21
October, 2017
Saturday
02:05 PM
banner
banner
banner

മണിയല്ല ഞാൻ മണിയാണു ഞാൻ: അതിശയകരമായ രൂപസാദൃശ്യം ഏകുന്ന അനുഭവങ്ങളുമായി രഞ്ജു ചാലക്കുടി

10111

അന്തരിച്ച നടൻ കലാഭവൻ മണിയുടെ പ്രതിഛായയു മായി ജീവിക്കുന്ന മിമിക്രികലാകാരൻ രഞ്ജു ചാലക്കുടി അതിശയകരമായ ആ സാദൃശ്യം തനിക്കേകുന്ന അനു ഭവങ്ങളെപ്പറ്റി തുറന്നു പറയുന്നു. 

ഒരാളെപ്പോലെ അയാളുടെ ഛായയുള്ള ഒമ്പതുപേർ ഈ ഭുമുഖത്തിന്റെ എവി ടെങ്കിലുമൊക്കെയുണ്ടാകും എന്നൊരു ചൊല്ല്‌ കേൾക്കാനുണ്ട്‌. പക്ഷേ ആ സാദൃശ്യം കേവലമൊരു കാഴ്ച്ചയിൽ തീരുന്നതാണ്‌. എന്നാൽ മരിച്ചു പോയൊരാൾ തിരിച്ചു വന്നാലെന്ന പോലുള്ള സാദൃശ്യവുമായി ഒരാളെ നമ്മൾക്കു കാണാൻ കഴിഞ്ഞാലോ? രൂപവും ഭാവവും നടത്തവും ശബ്ദവും ചിരിയും മുടിയും നിറവും അങ്ങനെയെല്ലാം അതേപടി കാണാനായാലോ?

രഞ്ജു ചാലക്കുടി എന്ന ഹാസ്യകലാകാരൻ സ്റ്റേജിൽ മിമിക്രി കാട്ടുമ്പോൾ, നാടൻ പാട്ടുകൾ പാടുമ്പോൾ ദേ.. കലാഭവൻ മണി.. എന്ന്‌ സദസ്സ്‌ ഒന്നടങ്കം അത്ഭുതത്തോടെ വിളിച്ചു പറഞ്ഞു പോകുന്നു. മണി മരിച്ചു പോയെന്നു വിശ്വസിക്കാൻ തന്നെ പ്രയാസപ്പെടുന്നത്ര അല്ലെങ്കിൽ മണി പുനർജ്ജനിച്ചുവോയെന്ന്‌ വിസ്മയത്തോടെ നോക്കി നിന്ന്‌ പോകുന്ന സാമ്യമാണ്‌ രഞ്ജു ചാലക്കുടിയുടേത്‌. കലാഭവൻ മണിയുടെ മരണാനന്തരം ‘ഒരപരജീവിതം’ ചാർത്തിക്കിട്ടുന്നതിന്റെ ആഘാതവും ആനന്ദവും ഒരേസമയം അനുഭവിക്കുകയാണ്‌ രഞ്ജിത്‌ എന്ന രഞ്ജു ചാലക്കുടി. ദുബായിൽ സ്റ്റേജ്‌ പ്രോഗ്രാമിനെത്തിയ രഞ്ജിത്തുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

കലാഭവൻ മണിയുമായുള്ള ഈ സാദൃശ്യം അതിശയകരമാണ്‌. താങ്കൾ ഇതിനെ എങ്ങനെ കാണുന്നു?
ഒരൊറ്റ വാക്കിലോ ഒരു നൂറായിരം വാക്കിലോ മറുപടി പറയാൻ പറ്റാത്ത കാര്യമാണിത്‌. ഇതേപ്പറ്റി എന്തു പറയണം, എങ്ങനെ പറയണം എന്നെനിക്കറിയില്ല. എല്ലാം കൊണ്ടും മണിച്ചേട്ടനെ പറിച്ചു വെച്ച പോലുണ്ട്‌ രഞ്ജിത്‌ എന്ന്‌ എല്ലാവരും പറയുമ്പോൾ ആ അതിശയത്തിൽ പങ്കു ചേരുവാനേ എനിക്കും കഴിയൂ.

കലാഭവൻ മണി മരിച്ച ശേഷമാണോ ജനങ്ങൾ ഇത്രമേൽ ഇത്‌ തിരിച്ചറിയാൻ തുടങ്ങിയത്‌?
കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതും മാധ്യമ ശ്രദ്ധ കിട്ടിയതുമൊക്കെ അങ്ങനൊരു സമയത്താണ്‌. പക്ഷേ കഴിഞ്ഞ ആറു വർഷമായി മിമിക്രിയും നാടൻപാട്ടുമൊക്കെയായി ഞാൻ ഈ രംഗത്തുണ്ട്‌. നാടൻപാട്ടു പാടുമ്പോൾ എടാ.. നിന്റെ ശബ്ദം മണിയുടേതു പോലെയുണ്ട്‌, നിന്റെ ചിരിയും അങ്ങനെ തന്നുണ്ട്‌ എന്നൊക്കെ കൂട്ടുകാർ പറയുമായിരുന്നു. മണിച്ചേട്ടനെ അനുകരിച്ചുകൊണ്ടുള്ള പ്രോഗ്രാമുകൾ ചെയ്യാൻ ശബ്ദത്തിന്റെ ഈ സാമ്യം കൊണ്ട്‌ ഞാൻ നിർബന്ധിക്കപ്പെട്ടു. അത്തരം പരിപാടികളൊക്കെ ആളുകൾ നന്നായി ആസ്വദിച്ചതോടെ ചാനലുകളിലും അത്തരം പ്രോഗ്രാമുകൾ ചെയ്യാൻ ക്ഷണമായി. രണ്ടുമൂന്നു വർഷം മുമ്പുവരെ രൂപത്തിൽ ഞങ്ങൾ തമ്മിൽ വലിയ സാദൃശ്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ കുറച്ചു തടിച്ചതോടെയാണ്‌ അതുണ്ടായത്‌. അതോടെ മണിച്ചേട്ടനെ അനുകരിച്ചു കൊണ്ടുള്ള പ്രോഗ്രാമുകൾക്കു മാത്രമല്ല കാഴ്ച്ചയിലും കൈയടികൾ കിട്ടാൻ തുടങ്ങി.

ഇതേപ്പറ്റിയൊക്കെ കലാഭവൻ മണിയുടെ പ്രതികരണം എന്തായിരുന്നു?
മണിച്ചേട്ടൻ ആൾ വളരെ രസികനാണല്ലോ. എന്നോട്‌ ഒരിക്കൽ ചോദിച്ചു ‘എന്റെ അച്ഛൻ നിന്റെ വീടിന്റെ അടുത്തു കൂടിയെങ്ങാനും പോയിട്ടുണ്ടോ’യെന്ന്‌. എന്നിട്ട്‌ ആ ട്രേഡ്‌ മാർക്ക്‌ ചിരിയും പാസാക്കി. എന്നിട്ട്‌ ഒരു സ്വകാര്യം പോലെ ഇതുകൂടി പറഞ്ഞു. ‘എന്റെ ശബ്ദം കൊണ്ട്‌ നിനക്ക്‌ ജീവിക്കാൻപറ്റുന്നത്ര കാലം നീ ജീവിച്ചോ, എനിക്ക്‌ സന്തോഷമേയുള്ളൂ. സത്യത്തിൽ “ഞാനും എന്റെ കുടുംബവും ജീവിത പ്രാരാബ്ധങ്ങളൊക്കെ മാറ്റിയതും ഒരു വീട്‌ വെച്ചതുമൊക്കെ മണിച്ചേട്ടന്റെ ശബ്ദവും പ്രകൃതവുമൊക്കെ ലഭിച്ചതിന്റെ പേരിലാണ്‌. മണിച്ചേട്ടനെപ്പോലെ ഒരുപാട്‌ കഷ്ടപ്പെട്ടാണ്‌ ഞാനും ജീവിതം ഉന്തിനീക്കിയത്‌. ഒരേ നാട്ടുകാരായ (ചാലക്കുടി) ഞങ്ങൾക്ക്‌ മുൻകാല ജീവിതം ഏതാണ്ട്‌ ഒരുപോലൊക്കെത്തന്നെയായിരുന്നു.” എല്ലാം ഒരു വിധിയെന്നേ പറയേണ്ടൂ. അകാലത്തിൽ പരോപകാര പ്രിയനായ കലാകാരൻ മരിച്ചു. അത്‌ എന്റെ തീരാ ദുഖമാണ്‌. ഞങ്ങൾ ഒന്നിച്ച്‌ ഒരേ സ്റ്റേജിൽ ചെയ്ത പ്രോഗ്രാമുകളാണ്‌ എന്റെ സമ്പാദ്യം. ഞാൻ സ്റ്റേജിൽ പ്രോഗ്രാമിനു നിൽക്കുമ്പോഴൊക്കെ ആ അദൃശ്യ സാന്നിദ്ധ്യം അറിയുന്നുണ്ട്‌.

മണിയുടെ മരണശേഷം പ്രോഗ്രാം ചെയ്യാൻ വിളിക്കപ്പെടുന്നതൊക്കെ മണിയ്ക്കു പകരമായിട്ടാണെന്നു വരുന്നത്‌ ഒരു ഐഡന്റിറ്റി പ്രശ്നം ഉണ്ടാക്കുന്നില്ലേ? രഞ്ജിത്‌ എന്ന കലാകാരൻ ഇല്ലാതാകുകയും മണി ആവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു, ആ പ്രശ്നത്തെ ഒരു പ്രതിസന്ധിയായിട്ടാണൊ സാധ്യതയായിട്ടാണോ കാണുന്നത്‌?
അങ്ങനെയൊരു സ്വയം വിമർശ്ശനത്തിന്റെയും വിശകലനത്തിന്റേയുമൊക്കെ ആവശ്യമുണ്ടോ? ഇല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. പ്രോഗ്രാമിന്‌ വിളിക്കുന്നു, ഞാൻ പോയി ചെയ്യുന്നു, ആളുകൾ അത്‌ ആസ്വദിക്കുന്നു. ഈ ഒരു ഒഴുക്കിലാണ്‌ ഞാനിപ്പോൾ. അതിനപ്പുറം ഒരു ഐഡന്റിറ്റി പ്രശ്നത്തിൽ മനസ്സ്‌ ചെന്നുപെടേണ്ടതില്ല. കലാഭവൻ മണിയുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളുണ്ടിവിടെ. അവർക്ക്‌ എന്റെ പ്രോഗ്രാം കാണുന്നത്‌ വലിയൊരു ആശ്വാസമാണെന്നാണ്‌ എന്നെ ക്ഷണിക്കുന്ന സംഘാടകരെല്ലാം പറയുന്നത്‌. സദസ്സിന്റെ പ്രതികരണം അതിനെ ശരിവയ്ക്കുന്ന തരത്തിലാണു കാണുന്നത്‌.

സിനിമയിൽ അഭിനയിക്കാൻ ക്ഷണം വന്നിട്ടുണ്ടോ?
തമിഴ്‌ സിനിമയിൽ നിന്ന്‌ വിളി വന്നിട്ടുണ്ട്‌. ഒന്നും തീരുമാനിച്ചിട്ടില്ല.

എന്താവാം മലയാളത്തിൽ നിന്ന്‌ ഇനിയും ക്ഷണം ഉണ്ടാവാതെ പോകുന്നത്‌?
(ഒരുവേള ആലോചിച്ച്‌), മുമ്പു പറഞ്ഞ ഐഡന്റിറ്റി പ്രശ്നം ഒരു കാരണമാവാം. എന്തായാലും സിനിമയിൽ എനിക്കൊരു മണിച്ചേട്ടനാവാൻ കഴിയില്ല. അങ്ങനെ ആവാതിരിക്കുകയാണ്‌ നല്ലത്‌. രഞ്ജിത്‌ എന്ന നടനായി സിനിമയിൽ വരാനായാൽ, അങ്ങനെ ഒരു ഓഫർ ഉണ്ടായാൽ സന്തോഷം.

എൻ എം നവാസ്‌, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *