2016 ൽ മലയാള ചിത്രങ്ങളിൽ ആദ്യം പ്രദർശനത്തിനെത്തിയത് ഉണ്ണി മുകുന്ദൻ നായകാനായ സ്റ്റൈൽ ആയിരുന്നു. ഇതിഹാസയ്ക്കു ശേഷം എസ് ബിനു സംവിധാനം ചെയ്ത ചിത്രം നല്ല റിപ്പോർട്ടുകൾ നേടിയാണ് പ്രദർശനം തുടരുന്നത്.
അനൂപ് മേനോനും ഭാമയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മാൽഗുഡി ഡേയ്സാണ് അടുത്തതായി റിലീസിനെത്തുന്ന ചിത്രം. നവാഗതരായ വിശാഖ്, വിനോദ്, വിവേക് എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 8നാണ് പ്രദർശനത്തിനെത്തുന്നത്.
2015 ൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റുകൾ സ്വന്തമാക്കിയ യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം പാവാട ജനുവരി 15 നാണ് തിയറ്ററിലെത്തുന്നത്. മിയയും ആശ ശരതുമാണ് ചിത്രത്തിലെ നായികമാർ. മണിയൻപിള്ള രാജു നിർമ്മിച്ച് ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബിപിൻ ചന്ദ്രനാണ്.
ഫഹദ് ഫാസിൽ നായകനാകുന്ന മൺസൂൺ മാംഗോസും ജനുവരി 15നാണ് തിയറ്ററിലെത്തുന്നത്. അക്കരക്കാഴ്ച്ചകൾ എന്ന ടെലി സീരിയലിലൂടെ ശ്രദ്ധേയനായ അബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ മേനോനാണ് നായിക. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന മൺസൂൺ മാംഗോസ് നിർമ്മിച്ചിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ്.
1983 എന്ന സൂപ്പർ ഹിറ്റിനു ശേഷം യുവതാരം നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം ആക്ഷൻ ഹീറോ ബിജു ജനുവരി 22 ന് തിയറ്ററുകളിലെത്തും. നിവിൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ അനു ഇമാനുവേലാണ് നായിക.
റേഡിയോ ജോക്കികളുടെ ജീവിതം പ്രമേയമാക്കി ജയൻ കെ നായർ സംവിധാനം ചെയ്യുന്ന ഹലോ നമസ്തേയിൽ ഭാവനയും മിയ ജോർജുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. വിനയ് ഫോർട്ട്, അജു വർഗീസ്, കെ പി എ സി ലളിത, മുകേഷ് എന്നിവരും പ്രധാന റോളുകളിലെത്തും. ഫ്രെഡ്ഡിയ എന്റർടെയിന്മെന്റിന്റെ ബാനറിൽ ഡോ: ഫ്രീമു വർഗീസ് നിർമ്മിക്കുന്ന ചിത്രം ജനുവരി 22 ന് തിയറ്ററിലെത്തും.
മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരറാണി നയൻതാരയും ഒന്നിക്കുന്ന ചിത്രം പുതിയ നിയമം ജനുവരി 30 ന് തിയറ്ററുകളിലെത്തും. കമ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ: ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ നയൻ താരയും അവതരിപ്പിക്കും. ഭാസ്ക്കർ ദി റാസ്ക്കലിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം.