മലയാളം ഇ മാഗസിൻ.കോം

അങ്ങനെ കേരളത്തിലും 5G എത്തി, നിങ്ങളുടെ ഫോണിൽ 5ജി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കൊച്ചിയിലും ​ഗുരുവായൂരിലും ‘ജിയോ ട്രൂ 5ജി’ സേവനം ആരംഭിച്ചതിന് പിന്നാലെ ഈ മാസം 22ന് തിരുവനന്തപുരത്തും 5ജി എത്തും. തുടർന്ന് ജനുവരിയിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ നഗരങ്ങളിലും 5ജി സേവനം ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. സെക്കൻഡിൽ 1 ജിബി വരെ വേ​ഗമാണ് 5ജിയിൽ ജിയോ വാ​ഗ്ദാനം ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ നെറ്റ്‌വർക്കായ ‘ജിയോ ട്രൂ 5ജി’ സേവനം ഉദ്ഘാടനം ചെയ്തത്. 5ജി സേവനം കേരളത്തിന്റെ ആരോഗ്യ,വിദ്യാഭ്യാസ,വ്യവസായിക മേഖലയ്ക്ക് കൂടുതൽ ഊർജം നൽകുമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.പനമ്പിള്ളിനഗറിൽ നടന്ന ചടങ്ങ് ഓൺലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടർ,കോർപറേഷൻ മേയർ, ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. നേരത്തെ മുംബൈ,ചെന്നൈ, ഡൽഹി,കൊൽക്കത്ത നഗരങ്ങളി പരീക്ഷണാടിസ്ഥാനത്തിൽ 5ജി അവതരിപ്പിച്ചിരുന്നു. തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചത്. രാജ്യത്ത് ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്.

എന്നാൽ, 5ജി ലഭിക്കാൻ എന്തു ചെയ്യണം എന്ന ആശങ്ക പലരിലുമുണ്ട്. പുതിയ ഫോൺ വാങ്ങിയാൽ മാത്രമേ 5ജി ലഭിക്കുകയുള്ളോ എന്ന സംശയം ഉയർത്തുന്നവരുമുണ്ട്. എന്നാൽ, ജിയോ സിമ്മിൽ പ്രവർത്തിക്കുന്ന 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ളവർക്ക് 5ജി സേവനം ലഭ്യമാകും.

നിങ്ങൾക്ക് 5ജി ലഭ്യമാണെങ്കിൽ ജിയോ തന്നെ ഇത് സംബന്ധിച്ച സന്ദേശം നിങ്ങൾ അയച്ചിരിക്കും. 5ജി സേവനം സ്വന്തമാക്കാൻ ഫോണിൽ മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യണം. തുടർന്ന് ജിയോ 5ജി വെൽകം ഓഫർ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 239 രൂപയുടെ റീചാർജിലോ അതിൽ കൂടുതൽ തുകയുടെ പ്ലാനിലോ മാത്രമേ 5ജി ലഭ്യമാവുകയുള്ളു.

ഇത്രയെല്ലാം ചെയ്തിട്ടും 5ജി ലഭിക്കുന്നില്ലെങ്കിൽ ഫോണിലെ സെറ്റിംഗ്‌സ് മെനുവിൽ പോയി ‘നെറ്റ്വർക്ക് ആന്റ് ഇന്റർനെറ്റ്’ സേവനം ക്ലിക്ക് ചെയ്യുക. തുടർന്ന് സിം എന്ന ഓപ്ഷനിൽ പോയി പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പിൽ പോവുക. ഇങ്ങനെ 5ജി എനേബിൾ ചെയ്യാം.

YOU MAY ALSO LIKE THIS VIDEO,റിട്ടയർമെന്റിനു ശേഷം ചെടികളെ സ്നേഹിച്ചു, അവർ തിരികെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഷാഹിദാബീവി എന്ന വീട്ടമ്മയ്ക്ക്‌ കിട്ടുന്നത്‌ ലക്ഷത്തിലധികം വാർഷിക വരുമാനം, ഓർക്കിഡും ഹോയയും താമരയും ആമ്പലുമാണ്‌ ഇവിടെ സൂപ്പർ താരങ്ങൾ | Housewife Gardening in Kollam Sasthamcotta

Avatar

Staff Reporter