21
October, 2017
Saturday
01:54 PM
banner
banner
banner

എം ടി യെ ആരാണ് നാടുകടത്തുന്നത്?

1038

പൊതുവില്‍ രാജ്യത്ത് നടക്കുന്ന സാംസ്കാരിക – മത – രാഷ്ടീയ അക്രമങ്ങളില്‍ ഒന്നും അഭിപ്രായം പറയുന്ന ആളല്ല എം.ടി.വാസുദേവന്‍ നായര്‍. അതിനാല്‍ എക്കാലത്തും അത്തരം കാര്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന എം.ടി. ഒരു പരാമര്‍ശം നടത്തുമ്പോള്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കപ്പെടും. അപ്രതീക്ഷിതമായുണ്ടായ നോട്ടു നിരോധനവും അതേ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രത്യേകിച്ച് ആരെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല, ജനങ്ങള്‍ സ്വയം അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞ സംഗതിയാണ്. നരേന്ദ്ര മോദിയുടെ “കട്ട ഭക്തന്‍” എന്ന് വിശേഷിപ്പിക്കാവുന്ന ആളായിരുന്നു ചേതന്‍ ഭഗത്. അദ്ദേഹം നോട്ട് നിരോധനത്തിനു ശേഷം കടുത്ത വിമര്‍ശനകനായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മോദിയെ അനുകൂലിച്ചിരുന്ന വിവിധ മേഘലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത് നോട്ടു നിരോധനം പ്രായോഗികതലത്തില്‍ ഉണ്ടായ പരാജയം ഒന്നു കൊണ്ടു തന്നെയാണ്. ഇക്കര്യം സംഘപരിവാര്‍ മനസ്സിലാക്കാതെ പോകുന്നതും വിമര്‍ശകരോട് കടുത്ത ഭാഷ പ്രയോഗിക്കുന്നതും അവരുടെ രാഷ്ടീയ പാപ്പരത്വം വ്യക്തമാക്കുന്നു.

പിന്‍ വലിക്കുന്ന നോട്ടുകള്‍ക്ക് പകരമായി വേണ്ടത്ര നോട്ടുകള് ‍(രണ്ടായിരം മാത്രമല്ല അഞ്ഞൂറും നൂറുമായി ചെറിയ മൂല്യമുള്ള നോട്ടിന്റെ രൂപത്തിലും) ഇറക്കാതെ നടത്തിയ പ്രഖ്യാപനത്തെ, കള്ളപ്പണക്കാരല്ല മറിച്ച് ജനങ്ങളാണ് പ്രതിസന്ധിയിലാതെന്ന യാദാര്‍ഥ്യത്തെ തുഗ്ലക് പരിഷ്കരണം എന്നല്ലാതെ എം.ടി. മറ്റെന്തെന്നാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്.

അവകാശവാദങ്ങളില്‍ അല്ലാതെ പ്രായോഗികമായി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ട് ആയിരുന്നു ഇത് നടപ്പിലാക്കിയിരുന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ടും രാജ്യത്തെ സാമ്പത്തിക രംഗത്തിനു തിരിച്ചടിയും ഉണ്ടാകുമായിരുന്നോ? രാജ്യത്തെ ഉല്പാദന-വിതരണ-വിപണന ശൃംഘല ആകെ താറുമാറായിരിക്കുന്നു. പൊതുജനങ്ങള്‍ ബാങ്കുകള്‍ക്ക് / എ.ടി.എമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുകയും, ഫിനാന്‍ഷ്യല്‍ ലിക്വിഡിറ്റി ഇല്ലാത്തതിനാല്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടം അനുഭവിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ മൊബൈല്‍ ഫോണോ എല്ലാ കടകളിലും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സ്വൈപ് ചെയ്ത് ബില്ലടക്കാനുള്ള ഉപകരണമോ ഇല്ല. അതിനു വേണ്ട സംവിധാനം രാജ്യത്ത് ഇനിയും ആയിട്ടില്ല. ഇതൊന്നും കണക്കാക്കാത്തെ ഒരു രാത്രിയില്‍ പ്രഖ്യാപനം നടത്തുകയും പരാജയപ്പെടുകയാണെങ്കില്‍ ജനം നല്‍കുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങാം എന്ന് പറയുകയും ചെയ്യുകയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ചെയ്തത്.

എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ സംഘപരിവാറില്‍ നിന്നും വിമര്‍ശനം ഉയരുന്നത് സ്വാഭാവികം. തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാനും ചോദ്യം ഉന്നയിക്കുവാനും അവര്‍ക്ക് അവകാശവുമുണ്ട്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോളും, മാറാട് കൂട്ടകൊലനടന്നപ്പോഴും എം.ടി.മൌനത്തിലായിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥനാങ്ങളും മറ്റു വലിയ സംവിധാനങ്ങളും കിട്ടാനായി സാഹിത്യ സാംസ്കാരിക നായകര്‍ എ.കെ.ജി സെന്ററിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണെന്നും ആ പട്ടികയില്‍ തങ്ങള്‍ എം.ടി.യെ ഉള്‍പ്പെടുത്തുന്നില്ല എന്ന ഒരു ഔദ്യാര്യം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എം.ടിക്ക് നല്‍കിയിരിക്കുന്നു. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ പാക്കിസ്ഥാനില്‍ പോകണം എന്ന് പറയുന്ന പതിവ് ആവശ്യം അവര്‍ ഉന്നയിച്ചില്ല എന്നാല്‍ സൈബര്‍ ലോകത്തെ നവമാധ്യമങ്ങളിലെ “സംഘികുഞ്ഞുങ്ങള്‍” വളരെ മോശം ഭാഷയിലൊക്കെയാണ് ജ്ഞാനപീഡജേതാവിനെതിരെ പ്രതികരിച്ചത്. സത്യത്തില്‍ എം.ടി.യെ കടന്നാക്രമിക്കുന്നവര്‍ അസഹിഷ്ണുതയുടെ വക്താക്കളാണ് സംഘപരിവാറ് എന്ന ആരോപണത്തിനു കൂടുതല്‍ ബലം നല്‍കുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നില്ല. എം.ടിക്ക് അഭിപ്രായ സ്വാതന്ത്യം ഉണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ മാനിക്കുന്നു ഇതാണ് അദ്ദേഹത്തിനുള്ള മറുപടി എന്ന് പറഞ്ഞ് “കണ്‍‌വിങ്ങ്സിങ്ങായ” ഒരു മറുപടി നല്‍കുവാന്‍ കേരളത്തിലെ സംഘപരിവാറ് നേതൃത്വത്തിനോ സൈബര്‍ അണികള്‍ക്കോ സാധിക്കുന്നില്ല എന്നതാണ് അവരുടെ പരാജയം.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

വിമര്‍ശിക്കുന്നവരും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരും നാടുകടത്തപ്പെടേണ്ടവരാണ് എന്ന ചിന്ത ഫാസിസത്തിന്റെതാണ്. തങ്ങള്‍ ഫാസിസ്റ്റുകളാണ് എന്ന് സ്വയം പ്രഖ്യാപിക്കലാണ് എം.ടി.വിരോധത്തിന്റെ പേരില്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ എന്നെങ്കിലും ചിന്തിക്കുവാന്‍ നവമാധ്യമ സംഘപരിവാര്‍ അണികൾക്ക്‌ ഇല്ലാതെ പോകുന്നത് വേണ്ടത്ര സഹിഷ്ണുതയും വായനയും രാഷ്ടീയ ബോധവും ഇല്ലാത്തതിനാല്‍ തന്നെയാണ്. കേരളം പിടിക്കുവാന്‍ കോടികള്‍ ചിലവിട്ടിട്ടും വെള്ളാപ്പള്ളിയുമായി കൂട്ടു കൂടിയിട്ടും നടക്കാതെ പോകുന്നത് മലയാളിയുടെ രാഷ്ടീയ-സാംസ്കാരിക ബോധം മറ്റിടങ്ങളിലേക്കാള്‍ ഉയര്‍ന്നതു കൊണ്ടാണ്. കാക്കി ട്രൌസറില്‍ നിന്നും പാന്റിലേക്ക് മാറിയാല്‍ മാത്രം പോര കാലാനുസൃതമായി ജനങ്ങളുടെ ചിന്തയ്ക്കൊപ്പമെങ്കിലും പ്രത്യശാസ്ത്രത്തെ പുതുക്കുകയും വേണം എന്ന് സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക. അതായത് എം.ടി.യെ നാടുകടത്തുകയല്ല വേണ്ടത് മറിച്ച് അസഹിഷ്ണുതാപരമായ പ്രത്യയശാസ്ത്രത്തെയാണ് നാടുകടത്തി ജനപക്ഷത്ത് നില്‍ക്കുന്ന ഒന്നിനെ കൊണ്ടുവരികയാണ് വേണ്ടത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *