നിങ്ങളുടെ മൂന്ന് വയസുളള കുഞ്ഞുമായി ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകമാകുമെന്ന് വിദഗ്ദ്ധര്‍.
കുട്ടികളുമായി ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പല മാതാപിതാക്കളും വിമുഖരാണ്. എത്രകാലം ഇത്തരം ചര്‍ച്ചകള്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ അത്രയും സന്തോഷമാണ് അച്ഛനമ്മമാര്‍ക്ക്. എന്നാല്‍ മൂന്ന് വയസുമുതല്‍ തന്നെ നിങ്ങള്‍ കുട്ടികളുമായി ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഇത് കുട്ടികളെ സംശയത്തോടെ കാര്യങ്ങളെ സമീപിക്കുന്നതില്‍ നിന്ന് അകറ്റുമെന്നും ലണ്ടനിലെ ഫാക്വല്ടി ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ തലവന്‍ പ്രൊഫ.അഷ്തണ് പറയുന്നു. കുട്ടികളുടെ സംശയങ്ങളെ ജീവശാസ്ത്ര പാഠങ്ങള്‍ പഠിപ്പിക്കാനുളള അവസരമായി മാതാപിതാക്കള്‍ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറയുന്നു.
പെണ്‍കുട്ടിയില്‍ നിന്ന് തന്റെ ശരീരത്തിന് എന്താണ് വ്യത്യാസമെന്ന ഒരു ആണ്‍കുട്ടിയുടെ ചോദ്യത്തോട് ശരിയായി പ്രതികരിക്കാന്‍ അച്ഛനമ്മമാര്‍ തയാറാകണം. ആണ്‍കുഞ്ഞിന്റെ ശരീരത്തിന്റെ പ്രത്യേകതയും ബീജ ഉത്പാദനത്തെയും കുറിച്ചുളള ബാലപാഠങ്ങള്‍ അവന് പകര്‍ന്ന് നല്കാന് അച്ഛനമ്മമാര്‍ തയാറാകണം. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വിലക്കിയാല്‍ കൗമാരകാലമാകുമ്പോഴേക്കും അവന് മറ്റെവിടെയങ്കിലുമൊക്കെ നിന്ന് തന്റെ ചോദ്യത്തിനുളള ഉത്തരം നേടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ചെറുപ്പത്തില്‍ തന്നെ ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാതെ പോയാല്‍ ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ പില്ക്കാലത്ത് അവന് മനസിലാക്കാന്‍ കഴിയാതെ പോകും. കൗമാരകാലമാകുമ്പോഴേക്കും സുരക്ഷിത ലൈംഗികതയും സമ്മതത്തോടെയുളള ലൈംഗികതയും മറ്റും അവന് തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ബ്രിട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല. എന്നാല്‍ പ്രാഥമിക, സെക്കന്‍ഡറി തലങ്ങളില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് പ്രൊഫ.അഷ്തോണ് അഭിപ്രായപ്പെടുന്നത്.
അധ്യാപക രക്ഷകര്തൃസംഘനകള് ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉഭയകക്ഷി സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിനുളള പ്രായം പതിനാറില്‍ നിന്ന് പതിനഞ്ചാക്കി കുറയ്ക്കണമെന്നും അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിലക്കുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കുട്ടികളെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടുന്നതില്‍ നിന്ന് അകറ്റുന്നു. ഇത് മൂലം ഗര്‍ഭനിരോധന മാര്ഗങ്ങളെക്കുറിച്ചുളള അറിവുകളും ലൈംഗിക രോഗങ്ങള്‍ തടയുന്നതിനുളള മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് വിദഗ്ദ്ധ ഉപദേശം ലഭിക്കുന്നില്ല.
കുട്ടികള്‍ക്ക് പ്രാഥമിക തലത്തില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുളളതാണ്. ശരിയായ ബോധവത്ക്കരണമുണ്ടായാല് യുവതലമുറയെ ആരോഗ്യമുളളവരും സുരക്ഷിതരുമാക്കാന് സാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്ഗ്ദ്ധ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കണമെന്ന് പാര്‍ലമെന്ററി സമിതിയും നിര്‍ദേശിക്കുന്നു. ഇതിനായി കുറച്ച് മണിക്കൂറുകള്‍ മാറ്റി വയ്ക്കണമെന്ന നിര്‍ദേശവും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിനായി ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രായപരിധി പതിനാല് വയസാണ്. എന്നാല്‍ ലോകം ആകെ മാറിയിരിക്കുന്നുവെന്നും അതിനാല്‍ ഇക്കാര്യത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പോണോഗ്രഫിയിലൂടെയും മറ്റും ലഭിക്കുന്ന ലൈംഗിക വിവരങ്ങള്‍ കുട്ടികളുടെ മനസിനെ വികലമാക്കുന്നതായും വിദഗ്ദ്ധര്ചൂണ്ടിക്കാട്ടുന്നു. ഇതിനൊരു മാറ്റമുണ്ടാകാന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെയുളള ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്.