21
October, 2017
Saturday
01:56 PM
banner
banner
banner

നിയുക്ത മുഖ്യമന്ത്രിക്ക്‌ സ്ത്രീകളുടെ ഫെയ്സ്ബുക്ക്‌ കൂട്ടായ്മയായ ‘ഫ്രം ദ ഗ്രാനൈറ്റ്‌ ടോ‍പ്പിന്റെ’ ഒരു തുറന്ന കത്ത്‌

3242

നിയുക്ത മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

തിളക്കമാര്‍ന്ന വിജയം നേടി ഭരണത്തിലേക്ക് കയറുന്ന അങ്ങേക്കും അങ്ങയുടെ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ തുറന്ന കത്തിലൂടെ ഞങ്ങളുടെ ശ്രമം.

സ്ത്രീകളുടെ ജീവിതപശ്ചാത്തലവും സുരക്ഷയും അടിസ്ഥാനാവശ്യങ്ങളും ഇപ്പോഴും കടുത്ത പ്രതിസന്ധിയില്‍ തന്നെയാണ്.. ഓരോ സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ഞങ്ങള്‍ക്ക് കുറച്ചു വാഗ്ദാനങ്ങളും പ്രശ്നപ്രരിഹാരത്തിനായുള്ള കുറച്ചു നിര്‍ദ്ദേശങ്ങളും മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ കാലങ്ങളായി ഉന്നയിക്കുന്ന ചെറിയ ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ല. പ്രശ്നപരിഹാരവും ഉണ്ടാവുന്നില്ല.

ഓരോ വര്‍ഷവും 1000 ലധികം സ്ത്രീപീഡന-ബലാല്‍സംഘകേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഈയടുത്ത ദിവസം ഞങ്ങളിലൊരാളായ ജിഷ കൊലചെയ്യപ്പെട്ടപ്പോഴും പ്രതിയെ പിടിക്കാനുള്ള സത്യസന്ധമായ ഒരു ശ്രമം പൊലീസിന്‍െറ ഭാഗത്തു നിന്നുണ്ടായില്ല. കൂടാതെ പ്രതിയെ കണ്ടത്തൊനുതകുന്ന പ്രാഥമികതെളിവുകള്‍ പൊലീസും ഭരണകൂടവും ചേര്‍ന്ന് നശിപ്പിച്ചയായും കണ്ടു.

അതത്തേുടര്‍ന്ന് ഞങ്ങള്‍ ഇതിന്‍െറ പരിഹാരം എന്തെന്ന് ചര്‍ച്ച ചെയ്തു.

ഗോവിന്ദച്ചാമി ജയിലില്‍ സുഖമായി കഴിയുന്നുവെന്നും ഡെല്‍ഹി റേപ്പ് കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് കുറ്റത്തിനനുസരിച്ച ശിക്ഷ കിട്ടിയില്ലെന്നും ചര്‍ച്ചയില്‍ പലരും പരാതിപ്പെട്ടു. കൂടാതെ റേപ്പ് കേസുകളില്‍ പ്രതികളെ പിടിക്കുന്നതും ശിക്ഷിക്കുന്നതും എണ്ണത്തില്‍ വളരെ കുറവാണ്. ഇരക്ക് നീതി ലഭിക്കുന്നില്ലെന്നതും ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ബലാല്‍സംഗ സ്ത്രീപീഡനക്കേസുകളില്‍ പോലും പ്രതിക്ക് ശിക്ഷ കിട്ടുന്നില്ല.

നിലവിലെ നിയമത്തില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയുന്ന ധാരാളം പഴുതുകളുണ്ടെന്നതും ഇരയെ പിന്തുണക്കുന്ന നിയമങ്ങളില്ലെന്നതും ഇതിനു കാരണമാവുന്നുണ്ട്. കൂടാതെ ഭരണകൂടം എല്ലായ്പ്പോഴും ഇരയുടെ പക്ഷത്തിനു പകരം വേട്ടക്കാരന്‍െറ പക്ഷം പിടിക്കുന്നതായും അഭിപ്രായം ഉയര്‍ന്നു. നിയമത്തിലെ പഴുതുകള്‍ കണ്ടത്തെിയാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. അതിനാല്‍ ശാശ്വതമായ പ്രശ്നപരിഹാരത്തിന് നിയമനിര്‍മാണവും നിയമത്തിന്‍െറ പഴുതുകളില്ലാത്ത നടപ്പാക്കലും അത്യാവശ്യമാണ്.

സ്ത്രീപീഡനം, ബലാത്സംഗകേസുകളിലെങ്കിലും ശിക്ഷ ഉറപ്പാക്കാന്‍ കഴിയണം.

ഈ സാഹചര്യത്തിലാണ് അടുത്ത ഇരുപത് വര്‍ഷത്തേക്കുളള രാജ്യത്തെ വനിതാനയം രൂപികരിക്കുന്നതിനായി ഒരു കരട് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മേനകാ ഗാന്ധി പുറത്തിറക്കിയത് ശ്രദ്ധയില്‍പെട്ടത്.

പൊതുജനത്തിന്‍്റെ അഭിപ്രായങ്ങളും നിര്‍ദ്ദശേങ്ങളും സ്വീകരിച്ചതിനു ശേഷമേ വനിതാ നയമായി അവതരിപ്പിക്കുകയുളളൂ. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാനും ലിംഗസമത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് ഇതെന്ന് അവര്‍ അവകാശപ്പെടുന്നു. പൊതുജനങ്ങള്‍ക്ക് അഭിപ്രായവും നിര്‍ദേശവുമറിയിക്കാന്‍ മന്ത്രാലയത്തിന്‍്റെ വെബ്സൈറ്റില്‍ കരടുനയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതില്‍ നമുക്ക് കാര്യക്ഷമമായി ഇടപെടാന്‍ കഴിയില്ലേ. അടുത്ത 20 വര്‍ഷത്തേക്കുള്ള നിയമനിര്‍മാണമായതിനാല്‍ അതിന്‍െറ പ്രാധാന്യം വളരെ വലുതാണെന്നു മനസിലാക്കുന്നു. അതിനാല്‍ ഇതില്‍ അടിയന്തിരമായി ഇടപെട്ട് നിയമനിര്‍മാണത്തില്‍ നമ്മളും .പങ്കാളികളാവേണ്ടതല്ലേ?

മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്ത തമസ്ക്കരിക്കുകയാണ്. ഇതൊരു പൊതുചര്‍ച്ചക്ക് വിധേയമാക്കി നമ്മുടെ ആവശ്യങ്ങള്‍ കൂടി ഇതിലുള്‍പ്പെടുത്തി സ്ത്രീസുരക്ഷ ഉറപ്പാക്കണം. ഇതാണ് അതിനുള്ള സമയം. നാം ഇതില്‍ നിന്നും മാറി നിന്നാല്‍ കേന്ദ്രനിയമനിര്‍മാണത്തില്‍ നമുക്ക് പങ്കാളികളാവാന്‍ കഴിയാതെ പോവില്ലേ? ഇതില്‍ സംസ്ഥാനസര്‍ക്കാരും പൊതുസമുഹവും ക്രിയാത്മകമായി ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതല്ലേ? നമ്മുടെ നിയമസഭയില്‍ ഇതു ചര്‍ച്ച ചെയ്യേണ്ടതല്ലേ? അങ്ങയുടെ സര്‍ക്കാരിന്‍െറ ആദ്യ അജണ്ടകളില്‍ ഒന്നായി ഞങ്ങളുടെ ഈ ആവശ്യത്തെ പരിഗണിക്കാന്‍ കഴിയുമോ?

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

വളരെ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ മാനസികരോഗികളുടെ കൈകൊണ്ട് അതിക്രൂരമായ പിച്ചിചീന്തപ്പെട്ട് കൊല്ലപ്പെടാന്‍ വയ്യാ. ഭയമാണ്. അതിനായി അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ആവശ്യപ്പെടട്ടെ.

1. ഭരണത്തിലേറിയാല്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പൊതുമൂത്രപ്പുരകള്‍ നിര്‍മിച്ചു തരുമെന്നു കരുതുന്നു.

2.വീടില്ലാത്തവര്‍ക്ക് വീട്. പുറമ്പോക്കില്‍ കഴിയുന്ന എല്ലാവര്‍ക്കും വീട് എന്ന ആവശ്യം നടപ്പാക്കാന്‍ കാലതാമസം എടുക്കുമെങ്കില്‍ സ്ത്രീകള്‍ തനിച്ചു പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഈയാവശ്യം നിറവേറ്റി തരണം.

3. മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ ആവശ്യം നിയമനിര്‍മാണത്തില്‍ പങ്കാളിയായി സ്ത്രീസുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ്. ഈ കരട് പൊതു ചര്‍ച്ചക്കു വിധേയമാക്കണം. അതില്‍ നിന്നും ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടക്കട്ടെ. വനിതാനയത്തിന്‍െറ കരട് ഇതോടൊപ്പം ചേര്‍ക്കുന്നു.

4. സ്ത്രീപീഡനക്കേസുകളിലുള്ള പൊലീസ് ഇടപെടല്‍ ദ്രുതഗതിയിലും കാര്യക്ഷവും ആക്കണം. അന്വേഷണസംഘത്തില്‍ നിന്നും മാന്യമായ സമീപനം പരാതിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതിനാവശ്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണം.

ഞങ്ങള്‍ വിശ്വസിക്കുകയാണ് അങ്ങയെ… അങ്ങയുടെ സര്‍ക്കാരിനെ..

ഈ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് എല്‍ഡി എഫ് വരും എല്ലാം ശരിയാവും എന്നത് ഒരു മുദ്രാവാക്യം .മാത്രമല്ലെന്ന് പൊതുസമൂഹത്തിനു മുന്നില്‍ ഭരണകൂടം തെളിയിക്കും എന്ന പ്രതീക്ഷയോടെ ഒരു കൂട്ടം സ്ത്രീകള്‍ .

സ്ത്രീകളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട്

സുനിത ദേവദാസ്

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *