മലയാളം ഇ മാഗസിൻ.കോം

ഹൈക്കോടതിയും ദിലീപിനെ കൈവിട്ടതോടെ സിനിമാ ലോകം ആശങ്കയിൽ: മുന്നിൽ ഇനി ഈ 2 വഴികൾ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോൾ എല്ലാവരും പ്രതീക്ഷ വച്ചത് ഹൈക്കോടതിയുടെ വിധിയിൽ ആയിരുന്നു. എന്നാൽ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ച് കൊണ്ട് ഇന്ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യം നിഷേധിച്ചു. ദിലീപിനെതിരെ ശക്തമായ സാക്ഷിമൊഴികളും പ്രോസിക്യൂഷൻ വാദവും ആയിരുന്നു ഹൈക്കോടതിയിൽ അരങ്ങേറിയത്.

താരത്തിന്‌ മുന്നിൽ ഇനി പ്രതീക്ഷയുടെ കവാടം തുറക്കുന്നത് രണ്ട് വഴികളിലൂടെയാണ്. ദിലീപിന് മുന്നിൽ ഇനി ഉള്ള പ്രതീക്ഷ ഒന്നുകിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകുക അല്ലെങ്കിൽ കുറച്ച് കാലം കാത്തിരുന്നതിനു ശേഷം വീണ്ടും ഹൈക്കോടതിയിൽ തന്നെ എത്തുക എന്നുള്ളതാണ്.

ജാമ്യ വാദം കേട്ട ഹൈക്കോടതി വിധി പറഞ്ഞു. ജാമ്യം നൽകാനുള്ള അവസ്ഥയിലല്ല കേസ് എന്നായിരുന്നു അപേക്ഷ നിഷേധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിയായ പി ഗോപാലകൃഷ്ണൻ ചലച്ചിത്ര മേഖലയിൽ ശക്തനാണ്. കേസിലെ പല സാക്ഷികളും തെളിവുകളും ചലച്ചിത്ര മേഖലയിൽ ആണ്. പ്രതി പുറത്തു വരുന്നത് കേസിനെ അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കപ്പെടാനും കാരണമാകും. ജാമ്യം നിഷേധിച്ചു കൊണ്ട് നൽകിയ 11 പേജുള്ള വിധി ന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയ ജാമ്യ അപേക്ഷ ഹൈക്കോടതിയിൽ കൂടി തള്ളിയ സ്ഥിതിയിൽ ഇനി വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിൽ അതിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ദിലീപിന് ഒരു 14 ദിവസം കൂടി റിമാൻഡ് നീട്ടുക എന്ന വിധിയാകും അങ്കമാലി മജിസ്‌ട്രേറ്റ് നൽകാൻ പോകുന്നത്. നാളെ പോലീസ് കോടതിയിൽ റിമാൻഡ് എക്സ്റ്റൻഷൻ അപേക്ഷ സമർപ്പിക്കും.

സംഭവം ചിത്രീകരിച്ച ഫോൺ കണ്ടെടുക്കുക, മെമ്മറി കാർഡും യഥാർത്ഥ ദൃശ്യങ്ങളും കണ്ടെത്തുക, ഒളിവിലുള്ള കേസിലെ നിർണായക വ്യക്തി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ടെത്തുക തുടങ്ങി അന്വേഷണത്തിലെ നിർണായകമായ ജോലികൾ പൊലീസിന് ബാക്കിയാണ് എന്ന കാര്യം ഹൈക്കോടതി തന്നെ അംഗീകരിച്ചു. ഹൈക്കോടതി നിഷേധിച്ച ജാമ്യത്തിനായി വീണ്ടും അതെ കോടതിയിൽ ദിലീപിന് ജാമ്യഅപേക്ഷ നൽകാം. പക്ഷെ അതിനു കുറഞ്ഞത് അപ്പുണ്ണിയെങ്കിലും പിടിയിലാവണം. അതിനുള്ള സാധ്യത ഉണ്ടെങ്കിലും അപ്പുണ്ണിയിൽ നിന്നും ഫോണും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിൽ വീണ്ടും ദിലീപ് അകത്തു തന്നെ കിടന്നേക്കും.

അന്വേഷണ കാലയളവിൽ ഒരു പ്രതിയെ തുറന്നു വിടരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടാൽ 90 ദിവസത്തേക്ക് കോടതികളൊന്നും അതിലേക്ക് ഇടപെടില്ല. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു വിചാരണ തടവുകാരനാക്കുന്നതിനുള്ള കാലയളവ് 90 ദിവസത്തിൽ കൂടരുതെന്ന് ഒരു പൊതു തത്വമായി സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി വിധിയിലെ ശക്തമായ നിരീക്ഷണങ്ങൾ സുപ്രീം കോടതി കാണാതെ പോകില്ല.

ഇന്നത്തെ ഹൈക്കോടതി വിധി ദിലീപിന്റെ തലവര മാത്രം അല്ല നിർണയിച്ചത് രാമലീല എന്ന ചിത്രത്തിന്റെ തലവര കൂടി ആയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ബാക്കി നിൽക്കുന്ന രാമലീല എന്ന ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ അണിയറ ശില്പികൾക്ക് സാധിക്കുകയുള്ളൂ. ഇതുകൊണ്ട് തന്നെ കോടികൾ മുടക്കി ടോമിച്ചൻ മുളക്‌പാടം നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്യപ്പെടാനാകാതെ പെട്ടിയിൽ തന്നെ ആണ്. അരുൺ ഗോപി എന്ന നവാഗത സംവിധായകന്റെ ആദ്യ സംവിധാന സംരഭം കൂടി ആണ് രാമലീല. അരുൺ ഗോപിയുടെ സ്വപ്നങ്ങളും ചിത്രത്തിനൊപ്പം പെട്ടിയിൽ ആയ അവസ്ഥയിൽ ആണ് ഇപ്പോൾ.

ദിലീപിനെതിരെ കള്ളപ്പണ ഇടപാടുകളും റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം കൂടി വന്നതോടെ ആശങ്കയിൽ ആയിരിക്കുകയാണ് ഈ താരത്തിന്റെ ഭാവി. ദിലീപിനെ നായകൻ ആക്കി കൊണ്ട് തുടക്കമിട്ട കമ്മാരസംഭവം, ഡിങ്കൻ എന്നീ ചിത്രങ്ങളുടെ അണിയറ ശില്പികളും ഇന്ന് ദിലീപിന് ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു. കേസുകൾ ഓരോന്നായി മുറുകുമ്പോൾ ജനപ്രിയനായകന്റെ വിധി അറിയാൻ കാത്തിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും.

Avatar

Staff Reporter