മലയാളം ഇ മാഗസിൻ.കോം

പകൽ അപ്രത്യക്ഷനായി രാത്രിയിൽ തിരിച്ചെത്തുന്ന ആ ഇരുട്ടിന്റെ കാവൽക്കാരനെ തിരയുകയാണ് ഇപ്പോഴും!

മനുഷ്യരെ കുത്തിനിറച്ച ഒരു തെരുവിലെ മുഴുവൻ കാഴ്ച്ചകളും കാണാവുന്ന, ഇരുനില വീടിന്റെ മുകളിലത്തെ മുറിയിൽ നിന്നും ഇടുങ്ങിയ ജനലഴിയിലൂടെ പുറത്തേക്ക് നോക്കിയ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി. അടച്ചുകെട്ടിയ ഈ ചുവരുകൾക്കുള്ളിൽ ഇനി എത്ര നാൾ? നാടിന്റെ മനം മയക്കുന്ന വശ്യതയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് വണ്ടികയറുമ്പോൾ വിചാരിച്ചിരുന്നില്ല ഉഷ്ണം മടുപ്പിക്കുന്ന ഒരു ജീവിതത്തിലേക്കാണ് യാത്ര എന്ന്.

അലിഗഞ്ജ് തെരുവ് നിറഞ്ഞൊഴുകുകയാണ്. തെരുവോരത്തെ ചായപ്പീടികക്കു മുൻപിൽ ഇട്ടിരിക്കുന്ന കട്ടിലിൽ ആളുകൾ നിറഞ്ഞിട്ടുണ്ട്. അതിൽ ഒരു സ്ത്രീയെ പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല. അധികവും വെള്ളകുർത്ത ധരിച്ച ആളുകൾ. അവരെന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. വീടിനോടു ചേർന്നുള്ള പള്ളിയിൽ നിന്നും ഉയർന്ന വാങ്കുവിളി എന്റെ കാതുകളെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ ജനൾപാളികളടച്ചു.

സന്ധ്യമയങ്ങി തുടങ്ങി. പകൽവെടിഞ്ഞു പോകാൻ കൂട്ടാക്കാത്ത വേനൽസൂര്യനോട് വഴിവിളക്ക് മത്സരിക്കുകയാണെന്നു തോന്നി. ഒടുക്കം പകൽ വിടവാങ്ങിയപ്പോഴേക്കും തെരുവ് വിജനമായിരുന്നു. മഞ്ഞപ്പട്ട് വിരിച്ചുകിടക്കുന്ന ആ തെരുവിന് പകലിനേക്കാൾ മനോഹാരിത തോന്നി. അപ്പോൾ ഭൂമിയിൽ അവശേഷിക്കുന്ന ജീവജാലങ്ങൾ കൊതുകുകളും ഈച്ചകളും മാത്രമാണെന്ന് തോന്നും. ചായപ്പീടികയുടെ മുൻവശത്തെ അടുപ്പിലെ കനലുകൾ അപ്പോഴും തെളിഞ്ഞുതന്നെ കിടക്കുന്നുണ്ടായിരുന്നു. നിലത്തുപാകിയ ഇഷ്ടികക്കിടയിലൂടെ വെള്ളം ഒഴുകിനടക്കുന്നുണ്ട്.

പിറ്റേന്ന് സ്കൂളിൽ ജോയിൻ ചെയ്യേണ്ട ദിവസമായതിനാൽ കാഴ്ചകൾ ബാക്കിയാക്കി ഞാനും ഉറക്കത്തിലേക്കു വഴുതി.

എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാവണം. താഴെ തെരുവിൽ നിന്നും ആരോ നിലവിളിക്കുന്നുണ്ട്. ശബ്ദം കുറച്ചുകൂടി വ്യക്തമായി എന്റെ കാതുകളിലേക്കെത്തി. മുറിക്കുള്ളിലെ ഇരുട്ടും അജ്ഞാതശബ്ദവും എന്നെ കൂടുതൽ ഭയപ്പെടുത്തി. എന്റെ കാഴ്ചക്കുമാത്രം സഞ്ചരിക്കാനാവും വിധം ഞാൻ ജനൽപാളികൾ പതിയേ തുറന്നു.

ഇരുട്ടിന്റെ വിടവിലൂടെ വെളിച്ചത്തിലേയ്ക്കു സഞ്ചരിച്ച എന്റെ കാഴ്ച്ച ചായപ്പീടികയുടെ മുൻപിൽ കിടന്ന കട്ടിലിൽ ഉടക്കി. അവിടെ ഇരുട്ടിനു കൂട്ടായി ഒരാൾ. ഏതാണ്ട് മുപ്പതിനോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. മുട്ടോളം പോന്ന ട്രൗസറും ടീഷർട്ടും, ഒട്ടും മുഷിയാത്ത വേഷം. തല മൊട്ടയടിച്ചിരിക്കുന്നതു കാരണം ഭ്രാന്തനാണോ അല്ലയൊന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവില്ല. അയാൾ വീണ്ടും ശബ്ദമുണ്ടാക്കി തുടങ്ങി. ചിലപ്പോൾ കുറുക്കൻ ഓരിയിടും പോലെ, ചിലപ്പോൾ പാട്ടുപാടുകയാണോ എന്ന് തോന്നും, ഇടയ്ക്കു വാങ്കുവിളി അനുകരിക്കും. അവിടിവിടെയായി ഉറക്കം പിടിച്ചുതുടങ്ങിയ പട്ടികളും പശുക്കളും അവരുടെ ഉറക്കം നശിച്ച അമർഷം പല ശബ്ദങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നെയും വെളുക്കുവോളം ആ ശബ്ദം എന്റെയും ഉറക്കത്തെ നശിപ്പിച്ചു.

നേരം പുലർന്നപ്പോൾ ആദ്യം തിരഞ്ഞത് അയാളെ ആയിരുന്നു. തെരുവിൽ ആളുകൾ വന്നുതുടങ്ങുന്നേയുള്ളു. അയാളെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒൻപതുമണി ആയപ്പോഴേക്കും കുഞ്ഞിനെ നോക്കാൻ ഏർപ്പാടാക്കിയ ആ പെൺകുട്ടി വന്നു. നന്നേ മെലിഞ്ഞ ശരീരവും നീണ്ട മുടിയും വിടർന്ന കണ്ണുകളായി ബോജ്പുരി സംസാരിക്കുന്ന ഗുഡിയ എന്ന പെൺകുട്ടി. ആറുമാസം പ്രായമുള്ള മോനെ അവളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ മനസ്സോന്നു പിടഞ്ഞു.

ആദ്യദിവസമായതിനാൽ സ്കൂളിൽ നിന്നും നേരത്തെ എത്തി. സ്കൂൾവിട്ടു മക്കൾ വരുന്നതും കാത്തു പടിക്കൽ നിൽക്കാറുള്ള അമ്മമാരേ പോലേ എന്റെ കുഞ്ഞ് അവന്റെ അമ്മയേകാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും കുഞ്ഞിനെ തന്ന് ഗുഡിയ മടങ്ങിപോയി.

വൈകുന്നേരം ആയപ്പോഴേക്കും തെരുവിൽ വീണ്ടും ആളുകൾ നിറഞ്ഞുതുടങ്ങി. ചായപ്പീടികയാണ് ഏവരുടെയും ലക്ഷ്യം. തീക്കനലിൽ ചുട്ടെടുക്കുന്ന തന്തൂരിറൊട്ടിയും നിറയെ ചാറുമായി ബീഫ്കറിയും ഒരു പൊടിപ്പയ്യൻ ഓടിനടന്നു വിളമ്പുന്നുണ്ടായിരുന്നു. അസഹനീയമായ ചൂട് കാരണം ഉച്ചയായാൽ തെരുവിലെ എല്ലാ കടകളും അടക്കും. പിന്നെ വൈകുന്നേരം ആയാലേ മനുഷ്യർ പുറത്തിറങ്ങൂ.

അന്നുരാത്രിയും ആ ശബ്ദം എന്റെ ഉറക്കം നശിപ്പിച്ചു. അന്നുമാത്രമല്ല പിന്നീടങ്ങോട്ടുള്ള എല്ലാ രാത്രികളിലും. പകൽ അപ്രത്യക്ഷനായി രാത്രിയിൽ തിരിച്ചെത്തുന്ന ഒരാൾ. രാത്രിയിൽ അയാൾ ഉറങ്ങാറില്ല. അതേകട്ടിലിൽ ഇരുന്ന് ഉറക്കെ ശബ്ദമുണ്ടാക്കും. ദിനചര്യകൾക്കു ഒരു മാറ്റവും ഇല്ലാതെ കുറേനാൾ അങ്ങനെകടന്നുപോയി. എല്ലാരാത്രികളിലും അയാൾ ആ കട്ടിലിൽ ഇരുന്നു നേരം വെളുപ്പിച്ചുകൊണ്ടേയിരുന്നു.

പിന്നീടെനിക്കറിയാൻ കഴിഞ്ഞു, ആ തെരുവിലെ ഇരുപതോളം അംഗങ്ങൾ വരുന്ന ഒരു വലിയ കൂട്ടുകുടുംബത്തിലെ ഒരംഗമാണ് അയാളെന്ന്. പകലിനെ ഇഷ്ടപ്പെടാതെ രാത്രിയുമായി സംസാരിക്കുന്ന ഒരാൾ. രാത്രിയിൽ എപ്പോഴെങ്കിലും വീട്ടിൽനിന്നിറങ്ങി അയാൾ ആ കട്ടിലിൽ വന്നിരിക്കും. പുലരുമ്പോൾ തനിയേ മടങ്ങിപ്പോകും. പകൽ അയാൾ മുറിക്ക്പുറത്തേക്കു വരാറില്ലത്രേ. അലക്കിത്തേച്ച വസ്ത്രവും സമയത്തിന് ആഹാരവും കൊടുത്ത് വന്നുകയറിയ പെണ്ണുങ്ങൾ ഉൾപ്പെടെ അയാളെ പരിചരിച്ചു. ആർക്കും അയാൾ ഒരു ശല്യക്കാരനോ ഉപദ്രവകാരിയോ ആയിരുന്നില്ല. തികച്ചും യാന്ത്രികമായി തോന്നി അയാളിലെ പെരുമാറ്റങ്ങൾ.

ഉറക്കം വരാത്ത എല്ലാ രാത്രികളിലും ഞാൻ അയാളുടെ ശബ്ദത്തിനു കാതോർക്കാറുണ്ടായിരുന്നു. രാത്രിയെ തെല്ലും ഭയമില്ലാതെ വഴിവിളക്കിന്റെ വെളിച്ചത്തിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും പാടിനടക്കും. വഴിയിൽ കിടക്കുന്ന ചീളുകല്ലുകൾ പെറുക്കി കട്ടിലിൽ എന്തൊക്കെയോ കുത്തിക്കോറിയിടും.

എന്തിനാവാം രാത്രിയിൽ ഇത്രയും ദൂരം വന്ന് അയാൾ ഈ ചായപ്പീടികക്കു മുൻപിൽ സ്ഥാനം പിടിക്കുന്നത്? എന്തിനാണ് അയാളുടെ രാത്രിയാത്രയെ വീട്ടുകാർ കണ്ടില്ലന്നുനടിക്കുന്നത്? അലിഗഞ്ജ് തെരുവ് വിട്ടയാൾ പോവില്ലന്ന് അവർക്കറിയാമായിരുന്നിരിക്കണം..

അന്നൊരു ഞായറാഴ്ച. ഉച്ചയൂണും കഴിഞ്ഞുമയങ്ങുന്ന സമയം. തെരുവിൽ ആളുകളുടെ കൂട്ടശബ്ദം. പതിവിലും കൂടുതൽ ആയിരുന്നു അത്. ജനാലതുറന്നപ്പോൾ ആളുകൾ കൂട്ടത്തോടെ ഓടുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയിൽ ഞാനും താഴോട്ടിറങ്ങി ചെന്നു. എന്നെ കണ്ടമാത്രയിൽ ബുക്സ്റ്റാളിൽ നിൽക്കുന്ന ആൾ എന്റെ അടുത്തേക്ക് ഓടിവന്നു. പേനവാങ്ങാൻ ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ പോകാറുള്ളതുകൊണ്ട് അയാൾക്കെന്നെ നന്നായി അറിയാം .

\”റോഡ് ബ്ലോക്ക് ആണ്, നിങ്ങൾ അങ്ങോട്ടേക്ക് പോകണ്ട.. തിരികേ പൊയ്ക്കോളൂ\” അയാളുടെ ശബ്ദത്തിനുകുറച്ചു കനകൂടുതൽ ഉണ്ടായിരുന്നു. എന്നിലെ ആകാംക്ഷ. അയാൾ എന്നെ ബുക്സ്റ്റാളിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടികൊണ്ടുപോയി.

ടെറസ്സിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. കുറച്ചു ദൂരെ മാറി വഴിയോട് ചേർന്നുള്ള ട്രാൻസ്‌ഫോർമറിൽ കത്തിക്കരിഞ്ഞ ഒരു മൃതശരീരം തൂങ്ങിയാടുന്നു. രൂപം കൊണ്ട് മാത്രം മനുഷ്യനാണെന്ന് തിരിച്ചറിയാം. അത്രക്കും വികൃതമായിരുന്നു ആ ശരീരം. ഒന്നുകൂടി നോക്കാനുള്ള ശക്തി എന്റെ കണ്ണുകൾക്കില്ലായിരുന്നു. ആരായിരിക്കും അത്? എന്തിനാണയാൾ? കുറേ ചോദ്യങ്ങൾ മനസ്സിൽ കുന്നുകൂടി. തിരികേ വന്ന്‌ കുഞ്ഞിനെ കെട്ടിപിടിച്ചു കുറേ നേരം കിടന്നു. എപ്പഴോ ഉറങ്ങിപോയി…

രണ്ടുദിവസങ്ങളായി അലിഗഞ്ചിന്റെ രാത്രികളെ ഉണർത്താൻ ഒരു ശബ്ദവും ഉണ്ടായില്ല. അപ്പോഴാണ് ഞാൻ അയാളെക്കുറിച്ചോർത്തത്. പിന്നീടെന്നും ഞാൻ അയാളുടെ ശബ്ദത്തിന് ചെവിയോർക്കാറുണ്ടായിരുന്നു. പല രാത്രികളിലും ജനാലതുറന്ന് ചായപ്പീടികയിലേക്ക് നോക്കാറുണ്ടായിരുന്നു. ആ കട്ടിൽ അവിടെ തന്നെ കിടപ്പുണ്ട്. പട്ടികളും പശുക്കളുമെല്ലാം അവരവരുടെ സ്ഥാനങ്ങളിൽ കിടന്നുറങ്ങുന്നുണ്ട്. അലിഗഞ്ചിന്റെ രാത്രികാല കാവൽക്കാരനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല.

മഞ്‌ജുഷ വൈശാഖ്

Avatar

Staff Reporter