മലയാളം ഇ മാഗസിൻ.കോം

ശാസ്താംകോട്ട കായൽ അതിവേഗം വരളുന്ന തടാകം: കാരണം സഹിതം നാസ

ലോകത്തില്‍ അതിവേഗം വരളുന്ന തടാകങ്ങളുടെ കൂട്ടത്തില്‍ ശാസ്താംകോട്ട കായലുമുണ്ടെന്ന് റിപ്പോര്‍ട്ട്. നാസയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകം മുഴുവനും അതിവേഗം വരളുന്ന 235 ശുദ്ധ ജല തടാകങ്ങളുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഓരോ പതിറ്റാണ്ടിലും 0.35 ഡിഗ്രി സെന്റീ ഗ്രേഡ് ചൂട് ഈ തടാകങ്ങളില്‍ കുടുന്നു.

വെളളം വറ്റുന്നതിന് പുറമെ ജലജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. ചൂട് വര്‍ദ്ധിക്കുമ്പോള്‍ ഗ്രീന്‍ ആല്‍ഗകള്‍ വളരുന്നതും തടാകത്തിന്റെ നാശത്തിന് കാരണമാകുന്നുണ്ട്. ജലത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ഇവ മീഥേന്‍ വാതകം പുറത്ത് വിടുന്നു. ഹരിതഗൃഹവാതകമായ മീഥേന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാണ്.
വര്‍ഷത്തില്‍ രണ്ട് ശതമാനം വീതം മീഥേന്‍ വാതകം ആല്‍ഗകള്‍ വഴി ശുദ്ധജല തടാകങ്ങളില്‍ ഉണ്ടാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. തടാകത്തിലെ ജലനിരപ്പ് കുറയുന്നതോടെ ഇത് സമീപത്തെ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നു. ദേശാടനക്കിളികളുടെ സഞ്ചാരത്തെയും ഇത് ബാധിക്കും. മുപ്പത് വര്‍ഷത്തെ ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് നാസ പഠനം നടത്തിയത്. ചിത്രങ്ങളില്‍ ലോകത്തെ വലിയ ശുദ്ധജലതടാകങ്ങളായ ഓസ്‌ട്രേലിയയിലെ എയിറ, ആഫ്രിക്കയിലെ വിക്ടോറിയ തുടങ്ങിയ ജലാശയങ്ങളിലെ വരള്‍ച്ചയും കാണാം.

Avatar

Staff Reporter