21
October, 2017
Saturday
01:56 PM
banner
banner
banner

പെണ്ണെഴുത്തിനെ വൈകാരികമായി വെല്ലുവിളിക്കുന്ന സോഷ്യൽ മീഡിയയിലെ വഷളന്മാർ

1202

കേരളത്തിലെ അമ്മ പെങ്ങന്മാർക്ക്‌ റോഡിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇറങ്ങിനടക്കാൻ പ്രയാസമാണ്. രാത്രിയിലും പകലും. എന്തിനും ഏതിനും സദാചാരം വിളമ്പുന്ന, സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കൻ മടിക്കുന്ന ചില ചൊറിയൻ വഷളന്മാർ സോഷ്യൽ മീഡിയയിലും ധാരാളം ഉണ്ടല്ലോ. പകൽ സമയത്ത്‌ എവിടെ വേണമെങ്കിലും സ്ത്രീകൾക്ക്‌ ഇറങ്ങി നടക്കാം. എന്നാൽ സൈബർ ലോകത്ത്‌ അതിനും വിലക്കുകളുണ്ട്‌. മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം സ്ത്രീകൾ നടത്തിയാൽ നെറ്റിനു മുൻപിൽ കുത്തിയിരിക്കുന്ന പല മാന്യന്മാരും വഷളത്തരങ്ങളുമായി ഇറങ്ങുകയായി. ഇതിന്റെ പ്രത്യേകതയെന്തെന്നു വച്ചാൽ ആരും തന്നെ ആശയപരമായല്ല വിഷങ്ങളോട്‌ പ്രതികരിക്കുന്നത്‌. മറിച്ച്‌ വായിൽ കൊള്ളാത്ത തെറികളാണ് അവരുടെ ആയുധം. സെലിബ്രേറ്റികളോ സാധാരണക്കാരോ ആരുമായിക്കൊള്ളട്ടെ ഒരു ഫോട്ടോ ഇട്ടാൽ തുടങ്ങും പലർക്കും വൃത്തികേടുകൾ പുലമ്പാനുള്ള പ്രവണത. എത്രത്തോളം ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യാം എന്നാണ് ഓരോ ഫേക്ക്‌ ചിത്രം ക്രിയേറ്റ്‌ ചെയ്യുമ്പോഴും പലരും ആലോചിക്കുന്നത്‌. വ്യക്തികളെ തേജോവധം ചെയ്യുകയെന്നതാണ് പലപ്പോഴും ഇത്തരക്കാരുടെ ഉദ്ദേശം. സ്വന്തം ഐഡന്റിറ്റി ആരും അറിയാൻ പോകുന്നില്ലല്ലോ എന്ന ധൈര്യത്തിലാണ് പലരും തെറി അഭിഷേകങ്ങൾ നടത്തുന്നത്‌.

ന്യൂജനറേഷൻ പയ്യന്മാരും ഫ്രീക്കികളും ധാരാളം ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പ്രൊഫെയിൽ ഫോട്ടോ ഇടാനോ ഏതെങ്കിലും ഒരു സാമൂഹിക രാഷ്‌ട്രീയ വിഷയത്തിനോട്‌ ശക്തമായി പ്രതിഷേധിക്കാനോ പലർക്കും ഭയമാണ്. കാരണം ഇത്തരം സൈബർ ഞരമ്പു രോഗികളും വഷളന്മാരുമാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം ഒളിപ്പോര്‌ നടത്തുന്നവരെക്കുറിച്ച്‌ മന:ശാസ്ത്ര വിദഗ്ധർ പറയുന്നത്‌ ഇത്‌ ഒരു മാനസികരോഗ മാണെന്നാണ്. മാനസികമായി അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പുരുഷന്മാർ പെണ്ണെഴുത്തിനെ തങ്ങളുടെ പുരുഷത്വത്തിനെതിരെയുള്ള വെല്ലുവിളിയായി കാണുന്നു. അശ്ലീന പ്രതികരണത്തിലൂടെ സ്ത്രീകളെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്‌. വൈകാരികമായി ഭീരുക്കളായതുകൊണ്ടാണ് പലരും പ്രതിഷേധങ്ങളുമായി നേരിട്ടു പ്രത്യക്ഷപ്പെടാത്തത്‌.

അസൂയ ഇതിന്റെ മറ്റൊരു കാരണമാണ്. ഫേസ്ബുക്കിൽ നല്ല ഭംഗിയുള്ള ഫോട്ടോ ഇട്ടാൽ, ഒരു നല്ല കവിതയെഴുതിയാൽ, രാഷ്‌ ട്രീയമോ സാമൂഹികമോ ആയ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ചാൽ പല വഷളന്മാരും ഒരു ഇരയെക്കിട്ടിയ പോലെയാണ് സജീവമാകുന്നത്‌. ഇതിനെതിരെ മറുപടി നൽകാൻ പോയാലോ വൃത്തികേട്‌ പുലമ്പാനുള്ള അവസരം ഈ വഷളന്മാർ പാഴാക്കുകയുമില്ല. മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ ആനന്ദം കൊള്ളുന്ന ഒരു വിഭാഗം കൂടിയാണിവർ. എന്നാൽ നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്‌. അത്‌ നമ്മുടെ അവകാശമാണ്. അഭിപ്രായം പറയാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള അവകാശം നമുക്കുണ്ട്‌. കേവലം ഒരു വഷളന്റെ മോശം വാക്കിൽ തകർന്നു പോവുകയല്ല നമ്മൾ ചെയ്യേണ്ടത്‌. മറ്റൊന്ന് എന്തല്ല സ്വാതന്ത്ര്യം എന്ന തിരിച്ചറിവാണ്. എല്ലാവരുടെയും സ്വാതന്ത്യം മറ്റൊരാളുടെ മൂക്കിൻ തുമ്പു വരെ മാത്രമേയുള്ളു. അതിൽക്കുടുതലായാൽ അതു പിന്നെ കുറ്റമാണ്. കുറ്റം ശിക്ഷാർഹമാണല്ലോ. അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഏതു വാക്കും ശിക്ഷാർഹമാണ്. അതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്.

  • രഞ്ജിനി ബാല 
RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *