മലയാളം ഇ മാഗസിൻ.കോം

മംഗലശേരി നീലകണ്ഠൻ വന്നിട്ട്‌ ആഗസ്റ്റ്‌ 29ന് 25 വർഷം ആകുന്നു, പക്ഷെ ആരാധകർ നിരാശയിലാണ്!

മംഗലശ്ശേരി നീലകണ്ഠൻ വന്നിട്ട് ഈ ഓഗസ്റ്റ് 29 നു ഇരുപത്തഞ്ച് വർഷം തികയുകയാണ്. മുണ്ടു മടക്കി കുത്തി മീശപിരിച്ച് നീലഷർട്ടിട്ട് രൗദ്രഭാവത്തിൽ നിൽക്കുന്ന നീലകണ്ഠനെ അന്നുമുതൽ മോഹൻ ലാൽ ആരാധകർ നെഞ്ചേറ്റിയതാണ്. പിന്നീട് ആടുതൊമയുമെല്ലാം വന്നെങ്കിലും നീകണ്ഠനെ തോല്പിക്കാൻ ശേഖരനെന്നല്ല മകൻ കാർത്തികേയനുമായില്ല.

\"\"

തിരശ്ശീലകളിൽ ആവേശം വിതറിക്കൊണ്ട് പൗരുഷത്തിന്റെ പകർന്നാട്ടങ്ങൾ കണിം‌മംഗലം ജഗന്നാഥനായും മറഞ്ചേരി ഇന്ദുചൂടനായും, അലിഭായി ആയും, ആടുതോമയായും, സക്കീർ ഭായ്യായുമെല്ലാം വന്നു. എങ്കിലും മംഗലശ്ശേരി തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഭാനുമതിയുടെ നൃത്തം ആസ്വദിച്ചുകൊണ്ട് പ്രതാപത്തോടെ ഇരിക്കുന്ന, വഴിമാറടാ മുണ്ടക്കൽ ശേഖരാ എന്ന് വാർദ്ധക്യത്തിലും പതറാതെ പറയുന്ന നീലകണ്ഠൻ മോഹൻലാൽ ആരാധകർക്ക് ഒരു വികാരമാണ്.

നായകൻ മാത്രമല്ല വില്ലൻ ശേഖരനും നായിക ഭാനുമതിയുമെല്ലാം ആ ചിത്രത്തെ ഗംഭീരമാക്കുന്നതിൽ പ്രധാൻ അപങ്കുവഹിച്ചു. മംഗലശ്ശേരി നീലകണ്ഠനെക്കാൾ കയറി നിന്നു പല രംഗങ്ങളിലും ഭാനുമതിയുടെ കഥാപാത്രം. നെടുമുടിയും ജനാർദ്ദനനും ചിത്രയും കൊച്ചിൻ ഹനീഫയുമെല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും തന്മയത്വം ഉണ്ട്. രണ്ട് സീനുകളിൽ വന്നു പൊകുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടൻ എന്ന കഥാപാത്രം പോലും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. വള്ളുവനാടൻ പശ്ചാത്തലവും ചിത്രത്തിനു മാറ്റു കൂട്ടി.

\"\"

നിരൂപകരുടെ ഇടയിൽ നിന്നും സവർണ്ണാധിപത്യത്തെ മലയാള സിനിമയിൽ അരക്കെട്ടുറപ്പിക്കുന്ന ചിത്രങ്ങളാൽ ഈ ജോണറിലുള്ളത് എന്നൊക്കെ വിമർശനം ഉഅയ്രുമ്പോളും മോഹൻ ലാലിന്റെ പൗരുഷമാർന്ന കഥാപാത്രങ്ങളോട് മലയാളി പ്രേക്ഷകർ എത്ര മാത്രം ഇഷ്ടവും ആവേശവും കാണിക്കുന്നു എന്നതിന്റെ തെളിവാണ് പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചരിത്ര വിജയം.

മീശപിരിച്ചു മുണ്ടു മാടിക്കെട്ടി രൗദ്രഭാവത്തിൽ നിറഞ്ഞാടുന്ന ഒരു ചിത്രം എന്നാണ് രൺജിത്തോ, ഷാജികൈലാസോ സംവിധാനം ചെയ്യുക എന്ന് ചോദിക്കുന്ന ആയിരക്കണക്കുനു പ്രേക്ഷകർ ഇന്നുമുണ്ട്. രണ്ടുവർഷം കൂടുമ്പോൾ എങ്കിലും ഞങ്ങൾക്ക് ‘ആർമാദിക്കാൻ‘ മീശപിരിച്ച ഒരുഗ്രൻ കഥാപാത്രത്തെ വേണം എന്ന് മോഹൻലാൽ ആരാധകർ തന്നെ അദ്ദേഹത്തോട് പലപ്പോഴും പറയാറുണ്ട്.

\"\"

അധികാരം എന്ന പേരിൽ ഒരു കഥ എഴുതി എന്നെങ്കിലും ലാലേട്ടനെ കാണുമ്പോൾ സമർപ്പിക്കണം എന്ന് അഞ്ചുവർഷമായി ആഗ്രഹിച്ചിരിക്കുന്ന ഒരു ലാൽ ആരാധകൻ ദുബായിലുണ്ട്. ‘രാഷ്ടീയ സാമ്പത്തിക മാധ്യമ അധികാരത്തിന്റെ മേഖലകളിൽ ചരടുവലികൾ നടത്തുന്ന അവസാന വാക്കായ ബേബിച്ചായൻ എന്ന ഹൈറേഞ്ചുകാരൻ.

പ്രമാദമായ ഒരു കൊലപാതകത്തെ അവർ അതി വിദഗ്ദമായി ഒതുക്കി തീർക്കുന്നതും പിന്നീട് ചില ഞെട്ടിക്കുന്ന സത്യങ്ങൾ തിരിച്ചറിയുമ്പോൾ ബേബിച്ചായനിൽ വരുന്ന മാറ്റവുമാണ് കഥയുടെ പ്രധാനട്വിസ്റ്റ്.

\"\"

ഇന്നലെ വരെ കൂടെ നിന്നവരെല്ലാം ശത്രുപക്ഷത്തേക്ക് നിർത്തപ്പെടുന്നു. കായിക ബലം കോണ്ടും ബുദ്ധികൊണ്ടുമുള്ള ബേബിച്ചായൻ എന്ന കരുത്തന്റെ പടപ്പുറപ്പാടാണ് പിന്നീട്. ലാലേട്ടൻ എന്നെങ്കിലും ബേബിച്ചായനായി നിറഞ്ഞാടുന്നത് കാണണം. ലോകത്തെമ്പാടുമുള്ള മുഴുവൻ ലാൽ ഫാൻസിനു മാത്രമായുള്ള ഒരു ചിത്രം.

ഇത്തരത്തിൽ ത്രസിപ്പിക്കുന്ന കഥാബീജങ്ങളുമായി അനേകം മോഹൻ ലാൽ ആരാധകർ ലോകത്തിന്റെ പല കോണുകളിൽ കാത്തിരിക്കുന്നുണ്ട്. മലയാള സിനിമയിലെ ലാൽ ഫാൻസിനായി ഒരു തിരക്കഥാ രചന മൽസരം നടത്തിയാൽ അതിൽ നിന്നും പ്രേക്ഷകർക്ക് ആഘോഷിക്കുവാനുള്ള ഒന്നോ അതിലധികമോ ചിത്രങ്ങൾക്കുള്ള കഥകൾ ലഭിക്കും.

\"\"

മംഗലശ്ശേരി നീലകണ്ഠന്റെ ഇരുപത്തിയഞ്ചാം പിറന്നാളിനു ലാൽ ആരാധകർക്ക് തീയേറ്ററുകളിൽ മതിമറന്ന് ആഘോഷിക്കുവാൻ അത്തരം ഒരു ചിത്രം ഇല്ലല്ലൊ എന്ന ഒരു സങ്കടം ഉണ്ട്. ഇനി പ്രേക്ഷകരുടെ മുമ്പിലേക്ക് ഉടനെ വരിക ഒടിയൻ മാണിക്യനാണ്, മറ്റൊന്ന് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ലൂസിഫറും. രണ്ടും വ്യത്യസ്ഥമായ കഥാപാത്രങ്ങൾ. മാണിക്യൻ ഏറെ പ്രതീക്ഷ പകരുന്ന ചിത്രമാണ്.

എന്നാൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട് സമീപകാലത്ത് വരുന്ന വാർത്തകൾ ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക പ്രേക്ഷകർക്ക് ഉണ്ട്. “ആകാശത്തിനു കീഴിലെ ഏതു മണ്ണും ജഗന്നാഥനു ഒരുപോലെയാണ്“ എന്നെല്ലാം പറഞ്ഞ് മീശപിരിച്ച് തല്ലും പാട്ടും ഡാൻസും മാസ് ഡയലോഗുമായി സിരകളിലേക്ക് ലഹരിയായി പകർന്നാടുന്ന ഒരു ലാലേട്ടൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ കട്ടഫാൻസ്.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor