മണിക്കൂറുകൾ ക്യൂ നിന്ന് യുവത്വം ആ പുതിയ 2000 രൂപയുടെ നോട്ടുകൾ കരസ്ഥമാക്കിയത് വെറുതെയല്ല. സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ് ചെയ്യാൻ ആയിരുന്നുവെന്ന്. പഴയ നോട്ടുകള്‍ക്ക് പകരം മാറ്റിക്കിട്ടിയ 2000 രൂപയുടെ പിടയ്ക്കുന്ന നോട്ടുകളുമായി യുവതീ യുവാക്കള്‍ സെല്‍ഫിയെടുത്തത് ബാങ്കുകള്‍ക്ക് മുന്നിലെ കൗതുക കാഴ്ചകളായി. നോട്ടുകള്ക്കൊപ്പമുള്ള സെല്‍ഫിയിലെ വിടര്‍ന്ന പുഞ്ചിരി ഫെയ്സ് ബുക്ക് പേജുകളിലും വാട്സ് ആപിലും പ്രചരിപ്പിക്കാനും ഇവര്‍ മറന്നില്ല. നിധികിട്ടിയ ആവേശത്തിലായിരുന്നു അവര്‍.
ബാങ്ക് കൗണ്ടറില്‍ നിന്ന് ലഭിച്ച 2000ന്റെ നോട്ടുകള്‍ വിരലുകള്‍ക്കിടയില്‍ ഒന്നുതട്ടി, നറുമണവും, പുതുമയും നുകര്‍ന്ന ശേഷം അതീവ ആഹ്ലാദത്തോടെയാണ് യുവതീ യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തിയത്. നോട്ടിന്റെ പിങ്ക് നിറവും ഏറെ ആകര്‍ഷകമാണെന്നാണ് ഒരു യുവതി പറഞ്ഞത്. എന്നാല്‍ ആയിരത്തിന്റെ നോട്ട് പട്ടിണി കിടന്ന് മെലിഞ്ഞത് പോലെയാണ് 2000ന്റെ നോട്ടുകള്‍ കണ്ടാല്‍ തോന്നുകയെന്ന് ഒരു യുവാവും തമാശയോടെ പ്രതികരിച്ചു. 2000ന്റെ നോട്ട് വന്നാലും ആയിരത്തിന്റെ പഴയ നോട്ടിനെ മറക്കില്ലെന്ന് ചിലര്‍ പറഞ്ഞു. കീശയില്‍ നിന്ന് പഴയ ആയിരത്തെ എടുത്ത് മുത്തമിടാനും പലരും മറന്നില്ല.
എന്നാൽ കിട്ടിയ 2000 രൂപയുടെ നോട്ടുകൾ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് എല്ലാവരും. ഒന്നുകിൽ 2000 രൂപ മുഴുവൻ ആവശ്യമുള്ള എന്തെങ്കിലും കാര്യം ചെയ്യണം. സാധങ്ങൾ വാങ്ങാം, പെട്രോൾ അടിക്കാം… പക്ഷെ 250 രൂപയുടെ സാധനം വാങ്ങിയിട്ട് 2000 രൂപയുടെ നോട്ടു കൊടുത്താൽ ബാക്കി കിട്ടില്ല. 2000 രൂപ നോട്ടിന്റെ താഴത്തെ വിലയുള്ള നോട്ട് 100 രൂപയുടേത് മാത്രമാണ് ഇപ്പോൾ. അതിനാൽ തന്നെ കിട്ടിയ പിടക്കണ 2000 രൂപയുടെ നോട്ട് മാറാനാകാതെ വിഷമത്തിലാണ് പലരും. അതേസമയം പുതിയ 2000 നോട്ട് ഒരാഴ്ചയെങ്കിലും സൂക്ഷിച്ച ശേഷം മാത്രമേ ചെലവഴിക്കുകയുള്ളൂവെന്ന് ഒരു കോളജ് വിദ്യാര്‍ത്ഥിനി പറഞ്ഞു.
എന്നാൽ പൊതുവേ \’നോട്ട് സെൽഫി\’യോട് സോഷ്യൽ മീഡിയയ്ക്ക് മോശം പ്രതികരണമാണ്. വെറുപ്പിക്കൽ സെൽഫി എന്നാണ് കൂടുതൽ പേരും ഇതിനോട് പ്രതികരിച്ചത്. ചില വിരുതന്മാർ ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ട്, നോട്ട് പുറത്തിറങ്ങുന്നതിന്റെ തലേന്ന് തന്നെ പ്രവചിച്ചിരുന്നു, നാളെ മിക്കവരും നോട്ട് കിട്ടിയാൽ ആദ്യം ചെയ്യുന്നത് ഫേസ്ബുക്കിൽ നോട്ടിന്റെയൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത് വെറുപ്പിക്കും എന്ന്.
അതിനിടെ രാജ്യത്താകമാനമുള്ള എ ടി എമ്മുകളും റീ സെറ്റ് ചെയ്യുന്നതിനുള്ള തിരക്കിലാണ് ബാങ്ക് അധികൃതര്‍. പുതിയ നോട്ടുകളുടെ വലുപ്പത്തിനനുസരിച്ച് ട്രേകള്‍ സെറ്റ് ചെയ്യുന്നതും ആയിരത്തിന് പകരം 2000 ഡിനോമിനേഷന് റീസെറ്റ് ചെയ്യുന്നതുമാണ് എ ടി എമ്മുകളില്‍ നടക്കുന്നത്. ഇന്ന് മുതല്‍ എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നതിനാല്‍ ഇന്നലെ രാത്രിയോടെ റീസെറ്റിംഗ് നടത്തി പുതിയ നോട്ടുകളടക്കം നിറയ്ക്കുന്ന പ്രവര്‍ത്തികളും നടന്നുവരുന്നുണ്ട്. അതാത് ബാങ്കുകളുടെ എ ടി എമ്മുകളില്‍ തന്നെയാണ് റീ സെറ്റിംഗ് നടത്തുന്നത്.