ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച ഇന്ത്യൻ സിനിമകളെ അറിയാം..
നെഗറ്റീവ് പബ്ലിസിറ്റിക്കിടയിലും അല്ലു അർജുൻ ചിത്രമായ പുഷ്പ 2 6 ദിവസം കൊണ്ട് നേടിയത് 1000 കോടി രൂപയാണ്. അതെ, പുഷ്പ അങ്ങനെ റിക്കോർഡ് വേഗത്തിലാണ് ഇന്ത്യൻ സിനിമയിലെ ആയിരം കോടി ക്ലബ്ബിലേക്ക് കടന്നത്. എന്നാൽ ആയിരം കോടിയിലെത്തുന്ന ആദ്യ സിനിമയൊന്നുമല്ല പുഷ്പ 2. ഇതിന് മുമ്പ് ബോക്സോഫീസിൽ ആയിരം കോടി വാരിയ ചില ഇന്ത്യൻ സിനിമകളെ നമുക്കൊന്ന് അറിഞ്ഞുവരാം..
ദംഗൽ
ആമിർ ഖാൻനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ദംഗൽ. 2016 ൽ പുറത്തിറങ്ങിയ ഈ ചിത്രം ആയിരം കോടി ക്ലബ്ബിൽ എത്തിയിരുന്നു. 2070.3 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം എന്ന നിലയിലായിരുന്നു ദംഗൽ പ്രേക്ഷകരിലേക്കെത്തിയത്.
ബാഹുബലി 2
ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2017 ൽ ആയിരുന്നു. രാജമൌലിയുടെ പാൻ ഇന്ത്യൻ ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമയാണ്. പ്രഭാസ്, അനുഷ്ക, തമന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ ഈ സിനിമയുടെ ആഗോള കളക്ഷൻ 1788.06 കോടി ആയിരുന്നത്രെ.
ആർആർആർ
രാജമൗലി ചിത്രമായ ആർആർആറും ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. 2022 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1230 കോടി ആയിരുന്നു. രാം ചരണും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് പ്രദർശനത്തിന് എത്തിയത്.
കെജിഎഫ് 2
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തിയ കെജിഎഫ് 2 ആയിരം കോടി ക്ലബ്ബിലെ മറ്റൊരു അംഗമാണ്. കെ.ജി.എഫ്. ചലച്ചിത്ര സീരീസിലെ രണ്ടാം ഭാഗമായ ചിത്രം 2022 ൽ പുറത്തിറങ്ങി. 1215 കോടി ആയിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. യഷ് , സഞ്ജയ് ദത്ത് , രവീണ ടണ്ടൻ , ശ്രീനിധി ഷെട്ടി , പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
കൽക്കി 2898 എഡി
600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ കൽക്കി 2898 എഡി ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്.
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മൾ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’.
നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ പ്രഭാസാണ് നായകൻ. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി, ശാശ്വത ചാറ്റർജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെൻ തുടങ്ങി വൻ താരനിരയാണ് കൽക്കിയിൽ ഒരുമിച്ചത്. ദുൽഖർ സൽമാൻ അടക്കമുള്ളവർ അതിഥി താരങ്ങളായും എത്തിയിരുന്നു.
ജവാൻ
2023 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ജവാനും 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 1160 കോടിയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ. അറ്റ്ലിയാണ് ഇതിന്റെ സംവിധായകൻ. വലിയ ഒരു താരനിര അണിനിരന്ന ചിത്രമായിരുന്നു ജവാൻ. തമിഴിന് പുറമെ മറ്റ് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു.
പഠാൻ
2023 ലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രമായ പഠാനും ആയിരം കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. 1055 കോടി ആയിരുന്നു ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ഷാരൂഖ് ഖാനൊപ്പം വൻ താരനിര അണിനിരന്ന ചിത്രമാണ്.