21
October, 2017
Saturday
11:33 PM
banner
banner
banner

ഇത്‌ വായിച്ച ശേഷം സ്വപ്നത്തിൽ പോലും നിങ്ങൾ ആത്മഹത്യയെകുറിച്ച്‌ ചിന്തിക്കില്ല

7573

അമ്മേ! ശരീരമാകെ അസഹ്യമായ വേദന!! കണ്ണൊന്നു തുറക്കാൻ വെറുതെയൊരു പാഴ്ശ്രമം നടത്തി. പാതി തുറന്നു…

ആരൊക്കെയോ ചുറ്റും ഓടുന്നുണ്ട്. ഏതോ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ്.. ആരെക്കെയോ കൂടി ഇവിടെ എത്തിച്ചിരിക്കുന്നു. മരിച്ചില്ല അല്ലെ!!! ഇനിയും തന്നിൽ ജീവൻ ബാക്കിയുണ്ട് എന്നറിഞ്ഞപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നി.

അപ്പൻ വാഴക്കടിക്കാൻ കൊണ്ടുവന്ന ഫുരുഡാൻ കുറച്ചുകൂടി കഴിക്കെണ്ടതായിരുന്നു. അതെങ്ങിനെ? എന്തൊരു നാറ്റമാണ് അതിന്. അത്രയും കഴിച്ചതുതന്നെ വളരെയധികം പാടുപെട്ടാണ്… അതെ!! അവസാനിപ്പിക്കാൻ വേണ്ടി തന്നെയായിരുന്നു… അടിവയറ്റിൽ ഒരു ജീവന്റെ തുടിപ്പ് വളരുന്നുണ്ടെന്നറിഞ്ഞപ്പോ!!!

എത്രയൊക്കെ കഥകളും സംഭവങ്ങളും ചുറ്റും നടന്നാലും പെണ്ണ് എന്നും ഒരു മണ്ടി തന്നെ !

താൻ സ്നേഹിക്കുന്ന പുരുഷൻ തന്നെ ഒരിക്കലും വഞ്ചിക്കില്ല എന്ന വിശ്വാസസത്യത്തിൽ അടിയുറച്ചു ജീവിക്കും…. അവസാനം സ്വന്തമായുള്ളതെല്ലാം അടിയറവും വക്കും ആ കാൽകീഴിൽ!!

പിന്നീട് വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് തിരിഞ്ഞു നോക്കുക! അപ്പോളേക്കും തിരിച്ചു കയറാൻ പറ്റാത്ത വിധം പടുകുഴിയിൽ വീണു പോയിട്ടുണ്ടാകും…..

സിസ്റ്റർ…. വേഗം വയറു കഴുകാൻ തുടങ്ങൂ..
ആരോ പറയുന്നു.. ആ സ്റ്റെതെസ്കോപ് ഇട്ട ഡോക്ടർ ആണെന്ന് തോന്നുന്നു…
അതാ! മണിഏട്ടന്റെ റേഷൻ കടയിൽ മണ്ണെണ്ണ അളക്കാൻ വച്ചിരിക്കുന്ന ഫണല് പോലത്തെ സാധനവും അത്ര തന്നെ വീതിയുമുള്ള ഒരു പൈപ്പും കൊണ്ട് സിസ്റ്റർ എന്റെ അടുത്തേക്ക് വരുന്നു! രണ്ടു ലിറ്ററിന്റെ ഒരു ജഗ്ഗുമുണ്ട് കൈയ്യിൽ!

കടത്തി അത് എന്റെ മൂക്കിലൂടെ! ഒന്നും തുമ്മാൻ പോലും ഭയപ്പെട്ടിരുന്ന എന്റെ മൂക്കിൽകൂടി!

അത് കയറ്റിയപ്പോളുള്ള വേദന എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ!

വിഴുങ്ങടി ! വിഴുങ്ങടി !

ഓക്കാനിച്ചു രണ്ടു വട്ടം. ഇട്ടതു ശരിയായില്ല !
കണ്ണ് മിഴിഞ്ഞു വന്നു.. ശ്വാസം കിട്ടുന്നില്ല. ശ്വാസ കോശത്തിലോട്ടാണ് പോയതെന്ന് തോന്നുന്നു. വലിച്ചൂരി! വീണ്ടുമിട്ടു…..
അതേ വേദന ! ഇത്തവണ വയറ്റിലോട്ടു പോയ് !

അതാ ആ ജഗ്ഗിലെ വെള്ളം ട്യൂബിലുടെ ഒഴിച്ച് എന്റെ വയർ കഴുകുന്നു.

ഈശ്വരാ. ഇതിനുമാത്രം എന്ത് പാപം ഞാൻ ചെയ്തു ? കഴിച്ച മാത്രയിൽ എന്നെ അങ്ങോട്ട്‌ കൊണ്ടുപോകാമായിരുന്നില്ലെ?

അതെങ്ങിനാണ് അനുഭവിക്കണം താൻ!

നൊന്തുപെറ്റ അമ്മയുടെയും അപ്പന്റെയും ഏക പ്രതീക്ഷ ആയിരുന്നു താൻ. ഉയർന്ന മാർക്കോടുകൂടി പത്താം തരം പാസയപ്പോ ഡോക്ടർ ആകണമെന്ന അവരുടെ മോഹത്തെയാണ് ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി താൻ തല്ലിത്തകർത്തു കളഞ്ഞത്!

സിസ്റ്റർ ഓക്സിജൻ കുറയുന്നു. വേഗം വെന്റിലേറ്ററിനുള്ളതെല്ലാം റെഡിയാക്ക്!

അതാ കത്തി പോലുള്ള എന്തോ ഒന്ന് എന്റെ നാവിലൊട്ട് കുത്തികയറ്റുന്നു. അത് നാവിനെ താഴോട്ടു തള്ളി. അമ്മേ!! ശബ്ദം പുറത്തുവന്നില്ല താഴത്തെ രണ്ടു പല്ലിളകി. ഒരു ട്യൂബ് കൂടെ വായിലും കയറ്റി. നേരെ ഐ സീ യു ലൊട്ട്.
ഇടക്കെപ്പോളോ അമ്മ കയറി വന്നു എന്നെ നോക്കി പൊട്ടികരഞ്ഞുകൊണ്ട് പുറത്തേക്കോടി.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

ഡോക്ടർ… ബി പി കുറയുന്നു. ഇ സീ ജി വേരിയെഷൻ ഉണ്ട് കാർഡിയാക് കംപ്റഷൻ കൊടുക്കൂ.

ആരോ നെഞ്ചിൽ ചാടികയറി ഇടിക്കാൻ തുടങ്ങി. അമ്മേ!!!! കൂടം കൊണ്ടടിക്കുന്ന വേദന.. ഇടിയുടെ ആഘാതത്തിൽ രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞിരിക്കുന്നു ഹൃദയത്തിന്ടെ അവസാന ഇടിപ്പും മോണിട്ടറിലൂടെ കടന്നു പൊയ്.

ആശ്വാസായി ഇനി ഈ നരകയാതന അനുഭവിക്കണ്ടല്ലോ എന്നാൽ യഥാർത്ഥ നരകം എന്തെന്ന് ഞാൻ അനുഭവിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ.

ഞാനീ ലോകത്തിൽ ഇല്ല എന്ന സത്യം ഉൾക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടികൊണ്ട് നിന്ന എന്റെ അപ്പനോട് ഡോക്ടർ: പോസ്റ്റ്മാർട്ടം ചെയ്യണം. ക്രിമിനൽ കേസ് ആണ് മെഡിക്കൽ കോളേജ് ലൊട്ട് കൊണ്ടക്കോ.

ഞാനിപ്പോ പോസ്റ്റ്മാർട്ടം ടേബിളിലണ് കിടക്കുന്നത്.
നിങ്ങളെപോലെ തന്നെയാണ് ഞാനും വിചാരിച്ചിരുന്നത് ഒരു പൂവിനുള്ളിലെ തേൻ പൂമ്പാറ്റ നുകരുന്ന ലാഘവത്തോടെയാണ് പോസ്റ്റ്മാർട്ടം എന്ന്! ഡോക്ടർ കത്തി പുറത്തെടുക്കുന്നു പതുക്കെ ശരീരത്തിൽ മുറിവുണ്ടാക്കുന്നു.
ഒരിക്കലുമല്ല… (ഒരു പോസ്റ്റ്മാർട്ടം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ ആത്മഹത്യയെകുറിച്ച്‌ ചിന്തിക്കില്ല…..)

അറവുശാലയിലെ നാല്കാലികളുടെ മാംസം എങ്ങിനെ കീറിപൊളിക്കുന്നുവോ അതിലും മോശമായ രീതിയാണത്…..

അതാ ! ഒരു ജോലിക്കാരൻ! അവന്റെ കയ്യിൽ ഒരു ചുറ്റികയും ഉളിയും!

എന്തിനാണെന്നോ എന്റെ തലച്ചോറിനെ വെട്ടിപൊളിച്ചു പുറത്തെടുക്കാൻ തേങ്ങ പൊതിക്കുന്ന പോലെ പൊളിച്ചെടുത്തു അവൻ !

അടുത്തത് എന്റെ നെഞ്ചും ഉടലുമാണ്‌ ലക്ഷ്യം..

കവലയിൽകൂടി നടന്നുപോകുമ്പോൾ ഒളികണ്ണിട്ടെറിഞ്ഞ കമന്റുകൾ കേട്ട് നാണിച്ചോടിയിട്ടുണ്ട് ഞാൻ… എന്തൊരു ഉടലാണളിയാ കടഞ്ഞെടുത്തപോലെ !!!!

ആ ഉടലാണിന്നിപ്പോ ഹിരണ്യ കശിപുവിന്റെ ഉദരം നരസിംഹം പിളർന്നിട്ടപോലെ പിളർന്നിട്ടിരിക്കുന്നത്.

എല്ലാം റെഡിയായിട്ടുണ്ട് ഡോക്ടർ!!!! എടുത്തോ.
അപ്പോൾ മാത്രമാണ് ഞാൻ കണ്ടത് ആ ഡോക്ടറെ ! എന്റെ ആന്തരികവയവ്ങ്ങളുടെ സാമ്പിൾ ശേഖരിക്കുക മാത്രമായിരുന്നു അയാളുടെ ജോലി!

എല്ലാം കഴിഞ്ഞു എന്റെ വയർ തുന്നികെട്ടാനാരംഭിച്ചു…
എവിടെ !!! എവിടെ!!! എന്റെ തലച്ചോറ് ഞാൻ ചുറ്റും പരതി…. അതാ ആ ദുഷ്ട്ടന്മാർ അതും വയറ്റിലാക്കി തുന്നികെട്ടിയിരിക്കുന്നു.

തലയിൽ ഒരു പഴയ തുണി കുത്തികേറ്റി തിരിച്ച് തുന്നി. ജീവന്റെ അംശം അടർന്നുപോയാൽ ശവം ശവം തന്നെയായിരിക്കും.

സുഹൃത്തുക്കളെ.. ഞാനിത്രയും നേരം ഇവിടെ നിന്നത്‌ ഇനിയെങ്കിലും സ്വയം ഇല്ലാതാകുന്നതിനുമുന്പ് ഒരു നിമിഷം ചിന്തിക്കൂ!

നമുക്ക് ദാനമായി കിട്ടിയത്‌ ഉപേക്ഷിക്കുവാൻ നമുക്ക് ഒരവകാശവുമില്ല. യാതനകളില്ലാത്ത ഒരു നന്മരണം! അതിനായ്‌ പ്രാർത്ഥിച്ചു കർമ്മഫലങ്ങൾകൊണ്ടൊരുങ്ങൂ..

പോട്ടെ ! ആത്മാക്കളുടെ ലോകത്തേക്ക്! അവിടേയും ഇതിലും വലിയ അനുഭവങ്ങളായിരിക്കുമോ എന്നെ കാത്തിരിക്കുന്നത്‌? അറിയില്ല.

സജന ജോസഫ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *