ഐഎസ് അധിനിവേശത്തിന്റെയും അഭയാർഥി പലായനത്തിന്റെയും കാഴ്ചകളാണ് 2015ൽ ലോകം സാക്ഷിയായത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളും ദുരന്തങ്ങളുടെ ആക്കം കൂട്ടിയെങ്കിലും പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒട്ടനവധി സംഭവങ്ങളും നടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അറുതി ലക്ഷ്യമിട്ട് പാരീസ് ഉടമ്പടി നിലവിൽ വന്നു. ഇറാൻ-അമേരിക്ക ശീതയുദ്ധം അവസാനിച്ചു. ഇന്ത്യാ-പാക് ബന്ധത്തിന് മറ്റൊരു മാനം നൽകി പ്രധാനമന്ത്രി നരേന്ദ്രമോഡി പാക് സന്ദർശനം നടത്തി. ക്യൂബ-അമേരിക്കൻ സൗഹൃദ കാഴ്ചയും പോയവർഷത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായി.
നേപ്പാളിൽ ഭൂചലനം
നേപ്പാളിനെ പിടിച്ചുകുലുക്കി ഏപ്രിൽ 25നുണ്ടായ വൻ ഭൂകമ്പത്തിൽ നേപ്പാളിൽ 2500 പേരും ഉത്തരേന്ത്യയിൽ എഴുപതോളം പേരും മരിച്ചു. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കഠ്മണ്ഡുവിൽ നിന്ന് 80 കിലോമീറ്റർ അകലെ ലാംജംഗിലായിരുന്നു. ഭൂകമ്പത്തെത്തുടർന്ന് നേപ്പാളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഠ്മണ്ഡുവിലെ ധരഹരാ ഗോപുരം പാടേ തകർന്നു. 1832ൽ നിർമിച്ച കാഠ്മണ്ഡുവിലെ ധരഹരാ ഗോപുരം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത് പത്ത് വർഷം മുമ്പാണ്. നേപ്പോൾ ഭൂകമ്പത്തെത്തുടർന്ന് ഇന്ത്യ നടത്തിയ രക്ഷാദൗത്യം ഓപ്പറേഷൻ മൈത്രി പ്രശംസ പിടിച്ചുപറ്റി.
ഐഎസ് ഭീകരവാദത്തിന്റെ പുതിയ മുഖം
ആഗോള ഭീകരവാദത്തിന്റെ നേതൃസ്ഥാനം അൽഖായിടയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് ഏറ്റെടുത്തതിന്റെ ഭാഗമായുളള രൂക്ഷഫലങ്ങൾക്ക് പോയ വർഷം ലോകം സാക്ഷ്യം വഹിച്ചു. 2015ൽ ലോകത്തെ നടുക്കിയ റഷ്യൻ വിമാനം തകർത്ത സംഭവവും (224 മരണം) ബെയ്റൂട്ടിലെയും (43 മരണവും) പാരിസിലെയും (129 മരണം) ഭീകരാക്രമണങ്ങളും ഭീകരവാദം സമം ഐഎസ് എന്ന ഒറ്റ സമവാക്യത്തിലേയ്ക്ക് ലോകത്തെ എത്തിച്ചിരിക്കുകയാണ്. ലോകത്തെ 36 ഭീകരസംഘടനകൾ ഇതിനകം ഐഎസിനോട് കൂറു പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ്-ക്യൂബ ചർച്ച
പാനമയിൽ അമേരിക്കൻ ഉച്ചകോടിയുടെ ഉദ്ഘാടനവേദി പങ്കിട്ടപ്പോൾ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും പരസ്പരം കൈകൊടുത്തു. കുശലാന്വേഷണം നടത്തിയത് ശ്രദ്ധേയമായി. നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും ക്യൂബ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്റിഗസും ആദ്യവട്ട ഉന്നതതല ചർച്ച നടത്തിയിരുന്നു. 57 വർഷം മുമ്പാണ് സമാനമായ ചർച്ച നടന്നത്. അൻപത്തിനാല് വർഷം മുമ്പ് യുഎസും ക്യൂബയും അടച്ചുപൂട്ടിയ വാഷിങ്ങ്ടണിലെയും ഹവാനയിലെയും എംബസികൾ ജൂലൈ 20ന് വീണ്ടും തുറന്നു. എംബസി തുറന്നതോടെ യുഎസ് വിദേശകാര്യവകുപ്പിന്റെ ലോബിയിലും ക്യൂബൻ പതാക പ്രത്യക്ഷപ്പെട്ടു.
ഉഫായിൽ ബ്രിക്സ് ഉച്ചകോടി
അഞ്ചംഗ രാഷ്ട്ര കൂട്ടായ്മയായ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഉച്ചകോടി റഷ്യയിലെ ഉഫയിൽ ജൂലൈ ആദ്യം നടന്നു. സാമ്പത്തിക മേഖലയിലെ സഹകരണത്തിനാണ് ബ്രിക്സ് ഉച്ചകോടി ഊന്നൽ നൽകിയത്.
ഗ്രീസിന് കടമോചന പദ്ധതി
കർശന ഉപാധികളോടെയുളള സാമ്പത്തിക ഉദാരവൽക്കരണ പരിഷ്കാരങ്ങൾ നടപ്പാക്കാനുളള പദ്ധതിക്ക് ജൂലൈയിൽ പാർലമെന്റിൽ അംഗീകാരം ലഭിച്ചു. യൂറോപ്യൻ യൂണിയൻ അനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കടമോചന പദ്ധതി പാർലമെന്റ് അംഗീകരിച്ചത്. എന്നാൽ പദ്ധതിക്കെതിരെ ഗ്രീസിലെ തെരുവുകളിൽ വൻ പ്രതിഷേധം കത്തിപ്പടർന്നു. മൂന്ന് വർഷത്തെ കടമോചന പദ്ധതിയുടെ 9600 കോടി ഡോളറിന്റെ (ഏകദേശം 6,04,800 കോടി രൂപ) സഹായമാണ് ലഭിക്കുക.
അധികാരത്തിൽ റെക്കോർഡ്
കൂടുതൽ വർഷം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എന്ന പദവിയിലേയ്ക്ക് എലിസബത്ത് രാജ്ഞി. 63 വർഷം സിംഹാസനത്തിലിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡാണ് എലിസബത്ത് രാജ്ഞി (86) മറികടന്നത്.
മിനായിൽ മരണം
മിനായിൽ തിക്കിലും തിരക്കിലും പെട്ടു സെപ്റ്റംബർ 24ന് മലയാളികൾ ഉൾപ്പെടെ 769 ഹജ് തീർഥാടകർ മരിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ജംറത്തുൽ അഖബയിൽ കല്ലേറ് കർമത്തിനായി പോയവരാണ് തിക്കിലും തിരക്കിലും പെട്ടത്. മക്കയിൽ ക്രെയിൻ ദുരന്തത്തിൽ 107 പേരുടെ ജീവൻ പൊലിഞ്ഞു.
ആണവക്കരാറിന് ഇറാൻ വഴങ്ങി
ആണവ പദ്ധതിക്ക് നിയന്ത്രണമേർപ്പെടുത്തുന്ന സമ്പൂർണ ആണവക്കരാറിന് ആറ് വൻശക്തികളുമായി ഇറാൻ ജൂലൈയിൽ ധാരണയായി. വിയന്നയിൽ ഏഴ് രാഷ്ട്രങ്ങളുടെ (ഇറാൻ, യുഎസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി) വിദേശകാര്യമന്ത്രിമാർ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ജൂലൈ 14ന് ആണവക്കരാറിന്റെ പിറവി. വിവാദ ആണവപദ്ധതി മരവിപ്പിക്കുന്നതിന് പകരമായി രാജ്യാന്തര ഉപരോധം പിൻവലിക്കുന്നത് സംബന്ധിച്ച് ഇറാനും ആറ് വൻശക്തി രാഷ്ട്രങ്ങളുമായുണ്ടാക്കിയ കരാർ യുഎൻ രക്ഷാസമിതി ഐകകണ്ഠ്യേന അംഗീകരിച്ചു.
ടിബറ്റിൽ ചൈനയുടെ അണക്കെട്ട്
ബ്രഹ്മപുത്രാ നദിയുടെ ടിബറ്റൻ ഭാഗത്ത് അണക്കെട്ട് നിർമിച്ച ചൈന ഗ്യാസ കൗണ്ടിയിലുളള സാങ്മുവിൽ ചൈനയുടെ ജലവൈദ്യുതിനിലയവും ആരംഭിച്ചു. ടിബറ്റിൽ യാർലങ്ങ് സാങ്ങ്പോ എന്നാണ് ബ്രഹ്മപുത്ര നദിയുടെ വിളിപ്പേര്. ചൈന അണക്കെട്ട് തുറന്നുവിട്ടാൽ ഇന്ത്യയിൽ വെളളപ്പൊക്കം സൃഷ്ടിക്കാനായേക്കും.
ചൈന ഒറ്റക്കുട്ടിനയം അവസാനിപ്പിച്ചു
ഒരു കുട്ടി മാത്രം എന്ന ദശകങ്ങളായിത്തുടരുന്ന കർശന കുടുംബാസൂത്രണ നിയമം ചൈന ഒക്ടോബറിൽ പിൻവലിച്ചു. ഇനി മുതൽ എല്ലാ ദമ്പതികൾക്കും രണ്ട് കുട്ടികൾ ആകാം. ജനസംഖ്യാപെരുപ്പം തടയാൻ 1970കളിൽ നടപ്പാക്കിയ ഒരു കുട്ടി മാത്രം നിയമം കാലഹരണപ്പെട്ടതായും ഇത് ചൈനയുടെ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിച്ചതായുളള കണ്ടെത്തലുകൾ പരിഗണിച്ചാണ് സർക്കാർ നടപടി. നിലവിൽ ലോകത്ത് ഏറ്റവും വയേജനങ്ങളുളള രാജ്യം ചൈനയാണ്.
ചൈനയുടെ തകർച്ച
ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കരുതപ്പെട്ടിരുന്ന ചൈനയിലെ ഓഹരി വിപണി തകർന്നടിഞ്ഞത് ആഗോളതലത്തിൽ സാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കി. ഓഗസ്റ്റിൽ മാത്രം 20 ശതമാനം ഇടിവാണ് ചൈനയിലെ മുഖ്യ ഓഹരി സൂചികകളിൽ. ഷാങ്ൻഘായ് കോംപസിറ്റ് സൂചിക 2014 ജൂൺ മുതൽ ഇക്കൊല്ലം ജൂൺ വരെയുളള കാലയളവിൽ നേടിയത് 150 ശതമാനം ഉയർച്ച. പിന്നീടിങ്ങോട്ട് ഉണ്ടായത് 40 ശതമാനം തകർച്ചയും.
കലാം ഉപഗ്രഹം
ഭൂമിയെ നിരീക്ഷിച്ചു പ്രകൃതിക്ഷോഭങ്ങളിൽ നിന്നുളള അപകടസാധ്യത കുറയ്ക്കാനുളള ആഗോള ഉപഗ്രഹത്തിന് മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ പേരിടും. ‘യുഎൻ കലാം ഗ്ലോബൽസാറ്റ്’ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കാനായുളള ഉപഗ്രഹം നിർമിക്കാൻ നിർദേശിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്. കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായുളള ‘കാൻയൂസ്’ എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്ന് ഉപഗ്രഹം നിർമിക്കുന്നത്.
പലസ്തീൻ പതാക യുഎൻ ആസ്ഥാനത്ത്
സെപ്റ്റംബർ 30ന് ചരിത്രത്തിലാദ്യമായി പലസ്തീൻ പതാക ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഉയർത്തി. ഇസ്രായേലുമായുളള ഉടമ്പടി തങ്ങൾക്ക് ഇനി ബാധകമല്ലെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബാസ് യുഎന്നിൽ പ്രഖ്യാപിച്ചു.
റോക്കറ്റ് ഭൂമിയിൽ തിരിച്ചിറങ്ങി
ചരിത്രത്തിലാദ്യമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റോക്കറ്റ് ഭൂമിയിൽ തിരിച്ചിറങ്ങി. അതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതുചരിത്രം പിറന്നു.
ശാസ്ത്രലോത്തിന്റെ ഏറെ നാളായുളള പരിശ്രമങ്ങൾക്കാണ് ഫലം കണ്ടത്. 11 ചെറു ഉപഗ്രഹങ്ങളുമായാണ് സ്പേസ് എക്സ് എന്ന കാലിഫോർണിയ കേന്ദ്രീകരിച്ചുളള കമ്പനി ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപിച്ചത്.