21
October, 2017
Saturday
02:15 PM
banner
banner
banner

ഫെബ്രുവരി 13, ലോക റേഡിയോദിനം

1474

ശ്രവ്യതയിലൂടെ മാനവചരിത്രത്തിന്‌ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ചുകൊണ്ടാണ്‌ റേഡിയോ എന്ന ശക്തമായ മാധ്യമം ജനമനസുകളിൽ സ്ഥാനം നേടിയത്‌. ദീർഘമായൊരു കാലഘട്ടം പ്രേക്ഷക മനസുകളിൽ പടർന്ന്‌ പന്തലിക്കാൻ റേഡിയോയ്ക്ക്‌ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ്‌ യാഥാർഥ്യം. ലോകമെമ്പാടുമുള്ള റേഡിയോ പ്രേക്ഷകർ തങ്ങളുടെ ഹൃദയമിടിപ്പിന്റെ താളത്തിനൊപ്പം റേഡിയോയേയും മാറ്റിവയ്ക്കാതെ കൊണ്ടുപോകുന്നത്‌ മാധ്യമധർമം എന്ത്‌, എങ്ങനെയെന്ന്‌ ഓരോ ദിനവും പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഒട്ടും പിന്നോട്ട്‌ പോകാത്തതുകൊണ്ടുമാകാം.

ഇന്ത്യയിൽ 1927 ലാണ്‌ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്‌. അന്ന്‌ കൽക്കത്തയിൽ നിന്നും ബോംബെയിൽ നിന്നുമായിരുന്നു. ആദ്യകാലം ഇന്ത്യാ സംരക്ഷണനിലയമെന്നും 1936 ൽ അഖിലന്ത്യാ റേഡിയോ എന്ന നാമം സ്ഥിരീകരിച്ചു. എന്നാൽ 1957 ൽ ഔദ്യോഗികമായി ആകാശവാണി എന്ന പേര്‌ പിറവികൊണ്ടു. ഇന്ത്യയിൽ ആദ്യത്തെ റേഡിയോ നിലയം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണുണ്ടായത്‌. ഭാരത ജനതയിൽ 99.37 ശതമാനം പേർക്കും ആകാശവാണി ലഭ്യമാകുന്നുവെന്നതാണ്‌ വസ്തുത.
നഗരത്തിലെ അഴുക്കുചാലിൽ കൂത്താടികൾ പെരുകുന്നതുപോലെ ചാനലുകൾ പിറവിയെടുക്കുമ്പോഴും റേറ്റിങ്‌ കൂട്ടാൻ ഏതറ്റംവരെയും പോകുന്ന പാപ്പരസി മാധ്യമ പ്രവർത്തനം കുലംകുത്തിവാഴുമ്പോഴും സത്യം സത്യമായിത്തന്നെ ശ്രോതാക്കളിലെത്തിക്കുന്നതുകൊണ്ടാകാം ഇപ്പോഴും ആകാശവാണിയെ ജനങ്ങൾ ഹൃദയപക്ഷ സ്ഥാനം നൽകിയിരിക്കുന്നത്‌.

കേരളക്കരയ്ക്ക്‌ ആകാശവാണി ഒരു അഭിവാന്ദ്യഘടകമായിത്തന്നെ മാറിയിരിക്കുന്നു. പഠിച്ചവനോ, പഠിക്കാത്തവനെന്നോ? പണക്കാരനോ, പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാതരത്തിൽപ്പെട്ടവരും ആകാശവാണി ശ്രോതാവാണെന്ന്‌ എടുത്തു പറയേണ്ട സവിശേഷതയാണ്‌. മുപ്പത്‌ വർഷത്തോളം പിന്നിട്ട യുവവാണിയും സന്ധ്യമയങ്ങും നേരത്ത്‌ സായാഹ്നക്കാറ്റിനൊപ്പം ചെവികളിലെത്തുന്ന മലയാളത്തനിമയുടെ സന്ദേശം വിളിച്ചോതുന്ന വയലും വീടുമൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരിപാടികളാണ്‌.

കർഷകനെയും അധ്വാനിക്കുന്ന ജനസമൂഹത്തിനെയും വാർത്തെടുക്കാൻ ഉതകുന്ന ഗുണപാഠങ്ങളെ ഉൽക്കൊള്ളിച്ചുകൊണ്ടുള്ള എത്രയെത്ര പരിപാടികളാണ്‌ ആകാശവാണി സംഭാവന ചെയ്യുന്നത്‌. 1988 ജൂലൈ 17-ാ‍ം തീയതി എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ സിഗ്നേച്ചർ ടൂണോടെ പിറവികൊണ്ട പ്രഭാതഭേരി പ്രായഭേദമെന്യേ നെഞ്ചിലേറ്റിയ പരിപാടിയാണ്‌. വില്ല്യം വേഴ്സ്‌വർത്തിന്റെ കവിതകൾ പോലെ കുറഞ്ഞ വാക്കുകളിൽ, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന എക്കാലത്തേയും ജനപ്രിയ പരിപാടിയാണ്‌. തൊഴിലിന്റെ വർണനകളും മഹത്വവും വിളിച്ചോതുന്ന തൊഴിലാളി മണ്ഡലം, ശാസ്ത്രലോക വാർത്തകൾ, കൗതുകവാർത്തകൾ, വൃന്ദവാദ്യം, കർണാടകസംഗീതപാഠം, ലളിതസംഗീതപാഠം തുടങ്ങി ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, മലയാളിമനസിൽ നിന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്ന നാടകം, റേഡിയോ നാടകോത്സവങ്ങൾ വരെ ജനങ്ങളിലെത്തിക്കാൻ ആകാശവാണിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകർക്ക്‌ എന്താണോ ആവശ്യം അത്‌ നൽകാൻ ഈ പ്രക്ഷേപണനിലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

സൂര്യന്റെ സ്ഥാനംനോക്കി സമയം പറഞ്ഞിരുന്നകാലം മാറിയിട്ട്‌ ആകാശവാണിയിലൂടെയെത്തുന്ന പരിപാടി കേട്ടിട്ട്‌ കൃത്യസമയം പറയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞത്‌ പരിപാടികൾക്ക്‌ ജനങ്ങൾ നൽകുന്ന സ്വീകാര്യതയും അതിന്റെ അംഗീകാരവുമായിട്ടേ കാണാൻ കഴിയൂ. ഒരു കോഴിക്കോട്‌ യാത്രയിൽ റയിൽവേസ്റ്റേഷൻ പരിസരത്ത്‌ പൊട്ടിയ ഭാഗങ്ങളിൽ റബർബാൻഡുകൾ വലിച്ചിട്ട്‌ ഒരു പഴകിയ റേഡിയോ ചെവിയോട്‌ ചേർത്ത്‌ വച്ച്‌ സശ്രദ്ധം ശ്രവിക്കുന്ന യാചകന്റെ രൂപം മങ്ങാത്ത കാഴ്ചയുടെ പട്ടികയിൽപ്പെടുന്നവയാണെങ്കിലും ആകാശവാണി ശ്രോതാവിന്റെ പട്ടികയിൽ എത്ര ഉന്നതങ്ങളിലായിരിക്കും സ്ഥാനം. ഈ ദിനത്തിലും ഇനിയുള്ള കാലഘട്ടത്തിലും ഈ പിന്തുണയോടെ മുന്നേറാൻ ആകാശവാണിക്ക്‌ കഴിയട്ടെ.

ഋഷി ആർ, janayugom

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *