ഗൾഫ് പണത്തിന്റെ ഒഴുക്കിൽ മലയാളികൾ ധാരാളിത്തം പ്രകടമാക്കിയ ഒന്നാണ് വീടുകൾ. ലക്ഷങ്ങളിൽ നിന്നും കോടികളിലേക്ക് കടന്ന ഘട്ടത്തിലാണ് 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പിടികൂടിയത്. ഗൾഫ് മേഖലയിൽ ലക്ഷക്കണക്കിനു പേർക്ക് ജോലി നഷ്ടമാകുകയോ ശമ്പളവും ആനുകൂല്യങ്ങളും പകുതിയിലധികം താഴേക്ക് പോകുകയോ ചെയ്തു.
അതിൽ നിന്നും ഒന്ന് കരകയറി വരുന്ന സമയത്താണ് നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം വരുന്നത്. അതോടെ ഇന്ത്യയൊട്ടാകെയും വിശിഷ്യാ കേരളത്തിലും റിയൽ എസ്റ്റേറ്റിന്റെ നടുവൊടിഞ്ഞു. പണം ചിലവഴിച്ചാൽ സർക്കാർ അത് നിരീക്ഷിക്കുന്നു എന്ന ഒരു ഭീതി ആളുകളിൽ പടർന്നു. അതോടെ വൻ തോതിൽ കള്ളപ്പണം ഇറങ്ങിയിരുന്ന റിയൽ എസ്റ്റേറ്റ് മേഖല സ്തംഭനത്തിലായി. അതോടൊപ്പം സൗദി അറേബ്യയിലെ നിതാഖത്ത് കൂടുതൽ ശക്തമായതും മറ്റു ഗൾഫ് രാജ്യങ്ങളിലെ ശമ്പളം കുറഞ്ഞതും കനത്ത പ്രഹരമായി. വരും നാളുകൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുടേതാകും എന്നതിന്റെ സൂചനകൾ വരുന്ന സാഹചര്യത്തിൽ ഇന്നേ മുൻ കരുതൽ എടുക്കുക എന്നത് ഏറെ പ്രധാനമാണ്.
ചെറുത് ചിലവ് കുറച്ച് സൗകര്യങ്ങളോടെ അതാണ് ഗൃഹനിർമ്മാണത്തിലെ പുതിയ സൂത്രവാക്യം
ലഭ്യമായ സ്ഥലത്തെയും ധനത്തെയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഏറ്റവും മികച്ച് നിർമ്മിക്കുക എന്നതാണ് പുതിയ ട്രന്റ്. സ്ഥലപരിമിതിയാണ് പലരേയും ചെറുവീടുകളിൾ നിർമ്മിക്കുവാൻ നിർബന്ധിച്ചിരുനന്തെങ്കിൽ ഇന്നിപ്പോൾ സ്ഥലപരിമിതിമാത്രമല്ല ചെറിയ വീടുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിൽ മറ്റു ചില ഘടകങ്ങൾ കൂടെയുണ്ട്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഒരുകാലത്ത് വമ്പൻ മണിമാളികൾ സ്വന്തമാക്കിയവർ അത് എങ്ങിനെ എങ്കിലും വിറ്റൊഴിവാക്കിയലോ എന്ന ചിന്തയിലാണ്, അത്തരം ഭവനങ്ങൾ സ്വപ്നം കണ്ടിരുന്നവർ മാറിയ സാഹചര്യത്തെ ഉൾക്കൊണ്ട് ചെറുവീടുകളിലേക്ക് ഒതുങ്ങുവാൻ നിർബന്ധിതരുമായിരിക്കുന്നു. ഒരു ചെറിയ കുടുമ്പത്തിനു കഴിയുവാൻ 900-1400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകൾ തന്നെ ധാരാളം. മികച്ച ഡിസൈനിംഗിലൂടെയും ഒപ്പം ആർഭാടരഹിതമായും ബഡ്ജറ്റ് വീടുകൾ ഒരുക്കുന്നവർക്ക് ഡിമാന്റ് വർദ്ധിച്ചു.
വീടൊരുക്കുവാൻ പ്ലാനിംഗ് പ്രധാനം
എലിവേഷന്റെ ഭംഗിയിൽ ഭ്രമിച്ച് ലക്ഷങ്ങൾ ചിലവിട്ട് അതേ സമയം അസൗകര്യങ്ങളുടെ മകുടോദാഹരണങ്ങളായി അനേകം വീടുകൾ കേരളത്തിലുണ്ട്. കൃത്യമായ പ്ലാനിംഗിന്റെ അഭാവമാണ് ഇതിൽ പ്രധാന കാരണം. മിക്കവർക്കും സംഭവിക്കുന്ന മണ്ടത്തരമാണ് ഓൺലൈനിൽ നിന്നോ മറ്റോ ഒരു എലിവേഷൻ തപ്പിയെടുത്ത് അതിനനുസരിച്ച് പ്ലാനുണ്ടാക്കുന്നത്. കൃത്യമായ വെന്റിലേഷൻ പ്രത്യേകിച്ച് ഡൈനിംഗ് റൂമിനു പലപ്പോഴും നൽകാറില്ല. ഫർണീച്ചർ ലേയൗട്ടോ മറ്റോ തയ്യാറാക്കാതെ പ്ലാൻ വരച്ച് നിർമ്മാണം പകുതിയിടുമ്പോഴോ അതല്ലെങ്കിൽ അതു കഴിഞ്ഞോ ആകും പലരും പ്രശ്നങ്ങൾ തിരിച്ചറിയുന്നത്.
ജീവിതകാലം മുഴുവൻ അസൗകര്യങ്ങൾ നിറഞ്ഞ വീട്ടിൽ കഴിച്ചു കൂട്ടേണ്ടിവരും. ഉള്ളിലെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്ലാൻ തയ്യാറാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ആദ്യം തന്നെ തിരിച്ചറിയുക. ഓൻലൈനിലായാലും മാഗസിനുകളിൽ ആയാലും മറ്റേതെങ്കിലും ഇടങ്ങളിൽ നിന്നായാലും വീടു നിർമ്മിക്കുവാൻ തയ്യാറാകുന്നവർ ആദ്യം റഫർ ചെയ്യേണ്ടതും പ്ലാൻ ആണ്. ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച പ്ലാൻ കണ്ടെത്തുക എന്നത് പിന്നിട്ടാൽ തന്നെ വീട് നിർമ്മാണത്തിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടം തരണം ചെയ്തു എന്ന് കരുതാം.
വേണ്ടത്ര അറിവോ അനുഭവമോ ഇല്ലാത്ത ഡിസൈൻ സോഫ്റ്റ്വെയർ ഉപയോഗിക്കാനറിയാവുന്നവരെ കൊണ്ട് ചുളുവിൽ പ്ലാൻ വരച്ചെടുക്കുന്നതാണ് ലാഭകരമാണ് എന്ന് കരുതുന്ന പലരും ഉണ്ട്. എന്നാൽ അത് വലിയ നഷ്ടമാണ് ഉണ്ടാക്കുക എന്നതാണ് വാസ്തവം. മികച്ച ഡിസൈനർമാരെയോ ആർക്കിടെക്ടുകളെയോ സമീപിക്കുവാൻ മടികാണിക്കരുത.
നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സ്ഥലത്തിന്റെയും ബഡ്ജറ്റിന്റേയും അവസ്ഥയുമെല്ലാം അനുസരിച്ചാകും അവർ ഡിസൈൻ തയ്യാറാക്കുക. വിശദമായ വർക്കിംഗ് ഡ്രോയിംഗുകളും അവർ നൽകും. ഇത് ജോലിക്കാർക്കും സൂപ്പർവൈസർമാർക്കും കാര്യങ്ങളെ പറ്റി വ്യക്തമായ ധാരണ നൽകുന്നു. അതിനാൽ തന്നെ ഡിസൈനിംഗിനു ചിലവ് അല്പം കൂടിയാലും പ്രൊഫഷണലുകളെ സമീപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
മൂന്ന് സെന്റ് സ്ഥലത്ത് ചെയ്യാവുന്ന ഒരു വീടിന്റെ ഡിസൈനാണ് ഇതിനോടൊപ്പം നൽകിയിരിക്കുന്നത്. തയ്യാറാക്കിയിരിക്കുന്നത് ഡിസൈനറും കോളമിസ്റ്റുമായ സതീഷ് കുമാർ പാർപ്പിടമാണ്. വാട്സാപ്പ് നമ്പർ +971 553082700