20
October, 2017
Friday
01:51 AM
banner
banner
banner

സിനിമാരംഗത്ത് മാഫിയവാഴ്ചയാകുമ്പോൾ ചാനലുകൾ ചന്തപ്പറമ്പാകും സത്യേട്ടാ!

283

സന്ധ്യ കഴിഞ്ഞാൽ സ്വീകരണ മുറികൾ ചാനൽ ചർച്ചകളുടെ ചന്തപറമ്പാകുന്നു എന്നാണ്‌ സത്യൻ അന്തിക്കാട് പറയുന്നത്. മദമിളകിയ ചിലർ മലയാള സിനിമക്കെതിരെ ഉറഞ്ഞു തുള്ളുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ ആരോപണം. സാദാരണയായി ആനകൾക്കാണ്‌ മദമിളകുക അവ അക്രമകാരികളാകുകയും ചെയ്യും മദമിളകലിനു കൃത്യമായ കാരണവും ഉണ്ട്. ആനക്ക് ഉൾക്കോളുണ്ടാകും പിന്നെ മദനീരു വന്നു നിറഞ്ഞ് കന്നം പൊട്ടി ഒലിക്കും, പ്രകോപിതനാകുന്ന ആന അനുസരണക്കേടു കാണിക്കുകയും ചെയ്യും.

താരങ്ങളുടെയും സംവിധായകർ ഉൾപ്പെടെ ഉള്ള സെലിബ്രിറ്റികളുടെയും ചൊല്പടിക്കു നിന്ന് അവരെ പുകഴ്ത്തിക്കൊണ്ട് കഥകളും വാർത്തകളും അവർക്ക് പൊതു സമ്മതിയും വിപണി മൂല്യവും സൃഷ്ടിച്ചവരാണ്‌ മാധ്യമങ്ങൾ. തോട്ടിയും ചങ്ങലയും കൊണ്ടോ ഇഷ്ടപ്പെട്ട തീറ്റകൾ കൊണ്ടോ പാപ്പാന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന ആനയുടെ ഉള്ളിൽ ഒതുക്കിവച്ചിരുന്ന യാഥാർഥ്യ ങ്ങൾ ഉൾക്കൊളായി നിലനിന്നിരുന്നു,അതാണിപ്പോൾ പൊട്ടിയൊലിച്ചത്. തിളങ്ങുന്ന പട്ടുകൾ കൊണ്ട് മൂടി വച്ച സത്യങ്ങളുടെ നെഞ്ചിലേക്ക് മാധ്യമങ്ങൾ എന്ന ആന കൊമ്പ് കുലുക്കി ചിഹ്‌നം വിളിച്ചതാണ് സത്യൻ അന്തിക്കാടിനെയും സിദ്ദിഖിനെയും അടൂരിനേയും സക്കറിയയേയും എം.എൽ.എ മുകേഷിനേയും മാമുക്കോയയേയും അനിതാനായരെയും പോലെ ഉള്ളവരെ പ്രകോപിതരോ അസ്ഥരോ ആക്കുന്നതും. സ്തുതിഗീതങ്ങൾ പാടിയും ചമല്ക്കാരങ്ങൾ ചമച്ചും നടന്നിരുന്നപ്പോൾ ഇക്കൂട്ടർക്ക് മാധ്യമങ്ങളെ പറ്റി യാതൊരു പരാതിയും ഇക്കൂട്ടർക്കില്ലായിരുന്നു. ഗ്രാമീണ നന്മകൾക്കിടയിൽ സമരങ്ങളും അടിപിടികളും പരദൂഷണങ്ങളും പാരകളും കൊലപാതകങ്ങളും മോഷണങ്ങളും ഒളിച്ച്ചോട്ടങ്ങളും ഒളിഞ്ഞു നോട്ടങ്ങളും ഒക്കെ അന്തിക്കാടിന്റെ മണ്ണിലും നടന്നിട്ടുണ്ട് എന്നത് പോലെ തന്നെ മലയാള സിനിമയിലും നടക്കുന്നു. സൗകര്യപൂർവം മറച്ചു വച്ചതു കൊണ്ട് അതൊന്നും ഇല്ലാതാകുന്നില്ല .

മലയാള സിനിമയെ തകർക്കുവാൻ ശ്രമിക്കുന്നത് നിങ്ങൾക്കിടയിൽ ഉള്ളവരല്ലേ എന്ന് സ്വയം ഒന്ന് വിലയിരുത്തുക. സഹപ്രവർത്തകയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുവാൻ ശ്രമിക്കുക. നിലവാരം ഇല്ലാത്ത സിനിമയെടുക്കുന്നവരും താരങ്ങളെ വിലക്കിയും തീയേറ്ററുകളിൽ നിന്ന് ഒഴിവാക്കിയും ആളെയിറക്കി കൂക്കിവിളിച്ചുമെല്ലാം തകർക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ പ്രേക്ഷകരോ മാധ്യമങ്ങളോ അല്ല അത് അകത്തുള്ളവർ തന്നെയാണ്‌.

പഴയ കാലത്തെ സത്യൻ അന്തിക്കാട് ചിത്രങ്ങളും താങ്കൾ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളുടേയും നിലവാരം ഒന്ന് വിലയിരുത്തുക. ഇന്നും സന്ദേശവും നാടോടിക്കാറ്റും കാണാൻ മലയാളി തയ്യാറാകുന്നു എന്നാൽ എത്ര ബോറാണ്‌ താങ്കൾ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതുമായ ഇന്നത്തെ ചിന്താവിഷയം സ്നേഹവീട് പുതിയ തീരങ്ങളും ഉൾപ്പെടെ ഉള്ള ചിത്രങ്ങൾ? അതായത് നല്ല സിനിമ ചെയ്യാത്തവർ പ്രേക്ഷകനെ നിരാശപ്പെടുത്തി തീയേറ്ററിൽ നിന്നും അകറ്റി സിനിമയെ തകർക്കുവാൻ ശ്രമിക്കുന്നവരിൽ ഉൾപെടും.

ദിലീഷ് പോത്തന്റെയും മറ്റും ചിത്രങ്ങൾ പ്രേക്ഷകരാണ്‌ അതിനു താങ്കളെ പോലുള്ളവരുടെ പിന്തുണയില്ലെങ്കിലും അവർ സ്വീകരിക്കും പ്രചാരണവും നല്കും. കാരണം അവർ നല്ല സിനിമകളെയാണ്‌ ഇഷ്ടപ്പെടുന്നത് എന്നു കരുതി അവർ മാഫിയകൾ നടത്തുന്ന പ്രവർത്തനങ്ങൾ മൂടിവെക്കുകയോ ചർച്ചചെയ്യുന്നതിനെ എതിർക്കുകയോ ചെയ്യുവാൻ കൂട്ടു നില്ക്കണം എന്ന് ശഠിക്കരുത്. ഇനിയുള്ള കാലത്ത് ദിലീപും, മുകേഷും, അടൂരും, കമലും, സിബി മലയിലും, സത്യൻ അന്തിക്കാടും ഇല്ലെങ്കിലും നല്ല സിനിമകൾ ഉണ്ടാകും എന്ന് പ്രേക്ഷകനു പ്രതീക്ഷ നല്കുന്ന ഒരുപാട് പുതിയ ആളുകൾ വന്നു കൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ മദം പൊട്ടലിലേക്ക് എത്തിച്ചത് നിങ്ങളുൾപ്പെടുന്ന സിനിമാ ലോകത്തിന്റെ ജീർണ്ണതകളും സ്ത്രീവിരുദ്ധതതയും മാഫിയ സംസ്കാരവുമാണ്‌ സത്യേട്ടാ. സഹപ്രവർത്തകയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുവാൻ കൊട്ടേഷൻ കൊടുത്തു എന്ന വളരെ “ലളിതമായ” ഒറ്റു കുറ്റകൃത്യത്തിന്റെ പേരിലാണ്‌ അങ്ങയുടെ പ്രവർത്തന മണ്ഡലത്തിലെ ഒരു അതികായനായ ദിലീപിനെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സിനിമയിലെങ്ങും കേട്ടു കേൾവിയില്ലാത്ത ഈ ക്രൂര കൃത്യം നടന്നിട്ട് അങ്ങോ സംവിധായകൻ കമൽ ഉൾപ്പെടെ ഉള്ളവരോ പ്രതികരിച്ചുവോ? ഇല്ലല്ലൊ.

യാതൊരു തെളിവും ഇല്ലാതെ പിണറായി സർക്കാരിന്റെ പോലീസ് ദിലീപിനെ പോലെ ഒരു ഉന്നതനെ അറസ്റ്റ് ചെയ്യും എന്ന് അങ്ങ് കരുതുന്നുണ്ടോ? തീർച്ചയായും അറസ്റ്റിലേക്ക് നയിക്കുവാൻ ചില വ്യക്തമായ കാരണങ്ങൾ കാണും. ദിലീപ് താങ്കളുട്ൾപ്പെടുന്ന വരുടെ സഹപ്രവർത്തകനായിരിക്കാം സിനിമാ മേഖലയിൽ പലർക്കും വേണ്ടപ്പെട്ടവനുമായിരിക്കാം.

ഗോവിന്ദ ചാമിക്കും,അമീറുൾ ഇസ്ലാമിനും നല്കുന്ന അതേ പരിഗണന തന്നെയാണ്‌ ഈ കേസിൽ ഉൾപ്പെട്ട പ്രതികൾക്കും നല്കേണ്ടതുള്ളൂ എന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ മൂടിവെച്ച് സംരക്ഷിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കോ ജനങ്ങൾക്കൊ ഇല്ല.അവർ വാർത്തയാക്കും ചർച്ച ചെയ്യും ജങ്ങൾ കൂക്കിവിളിച്ചും മറ്റും പ്രതികരിക്കും കാരണം അവർക്ക് നിങ്ങളെ പോലെ ഒളിച്ചു കളിക്കേണ്ടതോ പ്രതികരിച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന നേട്ടങ്ങളെ പറ്റിയോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഫാസിസ്റ്റുകളും അവസരം തേടികളുമാണ്‌ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ ജനങ്ങളിൽ നിന്നും ഉയർഉന്ന പ്രതിഷേധങ്ങളെ ഭയക്കുന്നത്.

മലയാള സിനിമയെ സംരക്ഷിക്കുവാനായി കുറ്റകൃത്യങ്ങൾ വാർത്തയാക്കാതെയും ചർച്ചയാക്കാതെയും വെക്കണം എന്ന് പൊതിഞ്ഞു വച്ച് പറയുന്നതും ജനപ്രതിനിധിയായ മുകേഷ് മാധ്യമപ്രവർത്തകരോട് ആക്രോശിക്കുന്നതും തമ്മിൽ ആവശ്യപരമായി വലിയ അന്തരം ഒന്നും ഇല്ല. എം.പി.കൂടെയ അങ്ങയുടെ ഹൃദയത്തിന്റെ അയല്ക്കാരൻ കൂടെയായ ഇന്നസെന്റ് എം.പി. പറഞ്ഞ “മോശം നടിമാരാണെങ്കിൽ ചിലപ്പോൾ കിടക്കപങ്കിടേണ്ടിവരും എന്ന” വാക്കുകൾ മലയാള സിനിമയുടെ ഉള്ളിലെ ചില പ്രവണതകളെ പറ്റി കൂടെയല്ലെ വ്യക്തമാക്കുന്നത്.

മുഖത്തും മനസ്സിലും ചായം പൂശിയവരുടെ യദാർഥ മുഖം തുറന്നുകാട്ടുവാൻ മാധ്യമങ്ങൾ പറഞ്ഞും ചർച്ച ചെയ്തും കൊണ്ടേ ഇരിക്കണം. തങ്ങൾ മൂടിവച്ചും മുഖസ്തുതി പാടിയും ഉയർത്തിയത് കൊടും ക്രിമിനലുകളെയാണെന്ന ഞെട്ടലിൽ നിന്നു തന്നെയാകണം അവർ കുതറിമാറി ഇപ്പോൾ വിചാരണകൾ നടത്തുന്നത്. അതുവഴി ഇനിയും പൊയ്മുഖങ്ങൾ ചീന്തിയെറിയപ്പെടട്ടെ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *