മലയാളം ഇ മാഗസിൻ.കോം

ഒരു മാസത്തേക്ക്‌ ദിവസവും ഒരു ഇളനീർ വീതം കുടിച്ചാൽ ഉണ്ടാകുന്ന ഈ മാറ്റം നിങ്ങളെ അതിശയിപ്പിക്കും!

കുപ്പിയിലടച്ചു വരുന്നതും ശരീരത്തിന് ഏറെ ദൂഷ്യമുണ്ടാക്കുന്നതുമായ വിലകൂടിയ കോളാപാനീയങ്ങള്‍ക്കു വേണ്ടി എന്തിനു വെറുതെ കാശു കളയുന്നു? അതിനു പകരം നിത്യവും ഒരു ഇളനീര്‍ കുടിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ നിങ്ങളുടെ ഊര്‍ജസ്വലത പതിന്മടങ്ങ് വര്‍ദ്ധിക്കുകയും, ശരീരത്തിന്‍ അഴകും ആരോഗ്യവും കൈവരികയും ചെയ്യുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

ദാഹവും ക്ഷീണവും അകറ്റാന്‍ ഇളനീരിനെ വെല്ലാന്‍ മറ്റൊരു ദാഹശമിനി ഇല്ലതന്നെ. 100 മില്ലീലിറ്റര്‍ ഇളനീരില്‍ 90ശതമാനവും ജലാംശമാണ്. ഇതിനു പുറമെ 0.9 ഗ്രാം മാംസ്യവും 1.4 ഗ്രാം കൊഴുപ്പും 0.6 ഗ്രാം ലവണവും 6.3 ഗ്രാം അന്നജവും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ്‌ ഇളനീരില്‍ ഏകദേശം അര ഗ്ലാസ്‌ പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മറ്റേതൊരു പാനീയത്തേക്കാളും വേഗത്തില്‍ ഇളനീര്‍ ദാഹവും ക്ഷീണവും അകറ്റും. ദഹനശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള കരിക്കിന്‍ വെള്ളം പൊണ്ണത്തടിയാല്‍ കഷ്ടപ്പെടുന്നവര്‍ക്കു പോലും ധൈര്യ സമേതം കഴിക്കാം. ഇളനീരില്‍ നന്നായിപ്പഴുത്ത നേന്ത്രപ്പഴമുടച്ചു ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം പാലിനു പകരമായി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

രണ്ടു ഗ്ലാസ്‌ ഇളനീരില്‍ ഒരു ഗ്ലാസ്‌ തൈരിലുള്ളതിനേക്കാള്‍ മാംസ്യവും ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഏകദേശം 5 ശതമാനം ഗ്ലൂകോസിനു പുറമെ ജീവകം ബി, ജീവകം സി എന്നിവയും കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം ,അയോഡിന്‍, ഇരുമ്പ് സത്ത്, സള്‍ഫര്‍ എന്നീ മൂലകങ്ങളും ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.

ഭക്ഷണനിയന്ത്രണമാവശ്യമുള്ള രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ശരീരക്ഷീണമകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷം ആന്റിബയോട്ടിക്കുകളും മറ്റും ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇളനീര്‍ മുടങ്ങാതെ കഴിക്കുന്നത് രോഗാവസ്ഥയില്‍ നിന്ന് മോചനം കിട്ടാന്‍ സഹായിക്കും. ഇളനീര്‍ കഴിച്ചാല്‍ വൃക്കയിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്റെ അളവു വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ പൊങ്ങന്‍പനി, അഞ്ചാം പനി എന്നിവ കാരണമായുണ്ടാകുന്ന ശരീരത്തിലെ പാടുകള്‍ മാറ്റുന്നതിനും, ഞരമ്പുകളുടെ തളര്‍ച്ച അകറ്റുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇളനീര്‍ കഴിക്കുന്നത് ഉത്തമമാണ്. നിത്യവും കരിക്കിന്‍ വെള്ളമുപയോഗിച്ച് മുഖം കഴുകുന്നവര്‍ക്ക് മുഖക്കുരു വരുവാനുള്ള സാദ്ധ്യതയും കുറവാണ്.

ചര്‍ദ്ദി മാറ്റാന്‍ കരിക്കിന്‍ വെള്ളം സേവിക്കുന്നത് ഫലപ്രദമാണ്. വയറിളക്കം, ഗ്യാസ്ട്രോഎന്‍റൈറ്റിസ്, കോളറ തുടങ്ങിയ രോഗങ്ങള്‍ മുഖേന ശരീരത്തിലെ ജലാംശവും, ധാതു ലവണങ്ങളും നഷ്ടപ്പെടുന്ന അവസരത്തില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. അള്‍സര്‍, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ഒരുത്തമ ഔഷധം പോലെ ഉപകരിക്കും.

കുട്ടികളുടെ ശരീരകാന്തിക്കും, മസ്സിലുകളുടെ ഉറപ്പിനും പാലില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്തു നല്‍കാവുന്നതാണ്. മൂത്രതടസ്സമുണ്ടാകുമ്പോള്‍ ഏലത്തരി പൊടിച്ചിട്ട കരിക്കിന്‍ വെള്ളം കുടിച്ചാല്‍ മതി.. ഒരു കരിക്ക് തുരന്ന് അതിലൊരുപിടി പച്ചരിയിട്ട്പുളിക്കുന്നതു വരെ സൂക്ഷിച്ചശേഷം അരച്ചു തേച്ചാല്‍ മുഖക്കുരു, എക്സിമ, കൈവിള്ളല്‍ , ചൊറിച്ചില്‍ , തൊലിയുടെ നിറം മാറ്റം എന്നിവയ്ക്ക് ശമനം തീര്‍ച്ച . കരിക്കിന്‍ വെള്ളത്തിന് കൃമികളെ നശിപ്പിക്കാനുള്ള കഴിവുമുണ്ട് നമ്മുടെ കല്‍പ്പവൃക്ഷത്തിന്റെ പോഷക ഗുണവും , ഔഷധ മേന്മ യും നിറഞ്ഞ ഉത്തമപാനീയമാണ്‍ ഇളനീര്‍.

Avatar

Staff Reporter