മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ സെക്സ്‌ എഡ്യൂക്കേഷൻ, നമ്മുടെ കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

നമ്മൾ മലയാളികൾക്ക് ഉള്ള ഒരു പ്രത്യേക സ്വഭാവമാണ് എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോഴുള്ള ഒച്ചപ്പാടും പ്രതികരണവും. എന്നാൽ ദിവസങ്ങൾ കഴിയുമ്പോഴേക്കും അതെല്ലാം മറന്ന് പുതിയ സംഭവങ്ങൾക്ക് പുറകേ പോകുകയും ചെയ്യും. എന്ത് കൊണ്ട് നാം പ്രശ്നം ഉണ്ടായിക്കഴിഞ്ഞ് പ്രതികരിക്കാൻ നിൽക്കാതെ പ്രശ്നം ഉണ്ടാകാതിരിക്കുവാൻ വേണ്ടി പ്രതികരിക്കുന്നില്ല???

സമീപകാലത്ത് മനുഷ്യത്വമുള്ളവരെ ഏറെ ഞെട്ടിച്ച സംഭവങ്ങളാണ് കുട്ടികളോടുള്ള പീഢനം. പലതും മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ട് വഷളാക്കപ്പെട്ടു എന്ന് തന്നെ പറയാം. എന്തുകൊണ്ട് കുട്ടികൾ പീഢിപ്പിക്കപ്പെടുന്നു? എന്ത് കൊണ്ട് പീഢനങ്ങൾ മരണത്തിലേക്ക് നയിക്കപ്പെടുന്നു?? ഓരോ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചാൽ ഈ പീഢനങ്ങളിൽ നിന്ന് തുടക്കത്തിലേ കുട്ടികളെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ലേ?

പെൺകുട്ടികളോ, സ്ത്രീകളോ മാത്രമല്ല പീഢിപ്പിക്കപ്പെടുന്നത്. പലപ്പോഴും ആൺകുട്ടികളും ചില കാമ രോഗികൾക്ക് ഇരയായേക്കാം. പീഡിപ്പിക്കപെടുന്നത്‌ റേപ്‌ ചെയ്യപ്പെടുമ്പോൾ മാത്രമല്ല… മാനസീകമായും ശാരീരികമായും പലരും അറിഞ്ഞോ അറിയാതെയോ പീഢനത്തിനു വിധേയരാകുന്നു.

കുട്ടികൾക്ക് സെക്സ് എഡ്യുക്കേഷൻ നല്കണം എന്ന് ഓരോ തവണ എഴുതുമ്പോഴും ഒരു നല്ലശതമാനം ആളുകൾ എതിർക്കാറുണ്ട്. അവരുടെ അറിവിന്റെ പരിമിതിയാണ് ആ ചിന്താഗതിയ്ക്ക് കാരണം എന്ന് കരുതുന്നു.

എന്തുകൊണ്ട് സെക്സ്‌ വിദ്യാഭ്യാസം ആവശ്യമാണ്?
ചെറിയ പ്രായത്തിലേ വയസറിയിക്കുന്ന കുട്ടികൾ…. അവരെ ആർത്തിയോടെ നോക്കിക്കൊണ്ട് വെറിപിടിച്ച കാമഭ്രാന്തന്മാർ സമൂഹത്തിൽ പതിയിരിക്കുന്നു .. മുലകുടി മാറാത്ത കുഞ്ഞു പോലും പീഢിപ്പിക്കപെടുന്ന ലോകം, ഒരമ്മയ്ക്ക്‌ മക്കളുടെ സുരക്ഷയെ പറ്റി വേവലാതി പെടാൻ ഇതൊക്കെ ധാരാളം. കൗമാരക്കാരെ മുതൽ പല്ലു പോയ വൃദ്ധകളെ വരെ കാമദാഹം തീർക്കാൻ ഉപയോഗിച്ച കഴുക കണ്ണുകൾ പിഞ്ചുകുഞ്ഞുങ്ങളെ പോലും പിന്തുടരുന്ന ഈ കാലത്ത്‌ ആശങ്കപെട്ടതുകൊണ്ടോ കുഞ്ഞുങ്ങൾക്ക്‌ കാവലിരുന്നത്‌ കൊണ്ടോ പരിഹാരമാകുകയില്ല. നമ്മുടെ കുഞ്ഞുങ്ങളെ ആവശ്യമായ ലൈംഗീക വിദ്യാഭ്യാസം കൊടുത്ത്‌ വളർത്താൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണം. മുൻപ്‌ 14 വയസിൽ പഠിപ്പിച്ചിരുന്നത്‌ ഇന്നു 11 വയസിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു അതിൽ നാണം വിചാരിച്ചാൽ നാളെ ചിലപ്പോൾ അതോർത്ത്‌ ദുഖിക്കേണ്ടി വന്നേക്കാം. സമൂഹത്തെ മാറ്റുവാൻ നമുക്ക്‌ കഴിയുകയില്ല, എങ്കിലും ആവശ്യമായ അറിവ് കുട്ടികളിൽ ആത്മവിശ്വാസവും സ്വയരക്ഷ ബോധവും ഉണ്ടാക്കുക തന്നെ ചെയ്യും.

എന്താണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?
മിക്ക സ്കൂളുകളിലും reproductive system chapter പഠിപ്പിക്കുന്നതിനു പല ടീച്ചറുമാരും വിമുഖത കാണിക്കുന്നു.
എന്റെ സ്കൂൾ സമയത്ത്‌ യൂട്ടറസ്‌ എവിടെയാണ്‌ എന്നു ചോദിച്ചതിനു \’\’വീട്ടിൽ ചെന്നു കുനിഞ്ഞു നോക്കൂ.. മേലാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്‌ \’\’ എന്നു മറുപടി തന്ന സാർ ഉണ്ടായിരുന്നു. അന്നു തോന്നിയ നാണക്കേടും വിഷമവും വീട്ടിൽ പോലും പറഞ്ഞില്ല. എന്തോ മഹാപാതകം ചെയ്തത്‌ പോലെ സാറു പ്രതികരിച്ചപ്പോൾ വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നു അറിയില്ലല്ലോ.. എന്നാൽ സ്വന്തം മകൾക്ക് അത്തരം അനുഭവം ഉണ്ടാകരുത് എന്ന് ഏതൊരമ്മയും ആഗ്രഹിക്കുകയില്ലേ.

മാസാം മാസം വേദനയുമായി വരുന്ന പെണ്ണാണെന്ന ഓർമ്മപെടുത്തൽ മറ്റാരും അറിയാതെ വേദന മറച്ചു വച്ച്‌ അഭിനയിക്കുമായിരുന്നു. താളം തെറ്റിയുള്ള ഹെവി ബ്ലീഡിങ്ങും ആരുമറിയാതെ സ്വയം മാനേജ്‌ ചെയ്യുമായിരുന്നു.. അന്നൊക്കെ അത്‌ പുറത്ത്‌ പറയാൻ പാടില്ലാത്ത എന്തോ ഒന്നെന്നായിരുന്നു അറിവ്‌. എന്നാൽ എന്റെ മകൾ അങ്ങനെ വളരരുത്‌, എല്ലാം അറിഞ്ഞും പറയാനുള്ളത്‌ പറഞ്ഞും വളരണം എന്ന് എനിക്ക് ബോധമുണ്ട്. അത് അമ്മമാരുടെ ഉത്തരവാദിത്തമാണ്.

മകളും മകനും തമ്മിലുള്ള ശരീര വ്യത്യാസം അവൾ പെണ്ണാണെന്നും അവൻ ചെറുക്കനായതു കൊണ്ടുമാണെന്ന് കുഞ്ഞുങ്ങൾ തീർച്ചയായും അറിയണം. അവരെ കടയിൽ നിന്നും വാങ്ങിയതല്ല, അമ്മയുടെ വയറ്റിൽ നിന്നും ഉണ്ടായെതാണെന്നു അവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കണം. പുരുഷന്മാർ ആയാലും സ്ത്രീകൾ ആയാലും സ്നേഹം പ്രദർശ്ശിപ്പിക്കാൻ മടിയിലിരുത്തുന്നതും കുട്ടിയെ അനാവശ്യഭാഗങ്ങളിൽ തൊടുന്നതും അനുവദിക്കരുത്‌ എന്ന് കുഞ്ഞിനു പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

പ്രായം കൂടുന്നത്‌ അനുസരിച്ച്‌ ശരീര ഭാഗങ്ങൾ വളരും എന്നും, അതനുസരിച്ച്‌ മാന്യമായ വസ്ത്രങ്ങൾ ധരിക്കണം എന്നു പറഞ്ഞു കൊടുക്കുന്നതിന് മുതിർന്നവർ മടി കാണിക്കരുത്. മക്കൾ വളർന്നു, ഇനി ഒന്നിച്ച്‌, കുളിക്കെണ്ട, മറ്റുള്ളവരുടെ മുന്നിൽ വച്ച്‌ ഉടുപ്പ്‌ മാറരുത് എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പോലും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. മകൻ വളർന്നു വരുമ്പോൾ അവനോട്‌ പെൺകുട്ടികളെ തെറ്റായ രീതിയിൽ നോക്കരുത്‌, മാനിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യണം എന്നു പറഞ്ഞു കൊടുക്കേണ്ടത് എല്ലാ മാതാപിതാക്കളുടേയും ചുമതലയാണ്.

കുട്ടികൾ ചോദിക്കുന്ന സംശയങ്ങൾ അവരുടെ പ്രായത്തിനനുസരിച്ച് മനസിലാക്കി കൊടുക്കുക. ഏതെങ്കിലും തരത്തിൽ കുട്ടികൾ പീഢിപ്പിക്കപ്പെടുന്നു എന്ന സൂചന ലഭിച്ചാൽ സമചിത്തതയോടെ വിവരങ്ങൾ മനസിലാക്കി കുട്ടിയെ രക്ഷിക്കുക. അല്ലാതെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്യാതെ ആപത്ത് സംഭവിച്ച ശേഷം അലമുറയിട്ടിട്ട് കാര്യമില്ല എന്നോർക്കുക.

സിസ്സി സ്റ്റീഫൻ

Avatar

Staff Reporter