21
October, 2017
Saturday
01:57 PM
banner
banner
banner

ഇത്‌ വനജയിൽ നിന്നും നിങ്ങൾ ഇരന്നു വാങ്ങിയ അടി – ലാൽജി കാട്ടിപ്പറമ്പൻ എഴുതുന്നു!

87568

“എന്റെ അന്തസ്സിനു നിങ്ങള്‍ വിലയിടരുത്…
എന്റെ മാനത്തിന് നിങ്ങള്‍ വിലയിടരുത്…”

കാലങ്ങളായി എത്രയോ വട്ടം പല മാധ്യമങ്ങളിലൂടെ നമ്മള്‍ കേള്‍ക്കുകയും മറന്നു പോകുകയും ചെയ്ത വാക്കുകളാണ് മുകളില്‍ ഉള്ളത്. ഇന്നിപ്പോ വനജ വാസുദേവ് തന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ വഴി ഒരിക്കല്‍ കൂടി അത് പറയുന്നു…

നിങ്ങള്‍ എന്റെ മാനത്തിനു വിലയിടരുത്.
കേരള എക്സൈസ് കമ്മിഷണര്‍ ശ്രീ ഋഷിരാജ് സിംഗിന്റെ “14 സെക്കന്റ്‌ തുറിച്ചു നോട്ട” അഭിപ്രായവുമായി ബന്ധപ്പെട്ടു, വനജ വാസുദേവ് തന്റെ ടൈം ലൈനില്‍ ഒരല്പം തമാശ കലര്‍ത്തി ഒരു സ്റ്റാറ്റസ് ഇടുന്നു. സുമുഖനായ ഒരു പുരുഷന്റെ നോട്ടം ഒരു സാധാരണ പെണ്‍കുട്ടി എന്ന നിലയില്‍ താന്‍ ആസ്വദിക്കാറുണ്ട് എന്നും, താന്‍ ഉള്‍പ്പടെ ഉള്ള കുട്ടികള്‍ തിരിച്ചും നോക്കാറുണ്ട് എന്നും ആയിരുന്നു ആ സ്റ്റാറ്റസിന്റെ ഉള്ളടക്കം.

സത്യം പറയാലോ, എതിരെ നല്ലൊരു ചെറപ്പക്കാരന്‍ പോയാല്‍ സാമാന്യം നന്നായി ഞാന്‍ വായ്നോക്കും. അത്, അമ്പലപ്പറമ്പായിക്കോട്ടെ, പള്ളീപ്പെരുന്നാളായിക്കോട്ടെ, ബസ്സ് സ്റ്റോപ്പായിക്കോട്ടെ, ചന്തയില്‍ മീന്‍വാങ്ങാന്‍ പോകുമ്പോഴാവട്ടെ, ഓഫീസില്‍ പോകുമ്പോഴാട്ടെ …തരക്കേടില്ലാണ്ട് നോക്കും. ചിലപ്പോഴൊക്കെ ഒരുമിച്ച് നോട്ടങ്ങള്‍ ഉടക്കി ചിരി പൊട്ടാറുണ്ട്.

ബൈചാന്‍സില്‍ ലോഫ്ളോര്‍ ബസിലാണ് പോക്കെങ്കില്‍ മണിക്കൂറോളം കണ്ണില്‍ നോക്കി നെടുവീര്‍പ്പിട്ടിട്ടുണ്ട്. അല്ലാതെ ആ ചില്ല്കൂട്ടില്‍ ഇരുന്ന് എന്നാ കാണിക്കാനാ.

ഇമ്മാതിരി മൊതലായ ഞാനെങ്ങനാ എന്നെ നോക്കുന്ന ചേട്ടന്‍മാരോട് 13.59 സെക്കന്റ് ആവുമ്പോള്‍ -മതി ഇന്നത്തെ ക്വോട്ട കഴിഞ്ഞു എന്ന് പറയുന്നത് ?’

എല്ലാവരുടേയും അഭിപ്രായം എനിക്ക് അറിയില്ല . എന്നെസംബന്ധിച്ചിടത്തോളം ഇതൊരു പീഡനമല്ല, ചുമ്മാ ഒരു രസം. നാള് ആളുകള്‍ നമ്മളെ നോക്കുമ്പോള്‍ നമുക്ക് കിട്ടുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല. വല്യ സുന്ദരി എന്നതല്ല, നമ്മളെയും രണ്ട് പേര് നോക്കാനുണ്ടടേ എന്നൊരു വലിയ ആശ്വാസം ആണ് എനിക്ക് കിട്ടുന്നത്. 14.സെക്കന്റല്ല, 14 വര്‍ഷമിരുന്നു നിങ്ങള്‍ നോക്കിയാലും ഞങ്ങള്‍ക്ക് മടുക്കൂല്ലാന്നേ. അല്ലേല്‍ തന്നെ മണിക്കൂറുകളോളം ഒരുങ്ങി ഞങ്ങള്‍ ഇറങ്ങുന്നത് തന്നെ നാലാള് കാണാനല്ലേ.

നോക്കിനിന്നാല്‍ ‘ഗര്‍ഭം ‘ വരില്ലെന്നിരിക്കെ, ധൈര്യമായി നോക്ക് അളിയന്‍മാരെ. ഇടം കണ്ണിലൂടെ ആസ്വദിക്കാന്‍ ഞങ്ങളുള്ളിടത്തോളം കാലം….


പക്ഷെ, യാതൊരു തരത്തിലും പ്രകൊപനപരമല്ലാത്ത ആ സ്റ്റാറ്റസ് ഉള്‍കൊള്ളാന്‍ ഫേസ് ബുക്കില്‍ സ്ത്രീകളെ സദാചാരം പഠിപ്പിക്കാന്‍ നടക്കുന്ന “ആങ്ങളമാര്‍ക്ക്” കഴിയാതെ വരികയും അതിനെ തുടര്‍ന്ന് എഴുത്തുകാരി കൂടി ആയ വനജയുടെ ഇന്‍ബോക്സില്‍ സഭ്യമല്ലാത്ത തരത്തില്‍ മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങുകയും ചെയ്തു.

ഇത് ആദ്യമായിട്ടല്ല വനജയുടെ എഴുത്തില്‍ ഇത്തരത്തില്‍ ഉള്ള സദാചാര വാദികള്‍ പ്രകോപിതരാകുന്നത്‌.. ആര്‍ത്തവത്തെ കുറിച്ചുംമറ്റും ഉള്ള തുറന്നെഴുതുകള്‍ ഇതിനു മുന്‍പും വനജയെ സദാചാര വാദികളുടെ നോട്ടപ്പുള്ളി ആക്കിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി തന്റെ ആര്‍ത്തവത്തെ കുറിച്ച് ഒരു കുറിപ്പെഴുതിയാല്‍, ലൈംകികതയെ കുറിചെഴുതിയാല്‍ എന്തിനു, തന്റെ പ്രണയത്തെ കുറിച്ച് തുറന്നെഴുതിയാല്‍ പോലും ആ സ്ത്രീ അമിത ലൈംകികാസക്തി ഉള്ളവള്‍ ആണെന്നും, ഏതൊരാള്‍ക്കും കിടക്ക വിരിക്കുന്നവള്‍ ആണെന്നും ഉള്ള ധാരണയോടെ അവളെ സമീപിക്കുന്ന, അവള്‍ക്കു വിലയിടുന്ന ഒരു കൂട്ടം ആളുകള്‍ക്ക് വനജ മറുപടി കൊടുത്തത് തന്റെ ജീവിത നാള്‍ വഴികള്‍ ഫേസ് ബുക്ക്‌ വഴി രേഖപ്പെടുത്തിയാണ്.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

നിറച്ച് ഉണ്ണാന്‍ കഴിയുന്ന ഒരു ദിവസമെങ്കിലും സ്വപ്നം കണ്ട ബാല്യവും, നിറങ്ങള്‍ ഇല്ലാത്ത കൌമാരവും കടന്നു യൌവനത്തില്‍ എത്തിയ ഒരു പെണ്‍കുട്ടിയ്ക്ക്; ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ജീവിതം തുഴയെണ്ടി വന്ന ഒരു അമ്മയുടെ മകള്‍ക്ക്, തന്റെ ജീവിതം ഇതാണ് എന്ന് പറഞ്ഞു കൊണ്ടല്ലാതെ എങ്ങിനെയാണ് ഒരു മറുപടി കൊടുക്കാന്‍ കഴിയുക..??

അത്രമേല്‍ ദുരിത പൂര്‍ണമായ ജീവിതം കടന്നു വന്ന,ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയിലും സ്വയം തുഴഞ്ഞു കരയെത്താന്‍ ശ്രമിക്കുന്ന വനജയെ പോലെ ഉള്ള പെണ്‍കുട്ടികള്‍ എന്റെ മാനത്തിനു വിലയിടരുത് എന്ന് ഉറക്കെ വിളിച്ചു പറയേണ്ടി വരുന്നത് എന്തിലും ഏതിലും മേനി നടിക്കുന്ന കേരള സമൂഹത്തിനു തന്നെ നാണക്കേട്‌ ആണ്.

എവിടെ നിന്നാണ് ഞാന്‍ എന്നെ നിങ്ങള്‍ക്ക് കാണിച്ച് തരേണ്ടത്. നാല് മുറികള്‍ക്കുള്ളില്‍ ഒതുങ്ങി നാണം കുണുങ്ങി നടന്ന പട്ടുപാവാടക്കാരിയില്‍ നിന്ന് തുടങ്ങാം. കണ്ണുകള്‍ മണ്ണിലേക്ക് മാത്രമെറിഞ്ഞ്, പതിഞ്ഞ സ്വരത്തില്‍ മാത്രം സംസാരിച്ച്, പുസ്തകങ്ങളും മാറോടടുക്കി ഭൂമിയെ നോവിക്കാതെ പതുങ്ങി നടന്ന ഒരു
പെണ്‍കുട്ടി. അധികം ആരോടും മിണ്ടില്ല. ഒട്ടും ഒച്ചപ്പാടും ബഹളവുമില്ലാതെ ഒറ്റതിരിഞ്ഞ് നടന്നവള്‍. ഒച്ച വയ്ക്കാതെ നടന്നവള്‍. പേടിയായിരുന്നു എല്ലാത്തിനോടും. വയറെരിച്ച് കടന്ന് പോകുന്ന വിശപ്പിനോട്, നിശബ്ദ്ദതയുടെ കമ്പളം പുറച്ചുറങ്ങുന്ന രാവിനോട് പെയ്തിറങ്ങുന്ന ദുരിതമഴയോട്. സ്വപ്നം കാണുമായിരുന്നു അവള്‍ ചില രാത്രികളില്‍. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത്, തൊങ്ങല്‍ വച്ച നല്ല ഉടുപ്പ് കിട്ടുന്നത്, സമാധാനമായി ഒരു ദിവസം കിടന്നുറങ്ങുന്നത്…

നേരിയ ഒരു ഓര്‍മ്മ മനസ്സില്‍ അവശേഷിപ്പിച്ച് അച്ഛന്‍ സ്വര്‍ഗ്ഗത്തിലേക്ക് കടന്ന് പോകുമ്പോള്‍ ഞാന്‍ അഞ്ചാം ക്ളാസ്സില്‍ ആയിരുന്നു . അച്ഛന്റെ വിടവ് നികത്താന്‍ നന്നേ ചെറുപ്പത്തിലെ വിധവയായ അമ്മ നന്നേ കഷ്ടപ്പെട്ടു. സ്വത്തോളം വലുതല്ല സഹോദര സ്നേഹമെന്ന് പഠിപ്പിച്ച് ദുരുത കയത്തിലേക്ക് തള്ളിവിട്ട ബന്ധുത്വങ്ങള്‍. വെറുപ്പായിരുന്നു സത്യത്തില്‍ അന്നൊക്കെ. ജീവിതത്തില്‍ ഒറ്റയ്ക്ക് തുഴയുന്ന അമ്മയെ കാണുമ്പോള്‍,ഫീസടയ്ക്കാന്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍, മുഴുവന്‍ ചോറ് എനിക്കും അനിയനും പകുത്ത് തന്ന് അമ്മ വയറൊട്ടി കിടക്കുമ്പോള്‍, ജീവിതത്തില്‍ നിന്ന് ഓരോ വര്‍ണ്ണങ്ങളും മാഞ്ഞ് പോകുമ്പോള്‍
വല്ലാത്തൊരു വെറുപ്പ് ജീവിതത്തില്‍ സൂക്ഷിച്ചിരുന്നു.

ജീവിതത്തിലേ ഒറ്റപ്പെടല്‍ അമ്മയെ വലിയ ദേഷ്യക്കാരിയാക്കി മാറ്റി. കൂടാതെ ബന്ധുക്കളുടെ ഉപദ്രവവും. അമ്മ ദേഷ്യം മുഴുവന്‍ ഇറക്കിവയ്ക്കുന്നത് എന്റെ ദേഹത്തായിരുന്നു. ഒരു തുള്ളി കണ്ണീര് പൊടിയാതെ ശില പോലെ നിന്ന് രണ്ടും മൂന്നും വടി ഒടിയണ വരെ തല്ല് വാങ്ങിയിട്ടുണ്ട്. കാരണം എന്താനാണെന്ന് പോലും അറിയാതെ. എനിക്കറിയാം, അമ്മ രാത്രി ഉറങ്ങിയെന്ന് കരുതി അടുത്ത് വന്ന് തിണര്‍ത്ത പാടുകളിലെല്ലാം തൊട്ട് പോകുമെന്ന്. കരഞ്ഞ് തിരിച്ച് പോകുന്ന അമ്മയുടെ മുഖം ഇരുട്ടത്ത് ഒരിക്കലും ഞാന്‍ കണ്ടിരുന്നില്ല. എങ്കിലും , കണ്ണുകളില്‍ നിന്ന് അനുസരണ ഇല്ലാതെ അടര്‍ന്ന് ചാടിയ ചില നീര്‍മണികള്‍ എന്നേ അത് അറിയിച്ചിട്ടുണ്ട്. ആ നിമിഷം കമഴ്ന്ന് തലയണയില്‍ മുഖമമര്‍ത്തി രാത്രി മുഴുവന്‍ കരഞ്ഞ് തീര്‍ത്തിട്ടുണ്ട് ഞാന്‍. ഇന്നോളം ഹൃദയം പൊട്ടി വേറെ കരഞ്ഞിട്ടില്ല.

അതിരാവിലെ കറന്നെടുത്ത പാലുമായി ഓരോ വീടിന് മുന്നിലുംനല്‍ക്കണിയായി വന്ന് നില്‍ക്കുമ്പോള്‍ തുറന്നിട്ട ജനലിലൂടെ കാണാറുണ്ട്, സമപ്രായക്കാല്ര്‍ പുതച്ച്മൂടി കിടന്നുറങ്ങുന്നത്. മഴയായാലും മഞ്ഞായാലും ആ കാഴ്ച ഉണ്ടാവും ഞങ്ങള്‍ക്ക് മുന്നില്‍ . പേപ്പറില്‍ പൊതിഞ്ഞെടുത്ത കോഴിമുട്ടകള്‍ അയല്‍വീടുകളില്‍ കൊണ്ട്ചെന്ന് കൊടുക്കുമെങ്കിലും, എനിക്കും അനിയനും അത് കിട്ടാക്കനിയായിരുന്നു. കോഴിമുട്ട വിറ്റ് കിട്ടുന്ന കാശ് കിട്ടിയിട്ട് വേണം എനിക്കും അനിയനും ചേച്ചിക്കും ട്യൂഷന്‍ഫീസ് കൊടുക്കേണ്ടത് എന്നതിനാല്‍ അതിനോട് കൊതിയും തോന്നിയിട്ടില്ല. മാസം ഒന്നാം തീയതി അമ്മ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്ന ദിവസം വായില്‍ വെള്ളം നിറച്ചിരിക്കും. കാരണം അന്ന് ഒരു ദിവസം മാത്രമാണ് വയറ് നിറയെ പലഹാരങ്ങളും, പൊറോട്ടയും ഇറച്ചിയും കഴിക്കുന്നത്.

കടുത്ത ദുരിതത്തിലും പ്‌രതിസന്ധിയിലും അമ്മ മുണ്ട് മുറുക്കി ഉടുത്ത് തന്നെ ഞങ്ങളെ വളര്‍ത്തി. ഒരു വിധവ മക്കളെ വളര്‍ത്താന്‍ ഒറ്റയ്ക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് അറിയാമോ നിങ്ങള്‍ക്ക് ? എനിക്ക് നന്നായി അറിയാം . ജാരനുണ്ടോയെന്ന് സാകൂതം നോക്കുകയും, പിഴച്ച് പോകുമോ എന്ന് ആവലാതി പെടുകയും ചെയ്ത കൊല്ലാതെ കൊന്ന കപട സദാചാരത്തോട് അന്നേ അറപ്പും വെറുപ്പുമാണ് എനിക്ക് . ഇന്നും.

പോളീടെക്നിക്കല്‍ കഴിഞ്ഞ് പത്തൊര്ന്‍പതാമത്തെ വയസ്സില്‍ കൊച്ചിക്ക് വച്ച് പിടിച്ു. ശേഷമുള്ള ജീവിതം ഞാന്‍ പലവുരു എഴുതിയിട്ടുണ്ടിവിടെ. സന്ധ്യാനാമം ചൊല്ലി പേടിച്ചരണ്ടിരുന്ന എന്നെ ഹോസ്റ്റലില്‍ സീനിയേഴ്സ് റാഗ് ചെയ്തിട്ടുണ്ട് . നന്നായി വിരട്ടിയിട്ടുണ്ട്. ഭയം കൊണ്ട് തിരികെ പോരാന്‍ പലവുരു പെട്ടിയെടുത്തപ്പോഴും വീടിന്റെ ഉത്തരവാദിത്വം വിലങ്ങ് തടിയായി നിന്നിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളുമായി എരണാകുളത്ത് നല്ലയൊരു ജോലിക്ക് അലഞ്ഞിട്ടുണ്ട്. അന്നൊക്കെ ചേര്‍ത്ത് പിടിച്ച് ധൈര്യം തന്നത് മുകളില്‍ പറഞ്ഞ സീനിയേഴ്സും, റൂംമേറ്റസും ആണ്. പകല്‍ സമയം ഓഫീസിലും,രാത്രി ടാറ്റാ entry job ചെയ്ത് പഠിച്ച് ബിരുദാനന്തര ബിരുദം നേടി. അന്നൊന്നും ആരും ഉണ്ടായിരുന്നില്ല കൂടെ. ഒറ്റയ്ക്ക് ആയിരുന്നു ജീവിത യാത്ര . പലയിടത്ത് വീണ് വീണ്ടും എഴുന്നേറ്റ് വീണ്ടും നടന്ന് അങ്ങനെ അങ്ങനെ ….പക്ഷേ ഓരോ വീഴ്ചയ്ക്കും അറ്റം എണീക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ധൈര്‌യമായിരുന്നു. നിസ്സഹായവസ്ഥയില്‍ പലപ്പോഴും ഗിരിനഗര്‍ മാതാവിന്റെ പള്ളിയിലെ കുഞ്ഞേശ്ശുവിനെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. കണ്ണീരൃ വീണ് പള്ളിയുടെ തറ നനഞ്ഞിട്ടുണ്ട്.

കരഞ്ഞ് കരഞ്ഞ് തളര്‍ന്ന ഒരു നിമിഷം ഞാന്‍ കുതിക്കാന്‍ തുടങ്ങി. ഇപ്പോഴും എനിക്ക് അത്ഭുതമാണത്. വളരെ ചുരുക്കി വച്ച എന്റെ ലോകം വളരെ വിശാലമായി കാണാന്‍ തുടങ്ങി. ജീവിതത്തോട് വെറുപ്പും വാശിയും മാറി വല്ലാത്ത ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഓരോ ദിവസവും പുതുതായി കാണാന്‍ ഞാന്‍ ശീലിച്ചു. ‘ആര്‍ക്കും വേണ്ടാത്ത ഒരുവളെന്ന പതാതി മറന്നു, ഒരുപാട് പേര്‍ക്ക് വേണ്ടവളായി. ഇനി കരയില്ലെന്ന് തീരുമാനിച്ചു. ചിരിച്ചു കോണ്ട് ജീവിക്കാന്‍ പഠിച്ചു. ധൈര്യമായി പറയാന്‍ പഠിച്ചു. അക്ഷരങ്ങില്‍ അഗ്നി നിറച്ചു. ഇന്ന്വരെ കണ്ടിട്ടില്ലാത്ത ഒരൂപാട് അളോളെ കണ്ടുമുട്ടി. ഒരുപാട് ജീവിതങ്ങള്‍ എന്നോട് സംസാരിച്ചു . ഓരോ നിമിഷവും എന്നെ ലോകം പുതുക്കി പണിതുകൊണ്ടിരുന്നു. ആദ്യത്തെ തൊട്ടാവാടിയില്‍ നിന്ന് ഇന്ന് ഇവിടെ വരെയുള്ള യാത്രാദൂരം വളരെ വലുതാണ് . ഈ ചെറിയ പ്രായത്തിനിടയില്‍ അത്രമേല്‍ ഞാന്‍ ജീവിതം തുഴഞ്ഞിട്ടുണ്ട്. അത്രമേല്‍ ജീവിതം എന്നെ തോല്‍പ്പിച്ചിട്ടുണ്ട്. അത്രയും ഞാനും ജീവിതത്തെ തോല്‍പ്പിച്ചിട്ടുണ്ട്.

ഇതെല്ലാം ഞാന്‍ പറഞ്ഞത് ആണായും,പെണ്ണായും കൂടെയുള്ള നല്ല സൗഹൃദങ്ങളോടല്ല. ഒരൊറ്റ പോസ്റ്റിടതിലെ കുത്തിയൊലിച്ച് വന്ന മെസ്സേജുകള്‍ക്കിടയില്‍ ആര്‍ഷഭാരത സംസ്കാരം പഠിപ്പിക്കാന്‍ വന്ന നേരാങ്ങളമാരോട്. പുലഭ്‌യവും അസഭ്യവും പറഞ്ഞ് നിങ്ങള്‍ ഏത് സംസ്കാരം ആണ് എന്നെ പഠിപ്പിച്ച് തരുന്നത് ? എന്റെ ശരീരഭാഗങ്ങള്‍ വരെ വര്‍ണ്ണിച്ച് ഏത് ബഹുമാനം ആണ് നിങ്ങള്‍ എന്നെ പഠിപ്പിക്കുന്നത്? കൂടെ കിടക്ക വിരിക്കാന്‍ വിളിച്ചിട്ട് ഏത് അഭിമാനത്തെ കുറിച്ചാണ് നിങ്ങള്‍ എനിക്ക് ക്ളാസ്സ് എടുക്കുന്നത്? എതിരെ വരുന്ന ആണൊരുത്തനെ ഞാന്‍ നോക്കും എന്ന് പറഞ്ഞതിനര്‍ത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ല. നീയൊക്ഖെ ഇന്‍ബോക്സില്‍ ഒട്ടിച്ചിട്ട് പോകുന്നതിന് മറുപടി തരാത്തത് കഴിവ് കേടെന്ന് ധരിക്കുകയും അരുത്. എന്റെ അച്ഛന്റേയും അമ്മയുടേയും കുടുംബത്തിന്റേയും അന്തസ്സോര്‍ത്ത് നീയൊന്നും ദണ്ണപ്പെടണ്ട. വിശപ്പെരിയുന്ന രാത്രികളില്‍ പോലും മുണ്ട് മുറുക്കി ഉടുത്ത് ജീവിച്ച അഭിമാനമുള്ള ഒരമ്മയുടെ അഭിമാനമുള്ള മകളാണ് ഞാന്‍ . ജീവിതം എനിക്ക് തമാശയല്ല സഹോദരന്‍മാരെ. സ്വന്തമായി അദ്ധ്വാനിച്ച് ഇരു കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളില്‍ ഉറച്ച ഒരു മനസ്സുള്ളത് കൊണ്ടാണ്. നിങ്ങളുടെ ‘വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ
വിറപ്പിക്കാന്‍ കഴിയില്ല. നഖം കടിച്ച് കാല്‍വിരല്‍ കൊണ്ട് കളം വരച്ച് വാതില്‍ പടിയില്‍ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സില്‍ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാല്‍ രണ്ടിഞ്ഞ് നീളമുള്ള സ്കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുത്. നാഴിയില്‍ എന്റെ കോണ്‍ഫിഡന്‍സും അളക്കാന്‍ നില്‍ക്കരുത്.

മുകളില്‍ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കില്‍,
ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാന്‍
ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാന്‍
ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാന്‍…ഉണ്ടെങ്കില്‍ ഇന്‍ബോക്സില്‍ അല്ല, എന്നെ ഞാന്‍ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടില്‍ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റേക്കെ സദാചാര ം പഠിപ്പിക്കാനോ ഇന്‍ബോക്സില്‍ വന്ന് പോകരുത്. വന്നാല്‍ തിരിച്ച് ഞാനും ഒരു കോഴ്സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ….


സ്ത്രീ പക്ഷമോ, പുരുഷ പക്ഷമോ, പിടിക്കാതെ മനുഷ്യപക്ഷത്തു നിന്നും എഴുതുന്ന വനജയെ പോലെ ഉള്ള പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ ആക്രമങ്ങള്‍ സഹിക്ക വയ്യാതെ ഒരു മറുപടി എഴുതേണ്ടി വരികയും അത് വൈറല്‍ ആയി മാറുകയുംചെയ്യുമ്പോള്‍, ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ സമൂഹം ഇനിയെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന് വിഷമത്തോടെ പറയേണ്ടി വരുന്നു.

  • ലാൽജി കാട്ടിപ്പറമ്പൻ
RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn1

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *