മലയാളം ഇ മാഗസിൻ.കോം

എടുത്തു ചാടി ഫ്ലാറ്റുകൾ വാങ്ങും മുൻപ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അംബര ചുംബികളായ ഫ്ളാറ്റുകൾ കേരളത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയപ്പോൾ മലയാളികൾ ഈ ആകാശസൗധങ്ങളെ കൗതുകത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ഇന്ന്‌ കേരളത്തിൽ ഇത്തരം കെട്ടിടങ്ങൾ സർവ്വസാധാരണമായി. താമസിക്കുവാൻ ഒരു ഇടം എന്നതിലപ്പുറം ഇന്ന്‌ പല മലയാളികളും ഫ്ളാറ്റുകളെയും വില്ലകളേയും ഒരു നിക്ഷേപമായി കരുതുവാൻ തുടങ്ങുകയും അതിൽ വൻ തോതിൽ നിക്ഷേപം നടത്തുകയും ചെയ്തുവരുന്നു.

വിദേശമലയാളികളാണ്‌ ഇതിൽ മുൻപന്തിയിൽ നില്ക്കുന്നത്‌. മാസത്തിൽ നിരവധി റിയൽ എസ്റ്റേറ്റ്‌ കമ്പനികളുടെ പ്രതിനിധികൾ തങ്ങളുടെ ഫ്ലാറ്റുകളുടെ വിപണനാർഥം ഗൾഫുരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നു. കേരളത്തിലെ വ്യവസായത്തിൽ നിക്ഷേപം നടത്തിയ തങ്ങളുടെ പല മുൻഗാമികൾക്കും ഉണ്ടായ തിക്താനുഭവങ്ങളും കൂടാതെ വിവിധ വകുപ്പുകളിലെ നൂലാമാലകളും വ്യവസായമേഘലയിൽ നിക്ഷേപിക്കുന്നതിൽ നിന്നും വിദേശമലയാളികളെ പിന്തിരിപ്പിക്കുന്നു. ബാങ്കിങ്ങ്‌ രംഗത്തെ പലിശകുറവും കാർഷികരംഗം നേരിടുന്ന തകർച്ചയും വച്ച്‌ നോക്കുമ്പോൾ അതിവേഗം കുതിച്ചുയരുന്ന റിയലെസ്റ്റേറ്റ്‌ രംഗത്തേക്ക്‌ മലയാളികൾ തിരിയുവാൻ പ്രധാന കാരണമായി. കൂടാതെ ബാങ്കുകൾ നൂലാമാലകളില്ലാതെ തന്നെ ലോൺ അനുവദിക്കുവാനും തുടങ്ങി. ഇതിന്റെ സാധ്യത മുതലെടുത്തുകൊണ്ട്‌ നിരവധി റിയൽ എസ്റ്റേറ്റ്‌ സ്ഥാപനങ്ങളും പുതുതായി ഉയർന്നുവന്നു. നിരവധി ഫ്ലാറ്റുകളും വില്ലാപ്രോജക്ടുകളും കേരളത്തിന്റെ ചെറുപട്ടണങ്ങളെ കേന്ദ്രീകരിച്ചുപോലും ഉണ്ടാകാൻ തുടങ്ങി. പത്ര – ദൃശ്യമാധ്യമങ്ങളുടെ ജനസ്വാധീനം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവർ തങ്ങളുടെ വിപണി അനായാസം കണ്ടെത്തി. ഇവിടെ നിക്ഷേപർ ശ്രദ്ധിച്ചില്ലെങ്കിൽ വഞ്ചിതരാകുവാനുള്ള സാധ്യതയും ഏറെയാണ്‌.

നിങ്ങൾ വാങ്ങുന്ന ഫ്ലാറ്റ്‌ നാളെ വൻലാഭത്തോടെ വിറ്റഴിക്കാമെന്നും അതിന്റെ മുതൽമുടക്ക്‌ തുച്ചമാണെന്നും ബാക്കി ബാങ്കുകൾ വായ്പയായി നൽകുമെന്നുമൊക്കെയുള്ള വൻ പ്രചാരണങ്ങളിൽ വീഴുന്നതിനുമുൻപ്‌ ഒരുനിമിഷം. അല്പകാലം മുൻപ്‌ ആട്‌, തേക്ക്‌, മാഞ്ചിയം തുടങ്ങിയ പല സംരംഭങ്ങളും മോഹന വാഗ്ദാനങ്ങൾ നൽകി വൻ തട്ടിപ്പ്‌ നടത്തിയിട്ടുള്ള കാര്യം നാം ഓർക്കേണ്ടതുണ്ട്‌. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചേടത്തോളം പലപ്പോഴും നാട്ടിൽപോയി ഫ്ലാറ്റിന്റെ ഗുണനിലവാരം നേരിൽ കണ്ടു ബോധ്യപ്പെടാൻ പറ്റിയെന്നുവരില്ല. പണിതുടങ്ങാൻ പോകുന്ന ഫ്ലാറ്റിന്റെയാണെങ്കിൽ ബ്രോഷറുകളിൽ അതി മനോഹരമായി രൂപപ്പെടുത്തിയ ത്രിമാന ചിത്രം ആയിരിക്കും പലപ്പോഴും ലഭിക്കുക. ഇത്തരം ചിത്രങ്ങൾ പലപ്പോഴും യഥാർത്ഥത്തിലുള്ള സൈറ്റിൽ ആ ബിൽഡിങ് പണിതാൽ ലഭിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും നൽകുക. മറ്റൊന്ന്‌ പലപ്പോഴും ബ്രോഷറുകളിൽ വരുന്ന പ്ലാനുകൾ യഥാർഥ അളവുകളിൽ ആയിരിക്കില്ല ലഭിക്കുന്നത്‌. കൃത്യമായ സ്കേൽ രേഖപ്പെടുത്താത്ത പ്ലാനുകളിൽ സൗകര്യങ്ങൾ ഒത്തിരിയുള്ളതായി തോന്നിയേക്കാം. തീർച്ചയായും ഒരു ആർക്കിടെക്റ്റിന്റെ സഹായത്താൽ പ്രസ്തുത കെട്ടിടത്തിന്റെ പ്ലാനിങ്ങിനെകുറിച്ചും അതിന്റെ ഉപയോഗക്ഷമതയെകുറിച്ചും വിശദമായി മനസ്സി ലാക്കാവുന്നതാണ്‌. ഒരു നിക്ഷേപമായി ഫ്ലാറ്റ് വാങ്ങുമ്പോൾ അതിന്റെ വിപണന സാധ്യതയെ കുറിച്ച്‌ ഈ രംഗത്തെ വിദഗ്ദ്ധന്റെ ഉപദേശം തേടാവുന്നതാണ്‌.

ഫ്ലാറ്റുകൾ വാങ്ങും മുൻപ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

1. കെട്ടിടം നിർമ്മിക്കാനുള്ള വിവിധവകുപ്പുകളുടെ അനുമതി പത്രം ലഭിച്ചിട്ടുണ്ടോ എന്നും പൂർത്തി യായകെട്ടിടമാണെങ്കിൽ കമ്പ്ലീഷൻ സർട്ടിഫിക്കറ്റ്‌ ഉണ്ടോ എന്നും പരിശോധിക്കുക. സ്ഥലത്തിന്റെ രെജിസ്ട്രേഷൻ, നികുതി തുടങ്ങിയവയും അതു പോലെ പ്രസ്തുത കെട്ടിടത്തിലോ ഭൂമിയിലോ ബാധ്യതകൾ ഒന്നും ഇല്ലെന്നു വ്യക്തമാക്കുന്ന രേഖകളും പരിശോധിച്ച്‌ ഉറപ്പുവരുത്തുക.

2. നിലവിൽ പണിപൂർത്തിയാക്കിയതാണോ അതോ നിർമ്മിക്കുവാൻ പോകുന്നതാണോ എന്ന്‌ തീർച്ച പ്പെടുത്തുക. നിർമ്മിക്കുവാൻ പോകുന്നതാണെങ്കിൽ അത്‌ എത്രകാലം കൊണ്ട്‌ പൂർത്തിയാക്കുമെന്ന്‌ കരാറിൽ വ്യക്തമായി കാണിച്ചിരിക്കണം. പിന്നെ കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഏതുതരത്തിൽ അതു ഈടാക്കാം എന്നും അറിഞ്ഞിരിക്കണം. അതുപോലെ ചതുപ്പുനിലങ്ങൾ നികത്തിയെടുത്ത ഭൂമിയിൽ നിർമ്മിച്ചകെട്ടിടങ്ങൾക്ക്‌ വേണ്ടത്ര ഫൗണ്ടേഷൻ നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്‌. ഇതുസംബന്ധിച്ച വിശദമായ രേഖകൾ ബിൽഡറുടെ കൈയ്യിൽ നിന്നും ചോദിച്ച്‌ വാങ്ങാവുന്നതാണ്‌. പണിതീർന്നതാണെങ്കിൽ എത്ര ഫ്ലാറ്റുകൾ വിറ്റുപോയി എന്നും അതിൽ താമസിക്കുന്നവരുടെ അഭിപ്രായം എന്താണെന്നും തിരക്കുക.

3. ഫ്ലാറ്റിന്റെ വിപണിമൂല്യവും നിങ്ങൾ നൽകേണ്ട വിലയും സംബന്ധിച്ച് ഒരു വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നത്‌ നല്ലതാണ്‌. പിന്നീട്‌ വിൽക്കുമ്പോൾ ഉണ്ടാകാനിടയുള്ള ലാഭനഷ്ടങ്ങളെ കുറിച്ച് അദ്ദേഹത്തിൽനിന്നും ഏകദേശ രൂപം ലഭിക്കുന്നതാണ്. വർഷങ്ങൾക്ക്‌ ശേഷം വൻ തുകക്ക്‌ വിൽക്കാമെന്നു കരുതുമ്പോൾ തന്നെ കെട്ടിടത്തിന്റെ ഡിപ്രീസിയേഷൻ എന്ന “പ്രതിഭാസത്തെ”ക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകുന്നത്‌ നല്ലതാണ്‌. വാടകക്ക്‌ നൽകുവാൻ ഉദ്ദേശിച്ചാണ്‌ ഫ്ലാറ്റ്‌ വാങ്ങുന്നതെങ്കിൽ നിങ്ങളുടെ ഫ്ലാറ്റിനു ലഭിക്കാവുന്ന പരമാവധി വാടകയെക്കുറിച്ച്‌ ഒരു കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്‌. വിപണനത്തിനായി പലപ്പോഴും മനോഹരമായ പരസ്യവാചകങ്ങളും പെരുപ്പിച്ച കണക്കുകളും സ്വീകരിക്കുന്ന പല കമ്പനികളും കണ്ടേക്കാം.

4. ബാങ്കിൽ നിന്നും ലോണെടുക്കുകയാണെങ്കിൽ തിരിച്ചടവിന്റെ തവണകളെക്കുറിച്ചും അതിന്റെ പലിശയെകുറിച്ചും അടവിൽ എന്തെങ്കിലും വിധത്തിലുള്ള വീഴ്ച്ച സംഭവിക്കുകയാണെങ്കിൽ അതു സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ/നഷ്ടങ്ങൾ എന്നിവയെകുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

5. നിർമ്മാണ കമ്പനിയുടെ രജിസ്ട്രേഷൻ സമ്പന്ധിച്ചും മുൻപ്‌ ഈ കമ്പനി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ വിവരങ്ങളും അവർക്ക്‌ ഈ രംഗത്തുള്ള ഗുഡ്‌വില്ലിനെകുറിച്ചും വ്യക്തമായി അന്വേഷിച്ച്‌ ഉറപ്പുവരുത്തുക. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തെ കുറച്ച് അമിത ലാഭത്തിനു ശ്രമിക്കുന്ന കമ്പനികൾ ഉണ്ടായേക്കാം.

6. രൂപകല്പന ചെയ്ത ആർക്കിടെക്റ്റിന്റെയും സ്റ്റ്രക്ചർ ഡിസൈൻ ചെയ്ത എഞ്ചിനീയർ എന്നിവരുടെയും എക്സപീരിയൻസും യോഗ്യതയും കൂടാതെ കെട്ടിടം പണിയുന്ന/പണിത കരാറുകാരന്റെയും വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും.
7. ഫ്ലാറ്റിന്റെ ക്രയവിക്രയവും അതുപോലെ നിങ്ങൾക്കതിൽ ഉള്ള അധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കരാർ മിക്ക കമ്പനികളും മുങ്കൂറായി തയ്യാറാക്കിയിട്ടു ണ്ടാകും ഇത്‌ ഒരു അഭിഭാഷകന്റെ സഹായത്താൽ വിശദമായി മനസ്സിലാക്കുക.

8. ഫ്ലാറ്റു വാങ്ങുന്നതു സംബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകൾ വസ്തുവിനെക്കുറിച്ചും, ഫ്ലാറ്റ്‌ ഏതു നിലയിൽ ഏതു വശത്തായി വരുന്നു തുടങ്ങിയ വിവരങ്ങളും കരാറിൽ ഉണ്ടായിരിക്കണം. മിക്ക ഫ്ലാറ്റുനിർമ്മാതാക്കളും കാർപാർക്കിങ്ങിനു പ്രത്യേകം പണം ഈടാക്കിവരാറുണ്ട്‌, ഇത്‌ കരാറിൽ വ്യക്തമാക്കിയിട്ടുണ്ടായിരിക്കണം.

9. വിവിധ ടാക്സുകൾ, ഇലക്ട്രിസിറ്റി, വെള്ളം, നികുതി, മെയ്ന്റനൻസ്‌ ചാർജ്ജുകൾ എന്നിവയെ കുറിച്ച്‌ പ്രത്യേകം ചോദിച്ച്‌ മനസ്സിലാക്കുക.

10. ചിലയിടങ്ങളിൽ കായൽ/കടൽ എന്നിവയിലേക്കുള്ള വ്യൂകിട്ടുന്ന ഫ്ലാറ്റുകൾക്ക്‌ അധികം തുക നൽകേണ്ടിവരാറുണ്ട്‌. ഇത് പ്രത്യേകം ശ്രദ്ധിക്കുക. വേണ്ടത്ര ജനലുകളും വരാന്തകളും ആവശത്തു വരുന്നുണ്ടോ, നൽകുന്ന തുകക്ക്‌ അത്‌ പ്രയോജനപ്പെടുന്നുണ്ടൊ എന്നെല്ലാം ഒരു ആർക്കിടെക്റ്റിന്റെ സഹായത്താൽ അറിയാവുന്നതാണ്‌. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കോമൺ ഏരിയായെ സംബന്ധിച്ചാണ്‌. സ്റ്റെയർകേസ്‌, ലിഫ്റ്റ്‌, ലോബികൾ, ജനറേറ്റർ/പമ്പ്‌റൂം തുടങ്ങിയവയ്ക്കാണ്‌ പൊതുവിൽ കോമൺ ഏരിയാ എന്ന്‌ പറയുന്നത്‌. ഇത്‌ ആ ഫാറ്റിലെ എല്ലാവർക്കും കൂടി ഉപയോഗിക്കാനുള്ളതാണ്‌. ഇതിനു ഓരോ ഫ്ലാറ്റുടമയിൽ നിന്നും പ്രത്യേകം പണം ഈടാക്കുന്നുണ്ട്. ഇതുകൂടെ കൂട്ടിയിട്ടാണ്‌ ഫാറ്റിന്റെ വില നിശ്ചയിക്കുന്നത്‌. ഇങ്ങനെ ഓരോരുത്തർക്കായി വിഭജിക്കെപ്പെടുന്നതിൽ നിങ്ങളുടെ ഫ്ലാറ്റിന്റെ ഏരിയായുടെ 20%ത്തിൽ കൂടുതലാണോ ഈടാക്കുന്നത്‌ എന്ന്‌ പരിശോധിക്കുക.

11. ടോയിലറ്റുകളുടെ വെന്റിലേഷനും ഡ്രയിനേജ്‌ സൗകര്യങ്ങളും ശ്രദ്ധിക്കുക. മറ്റുള്ളവർക്ക്‌ നിങ്ങളുടെ ടോയിലറ്റിന്റെ വിന്റോ/വെന്റിലേറ്റർ വഴി അകത്തേക്ക്‌ കാഴ്ച ഉണ്ടാകില്ലാ എന്ന്‌ ഉറപ്പുവരുത്തുക. ജനലുകൾ വഴി അകത്തേക്ക്‌ മഴവെള്ളം കയറാനുള്ള സാധ്യതയും പരിശോധിക്കുക.

12. സൗകര്യം, സുരക്ഷിതത്വം, രേഖകളുടെ കൃത്യത, വിപണന സാധ്യത, മെയിന്റനൻസ്‌ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌.

13. ഭൂകമ്പ പ്രതിരോധം ഉള്ളരീതിയിലാണോ സ്റ്റ്രക്‌ചർ ഡിസൈൻ എന്നും അഗ്നിബാധയുണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും പരിശോധിച്ച് ഉറപ്പു വരുത്തുക.

14. നിങ്ങളുടെ ഫ്ലാറ്റിന്റെ അടിസ്ഥാന രൂപകഘടന യിൽ മാറ്റം വരുത്തുവാൻ ചില പരിമിതികൾ ഉണ്ട്‌. ചില ബിൽഡേഴ്സ്‌ ക്ലൈന്റിന്റെ താൽപര്യാർത്ഥം നിർമ്മാണത്തിനുമുമ്പു തന്നെ ഡിസൈനിൽ ചില
മാറ്റങ്ങൾ വരുത്തുവാൻ അനുവദിക്കുകയും അതിനനുസരിച്ച്‌ നിർമ്മിച്ച്‌ നൽകുകയും ചെയ്യാറുണ്ട്‌.

15. ഫ്ലാറ്റിന്റെ ലൊക്കേഷനും അതിലേക്കുള്ള വഴികളും എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണോ എന്നു പരിശോധിക്കുക.

16. ഫ്ലാറ്റുജീവിതത്തിൽ ചില സ്വയം നിയന്ത്രണങ്ങൾ ആവശ്യമാണ്‌. നമ്മുടെ പ്രവർത്തനങ്ങൾ അടുത്തുള്ള ഫ്ലാറ്റുകാർക്ക്‌ അലോസരം ഉണ്ടാക്കുന്ന വിധത്തിലാകരുത്‌. ഇക്കാര്യങ്ങളിൽ റസിഡന്റ്‌ അസോസിയേഷനുകളുടെ നിയമാവലികൾ അംഗീകരിക്കുവാൻ ഓരോ ഫ്ലാറ്റുടമയും ബാധ്യസ്ഥനാണ്.

ഓർക്കുക, തിരക്കുപിടിച്ച്‌ ഒരു നിക്ഷേപം നടത്തുന്നതിനേക്കാൾ എത്രയും നന്നാകുക നല്ലവണ്ണം ചിന്തിച്ച്‌ വിശദമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രം ഒരു നിക്ഷേപം നടത്തുക എന്നതാണ് വഞ്ചിക്കപ്പെട്ടിട്ട്‌ പിന്നീടു ദുഖിക്കുന്നതിനേക്കാൾ നല്ലത്‌.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor