ബഡ്ജറ്റിൽ ഒതുങ്ങുന്നതും എന്നാൽ കാഴ്ചയ്ക്ക് ആഢ്വത്വം നൽകുന്നതുമായ വീടിനോടാണ് മിഡിൽ ക്ലാസിന് താൽപര്യം. സ്വന്തമായി മൂന്നോ നാലോ സെന്റ് ഭൂമിയുള്ളവർ 20 ലക്ഷമോ അതിൽ താഴെയോ ചെലവിൽ തങ്ങളുടെ വീട് നിർമ്മിക്കാനാണ് ആഗ്രഹിക്കുക. അധിക ബാധ്യത വരുത്തിവച്ച് ജീവിതകാലം മുഴുവൻ ലോൺ അടച്ച് കഴിയാൻ താൽപര്യമില്ലാത്തവരാണല്ലോ ഇപ്പോഴത്തെ മിഡിൽ ക്ലാസ് കുടുംബങ്ങൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 1150 സ്ക്വയർ ഫീറ്റിലെ 3 ബെഡ് റൂം വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. എങ്ങനെയാണ് എല്ലാ സൗകര്യങ്ങളും ഉൾപ്പടെ, സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷം രൂപയിൽ ഒതുക്കിയത് എന്ന് അറിയാം.
സമകാലിക ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയാണ് രൂപകൽപന. തേക്കാത്ത ചുവരുകളിൽ തെളിഞ്ഞുകാണുന്ന ഇഷ്ടികയുടെ സാന്നിധ്യമാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഫ്ലാറ്റ് റൂഫിനൊപ്പം നൽകിയ ചരിഞ്ഞ മേൽക്കൂര പുറംകാഴ്ചയിൽ വേർതിരിവ് നൽകുന്നു. ഓപ്പൺ ടെറസിൽ ഭാവിയിൽ മുറികൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, മൂന്നു കിടപ്പു മുറികൾ, പാഷ്യോ, കിച്ചൻ, വർക്കേരിയ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.
അനാവശ്യ പാർടീഷനുകളില്ലാതെ തുറന്ന രീതിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലതയും സ്ഥലലഭ്യതയും ഉറപ്പുവരുത്തുന്നു. കടുംനിറങ്ങൾ നൽകാതെ ഇളംനിറങ്ങൾ നൽകിയതും ഗുണകരമായി. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
ഊണുമുറി ഡബിൾ ഹൈറ്റിൽ നിർമിച്ചതാണ് മറ്റൊരു സവിശേഷത. ഇതിന്റെ വശത്തായി നൽകിയ വാതിലുകൾ തുറന്നാൽ പാഷ്യോയിലേക്കിറങ്ങാം. മോഡുലാർ ശൈലിയിലാണ് അടുക്കള. സ്റ്റോറേജിന് ധാരാളം കബോർഡുകൾ നൽകി. സമീപം വര്ക്കേരിയ ക്രമീകരിച്ചു.
ചെറുതെങ്കിലും ഉപയുക്തമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ ജനലുകൾ ഭിത്തിയിൽ നൽകിയതിനാൽ കാറ്റും വെളിച്ചവും നന്നായി അകത്തളത്തിൽ എത്തുന്നു. ഒപ്പം ക്രോസ് വെന്റിലേഷൻ അകത്തളങ്ങൾ ജീവസുറ്റവയാക്കി നിലനിർത്തുന്നു.
ചെലവ് കുറച്ച ഘടകങ്ങൾ
ചതുരശ്രയടി കുറച്ച് സ്ഥലഉപയുക്തത നൽകി.
എക്സ്പോസ്ഡ് ബ്രിക്ക് വർക്ക്.
ഫോൾസ് സീലിങ് നൽകാതെ നേരിട്ടുള്ള ലൈറ്റ് പോയിന്റുകൾ.
തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പാനലിങ് കുറച്ചു.
സോഫ്റ്റ് വുഡാണ് ഫർണീച്ചറുകൾക്ക് ഉപയോഗിച്ചത്.