മലയാളം ഇ മാഗസിൻ.കോം

വിവാഹ ജാതകത്തിന്റെ 10 പൊരുത്തങ്ങൾ ഏതൊക്കെയെന്ന്‌ അറിയാമോ? പൊരുത്തം നോക്കുന്നത്‌ എങ്ങനെയെന്നും അറിഞ്ഞോളൂ

ഹൈന്ദവ ജ്യോതിശ വിശ്വാസപ്രകാരം രണ്ട്‌ വ്യക്തികൾക്കിടയിലുള്ള വിവാഹ പൊരുത്തം നിശ്ചയിക്കുന്നത്‌ ജാതക പൊരുത്തത്തിലൂടെയാണ്‌. രണ്ട്‌ വ്യക്തികൾ വിവാഹിതരായാൽ, അവരുടെ ദാമ്പത്യജീവിതം എങ്ങനെയാകും എന്നറിയുവാൻ, ജ്യോതിശാസ്ത്രം നിർദ്ദേശിച്ചിട്ടുള്ള പ്രക്രിയയാണ്‌ ജാതകപൊരുത്തം. വിവാഹ ആലോചനയിലെ ആദ്യത്തേതും സർവ്വപ്രധാനവുമായ നടപടിയാണ്‌ വിവാഹപൊരുത്തം അഥവാ ജാതകപൊരുത്തം നോക്കൽ.

പുരാതനകാലത്ത്‌ 20 വിവിധ പൊരുത്തങ്ങൾ നോക്കിയിരുന്നെങ്കിൽ, ഇതിൽ പ്രധാനപ്പെട്ട 10 പൊരുത്തങ്ങളാണ്‌ ഇന്ന്‌ വിശകലനം ചെയ്യാറുള്ളത്‌. വിവാഹജീവിതത്തിലെ വിവിധ ഘടകങ്ങളെ സംബന്ധിക്കുന്നതാണ്‌ ഈ പൊരുത്തങ്ങൾ. പരസ്പര സ്നേഹം, ഒത്തിണക്കം, ക്ഷേമം, ലൈം-ഗി-ക-ത, ആരോഗ്യം, വൈകാരികത, സന്താനഭാഗ്യം, ദീർഘായുസ്സ്‌, സൗഭാഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾ എത്രത്തോളമുണ്ടെന്ന്‌ ഈ പൊരുത്തങ്ങൾ തെളിയിക്കും.

ദിനം പൊരുത്തം
ഭാര്യാഭർത്താക്കന്മാരുടെ ആരോഗ്യം, ക്ഷേമം എന്നിവയെ സംബന്ധിച്ചുള്ളതാണ്‌ ദിനം പൊരുത്തം. മെച്ചപ്പെട്ട ദിനം പൊരുത്തം, രോഗപീഡകളും ദാരിദ്ര്യവും ഇല്ലാത്ത ദീർഘായുസ്സും സമൃദ്ധിയും നിറഞ്ഞ ദാമ്പത്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

ഗണം പൊരുത്തം
സ്ത്രീയുടെയും പുരുഷൻറേയും വൈകാരികനിലവാരങ്ങൾ തമ്മിലുള്ള പൊരുത്തമാണ്‌ ഗണം പൊരുത്തം. ലൈംഗികതയിലെ പൊരുത്തത്തേയും ഇത്‌ സൂചിപ്പിക്കുന്നു.

യോ-നി പൊരുത്തം
ലൈം-ഗി-ക-തയിലെ സ്വരചേർച്ചയെ സൂചിപ്പിക്കുന്നതാണ്‌ യോ-നി പൊരുത്തം. മറ്റ്‌ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ലൈം-ഗി-ക-തയെങ്കിലും, ഇതിൽ ഉണ്ടായേക്കാവുന്ന ചേർച്ചയില്ലായ്മകൾ, യോ-നി പൊരുത്തം വിശകലനം ചെയ്യുന്നതിലൂടെ അറിയുവാൻ കഴിയും. ശാരീരിക ചേർച്ചയേയും സൂചിപ്പിക്കുന്ന യോ-നി പൊരുത്തം സ്ത്രീക്കും പുരുഷനുമായി പ്രത്യേകം വിശകലനം ചെയ്യേണ്ടതാണ്‌.

രാശി പൊരുത്തം
രാശികളും നക്ഷത്രങ്ങളും തമ്മിലുള്ള പൊരുത്തത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഒരു വ്യക്തിയുടെ സ്വഭാവത്തേയും ശാരീരിക ഘടനയേയും സ്വാധീനിക്കുന്ന ഘടകങ്ങളായ ജന്മരാശിയും ജന്മനക്ഷത്രവും നിശ്ചയിക്കുന്നത്‌ ജനനസമയത്തെ ചന്ദ്രൻറെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌. പൊരുത്തങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ്‌ രാശി പൊരുത്തം. മികച്ച രാശിപൊരുത്തം, മറ്റ്‌ പൊരുത്തങ്ങളിലെ കുറവുകൾക്ക്‌ ഒരു പരിഹാരമാണ്‌.

രാശ്യാധിപതി പൊരുത്തം
സ്ത്രീയുടെയും പുരുഷൻറേയും ജന്മനക്ഷത്രാധിപന്മാർ തമ്മിലുള്ള പൊരുത്തമാണ്‌ രാശ്യാധിപതി പൊരുത്തം. ജന്മനക്ഷത്രാധിപന്മാർ പരസ്പരം മിത്രഭാവത്തിലോ ശത്രുഭാവത്തിലോ ആകാവുന്നതാണ്‌. നല്ല പൊരുത്തത്തിന്‌ രാശ്യാധിപന്മാർ മിത്രങ്ങളാകേണ്ടതാണ്‌. ഇത്‌ സുദീർഘവും ആനന്ദകരവുമായ കുടുംബജീവിതത്തെ സൂചിപ്പിക്കുന്നു. ഇതിന്‌ വിപരീതമായ ഫലമാണ്‌ ശത്രുഭാവത്തിലെ രാശ്യാധിപന്മാർ സൂചിപ്പിക്കുന്നത്‌. ദമ്പതികൾക്ക്‌ ഉണ്ടാകാവുന്ന സന്താനങ്ങളെയും സ്വാധീനിക്കുന്നതാണ്‌ രാശ്യാധിപതി പൊരുത്തം.

രജ്ജു പൊരുത്തം
ആനന്ദകരമായ വിവാഹജീവിതത്തേയും ദീർഘായുസ്സിനേയും സൂചിപ്പിക്കുന്ന രജ്ജു പൊരുത്തം ഏറെ പ്രധാനപ്പെട്ടതാണ്‌. പുരുഷന്റെ / ഭർത്താവിന്റെ ദീർഘായുസ്സിനെ സൂചിപ്പിക്കുന്നതായതിനാൽ രജ്ജുപൊരുത്തം വിശദമായി പഠിക്കേണ്ടതാണ്‌.

വേധപൊരുത്തം
പീഡ, വ്യഥ എന്നിവയെ സൂചിപ്പിക്കുന്ന പദമാണ്‌ വേധ. ഇത്‌, സ്ത്രീയുടെയും പുരുഷൻറേയും ജന്മനക്ഷത്രങ്ങൾക്കിടയിലുള്ള പൊരുത്തകേടുകൾ വിശകലനം ചെയ്യും. പരസ്പരം ചേരാത്ത ജന്മനക്ഷത്രങ്ങൾ വിവാഹജീവിതം ക്ലേശകരമാക്കും. ഇത്‌ രോഗപീഡകൾ, മനക്ലേശം എന്നിവയ്ക്ക്‌ കാരണമാകും. വേധ ഇല്ലാത്ത അഥവാ പൊരുത്തമുള്ള നക്ഷത്രങ്ങൾ സന്തോഷകരമായ കുടുംബജീവിതത്തേയും സൂചിപ്പിക്കുന്നു.

വാസ്യ പൊരുത്തം
ദമ്പതികളുടെ രാശികൾ തമ്മിലുള്ള പൊരുത്തമാണ്‌ വാസ്യ പൊരുത്തം. മികച്ച വാസ്യ പൊരുത്തം പരസ്പര സ്നേഹം, അടുപ്പം, ബഹുമാനം, ഒത്തിണക്കം എന്നിവയെ സൂചിപ്പിക്കുന്നു. ഗണം, രാശി എന്നീ പൊരുത്തങ്ങളിലെ കുറവുകൾ പരിഹരിക്കാൻ മികച്ച വാസ്യ പൊരുത്തത്തിന്‌ സാധിക്കും.

മഹേന്ദ്ര പൊരുത്തം
ഇത്‌ ദമ്പതികളുടെ ധനം, സന്താനഭാഗ്യം, ദീർഘായുസ്സ്‌ എന്നിവയെ സൂചിപ്പിക്കുന്നു. മികച്ച മഹേന്ദ്ര പൊരുത്തം, സമൃദ്ധിയും സന്താനലബ്ദിയും ഉറപ്പ്‌ നൽകുന്നു. പുരുഷൻ, തൻറെ ഭാര്യയേയും കുട്ടികളേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നതിൻറെ സൂചന കൂടിയാണ്‌ മഹേന്ദ്ര പൊരുത്തം. ദിനം, രാശ്യാധിപതി പൊരുത്തങ്ങളിലെ കുറവുകൾ പരിഹരിക്കാൻ ഈ പൊരുത്തത്തിന്‌ കഴിയും.

സ്ത്രീ ദീർഘ പൊരുത്തം
രോഗപീഡകളില്ലാത്ത ദാമ്പത്യം, ദമ്പതികളുടെ ദീർഘായുസ്സ്‌, സമ്പൽസമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ്‌ സ്ത്രീ ദീർഘ പൊരുത്തം. മികച്ച സ്ത്രീ ദീർഘ പൊരുത്തം സ്ത്രീയുടെ/ഭാര്യയുടെ ആരോഗ്യം, ക്ഷേമം, ദീർഘായുസ്സ്‌ എന്നിവ ഉറപ്പ്‌ നൽകും.

ഈ 10 പൊരുത്തങ്ങളിൽ, ഗണം, രജ്ജു, ദിനം, രാശി, യോനി എന്നീ പൊരുത്തങ്ങളാണ്‌ പ്രധാനപ്പെട്ടവ. ഇവയിൽ രജ്ജു പൊരുത്തത്തിനും ദിനം പൊരുത്തത്തിനും കൂടുതൽ പ്രാധാന്യമുണ്ട്‌. പൊരുത്തം നോക്കുമ്പോൾ, 10 പൊരുത്തങ്ങളും പ്രത്യേകമായി കൂട്ടി, അവയുടെ മൊത്തത്തിലുള്ള തുകയെടുത്താണ്‌ ജാതക പൊരുത്തം നിർണ്ണയിക്കുന്നത്‌. മൊത്തത്തിലുള്ള തുക 50% ത്തിന്‌ മേലാണെങ്കിൽ ജാതക പൊരുത്തം നല്ലതാണെന്നും, വിവാഹത്തിന്‌ അനുയോജ്യമാണെന്നും പറയാം.

കടപ്പാട്‌: മോഡേൺ ആസ്ട്രോളജി, മുരളി

Staff Reporter