20
October, 2017
Friday
01:41 AM
banner
banner
banner

ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ? നമ്മുടെ സൗകര്യങ്ങൾ ഇല്ലാതാവുന്നത്‌ ദേ ഇങ്ങനെയൊക്കെയാണ്!

437

ദക്ഷിണ റെയിൽവേ കേരളത്തോടുള്ള അവഗണന ആവർത്തിക്കുന്നു. നിലവിലുള്ള സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുക, സംസ്ഥാനത്തിനു പുറത്ത്‌ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്ക്‌ സ്റ്റേഷൻ നിരസിക്കുക, ഡിവിഷൻ വിഭജനത്തിനായി ചരടുവലിക്കുക, ബജറ്റ്‌ പ്രഖ്യാപനത്തിൽപ്പോലുമുള്ള വണ്ടികൾ അനുവദിക്കാതിരിക്കുക. ഇങ്ങനെ തുടരുകയാണ്‌ ദക്ഷിണ റയിൽവെയുടെ ചിറ്റമ്മ നയം.

എറണാകുളം ജംഗ്ഷനിൽ നിന്ന്‌ രാമേശ്വരത്തേക്കുള്ള പ്രത്യേക ട്രെയിനിന്റെ ആരംഭവും അവസാനവും ഏതാനും ആഴ്ചകളുടെ അകലത്തിനുള്ളിൽ അവസാനിച്ചു. കഴിഞ്ഞ ഏപ്രിൽ 2ന്‌ ഓട്ടം തുടങ്ങി ജൂൺ 24ന്‌ നിർത്തി. പഴനി, മധുര, രാമേശ്വരം തീർത്ഥാടകർക്കും മറ്റും വളരെയേറെ പ്രയോജനപ്രദമായിരുന്ന സർവീസ്‌, പ്രതിദിനമാക്കണമെന്ന്‌ യാത്രക്കാരുടെ സംഘടനകളിൽ നിന്ന്‌ ആവശ്യമുയർന്ന വേളയിലായിരുന്നു നിർത്തലാക്കിയത്‌. ഞായറാഴ്ചകളിൽ വൈകിട്ട്‌ 4ന്‌ എറണാകുളത്തു നിന്നു പുറപ്പെട്ട്‌ പിറ്റേന്നു രാവിലെ രാമേശ്വരത്തെത്തി അന്നു രാത്രി 10ന്‌ മടങ്ങും വിധമായിരുന്നു ക്രമീകരണം. ആളില്ലാത്തതിനാലാണ്‌ സർവീസ്‌ നിർത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ, തുടക്കത്തിൽത്തന്നെ 100 ശതമാനത്തിലധികമായിരുന്നു യാത്രക്കാരുടെ തിരക്കെന്നാണ്‌ വസ്തുത. 80 ശതമാനത്തിലധികം തിരക്കുണ്ടെങ്കിൽ ട്രെയിൻ ലാഭകരമാണെന്നാണ്‌ വിലയിരുത്തൽ. പാലക്കാട്‌-പൊള്ളാച്ചി റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ നിർത്തിയതിനു പിന്നാലെയായിരുന്നു എറണാകുളം-രാമേശ്വരം വണ്ടിയും റദ്ദാക്കിയത്‌. റയിൽവേയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോരും തമിഴ്‌നാട്ടിലെ ബസ്സുടമകളും ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിയും ഇതിനു പിന്നിലുണ്ടെന്ന ആക്ഷേപം ശക്തമാണ്‌.

കേരളത്തിലേക്ക്‌ ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി എത്തിക്കൊണ്ടിരുന്ന ട്രെയിനുകളിലൊന്നായ ഗുഹാവത്തി-കൊച്ചുവേളി പ്രതിവാരസുവിധ എക്സ്പ്രസും ഇതിനു മുമ്പായിത്തന്നെ ഓട്ടമവസാനിപ്പിച്ചിരുന്നു. ഈ റൂട്ടിലെ തിരക്ക്‌ കണക്കിലെടുത്ത്‌ ഒരെണ്ണം കൂടി ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കെയായിരുന്നു ഈ ഇരുട്ടടി. ഈ വിഭാഗം വരാനും പോകാനും ആശ്രയിച്ചിരുന്ന എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പ്‌ നിർത്തി. ഇവരുടെ പ്രധാനമാർഗ്ഗമായിരുന്നു ആലുവ സ്റ്റേഷൻ.

തിരുവനന്തപുരം-തിരുനൽവേലി, നാഗർകോവിൽ-കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്നു വേർപെടുത്തി മധുരലൈനുമായി ചേർക്കാൻ അടുത്ത കാലത്ത്‌ നടന്ന ചരടുവലികൾ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. നാഗർകോവിൽ-കന്യാകുമാരി സ്റ്റേഷനുകളുടെ വികസനമാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിലെ ട്രെയിൻയാത്രക്കാരുടെ ഒരുസംഘടന നൽകിയ നിവേദനമാണത്രേ, ഇങ്ങനെ ഒരാലോചനയ്ക്ക്‌ അധികൃതരെ ആവേശം കൊള്ളിച്ചത്‌. പ്രതിഷേധം കടുത്തപ്പോൾ, ഇങ്ങനെ ഒരു ശ്രമവുമില്ലെന്ന്‌ അധികൃതർ പറഞ്ഞൊഴിഞ്ഞെങ്കിലും മുഴുവനായി അതാരും വിശ്വാസത്തിലെടുത്തിട്ടില്ല.

കേരളത്തിൽ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന്‌ ട്രെയിനുകൾ ബംഗ്ലൂരു സിറ്റി സ്റ്റേഷനിൽ നിന്ന്‌ നഗരത്തിനു പുറത്തുള്ള ബാനസവാടി സ്റ്റേഷനിലേക്കു മാറ്റിയതിനു പിന്നിലും ഉദ്യോഗസ്ഥ-ബസ്‌ ലോബി കൂട്ടുകെട്ടാണെന്നാണ്‌ ആരോപണം. ആ സ്റ്റേഷനിലിറങ്ങുന്ന ഒരു യാത്രക്കാരൻ നഗരത്തിലെത്താൻ ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കും. പ്ലാറ്റ്‌ ഫോം ഒഴിവില്ലെന്നാണ്‌ കാരണമായി പറയുന്നത്‌. കേരളത്തെ ഒഴിവാക്കുന്ന സിറ്റി സ്റ്റേഷനിലേക്ക്‌ മറ്റ്‌ ധാരാളം വണ്ടികളെ സ്വീകരിക്കുന്നുമുണ്ട്‌.

2013-ലെ റയിൽവെ ബജറ്റിൽ കേരളത്തിന്‌ അനുവദിച്ച തിരുവനന്തപുരം-ബംഗ്ലൂരു ട്രെയിൻ നാലുവർഷമായിട്ടും ഓട്ടം തുടങ്ങിയിട്ടില്ല. ഇതേക്കുറിച്ച്‌ അധികൃത സ്ഥാനങ്ങളിൽ നിന്ന്‌ മിണ്ടാട്ടമില്ല. അറ്റകുറ്റപ്പണികൾക്കായി കേരളത്തിൽ നിന്ന്‌ ചെന്നൈയിലേക്ക്‌ അയക്കുന്ന കോച്ചുകൾ തിരികെ വരാറില്ല എന്നതൊരു വാസ്തവം. ആവശ്യത്തിനു കോച്ചുകളില്ലാത്തതുമൂലം ദീർഘദൂര വണ്ടികൾ വൈകുന്നതും പതിവ്‌. തിരക്കേറിയ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ വേണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌.

RELATED ARTICLES  എന്തുകൊണ്ട്‌ ദിലീപ്‌ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ടു? ആ പ്രധാന 10 കാര്യങ്ങൾ ഇവയാണ്!

കേരളത്തിന്‌ അനുവദിക്കുമെന്ന്‌ ഉറപ്പുപറഞ്ഞ കോച്ച്‌ ഫാക്ടറിക്കായി പാലക്കാട്‌ 324 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ നൽകിയിട്ട്‌ വർഷം അഞ്ച്‌ കഴിഞ്ഞു. ചുറ്റുമതിൽ കെട്ടിയതല്ലാതെ ഒരു മേൽ നടപടിയുമുണ്ടായിട്ടില്ല. സ്ഥലത്ത്‌ കാട്ടാനകൾ വിഹരിക്കാൻ തുടങ്ങിയിരിക്കുന്നു.

ബേബി ആലുവ, ജനയുഗം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *