മലയാളം ഇ മാഗസിൻ.കോം

9 ലക്ഷത്തോളം പ്രവാസി തൊഴിലാളികൾക്ക്‌ യു.എ.ഇ തൊഴിൽ ഭദ്രത ഉറപ്പാക്കി

ഒരുപിടി ആനുകൂല്യങ്ങളോടെ യുഎഇയിലെ ഒൻപത്‌ ലക്ഷം വരുന്ന പ്രവാസികളായ ഗാർഹികത്തൊഴിലാളികളുടെ തൊഴിൽ ഭദ്രത ഉറപ്പാക്കുന്ന വിളംബരത്തിൽ പ്രസിഡന്റ്‌ ഷെയിഖ്‌ ഖാലിഫ ബിൻസയേറ്റ്‌ അൽനഹ്യാൻ ഒപ്പുവച്ചു.

വീട്ടുവേലക്കാർ, കുടുംബ ഡ്രൈവർമാർ തുടങ്ങിയവരടക്കം 7.5 ലക്ഷം പേരാണ്‌ ഗാർഹികതൊഴിലാളുകളുടെ പരിധിയിൽ പെട്ടവരായി യുഎഇയിണ്ടായിരുന്നത്‌. എന്നാൽ ഈ പരിധി കൂടുതൽ മേഖലകളിലേക്ക്‌ വിപുലമാക്കിയതോടെ ഗാർഹിക തൊഴിലാളികളുടെ സംഖ്യ ഒൻപത്‌ ലക്ഷത്തോളമായി. യുഎഇയിലെ ജനസംഖ്യയിൽ 20 ശതമാനത്തിലേറെയാണ്‌ പ്രവാസികളായ ഗാർഹിക തൊഴിലാളികൾ. ഇന്ന്‌ സ്ത്രീതൊഴിലാളികളിൽ ഒന്നാംസ്ഥാനം ഫിലിപ്പൈൻകാർക്കും രണ്ടാം സ്ഥാനം മലയാളികൾക്കും മൂന്നാംസ്ഥാനം ഇന്തോനേഷ്യക്കാർക്കുമാണുള്ളത്‌.

പുതിയ തൊഴിൽ ഭദ്രതാവിളംബരമനുസരിച്ച്‌ ആഴ്ചയിൽ ഒരു ദിവസം അവധി, വർഷത്തിലൊരിക്കൽ ശമ്പളത്തോടുകൂടി 30 ദിവസത്തെ അവധി, എല്ലാ ദിവസവും 12 മണിക്കൂർ വിശ്രമം, പാസ്പോർട്ടും തിരിച്ചറിയൽ കാർഡും കൈവശം വയ്ക്കാനുള്ള അവകാശം എന്നിവ സേവന-വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കും. പാസ്പോർട്ടും തൊഴിൽ വിസയും നൽകാതെ തൊഴിലുടകൾ ഗാർഹികത്തൊഴിലാളികളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന ഏർപ്പാടിന്‌ ഇതോടെ വിരാമമാകും. 18 വയസിനു താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കുന്നതിനും വിലക്കുണ്ട്‌.

വർണ, വർഗ, മത, ലിംഗവ്യത്യാസമില്ലാതെ എല്ലാ മാനുഷിക പരിഗണനയും ഗാർഹിക തൊഴിലാളികൾക്കു നൽകണം. സ്വകാര്യ ബോട്ടുകൾ ഓടിക്കുന്നവർ, സെക്യൂരിറ്റി ജീവനക്കാർ, ഈത്തപ്പഴം തോട്ടം പണിക്കാർ ഒട്ടകങ്ങളെയും ആടുമാടുകളെയും മേയ്ക്കുന്നവർ എന്നിവരും ഗാർഹിക തൊഴിലാളികളുടെ പരിധിയിൽ വരും. ഗാർഹിക തൊഴിലാളികളുടെ വേതനത്തിൽ ഏതെങ്കിലും കാരണം പറഞ്ഞ്‌ വെട്ടിക്കുറവു വരുത്തുന്നതും നിരോധിച്ചിട്ടുണ്ട്‌. യുഎഇ ചരിത്രത്തിലെ നാഴികക്കല്ലായാണ്‌ ഈ നിയമത്തെ വിദേശികൾ വീക്ഷിക്കുന്നത്‌.

കെ രംഗനാഥ്‌, Janayugom

Avatar

Staff Reporter