മലയാളം ഇ മാഗസിൻ.കോം

3 വർഷമായി തുടരുന്ന പ്രതികാര നടപടി, എന്റെ മകളെ പോലും അയാൾ വെറുതെ വിടുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രവീണ. നിരവധി ചലചിത്രങ്ങളിലും അഞ്ചോളം മെഗാ സീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസിക്കൽ നൃത്തരംഗത്തും ഗായികയായും നടി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

“മൂന്നു വർഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു” നിറഞ്ഞകണ്ണോടെ നടി പ്രവീണ പറഞ്ഞു.

തന്നെയും തൻ്റെ കുടുംബത്തിനേയും
സമൂഹമാധ്യമങ്ങളിലൂടെ 3 വർഷമായി അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് നടി സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുമുൻപു വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി.

ഏതാനും വർഷം മുൻപ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി. തുടർന്നാണ് ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാ‍ർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്ന് കണ്ടെടുത്തിരുന്നു.

തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും നടി പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബർ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബർ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത്‌ തുറന്ന്‌ പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം! Raniyamma Nishaa Mathew

Avatar

Staff Reporter