മലയാളം ഇ മാഗസിൻ.കോം

40 കഴിഞ്ഞ സ്ത്രീയാണോ? എങ്കിൽ വേണം ഇക്കാര്യങ്ങളിൽ ചില നിയന്ത്രണങ്ങൾ, അല്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമേ

മുടി കൊഴിച്ചില്‍, എല്ലുകള്‍ക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകള്‍ക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്‌നങ്ങള്‍ നാല്‍പത് വയസ് കഴിഞ്ഞാല്‍ ഉണ്ടാകാം. നാല്‍പത് വയസ് കഴിഞ്ഞാല്‍ ഭക്ഷണത്തില്‍ അല്‍പം നിയന്ത്രണമൊക്കെ ആവശ്യമാണെന്ന് പറയാറുണ്ട്. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കില്‍ നാല്‍പതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താം. 40 കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം

ദിവസവും ചെറുപയര്‍, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പുട്ടിനൊപ്പം ചെറുപയര്‍. ഇഡ്ഡലിക്കൊപ്പം സാമ്പാര്‍, ഇടിയപ്പത്തിനൊപ്പം കടലക്കറി തുടങ്ങിയ രൂപത്തില്‍ മതി. പ്രഭാത ഭക്ഷണം കറി കൂട്ടി കഴിക്കുക. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. പ്രഭാത ഭക്ഷണം നന്നായാല്‍ ആ ദിവസം ക്ഷീണം അറിയില്ല. എല്ലുകള്‍ക്ക് ബലം കിട്ടാന്‍ വളരെ മികച്ചതാണ് ചെറുപയര്‍. ഇനി ചെറു പയര്‍ മുളപ്പിച്ചതായാലോ. വളരേ നല്ലത്.

അതുപോലെ തന്നെ അല്‍പം ഓട്‌സ് ദിവസവും കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റിന് രാത്രി അത്താഴത്തിനോ ഓട്‌സ് കഴിക്കാവുന്നതാണ്. എല്ലുകള്‍ക്ക് ബലം കിട്ടാന്‍ വളരെ നല്ലതാണ് ഓട്‌സ്. ഓട്‌സിലെ ബീറ്റാ ഗ്ലൂക്കോണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും വെറും മൂന്നു ഗ്രാം ഓട്‌സ് കഴിച്ചാല്‍ മതി, കൊളസ്‌ട്രോളിന്റെ അളവു കൂടാതെ നിലനിര്‍ത്താം.

നാല്‍പതു കഴിഞ്ഞാല്‍ വലിയ മീനുകളെ വേണ്ടെന്നു വച്ചു ചെറുമീനുകളിലേക്കു മാറുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാല്‍മണ്‍, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാല്‍സ്യവും കിട്ടും.

ഇതു കൂടാതെ ട്രൈഫ്രൂട്ട്‌സ് കഴിക്കാം. ചെറി, ആല്‍മണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകള്‍ക്കു വേണ്ടത്ര പോഷണം കിട്ടും. വിശപ്പു ശമിക്കുന്നതുകൊണ്ട് ചോറ് അധികം കഴിക്കുന്നത് ഒഴിവാക്കാം.

സോയ ബീന്‍ ചങ്‌സ് കറിവച്ചു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികവും. അതു പക്ഷേ ഫൈബര്‍ നീക്കം ചെയ്ത സാധനമാണ്. സോയാ ബീന്‍ വാങ്ങി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്നു കഴുകി വാരി നാലഞ്ചു ദിവസം വെയിലില്‍ ഉണക്കിയെടുക്കുക. ഇതു ഗോതമ്പിനൊപ്പം ചേര്‍ത്തു പൊടിച്ചു ചപ്പാത്തി ഉണ്ടാക്കി കഴിച്ചാല്‍ മതി. ഒന്നാന്തരം പോഷണമായി. കടലയും ഇതുപോലെ ചേര്‍ത്തു പൊടിക്കാം. സോയാ ബീന്‍ കുതിര്‍ത്ത് അരച്ച് അരിച്ചെടുത്തു കിട്ടുന്ന സോയാ മില്‍ക്ക് വെള്ളം ചേര്‍ത്തു കട്ടികുറച്ചു തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.

ചായയ്‌ക്കൊപ്പം ശരീരത്തിലെത്തുന്ന അരഗ്ലാസില്‍ കുറഞ്ഞ പാലാണു മിക്ക സ്ത്രീകള്‍ക്കും ആകെ കിട്ടുന്ന പാലിന്റെ അളവ്. സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ അളവു നികത്താന്‍ ഈ പാല്‍ മതിയാവില്ല. ദിവസവും ഓരോ ഗ്ലാസ് പാല്‍ ഓട്‌സ്, കോണ്‍ഫ്‌ലേക്‌സ് തുടങ്ങിയത് ഏതെങ്കിലും ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ പഴച്ചാറുകളില്‍ പാല്‍ ചേര്‍ത്തു സ്മൂത്തി ഉണ്ടാക്കി കഴിക്കുക.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter