അശ്വതി
വെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്ത് ലഭിക്കും. മനസ്സിലുദിച്ച വലിയ കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിക്കും. ജീവിതനിലവാരവും സാമ്പത്തിക സ്ഥിതിയും ഏറെക്കുറെ മെച്ചപ്പെടുവാന്‍ കഠിനപ്രയത്നം കൊണ്ട് സാധിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ കാര്യങ്ങളെ ഗൗരവമായി കാണണം. ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഠിനശ്രമം വേണ്ടി വരും. പുതിയ ഗൃഹം വാങ്ങുകയോ നിര്‍മ്മിക്കുകയോ കൂട്ടി ചേര്‍ക്കുകയോ ചെയ്യാന്‍ കഴിയും. ഗൃഹത്തിലേക്ക് ആവശ്യമായ പുതിയ ഉപകരണങ്ങള്‍ വാങ്ങും. വിവാഹതടസ്സം തീര്‍ന്ന് നല്ല ജീവിതപങ്കാളിയെ ലഭിക്കും. അന്യരുടെ കാര്യങ്ങള്‍ക്കായി കോടതിയും പോലീസ് സ്റ്റേഷനും കയറേണ്ടതായി വന്നേക്കാം. പൊതുപ്രവര്ത്തനങ്ങളിലേര്പ്പെട്ടവര്ക്ക് എതിര്‍പ്പുകളും ദുഷ്കീര്‍ത്തിയും ഉണ്ടാകുമെങ്കിലും പതറാതെ മുന്നേറാന്‍ കഴിയും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
പരിഹാരം: അയ്യപ്പന് നീരാജനം, പുഷ്പാഞ്ജലി, പായസം എന്നിവകളും സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകവും പഞ്ചാമൃത നേദ്യവും അര്‍ച്ചനയും ചെയ്യുക.

ഭരണി
വരുമാനത്തില്‍ കുറവുകളുണ്ടാവാന് സാധ്യതയുള്ളതിനാല്‍ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. വന്‍ മുതല്‍ മുടക്കില്‍ ബിസിനസ് ആരംഭിക്കുന്നത് അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടിവയ്ക്കുന്നതായിരിക്കും നല്ലത്. പ്രവര്‍ത്തനത്തിലും വാക്കിലും അതീവശ്രദ്ധ പുലര്‍ത്തി മുന്നോട്ടുനീങ്ങുന്നത് അപവാദങ്ങളിലും വഞ്ചനകളിലും കുടുങ്ങാതെ രക്ഷപ്പെടാന്‍ സഹായിക്കും. നിയമപരമായ നടപടികള്‍ കര്‍മ്മരംഗങ്ങളില്‍ തടസ്സങ്ങളുണ്ടാക്കുമെന്നതിനാല് വിദഗ്ദ്ധന്മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ മടി കാണിക്കരുത്. വര്‍ഷങ്ങളായി അലട്ടികൊണ്ടിരിക്കുന്ന പാദ-ത്വക്-നേത്രരോഗങ്ങള്‍ക്ക് ചികിത്സകളാല്‍ വലിയ മാറ്റങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ കഴിയും. പ്രവാസികള്‍ക്ക് നാട്ടില്‍ പുതിയ ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ കഴിയും. പഴയ വാഹനം മാറ്റി പുതിയവ വാങ്ങും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താനാകും. കലാപരമായ കഴിവുകള്‍ അംഗീകരിക്കപ്പെടും. പ്രണയനൈരാശ്യം ഉണ്ടാവുമെങ്കിലും യാഥാര്‍ത്ഥ്യവുമായി ഒത്തുപോകാനുള്ള മനക്കരുത്ത് ഉണ്ടാകും. ദൈവവിശ്വാസം വര്‍ദ്ധിക്കുകയും സല്‍സംഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ അകന്നുപോകുന്നത് മാനസികമായി വിഷമമുണ്ടാക്കും. സന്താനങ്ങള്‍ക്ക് പരീക്ഷകളില്‍ വിജയങ്ങളുണ്ടാകും.
പരിഹാരം: ഗണപതി ഭഗവാന് ഒറ്റയപ്പം, ഭാഗ്യസൂക്തം പുഷ്പാഞ്ജലി, ഹോമം എന്നിവകളും ദുര്‍ഗ്ഗാദേവിക്ക് നെയ്യ് വിളക്ക്, പായസം എന്നിവയും കഴിക്കുക.
കാര്‍ത്തിക
മുന്‍കോപം കൊണ്ട് വരുത്തി വയ്ക്കുന്ന ആപത്തുകള്‍ ഈ വര്‍ഷം കൂടുതലായിരിക്കുമെന്നതിനാല്‍ ഏത് സാഹചര്യത്തിലും മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അലസത വലിയ നഷ്ടങ്ങള്‍ വരുത്തുമെന്നതിനാല്‍ ശ്രദ്ധിക്കണം. വിശ്വസിക്കുന്നവരില്‍ നിന്നുപോലും വഞ്ചനകള്‍ പറ്റാന്‍ സാധ്യതയേറെയാണ്. ദാമ്പത്യബന്ധം വേര്‍പിരിയാന്‍ ഉറപ്പിച്ചവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായാല്‍ പോലും അത്ഭുതങ്ങള്‍ സംഭവിക്കും. പ്രേമിക്കുന്നവര്‍ക്ക് വിവാഹതടസ്സങ്ങള് തീരും. മുടങ്ങിയ വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയും. വിദേശത്ത് തിരിച്ചുപോകാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് അനുകൂലഫലമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍ ലഭിക്കും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സമയമാണ്. ഓഹരി വിപണികളില്‍ വന്‍നിക്ഷേപങ്ങള്‍ നഷ്ടമുണ്ടാക്കും. കര്‍ഷകര്‍ക്ക് നല്ല സമയമാണ്. നല്ല വിള ലഭിക്കും.
പരിഹാരം: ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, പുഷ്പാഞ്ജലി, അയ്യപ്പസ്വാമിക്ക് നീരാജനം, പുഷ്പാഞ്ജലി, പായസം എന്നിവ കഴിക്കുക.
രോഹിണി
ഈ വര്‍ഷം ഉത്സാഹവും ഉന്മേഷവും ഭാഗ്യവും നിറഞ്ഞ കാലമാക്കുവാന് പ്രാര്‍ത്ഥനകളും വ്രതങ്ങളും ഏറെ സഹായകമാകും. കാലാകാലമായുള്ള ദുഃശീലങ്ങള്‍ നിര്‍ത്താന്‍ സാധിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുതാമസിക്കാന് ഇടവരുമെങ്കിലും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ വലിയ ധൈര്യം നല്‍കും. മേലുദ്യോഗസ്ഥന്മാര് ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തീകരിച്ചതില്‍ അഭിനന്ദനങ്ങള്‍ ലഭിക്കും. റിട്ടയര്‍ ജീവിതം നയിക്കുന്നവര്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനാകും. കൃഷി കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. പുതിയ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം ആരംഭിക്കാന്‍ കഴിയും. സഹോദരന്മാരുമായി ചെറിയ പിണക്കങ്ങള്‍ക്ക് ഇടവരും. പ്രതികൂല സാഹചര്യങ്ങളില്‍ ഗുരുതുല്യരായ വ്യക്തികളുടെ അനുഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും തുണയാകും. പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടും.
പരിഹാരം: ധര്‍മ്മദൈവ ക്ഷേത്രത്തില്‍ ദര്‍ശനവും പിതൃക്കള്‍ക്ക് പ്രീതി വരുന്ന കര്‍മ്മങ്ങളും ചെയ്യുക. തിങ്കല്‍ വ്രതമെടുക്കുക.
മകയിരം
ശുഭാശുഭ ഫലങ്ങളാല്‍ സമ്മിശ്രമായ ഈ വര്‍ഷകാലം പ്രാര്‍ത്ഥനകളാല്‍ അനുകൂലമാക്കാന്‍ കഴിയും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിക്കും. സന്താനങ്ങളുണ്ടാകാനുള്ള ചികിത്സകള്‍ ഫലം കാണും. വസ്ത്രം, ആഭരണം, ഔഷധം തുടങ്ങിയവ കച്ചവടം ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വാക്കുകള്‍ പാലിക്കാന്‍ കഴിയും. സ്വത്തുക്കള്‍ ഭാഗം ചെയ്യുന്നതിലൂടെ തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കപ്പെടും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും. നല്ല അയല്‍ക്കാരെ ലഭിക്കും. ഭൂമി കച്ചവടം നടക്കും. പ്രായത്തില്‍ മൂത്തവര്‍ക്ക് അരിഷ്ടകാലമാണ്. ലക്ഷ്യമില്ലാത്ത ദൂരയാത്രകള് ഒഴിവാക്കണം. നാട്ടില്‍ സ്ഥിരമാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് ചെറുകിട കച്ചവടങ്ങള്‍ തുടങ്ങാന്‍ ശുഭസമയമാണ്. കഫസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. ശ്വാസസംബന്ധമായ രോഗങ്ങളുള്ളവര്‍ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പരിഹാരം: ഭദ്രകാളി കാവുകളില്‍ രക്തപുഷ്പാഞ്ജലി,കഠിനപായസം, വിളക്ക്-മാല എന്നിവകളും സുബ്രഹ്മണ്യന് കോവിലുകളില്‍ പാലഭിഷേകം, പഞ്ചാമൃതം പുഷ്പാഞ്ജലി എന്നിവ കഴിക്കുക.

തിരുവാതിര
സാമ്പത്തികമായി ഏറ്റക്കുറച്ചിലുകളുള്ള കാലമായതിനാല്‍ അധികച്ചെലവ് നിയന്ത്രിക്കുകയും കരുതല്‍ ധനം സൂക്ഷിക്കുകയും ചെയ്യുക. സന്താനങ്ങളുടെ മംഗല്യതതടസ്സം തീരും. ദാമ്പത്യ ജീവിതത്തില്‍ അകല്‍ച്ചകളില്ലാതെ ശ്രദ്ധിക്കണം. ഭൂമി സംബന്ധമായ വിവാദങ്ങളുണ്ടാകുമെങ്കിലും രമ്യതയില്‍ പരിഹരിക്കപ്പെടും. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മതി വര്‍ദ്ധിക്കും. പാരമ്പര്യ രോഗങ്ങളുടെ ആരംഭലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ തക്കതായ ചികിത്സകള്‍ തുടങ്ങണം. വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്യണം. കൃഷിക്കാര്‍ക്ക് വായ്പയും ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയും ലഭിക്കും. മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള അലസത നിമിത്തം അപ്രതീക്ഷിത പരാജയങ്ങള്‍ ഉണ്ടാകും. വിനോദയാത്രകള്‍ പോകാന്‍ സാധിക്കും. ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ സാധിക്കും. നഷ്ടമായ രേഖകള്‍ തിരികെ ലഭിക്കും.
പരിഹാരം: ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, പുഷ്പാഞ്ജലി, കൂവളമാല എന്നിവ കഴിക്കുക. നാഗങ്ങള്‍ക്ക് പാലും മഞ്ഞള്‍പൊടിയും നേദിക്കുക.
പുണര്‍തം
കഠിനപ്രയത്നങ്ങള്‍ക്ക് ഫലം കിട്ടി തുടങ്ങുന്ന കാലമാണ്. അശ്രദ്ധകള്‍ക്ക് വലിയ തിരിച്ചടികള്‍ ലഭിക്കുമെന്നതിനാല്‍ ഓരോ തീരുമാനങ്ങളും ആലോചിച്ചുറപ്പിച്ചതിനുശേഷംമാത്രം എടുക്കുക. വാതുവെപ്പുകളിലും മറ്റും ഭാഗഭാക്കാവുന്നത് വഞ്ചനയും ധനനഷ്ടവും ഉണ്ടാക്കുമെന്നതിനാല്‍ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുക. പുതിയ ഗൃഹം ഉണ്ടാക്കുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യും. പ്രവാസികള്‍ക്ക് ഭാര്യയെയും കുട്ടികളെയും വിദേശത്ത് കൊണ്ടുവരാന്‍ സാധിക്കും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായങ്ങള്‍ പ്രതിസന്ധികളില്‍ തുണയായി ഉണ്ടാകും. മംഗല്യതടസ്സം തീര്‍ന്ന് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വായനാശീലം വര്‍ദ്ധിക്കും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങളും അംഗീകാരങ്ങളും തേടി വരും. പ്രിയപ്പെട്ടവരുടെ വിയോഗവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഇഴജന്തുക്കളില്‍ നിന്ന് വിഷഭയമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം.
പരിഹാരം: വിഷ്ണുക്ഷേത്രത്തില്‍ നെയ്യ് വിളക്ക്, പാല്പായസം, പുഷ്പാഞ്ജലി, ദേവീക്ഷേത്രത്തില്‍ വിളക്ക്, മാല, പായസം, പുഷ്പാഞ്ജലി നടത്തുക.
പൂയം
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠിപ്പിനനുസരിച്ചും മനസ്സിനിഷ്ടപ്പെട്ടതുമായ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. മക്കള്‍ക്കുവേണ്ടി പുതിയ ഗൃഹം നിര്‍മ്മിക്കും. ആത്മീയമായ പ്രാര്‍ത്ഥനകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് മനസ്സറിയാത്ത കാര്യങ്ങളില്‍ ദുഷ്കീര്‍ത്തി കേള്‍ക്കേണ്ടി വരും. അഗ്നിയില്‍ നിന്നും ആപത്തുകളുണ്ടാവാന് സാധ്യതയേറെയാണ്. വായ്പകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് രേഖകളുടെ അഭാവത്താല്‍ തടസ്സമുണ്ടാകും. പിതൃസ്വത്ത് ലഭിക്കും. മുന്‍കോപം കൊണ്ട് പറഞ്ഞ വാക്കുകളും പ്രവൃത്തികളും ഓര്‍ത്ത് പശ്ചാത്തപിക്കാന്‍ ഇടവരും. ദുഃശീലങ്ങള്‍ നിര്ത്താനെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വിഷമിക്കും. സന്താനങ്ങളുണ്ടാകാനുള്ള ചികിത്സകള്‍ ഫലം കാണും. പ്രണയം തുറന്നുപറയാനുള്ള അവസരങ്ങള്‍ ലഭിക്കും.
പരിഹാരം: ശനിയാഴ്ച വ്രതശുദ്ധി പാലിച്ച് അയ്യപ്പസ്വാമിക്ക് നീരാജനം, പായസം, ഹനുമാന് സ്വാമിക്ക് അവല് നിവേദ്യം പുഷ്പാഞ്ജലി ഇവ കഴിക്കുക.
ആയില്യം
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നത് കൊണ്ട് വലിയ തര്‍ക്കങ്ങള്‍ ലളിതമായി പരിഹരിക്കപ്പെടും. വാതസംബന്ധമായ രോഗങ്ങളുടെ ലക്ഷണം കാണുമ്പോള്‍ തന്നെ ചികിത്സകള്‍ ആരംഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. വാഹനാപകടങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ അനാവശ്യമായ യാത്രകള്‍ കര്‍ശനമായി ഒഴിവാക്കണം. അന്യര്‍ക്ക് ജാമ്യം നില്‍ക്കുകയോ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുകയോ ചെയ്യരുത്. അഗ്നി, ആയുധം എന്നിവ നിമിത്തം ആപത്തുകളുണ്ടാവുമെന്നതിനാല് ശ്രദ്ധ വേണം. ഭക്ഷണത്തില്‍ നിന്ന് വിഷാംശം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. ഗൃഹം വാങ്ങാനോ നിര്‍മ്മിക്കാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷിക വൃത്തികള്‍ ഉപജീവനമാര്‍ഗ്ഗമായി എടുത്തവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിച്ചുതുടങ്ങും. കുടില്‍ വ്യവസായമോ ചെറുകിട വ്യാപാരങ്ങളോ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശുഭസമയമാണ്.
പരിഹാരം: വ്യാഴാഴ്ച വ്രതശുദ്ധിയോടെ വിഷ്ണു അവതാര ക്ഷേത്രങ്ങളില്‍ നെയ്യ് വിളക്ക്, പാല്പായസം, സഹസ്രനാമ പുഷ്പാഞ്ജലി എന്നിവ കഴിക്കുക. ധര്‍മ്മദൈവ പ്രീതി വരുത്തുക.
മകം
സത്യസന്ധമായ പ്രവര്‍ത്തികള്‍ക്ക് ഫലങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന വര്‍ഷമാണ്. ബിസിനസ്സില്‍ പുതിയ പങ്കാളികള്‍ വന്നുചേരും. സ്വത്ത് ഭാഗം വെയ്ക്കുന്നതിനുള്ള എതിര്‍പ്പുകള്‍ ഇല്ലാതാകും. വേര്‍പിരിയലിന്റെ അടുത്തെത്തിയ ദമ്പതികള്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ചേര്‍ന്ന് ജീവിക്കാന്‍ കഴിയും. കുടുംബയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ജോലിയില്‍ തൃപ്തികരമല്ലാത്ത സ്ഥലമാറ്റം ഉണ്ടാകും. ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. നേത്ര-കര്‍ണ്ണരോഗങ്ങള്‍ ബുദ്ധിമുട്ടിക്കും. അഗ്നിയില്‍ നിന്ന് ആപത്തുകണ്ടാകാനിടയുള്ളതിനാല് സൂക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകും. പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിച്ചേരാനാകും.
പരിഹാരം: ശിവക്ഷേത്രത്തില്‍ ഇളനീര്ധാരയും പിന്‍വിളക്കും കറുകഹോമവും പുഷ്പാഞ്ജലിയും കഴിക്കണം. ധര്‍മ്മദൈവ ക്ഷേത്രദര്‍ശനം നടത്തുക.

പൂരം
കര്‍മ്മരംഗം മെച്ചപ്പെടുത്തുന്നതോടെ വരുമാനം വര്‍ദ്ധിക്കുമെങ്കിലും അധിക ചെലവുകളുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണയില്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയും. മുടങ്ങിക്കിടക്കുന്ന ഭൂമികച്ചവടം നടക്കും. ആഭരണങ്ങള്‍ നഷ്ടപ്പെടാനും പ്രാര്‍ത്ഥനകളാല്‍ തിരികെ ലഭിക്കാനും ഇടയുണ്ടാകും. വാഹനാപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ദൂരയാത്രകളും വിശേഷിച്ച് രാത്രിയാത്രകളും ഒഴിവാക്കണം. വിവാഹതടസ്സം തീരും. ഹൃദയസംബന്ധമായ രോഗമുള്ളവര്‍ ഔഷധസേവയും വ്യായാമവും മുടങ്ങാതെ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഇന്റര്‍വ്യൂകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും.
പരിഹാരം: ഗണപതി ഭഗവാന് അപ്പനിവേദ്യവും പുഷ്പാഞ്ജലിയും നെയ്യ് വിളക്കും കഴിക്കുക. ഭുവനേശ്വരിക്ക് പൂജ കഴിക്കുക.
ഉത്രം
എടുക്കുന്ന തീരുമാനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഠിനപ്രയത്നം കൊണ്ട് സാധിക്കും. കുടുംബജനങ്ങളുടെ പിന്തുണ ആത്മധൈര്യമേകും. കര്‍മ്മമേഖലയില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും അതെല്ലാം അതിജീവിച്ച് ലാഭത്തിന്റെ പാതയിലെത്തും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങാന്‍ സാധിക്കും. വിദേശയാത്രകള്‍ക്കുള്ള വിവാഹതടസ്സങ്ങള് തീരും. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടുമുട്ടും. പിതൃജനങ്ങള്‍ക്ക് രോഗാദ്യരിഷ്ടങ്ങള് സംഭവിക്കാം. പങ്കാളിത്ത ബിസിനസ്സുകളില്‍ നിന്ന് പിന്മാറേണ്ട സാഹചര്യം വന്നാല്‍ ആലോചിച്ച് മാത്രം ഉത്തമതീരുമാനം എടുക്കണം. നടുവേദന, ഉദരരോഗം, സന്ധിവേദനതുടങ്ങിയ അസുഖങ്ങള്‍ ചികിത്സ കൊണ്ട് ഭേദമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട വിഷയത്തില്‍ ചേരാന്‍ കഴിയുമെങ്കിലും അലസത ഒഴിവാക്കാന്‍ ശ്രമിക്കണം. ഇഴജന്തുക്കളില്‍നിന്ന് ആപത്തുകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.
പരിഹാരം: വേട്ടേക്കരന് ക്ഷേത്രത്തില്‍ നാളികേരമുടക്കലും പുഷ്പാഞ്ജലി, പായസം ഇവ കഴിക്കുക. നരസിംഹക്ഷേത്രത്തില്‍ നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുക.
അത്തം
സമൂഹത്തിലെ മഹത്വ്യക്തികളുമായുള്ള സൗഹാര്‍ദ്ദത്താല്‍ ജീവിതത്തില്‍ ലക്ഷ്യബോധം ഉണ്ടാകും. ഔദ്യോഗിക പ്രവര്‍ത്തികളില്‍ കഴിവ് തെളിയിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യത്തില്‍ ഉണ്ടാകുന്ന ചെറിയ കലഹങ്ങള്‍ പോലും വേര്പിരിയലിലേക്കെത്താന് സാധ്യതയുള്ളതിനാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. ഹൃദയരോഗമുളളവര് കൃത്യമായ ഔഷധസേവയും വ്യായാമവും ചെയ്യണം. ദന്തരോഗം ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കും. സന്താനങ്ങളെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ചികിത്സകള്‍ ഫലം കണ്ടുതുടങ്ങും. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരാളികള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നുചേരുമെങ്കിലും ധൂര്‍ത്തുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഉപകാരപ്പെടുകയില്ല. ദുഃശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തും. വിദ്യാര്‍ത്ഥികള്‍ പഠനത്തിലുള്ള അലസത ഒഴിവാക്കാന്‍ ശ്രമിക്കണം.
പരിഹാരം: സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം, പാലഭിഷേകം പുഷ്പാഞ്ജലി ഇവകഴിക്കുകയും നാഗങ്ങള്‍ക്ക് പാലും മഞ്ഞള്‍പൊടിയും കൊടുക്കുകയും വേണം.
ചിത്തിര
ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അര്‍ഹമായ പൂര്‍വ്വികസ്വത്ത് വന്നുചേരും. അനാവശ്യമായ വിവാദങ്ങളില്‍പെടാതെ വാക്കിലും പ്രവര്‍ത്തികളിലും അതീവശ്രദ്ധ പുലര്‍ത്തണം. സാമ്പത്തിക ഇടപാടുകള്‍ മൂലം ചില സുഹൃത്തുക്കള്‍ വിരോധികളാവും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ നടക്കും. അഗ്നിയില്‍ നിന്ന് ആപത്തുകളില്ലാതെ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വാഹനം കൊണ്ട് മറ്റുള്ളവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. വായ്പകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പതനസാദ്ധ്യതയുള്ളതിനാല് ഉയരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചുപോക്കിന് തടസ്സങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ ലഭിക്കും. ആഭരണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
പരിഹാരം: ഭദ്രകാളി കാവില്‍ ദര്‍ശനവും കഠിനപായസം, രക്തപുഷ്പാഞ്ജലി, വിളക്ക്-മാല എന്നിവ കഴിക്കുക. തിങ്കളാഴ്ച വ്രതശുദ്ധി പാലിച്ച് ശിവപാര്‍വ്വതി ഭജനം അനുഷ്ഠിക്കുക.
ചോതി
ജീവിതവിജയത്തിനായി ലഭിക്കുന്ന നല്ല അവസരങ്ങളെ യുക്തിപൂര്‍വ്വം ഉപയോഗപ്പെടുത്താന്‍ മടിക്കരുത്. ഗുരുതുല്യരായ വ്യക്തികളുടെ ഉപദേശങ്ങള്‍ പ്രയോജനം ചെയ്യും. സംഘടനകളുടെ നേതൃത്വം വഹിക്കുന്നവര്‍ക്ക് തല്‍സ്ഥാനത്ത് തന്നെ തുടരാന്‍ കഴിയും. പ്രവാസികള്‍ക്ക് ജോലിയില്‍ തടസ്സങ്ങളുണ്ടാകുമെങ്കിലും സുഹൃത്തുക്കളുടെ സഹായത്താല്‍ അതിജീവിക്കാന്‍ കഴിയും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാന്‍ സാധിക്കും. ഭാഗ്യാന്വേഷികള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂല സമയമാണ്. വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ ബിസിനസ്സുകള്‍ വിജയം കാണും. നിശ്ചയിച്ച വിവാഹം മുടങ്ങാന്‍ സാധ്യതകളുണ്ട്. പ്രണയിക്കുന്നവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകും. വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവുന്ന അലസത പരീക്ഷാവിജയത്തില്‍ പ്രതിഫലിക്കും. വിനോദയാത്രകള്‍ പോകാന്‍ കഴിയും. ദുഃശീലങ്ങള്‍ മാറ്റാനുള്ള ശ്രമമുണ്ടാകും.
പരിഹാരം: ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, കൂവളമാല, കറുകഹോമം എന്നിവ കഴിക്കുക. നാഗങ്ങള്‍ക്ക് പാലും മഞ്ഞള്‍ പൊടിയും നേദിക്കുക.

വിശാഖം
വെല്ലുവിളികളെ അതിജീവിച്ച് ആത്മാര്‍ത്ഥമായ ശ്രമം കൊണ്ട് പരിഹസിച്ചവരുടെ മുമ്പില്‍ വിജയശ്രീലാളിതനായി നില്ക്കാന് കഴിയും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മനസ്സിനിണങ്ങിയ തൊഴിലില്‍ പ്രവേശിക്കാന്‍ കഴിയും. വീട് നിര്‍മ്മിക്കാനുള്ള സ്ഥലം വാങ്ങാന്‍ കഴിയും. സന്താനങ്ങളുടെ സഹായവും സ്നേഹവും ലഭിക്കും. നേത്രരോഗ സംബന്ധമായി ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വരും. ധനപരമായ ക്രയവിക്രയങ്ങളില്‍ വഞ്ചനകള്‍ക്ക് സാധ്യതയുണ്ട്. രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. വായ്പകളുടെ തിരിച്ചടവ് മുടങ്ങി പോകാന്‍ സാധ്യതയുണ്ട്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസ്സപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാവിജയം ഉണ്ടാകും. പഠനസൗകര്യങ്ങള്‍ മെച്ചപ്പെടും.
പരിഹാരം: ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, പാല്പായസം, പുഷ്പാഞ്ജലി എന്നിവയും ഹനുമാന് സ്വാമിക്ക് അവല് നിവേദ്യവും കഴിക്കുക.
അനിഴം
പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് നീങ്ങാന്‍ സാധിക്കും. നല്ല സുഹൃത്തുക്കളുടെ എല്ലാവിധത്തിലുള്ള പിന്തുണകളും ആത്മധൈര്യം നല്‍കും. പുതിയ ബിസിനസ്സുകള്‍ തുടങ്ങുന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. പ്രവാസികള്‍ക്ക് പുതിയ കമ്പനികളില്‍ നിന്ന് ആകര്‍ഷകമായ ഓഫറുകളുണ്ടാവുമെങ്കിലും ധൃതിയില്‍ തീരുമാനമെടുക്കരുത്. സ്വത്ത് ഭാഗം ചെയ്യുന്നതില്‍ ചില തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ഭംഗിയായി നടത്താന്‍ കഴിയും. നാട്ടിലെ പാവപ്പെട്ടവര്‍ക്കായി പുണ്യപ്രവര്‍ത്തികളില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തി ഉണ്ടാകും. കഫജന്യമായ രോഗങ്ങള്‍ ബുദ്ധിമുട്ടിക്കും. വിവാഹതടസ്സം തീരും. കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭിക്കും. നാല്ക്കാലികള്ക്ക് രോഗമോ നാശമോ ഉണ്ടാകും. പുതിയ വാഹനം വാങ്ങും. അപകടങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ സാഹസപ്രവൃത്തികള്ക്ക് മുതിരരുത്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം.
പരിഹാരം: ശാസ്താവിന് അര്‍ച്ചനയും നീരാജനവിളക്കും കഴിക്കുക. ഗണപതി ഭഗവാന് നാളികേരം ഉടയ്ക്കുക.
തൃക്കേട്ട
കര്‍മ്മരംഗത്ത് നടപ്പിലാക്കിയ പുത്തന്‍ പരിഷ്കാരങ്ങള്‍ ഫലം കണ്ടുതുടങ്ങും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും. ദാമ്പത്യജീവിതത്തിലെ അകല്‍ച്ചകള്‍ ഇല്ലാതാകും. വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ ചെറുപ്രശ്നങ്ങളുണ്ടാകും. വിസിറ്റിംഗ് വിസയില്‍ പോയവര്‍ക്ക് തൊഴില്‍ ലഭിക്കും. അന്യര്‍ക്ക് ജാമ്യം നില്‍ക്കുന്നത് ദോഷകരമാകും. രോഗങ്ങള്‍ ശമിക്കാന്‍ വ്യായാമവും ഭക്ഷണക്രമവും കൃത്യമായി പാലിക്കേണ്ടി വരും. നല്ല അയല്‍ക്കാരെ ലഭിക്കും. വായനാശീലം വര്‍ദ്ധിക്കും. മദ്യപാനവും പുകവലിയും പോലുള്ള ദുഃശീലങ്ങള്‍ നിര്‍ത്താനുള്ള ശ്രമം വിജയിക്കും. കുടുംബസമേതം ദൂരെയുള്ള തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും. പ്രണയബന്ധങ്ങള്‍ അകന്നുപോയതില്‍ നിരാശപ്പെടേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകും.
പരിഹാരം: ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുടി മാല, നെയ്യ് വിളക്ക്, പാല്പായസം, സഹസ്രനാമം പുഷ്പാഞ്ജലി എന്നിവ കഴിക്കുക. വ്യാഴാഴ്ച വ്രതമെടുക്കുക.
മൂലം
നിശ്ചയിച്ച് ഉറപ്പിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിജയം കാണും. അവശ്യഘട്ടങ്ങളില്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് ധനലാഭം ഉണ്ടാകും. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. സല്ക്കര്മ്മങ്ങളില് സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കും. പ്രിയപ്പെട്ടവരെക്കുറിച്ച് മംഗളകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ആയുര്‍വ്വേദ ചികിത്സകള്‍ ഫലം കാണും. വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടും. പ്രതിസന്ധികള്‍ മറികടക്കാന്‍ മുതിര്‍ന്നവരുടെ അനുഗ്രഹങ്ങള്‍ തുണയാകും. പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാദ്ധ്യതയേറെയുള്ളതിനാല് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങളും ഔഷധങ്ങളും കഴിക്കണം. ക്ഷമയോടുള്ള സമീപനം തര്‍ക്കങ്ങളെ ഇല്ലാതാക്കും. ഗൃഹം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
പരിഹാരം: ധര്‍മ്മദേവ ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കുകയും ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുക.
പൂരാടം
സാമ്പത്തികമായി ഗുണങ്ങളുണ്ടാക്കാന്‍ കഴിയുന്ന വര്‍ഷമായിരിക്കും. കാലങ്ങളായി മുടങ്ങികിടക്കുന്ന വായ്പാ തവണകള്‍ അടക്കാന്‍ സാധിക്കും. പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനും സാധിക്കും. തടസ്സപ്പെട്ടുകിടക്കുന്ന സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. ഔദ്യോഗിക കര്‍മ്മങ്ങളില്‍ സത്യസന്ധത പാലിക്കാന്‍ കഴിഞ്ഞതില്‍ മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കും. വസ്ത്രം, ആഭരണം എന്നിവയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയും. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. പ്രവാസികള്‍ക്ക് ജോലിയില്‍ ഉയര്‍ച്ചകളുണ്ടാകും. ആയുധങ്ങളില്‍ നിന്ന് മുറിവുകളുണ്ടാകാനിടയുള്ളതിനാല് ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് വായ്പകള്‍ ലഭിക്കും. യുക്തിചിന്തകള്‍ ഈശ്വരവിശ്വാസത്തിലേക്ക് വഴിമാറും.
പരിഹാരം: ദുര്ഗ്ഗാദേവിക്ഷേത്രത്തില് വിളക്ക്-മാല, പായസം, പുഷ്പാഞ്ജലി, ഭദ്രകാളിക്കാവില് ഗുരുതി പുഷ്പാഞ്ജലി, ചുവന്ന പട്ട് സമര്‍പ്പിക്കല്‍, കഠിനപായസം എന്നിവ കഴിക്കുക.

ഉത്രാടം
സാമ്പത്തികനില മെച്ചപ്പെടും. പുതിയ പങ്കാളികളെ ചേര്‍ത്ത് വ്യാപാരം വിപുലമാക്കാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹം നടക്കും. നിലവിലുള്ള കോടതി വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്ന കാര്യങ്ങള്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം നീണ്ടുപോയേക്കാം. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടുക നിമിത്തം മാനസിക വിഷമമുണ്ടാകും. വീഴ്ചകള്‍ക്ക് സാധ്യതകളുള്ളതിനാല്‍ ഉയരങ്ങളില്‍ കയറി ജോലിയെടുക്കുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഉപയോഗിക്കാന്‍ മറക്കരുത്. കുട്ടികള്‍ക്ക് അപസ്മാര ലക്ഷണങ്ങള്‍ കാണുവാന്‍ സാധ്യതയുണ്ടെങ്കിലും ചികിത്സകള്‍ക്ക് ഫലം കാണും. വഞ്ചനകള്‍ പറ്റാന്‍ സാധ്യതകളുള്ളതിനാല്‍ ആരേയും അന്ധമായി വിശ്വസിക്കാതിരിക്കുക. നിരന്തരം ബുദ്ധിമുട്ടിക്കുന്ന ഉറക്കക്കുറവും ദുഃസ്വപ്നങ്ങളും മറ്റും പ്രാര്ത്ഥനകളെക്കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. മാതുലന്മാര്‍ക്ക് രോഗാദ്യരിഷ്ടങ്ങളുണ്ടാകും. അപകട സാധ്യതകളുള്ളതിനാല്‍ ദൂരയാത്രകളും ഉല്ലാസയാത്രകളും പരമാവധി ഒഴിവാക്കണം.
പരിഹാരം: തിങ്കളാഴ്ച വ്രതമോ ശനിയാഴ്ച വ്രതമോ എടുക്കണം. അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ എള്ളുതിരിയും പുഷ്പാഞ്ജലിയും കഴിക്കണം.
തിരുവോണം
സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം കൊണ്ട് ദുശ്ശീലങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും. പ്രണയബന്ധം വിവാഹത്തിലെത്തിക്കാന്കഴിയും. അധികച്ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ കരുതല്‍ ധനത്തില്‍ വര്‍ദ്ധനയുണ്ടാകും. പണം കടം വാങ്ങാനോ കൊടുക്കാനോ പറ്റിയ സമയമല്ല. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ദുഷ്കീര്‍ത്തി കേള്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്യരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലും അതീവശ്രദ്ധ പുലര്‍ത്തണം. നിസ്സാരകാര്യങ്ങളെ കൊണ്ട് കുടുംബജീവിതത്തില്‍ വലിയ കലഹങ്ങളുണ്ടാകും. കര്‍ഷകര്‍ക്ക് നല്ല വിളയും വിളകള്‍ക്ക് നല്ല വിലയും ലഭിക്കും. വിദേശത്ത് പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ട സഹായങ്ങള്‍ ലഭിക്കും. ഭാഗ്യാന്വേഷികള്‍ക്കും ഓഹരിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കും നല്ല സമയമാണ്. ശസ്ത്രക്രിയകള്‍ ആവശ്യമായ രോഗങ്ങള്‍ ഔഷധങ്ങള്‍ കൊണ്ട് പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. മാതാമഹിജനങ്ങള്ക്ക് അരിഷ്ടകാലമാണ്.
പരിഹാരം: ദേവിയിങ്കല്‍ വിളക്ക്, മാല, പായസം, പുഷ്പാഞ്ജലി എന്നിവയും നാഗങ്ങള്‍ക്ക് പാലും മഞ്ഞള്‍ പൊടിയും നേദിക്കുകയും ഇവ ചെയ്യുക.
അവിട്ടം
ആചാരങ്ങളിലും മറ്റും വിശ്വാസം വര്‍ദ്ധിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവിത പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം തരും. കര്‍മ്മരംഗത്ത് ഉയര്‍ച്ചകള്‍ ഉണ്ടാകും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങും. വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി താമസം ആരംഭിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. വ്യവഹാരങ്ങള്‍ക്ക് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തും. സ്ഥല കച്ചവടം നടക്കും. ജലഭയം, അഗ്നിഭയം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം. വായ്പകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് രേഖകള്‍ ലഭിക്കാന്‍ കാലതാമസം വരും. അപ്രതീക്ഷിതമായി അടുത്ത ബന്ധുക്കളുമായി പിണങ്ങേണ്ടി വരും. അമിതമായ ആവേശം അബദ്ധങ്ങളില്‍ ചെന്ന് ചാടിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത വര്‍ദ്ധിക്കും. ഓഹരിവിപണിയിലും മറ്റും വലിയ നിക്ഷേപങ്ങള്‍ക്ക് നല്ല സമയമല്ല.
പരിഹാരം: ശനിയാഴ്ച വ്രതമെടുക്കുക. അയ്യപ്പസ്വാമിക്ക് നീരാജന വിളക്ക്, പായസം, പുഷ്പാഞ്ജലി കഴിക്കുക.
ചതയം
കലാകായികരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങളും അര്‍ഹിക്കുന്ന അംഗീകാരങ്ങളും ലഭിക്കും. ജോലിയില്‍ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. കൃത്യമായ സമയത്ത് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ മേലധികാരികളില്‍ നിന്ന് അഭിനന്ദനം ലഭിക്കും. സന്താനങ്ങളുണ്ടാകാനുള്ള ചികിത്സകള്‍ക്ക് അനുകൂലഫലം കാണും. പ്രവാസികള്‍ക്ക് കുടുംബത്തെ തന്റെയടുത്തേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മതവേണം. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധയും വ്യായാമം മുടങ്ങാതെ ചെയ്യുകയും വേണം. വാതജന്യമായ രോഗങ്ങളുള്ളവര്‍ക്ക് രോഗം വര്‍ദ്ധിക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭിക്കും. കാര്ഷികവൃത്തിയിലേര്പ്പെട്ടവര്ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. വീട് വയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സിനിണങ്ങിയത് കണ്ടെത്താന്‍ കഴിയും. പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വാക്കുകള്‍ പാലിക്കാന്‍ കഠിനശ്രമം വേണ്ടി വരും. സല്സംഗങ്ങളെ കൊണ്ട് ദുഃശീലങ്ങള്‍ നിര്‍ത്താന്‍ സാധിക്കും.
പരിഹാരം: നാഗക്കാവുകളില്‍ വിളക്ക് വയ്ക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക. വ്യാഴാഴ്ച വ്രതശുദ്ധി പാലിക്കുക.

പൂരുരുട്ടാതി
പുതിയ ഗൃഹത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സൗഹൃദങ്ങള്‍ വര്‍ദ്ധിക്കും. മുടങ്ങിയ വായ്പാതവണകള്‍ അടയ്ക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള രേഖകള്‍ ലഭിക്കും. മംഗല്യതടസ്സങ്ങള്‍ തീര്‍ന്ന് വിവാഹനിശ്ചയം കഴിയും. കേസുകള്‍ ഒത്തുതീര്‍പ്പിലെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും. കലാകാരന്മാര്ക്ക് നല്ല അവസരങ്ങള്‍ വരുന്നത് കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിക്കണം. പാരമ്പര്യ രോഗങ്ങളുടെ ആദ്യലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സകള്‍ ആരംഭിക്കണം. അഗ്നി, ആയുധം, വൈദ്യുതി എന്നിവകള്‍ നിമിത്തം ആപത്തുകള്‍ക്ക് സാധ്യതകളുണ്ട്. നാല്ക്കാലികള്ക്ക് രോഗമോ നാശമോ ഉണ്ടാകും. പ്രണയിക്കുന്നവര്‍ തമ്മില്‍ ചെറിയ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിന് ഒപ്പമുള്ളവരുടെ ഭാഗത്തുനിന്നുതന്നെ എതിര്‍പ്പുകളുണ്ടാകും.
പരിഹാരം: ദേവീക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കുകയും പായസം, പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുക. ഗണപതി ഹോമം കഴിക്കുക.
ഉതൃട്ടാതി
കഠിനപ്രയത്നങ്ങള്‍ക്കുള്ള ഗുണങ്ങള്‍ ലഭിച്ചുതുടങ്ങും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. മുടങ്ങിയ വായ്പകളുടെ തിരിച്ചടവുകള്‍ തീര്‍ക്കാനാകും. നഷ്ടപ്പെട്ട പ്രധാനരേഖകള്‍ തിരിച്ച് ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെങ്കിലും വിവാഹം നടത്താന്‍ സാധിക്കും. ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വഞ്ചനകള്‍ക്ക് സാധ്യതയുണ്ട്. അന്യരുടെ കലഹങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കുന്നത് ചീത്തപ്പേര് ഉണ്ടാക്കും. അയല്‍വാസികളുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. വിട്ടുവീഴ്ചാമനോഭാവം കൊണ്ട് സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും. ത്വക്ക് രോഗങ്ങള്‍ ചികിത്സകൊണ്ട് മാറികിട്ടും. ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം ഉണ്ടാകും.
പരിഹാരം: തിങ്കളാഴ്ച വ്രതശുദ്ധിയോടെ ശിവഭജനം ചെയ്യുക. ലളിതാസഹസ്രനാമം ജപിക്കുക. സുബ്രഹ്മണ്യക്ഷേത്രത്തില്‍ പാലഭിഷേകം കഴിക്കുക.
രേവതി
കാര്ഷികവൃത്തിയിലേര്പ്പെട്ടവര്ക്ക് ശുഭകരമായ കാലമായിരിക്കും. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. നല്ല പെരുമാറ്റരീതിയുടെയും വാക്കുകളുടെയും ഫലത്തില്‍ പുതിയ സൗഹൃദങ്ങളുണ്ടാകും. മംഗല്യതടസ്സം തീര്‍ന്ന് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താനാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുക വഴി അവരുടെ പ്രീതി പിടിച്ചുപറ്റാന്‍ കഴിയും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങളും അംഗീകാരങ്ങളും ലഭിക്കും. ശാരീരിക പ്രതിരോധശേഷി കുറയുന്നത് നിമിത്തം പകര്‍ച്ചവ്യാധികള്‍ ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. അലര്‍ജി നിമിത്തമുള്ള രോഗങ്ങള്‍ക്കും സാധ്യതയേറെയാണ്. പൂര്‍വ്വികസ്വത്ത് വന്നുചേരും. തരക്കേടില്ലാത്ത വരുമാനമുണ്ടാവുമെങ്കിലും ചെലവുകള്‍ അധികമാവാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് ചില വിഘ്നങ്ങള്‍ വന്നേക്കാമെങ്കിലും പരിശ്രമം കൊണ്ട് പരിഹരിക്കപ്പെടും. ദുഃശീലങ്ങള്‍ക്ക് വിരാമമിടാനുള്ള ശ്രമം വിജയം കാണും. വേര്‍പിരിയലിന്റെ വക്കത്തെത്തിയ ദാമ്പത്യകലഹങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുക നിമിത്തം പരിഹരിക്കാന്‍ കഴിയും.
പരിഹാരം: ശ്രീരാമസ്വാമി തുടങ്ങിയ വിഷ്ണു അവതാരങ്ങളില്‍ പാല്‍പ്പായസം, നെയ്വിളക്ക്, പുഷ്പാഞ്ജലി ഇവ കഴിക്കുക. ഭദ്രകാളികാവില് മുട്ടുകള്‍ തീര്‍ക്കുക.
സജിത്പണിക്കര്, ആലൂര് കളരിക്കല്‍ | ഫോണ്‍: 9895520953