20
October, 2017
Friday
01:53 AM
banner
banner
banner

റോജി റോയിയെ എല്ലാവരും മറന്നോ? ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആശ്വാസം പകരുന്ന ഒരു ഹൈക്കോടതി വിധി!

119

റോജി റോയിയെ ആരും മറന്നു കാണില്ല. അത്രയ്ക്കായിരുന്നു തിരുവനന്തപുരം കിംസ്‌ ആശുപത്രിയുടെ പത്താം നിലയിൽ നിന്നും ചാടി മരണപ്പെട്ട നഴ്സിംഗ്‌ വിദ്യാർത്ഥിനിക്ക്‌ വേണ്ടി കേരളം പോരാടിയത്‌. എന്നാൽ നാളുകൾ കഴിഞ്ഞതോടെ പലരും കേസിന്റെ കാര്യത്തിൽ നിന്നും കുടുംബത്തിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിൽ നിന്നും പിന്നോട്ടു പോയി. എന്നാൽ നല്ലില എന്ന ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ഇന്നും ബധിരരും മൂകരുമായ ആ രക്ഷിതാക്കൾക്കൊപ്പമാണ് ഉള്ളത്‌. ദിലീപ്ദാസ്‌ നല്ലില എന്ന പ്രവാസിയായ ചെറുപ്പക്കാരൻ തന്റെ ഫേസ്ബുക്ക്‌ കവർ ഫോട്ടോയായി അന്നുമുതൽ റോജി റോയിയുടെ നീതിക്കായി പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു ചിത്രമുണ്ട്‌. അദ്ദേഹം തന്നെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂലമായി വന്ന ഒരു തീരുമാനത്തെക്കുറിച്ച്‌ ഏവരെയും അറിയിച്ചത്‌. ദിലീപ്‌ ദാസ്‌ നല്ലിലയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം:

പ്രിയപ്പെട്ടവരെ.
എന്‍െറ ഫേസ്ബുക്ക് വാളിന്‍െറ കവര്‍ പേജില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരുന്നൊരു ചിത്രമുണ്ട്. കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്നും വീണുമരിച്ച പ്രിയപ്പെട്ട അനുജത്തിയുടെ കുടുംബത്തിന്‍െറ. അത് എന്‍െറ കുഞ്ഞനുജത്തിയുടെ നീതിക്കായുള്ള പോരാട്ടത്തിനുള്ള ഊര്‍ജത്തിനായി കാത്തു വച്ചിരിക്കുന്നു. മറന്നുവോ റോജിയെ.. മറക്കാനാവില്ലല്ലോ. അല്ലേ. നാമൊന്നാകെ അവള്‍ക്കായ് ഉയര്‍ത്തിയ കൈകളിലെ ദീപം കെടാതെ കാത്തുവച്ചേ തീരൂ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കോടതിയുടെ ഭാഗത്ത് നിന്നും ബധിരരും മൂകരുമായ റോജിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകരുന്നൊരു തീരുമാനം വന്നിരിക്കുന്നു. ( ചുവടെ ചേര്‍ക്കുന്നു.) മുമ്പത്തെ പോലെയല്ല. പണത്തിന്‍െറ ആധിപത്യത്തിനും മുകളിലിന്ന് കേരളത്തിലൊരു നിയമസംവിധാനമുണ്ടെന്നുള്ളത് ഇത്തിരിയൊന്നുമല്ല പ്രതീക്ഷ നല്‍കുന്നത്. കാത്തിരിക്കുന്നു.

റോജി റോയി കേസ്:
KIMS മെഡിക്കൽ കോളജിന്റെ പത്താം നിലയിൽ നിന്നും നഴ്സിംഗ് വിദ്യാർത്ഥിനി റോജി റോയി ചാടി മരിച്ചതുമായ സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജ്ജി തീർപ്പാക്കി കൊണ്ട് കേരള ഹൈകോടതി ഉത്തരവാക്കി. ബധിരരും മൂകരുമായ മാതാപിതാക്കൾ, തങ്ങളുടെ മകളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ മുഖ വിലക്കെടുക്കാതെ തള്ളിക്കളയുവാൻ ആകില്ലെന്ന് നിരീക്ഷിച്ച കോടതി, ഹർജിയിൽ അവർ ആരോപിച്ച കാര്യങ്ങൾക്ക് മറുപടി പറയുവാനുള്ള ബാധ്യത അന്വേഷണ സംഘത്തിനുണ്ട് എന്നും പറയുന്നു. വിധി വന്ന് മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച പുനരന്വേഷണം നടത്തി പരാതിക്കാർക്ക് അവർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾക്ക് വിശദീകരണം നൽകണമെന്നും അപ്രകാരം നൽകുന്ന വിശദീകരണത്തിൽ തൃപ്തരല്ലാത്ത പക്ഷം ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുവാനുള്ള ഈ ഹർജ്ജിക്കാരുടെ അവകാശം നില നിർത്തുന്നതായും ഹൈക്കോടതി ഉത്തരവ് ചെയ്തു.

പ്രസ്തുത സംഭവത്തിൽ പരാതിയുണ്ട് എന്ന് കാണിച്ച് അന്നേ തന്നെ പരാതി നൽകിയിരുന്നുവെങ്കിലും, നാളിതു വരേയായി ഒരു FIR പോലും രജിസ്ടർ ചെയ്തിട്ടില്ല. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് അടുത്തിടെയായി * ലളിതകുമാരി Vs. സ്റ്റേറ്റ് ഓഫ് യു.പി എന്ന കേസിൽ പുറപ്പെടുവിച്ച വിധിയ്ക്ക് തികച്ചും ലംഘനമാണ് പോലീസിന്റെ ഈ നടപടി. പ്രസ്തുത വിധിന്യായപ്രകാരം കോഗ്നസിബിൾ അയ ഒരു കുറ്റകൃത്യം നടന്നത് സംബന്ധിച്ച ഒരു പരാതി എവിടെ നിന്നും ലഭിച്ചാലും SHO ചാർജ്ജുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഒരു ക്രൈം രജിസ്റ്റർ ചെയ്ത് FIR ഇട്ടിരിക്കേണ്ടതും പ്രസ്തുത കർത്തവ്യം ചെയ്യുന്നതിന് യാതൊരു വിധ വിവേചന അധികാരവും ആ ഉദ്യോഗസ്ഥന് ഇല്ലാത്തതുമാണ്. ആദ്യം പോലീസ് പാടെ അവഗണിച്ച ഈ കേസ്, ഫേസ് ബുക്ക് അടക്കമുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളുടേയും കൂടിയുള്ള അതിശക്തമായ ഇടപെടലിനെ തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിന്റെ, 154ാം വകുപ്പ് പ്രകാരമുള്ള FIR, ഇട്ട് ഒരു ക്രൈം രജിസ്ടർ ചെയ്യാതെ തന്നെ അന്വേഷണം ആരംഭിച്ചു.

ആദ്യം കേസ് അന്വേഷിച്ച ACP ബൈജു, കടുത്ത മാനസിക പീഢനത്തിനെ തുടർന്നാണ് കുട്ടി ഇപ്രകാരം ഒരു പ്രവർത്തി ചെയ്തത് എന്ന് കണ്ടെത്തി എങ്കിലും പിന്നീട് അന്വേഷണം, നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. Dy.SP സുരേന്ദ്രൻ ഹൈകോടതി മുൻപേ സമർപ്പിച്ച റിപ്പോർട്ടിൽറോജിയുടെ മരണത്തിൽ അസ്വാഭാവികം ആയി ഒന്നുമില്ലെന്നും, അത് ആത്മഹത്യ മാത്രമാണെന്നും രേഖപ്പെടുത്തി. ഇരുവശത്തെയും വാദങ്ങൾ കേട്ട ഹൈകോടതി മേൽ കേസിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ദിലീപ്ദാസ്‌ നല്ലില

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *