21
October, 2017
Saturday
11:18 PM
banner
banner
banner

പങ്കാളികളെന്നാൽ മനസ്സും പങ്കിടേണ്ടവരാണെന്ന് മറന്ന രാജേഷിന്റെയും സിന്ധുവിന്റെയും ജീവിതത്തിൽ സംഭവിച്ചത്‌!

442

നമ്മുടെ നായകന്റെ പേര് രാജേഷ്‌ കേശവ്‌. പ്രായം 38. കൊച്ചിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ കമ്പ്യൂട്ടർ പ്രൊഫഷണൽ ആണ്‌. സുമുഖൻ, വിദ്യാഭ്യാസസമ്പന്നൻ, ദു:ശ്ശീലങ്ങളൊന്നുമില്ലാത്തവൻ, കുഴപ്പമില്ലാത്ത ഒരു അഞ്ചക്കശമ്പളം മാസാമാസം കൈപ്പറ്റുന്നവൻ. തെറ്റിധരിക്കണ്ട, ഇത്‌ വിവാഹപരസ്യമൊന്നുമല്ല. രാജേഷിനെ നിങ്ങൾക്ക്‌ പരിചയപ്പെടുത്തി എന്ന്‌ മാത്രം. ഇനി രാജേഷിന്റെ ഭാര്യ സിന്ധുവിനെ പരിചയപ്പെടാം. സിന്ധുവിന്‌ പ്രായം 36 വയസ്സ്‌. ഇവരും കമ്പ്യൂട്ടർ പ്രൊഫഷണൽ ആണ്‌ (മറ്റൊന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ഇവരും രാജേഷ്‌ ജോലി ചെയ്യുന്ന അതേ കമ്പനിയിൽ ജോലി ചെയ്യുന്നു. പറയണ്ടല്ലോ, പ്രേമം തലക്ക്‌ പിടിച്ച്‌ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു കല്യാണം. കുട്ടിയൊന്നായപ്പോഴേക്കും വീട്ടുകാർ തണുത്തു എന്ന്‌ മാത്രം), കണ്ടാൽ സുന്ദരി, ഏതാണ്ട്‌ രാജേഷിന്റെ അത്രതന്നെ ശമ്പളവുമുണ്ട്‌.

ഇനി പ്രശ്നത്തിലേക്ക്‌ വരാം. ഇവർ കഴിഞ്ഞ കുറേക്കാലങ്ങളായി കലഹത്തിലാണ്‌. പ്രേമവും മണ്ണാങ്കട്ടയുമെല്ലാം പണ്ട്‌. ഇപ്പോൾ പരസ്പ്പരം എന്തെങ്കിലും മിണ്ടിയെങ്കിലായി. ഇവർ പ്രശ്നം ആരോടും തുറന്നുപറയുന്നില്ല എന്നതാണിതിലെ മറ്റൊരു വസ്തുത. രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. കാരണമറിയണമെങ്കിൽ കുറച്ച്‌ റിവേഴ്സ്‌ ഗിയറിൽ യാത്ര ചെയ്യണം; വിവാഹം പ്രണയതരളിതമായിരുന്നെങ്കിലും പിന്നീട്‌ ജീവിതം ആരംഭിച്ചപ്പോഴേയ്ക്കും അവരുടെ പ്രേമം താഴേയിൽ കുറവുകൾ വരുവാനാരംഭിച്ചു. അതിന്റെ തോത്‌ വർദ്ധിക്കും തോറും അവർ തമ്മിലുള്ള തുറന്ന്‌ പറച്ചിലുകളും സഹനശക്തിയും കുറഞ്ഞ്‌ വന്നു. പങ്കാളികളെന്നാൽ ശരീരം മാത്രമല്ല മനസ്സും പങ്കിടേണ്ടവരാണെന്നവർ മറന്നു. അപ്പോഴേയ്ക്കും എല്ലാം വീട്ടുകാരെയും നാട്ടുകാരെയും കാണിക്കുവാൻ വേണ്ടി ഒന്നായി ജീവിക്കുവാനുള്ള തുടക്കമായിരുന്നു അത്‌.

ഇതിനിടയിൽ രാജേഷിന്റെ സോഷ്യൽ നെറ്റ്‌വർക്കിങ്ങുകളും ചാറ്റിങ്ങും രാജേഷിന്‌ താത്കാലിക ആശ്വാസത്തിനുള്ള മറ്റു പ്രണയങ്ങളും സമ്മാനിച്ചുകൊണ്ടേയിരുന്നു. ഇതും സ്ഥിരം വഴക്കുകളിൽ ഒരു സംസാരവിഷമയമായി രണ്ടുപേർക്കും. പൊതുവേ സുന്ദരനായ രാജേഷിനെ സംബന്ധിച്ചിടത്തോളം അത്തരം ഇടത്താവളങ്ങൾ കണ്ടെത്തുക എന്നത്‌ ഒരു ബാലികേറാ മലയല്ലായിരുന്നു. സിന്ധുവും രാജേഷിനെ മൈൻഡ്‌ ചെയ്യാതെയായപ്പോൾ രണ്ടാളും സ്വന്തമിഷ്ടപ്രകാരമുള്ള ജീവിതവും ആരംഭിച്ചു. ഇതിനിടയിൽ കുട്ടിയെ സിന്ധു സ്വന്തം വീട്ടിലാക്കി കമ്പനി മാറുകയും താമസം കൂട്ടുകാരികൾക്കൊപ്പമാക്കുകയും ചെയ്തപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട്‌ തുടങ്ങിയിരുന്നു. അവർ വിവാഹമോചനത്തിന്‌ മ്യൂച്വൽ പെറ്റീഷനും കൊടുത്തു. പിന്നീടെല്ലാം കൗൺസിലർമാരുടെയോ മറ്റുള്ളവരുടെയോ കൈയ്യിൽ നിന്നില്ല. കാര്യങ്ങൾ രാജേഷിന്റെ സിന്ധുവിന്റെയും തീരുമാനപ്രകാരം തന്നെയായി. ഇന്ന്‌ അവർ രണ്ടാണ്‌. രണ്ടാളും എന്നാൽ ഒറ്റക്കുമല്ല. കിട്ടിയ ഇടത്താവളങ്ങളിൽ ചേക്കേറി രണ്ടാളും.

ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. പുതിയ ഒരു പഠനം പറയുന്നത്‌, വിവാഹമോചനങ്ങൾ ഇന്ന്‌ ഒരു സാധാരണ സംഭവമായി സമൂഹത്തിൽ മാറിയിരിക്കുന്നെന്നാണ്‌, പ്രത്യേകിച്ച്‌ 35-45കാരിൽ. ഇതിനിടയിൽ ഇരുവർക്കും ഇടത്താവളങ്ങൾ കിട്ടുന്ന സ്ഥിതിയും വ്യത്യസ്തമല്ല.

ഇവർക്ക്‌ പറയുവാൻ തന്റേതായ കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ഇരുവരും മറക്കുന്നത്‌ തങ്ങളുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും സങ്കടമാണ്‌. ഇതിലുമേറെ രസം വിവാഹം പ്രേമവിവാഹമാണെങ്കിൽ പോലും ആദ്യത്തെ അഞ്ചുവർഷത്തിനുള്ളിൽ തന്നെ ഇക്കൂട്ടർ വേർപിരിയലിൽ എത്തുന്നു എന്നതാണ്‌. എന്താണിതിനു പിന്നിൽ സംഭവിക്കുന്നത്‌. കാരണങ്ങൾ പലതാണ്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്‌. പരസ്പ്പരം മനസ്സിലാക്കുന്നതിന്റെ തോതിൽ വന്നിട്ടുള്ള കുറവ്‌, ഇന്റർനെറ്റിനോട്‌ വന്നിട്ടുള്ള അഡിക്ഷൻ, ജോലിയിൽ അധികരിച്ച ടെൻഷൻ, നൂതന മീഡിയകളുടെ അനാവശ്യ സ്വാധീനം തുടങ്ങിയവയാണെന്ന്‌ കാണപ്പെടുന്നു. എങ്കിലും കൗൺസിലിങ്ങുവഴിയോ നിയമവഴിയിലോ ആവശ്യമായ സഹായങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ന്‌ ലഭ്യമാണ്‌. പക്ഷേ ആവശ്യക്കാർ അത്‌ പ്രയോജനപ്പെടുത്തണമെന്ന്‌ മാത്രം.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

നാട്ടിൽ ഇങ്ങനെയുള്ള സിന്ധുമാരും രാജേഷുമാരും വർദ്ധിക്കാതിരിക്കട്ടെ എന്ന്‌ നമുക്ക്‌ ആശിക്കാം.

എഴുതിയത്‌: ഡോ. നിഖിൽ – (ഡോക്ടർ നിഖിലിന്റെ അനുവാദമില്ലാതെ മറ്റ്‌ ഏതെങ്കിലും വെബ്സൈറ്റിൽ ഈ കണ്ടന്റ്‌ പോസ്റ്റ്‌ ചെയ്താൽ ഡോ. നിഖിലുമായി നിയമ നടപടികൾ നടത്തേണ്ടി വരും)

(വായനക്കാർക്കൊരു മുന്നറിയിപ്പ്‌: ഇതിലെ കഥാപാത്രങ്ങളും സ്ഥലപ്പേരുകളും സാങ്കൽപ്പികം മാത്രം. നിങ്ങളുടെ പരിചയത്തിലോ അല്ലെങ്കിൽ നിങ്ങളെത്തന്നെയോ സാമ്യത തോന്നുന്നുവെങ്കിൽ അത്‌ മന:പ്പൂർവ്വം ചെയ്ത്‌ കൂട്ടിയതല്ല എന്ന്‌ അറിയിച്ചുകൊള്ളട്ടെ.)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *