20
October, 2017
Friday
01:42 AM
banner
banner
banner

നമ്മൾ കാട് കയ്യേറുമ്പോൾ അവർ ഗതികേടുകൊണ്ട് ഇടക്ക് നാട്ടിൽ ഇറങ്ങിയെന്നു വരും

107

നാട്ടിലെ പേരുകേട്ട കൊമ്പന്മാരിൽ പോലും അപൂർവ്വമായ വിധം അഴകും കരുത്തും ഉള്ള മൂന്ന് കാട്ടാനകൾ മുപ്പത് കിലോമീറ്ററോളം സഞ്ചരിച്ച് ഒറ്റപ്പാലത്തിന്റെ സമീപ പ്രദേശങ്ങളിൽ വന്നു പെട്ടിരിക്കുകയാണ്‌. ഇടക്ക് അവർ ഭാരതപ്പുഴയിൽ ഇറങ്ങി കുളിക്കുന്നു. സത്യത്തിൽ അവർ ഉപദ്രവകാരികളല്ല ഗതികേടുകൊണ്ട് വന്ന് പെട്ടതാണെന്ന് പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കാം.

ആർത്തിരമ്പുന്ന ജനക്കൂട്ടവും ഇത്തരം സാഹചര്യത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നത് ഗൗരവപൂർവ്വം ചിന്തിക്കാനോ പോം വഴി കണ്ടെത്തുവാനോ സാധിക്കാത്ത അധികാരികളുമാണ്‌ ഇവിടെ കുഴപ്പക്കാർ. ഇത്തരം സന്ദർഭങ്ങളിൽ പ്രാഥമികമായി ചെയ്യേണ്ട ഒന്നാണ്‌ ആളുകൾ കൂട്ടം കൂടാതിരിക്കുവാനായി ജില്ലാ കളക്ടർ 144 പ്രഖ്യാപിക്കുക എന്നത്. അതു ണ്ടായിട്ടില്ല ഉച്ചവരെ. അതോടൊപ്പം കൂടുതൽ ആളുകൾ അവിടെ എത്തുന്നത് ഒഴിവാക്കുവാൻ മാധ്യമങ്ങളിൽ തൽസമയ സമ്പ്രേക്ഷണം നടക്കുന്നതിൽ നിയന്ത്രണവും വരുത്തേണ്ടതുണ്ട്. ആനയിടച്ചിലുകൾ, കാട്ടാനകൾ നാട്ടിൽ ഇറങ്ങലുകൾ ഇവയൊക്കെ ആഘോഷമാക്കി മാറ്റുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.

വളരെ ഗൗരവപൂർണ്ണമായ ഒരു സാഹചര്യമാണ്‌ അവിടെ നിലനില്ക്കുന്നത്. ഉൽസവപറമ്പിൽ നാട്ടാനയിടഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥയല്ല കാട്ടു കൊമ്പന്മാരുടെ കാര്യത്തിൽ. നാട്ടാനയിടഞ്ഞ് പാപ്പാനെ കൊന്നു കൊലവിളിനടത്തിയാലും ആറന്മുള മൊഹനേട്ടനേയോ, കാവടി നാരായണേട്ടനേയോ പോലെ പരിചയ സമ്പന്നരായ മറ്റു പാപ്പാന്മാർക്ക് അവരെ വരുതിയിലാക്കാം എന്നാൽ ചട്ടമൊന്നും ബാധകമല്ലാത്ത കാട്ടാനകൾക്ക് മുമ്പിൽ അവരെ പോലെ ഉള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.

മയക്കുവെടി എന്ന പേരിൽ അറിയപ്പെടുന്ന സംവിധാനം ഉപയോഗിച്ച് ആനയെ ട്രയാങ്കുലൈസ് ചെയ്യാൻ ശ്രമിച്ചാലും അതിൽ “റിസ്ക് ഫാക്ടർ” കൂടുതലാണ്‌. നാട്ടാനയേക്കാൾ കാഴ്ചയിൽ ഈ കാട്ടാനകൾക്ക് കരുത്തുകൂടുതലാണ്‌. സ്വാഭാവികമായും മരുന്നിന്റെ ഡോസിൽ മാറ്റം വരും അത് ചിലപ്പോൾ അവയുടെ ജീവനു തന്നെ ഭീഷണിയായി മാറും. കൊലകൊല്ലിയെ പോലെ അകാലത്തിൽ ചരിഞ്ഞവരുടെ പട്ടികയിൽ ഇടം പിടിച്ചേക്കാം. അതു മാത്രമല്ല “വെടി” കൊണ്ടാൽ അവയുടെ പ്രതികരണം എപ്രകാരം ആയിരിക്കും എന്നത് പ്രവചിക്കുവാനും പറ്റില്ല. ഇവിടെനിന്നും അവയെ പാലക്കാടൻ അതിർത്തിയിലെ വനമേഖകളിൽ എത്തിക്കുക എന്നതും ഏറെ ശ്രമകരമാണ്‌ താനും. മികച്ച ആസൂത്രണവും ഏകോപനവും അനിവാര്യം.

ആനകളെ “മയക്കുവെടിവച്ച്” തളച്ച് കാട്ടിലെത്തിക്കുന്നതിനെതിരെ മദ്രാസിൽ നിന്നും ഉള്ള ഒരു സംഘടന കോടതിയിൽ നിന്നും എന്തോ വിധി സമ്പാദിച്ചു എന്ന് കേൾക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിവിധിയും പൊക്കി പിടിച്ചോണ്ടിരിക്കാതെ പ്രായോഗികമായ നടപടി എടുക്കേണ്ടത് സർക്കാരാണ്‌.

ആനകളുടെ സ്വാഭാവികമായ സഞ്ചാരപഥങ്ങളായ ആനത്താരകൾ മനുഷ്യന്റെ കയ്യേറ്റങ്ങൾ മൂലം ചുരുങ്ങി ചുരുങ്ങി ഇന്നൊരു സങ്കല്പമായി മാറിക്കൊണ്ടിരിക്കുന്നു. ആവാസ വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്ന വലിയ ആഘാതങ്ങൾ, ഒപ്പം ഭക്ഷണത്തിന്റെ ലഭ്യതകുറവും വനത്തോട് ചേർന്നുള്ള കൃഷിയും ആനകൾ ഉൾപ്പെടെ ഉള്ള മൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുവാൻ നിർബന്ധിതരാക്കപ്പെടുകയോ ആകർഷിക്കുകയോ ചെയ്യുന്നു. ഇത്തരത്തിൽ ആനകൾ ഇറങ്ങിവന്നാൽ തന്നെ അവയെ കൂടുതൽ പ്രകോപിപ്പിക്കാതെ തിരിച്ചയക്കുവാൻ വേണ്ട ക്രിയാത്മകമായ സംവിധാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പോരാതെ വരികയും ജനം തോന്നിയപോലെ അവയെ തിരിച്ചു കാട്ടിലേക്ക് വിടുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിൽ സംഭവിക്കുന്ന പാകപ്പിഴവിന്റെ ഫലമായി അവ കാട്ടിൽ നിന്നും ബഹുദൂരം എത്തിപ്പെടുന്നു. ഇപ്പോൾ അവയ്ക്ക് തിരികെ പോകുവാൻ പറ്റാതെ ചുറ്റും ജനം വളഞ്ഞതിന്റെ പരാക്രമമാണ്‌. ഇനി അവ ഒരു പക്ഷെ ഭീതിമൂലം പ്രകോപിതരാകാം. എത്രയും വേഗം അധികൃതർ ജനത്തെ പ്രദേശത്തുനിന്നും ഒഴിവാക്കുവാനും ആനകളെ സുരക്ഷിതരായി കാട്ടിലെത്തിക്കുവാനും വേണ്ട സംവിധാനം ഒരുക്കണം.

RELATED ARTICLES  ദിലീപിനെ വീണ്ടും കുടുക്കാൻ പഴുതടച്ചുള്ള കുറ്റപത്രം തയാർ; ദിലീപിന്റെ പങ്കു തെളിയിക്കാൻ പ്രത്യേക സംഘം!

കാടിറങ്ങുന്നവയെ കൊന്നൊടുക്കൂ എന്ന് ചില കേന്ദ്രങ്ങൾ പറയുന്നു. മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണ്‌ കാടും നഗരവുമെന്ന് കരുതുന്ന അത്തരക്കാർ പുഛമല്ലാതെ ഒരു മറുപടിയും അർഹിക്കുന്നില്ല. കാടിറങ്ങിയവർ തിരികെ പോകാനാകാതെ ബുദ്ധിമുട്ടുകയാണ് അവരെ പ്രകോപിതരാക്കാതെ തിരികെ കൊണ്ട് ചെന്നാക്കൂ എന്നെ പറയുവാൻ ഉള്ളൂ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *