്ലാം അഞ്ച് മാസം കൊണ്ട് പണിതീര്‍ന്ന ഈ റിയ മന്‍സിൽ കാണുന്ന ഏതൊരുവനും പറയും, അതിശയമായിരിക്കുന്നു എന്ന്. കൃത്യമായ കണക്ക് കൂട്ടലും ജാഗ്രതയുമുണ്ടെങ്കില്‍ കൈയ്യിലെ സമ്പാദ്യത്തിന് അനുയോജ്യമായ രീതിയില്‍ സ്വപ്ന സൗധം തീര്‍ക്കാമെന്ന് റിയാമന്‍സില്‍ നമ്മോട് പറയുന്നു. വീട്ടുകാരന്‍ അത് സാക്ഷ്യപ്പെടുത്തുന്നു.

ചിത്രങ്ങൾ: ബാദുഷ
കടപ്പാട്‌: മനോരമ

Avatar

Staff Reporter