20
October, 2017
Friday
01:52 AM
banner
banner
banner

അവസാനിക്കാതെ ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍

86

ഓരോ തവണ ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ് ടാഗ് കാണുമ്പോഴും വിചാരിക്കും, ദൈവമേ ഇനി ഇതുപോലെ മറ്റൊരാള്‍ക്ക് വേണ്ടി ഇങ്ങനെ ഹാഷ് ടാഗുകള്‍ ഇട്ട് പ്രതിഷേധിക്കുവാന്‍ ഇടവരുത്തരുതേ എന്ന്, പക്ഷെ ഓരോ തവണ ഹാഷ് ടാഗുകള്‍ അവസാനിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയ പുതിയ സംഭവങ്ങള്‍ ഉടലെടുക്കും. ചിലപ്പോള്‍ ആരെയെങ്കിലും ഒക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ അതും കാണില്ല. ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ അവസാനിക്കുന്നില്ല.

ഇപ്പോഴിതാ വീണ്ടും ഒരു ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗ് വന്നിരിക്കുന്നു ജസ്റ്റിസ് ഫോര്‍ വിനായകന്‍. വിനായകന്റെ മരണത്തോടെ വന്നിരിക്കുന്നു പുതിയൊരു ഹാഷ് ടാഗ് #ItsMurder. മുടി നീട്ടിയതിന്റെയും പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെയും പേരിലാണത്രേ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ച വിനായകനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് സമൂഹത്തിനു കാണുവാന്‍ സാധിച്ചത്. നഷ്ടപ്പെട്ടതോ അവനെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം. ഇതിന് ഉത്തരവാദി സര്‍ക്കാരോ അതോ പോലീസോ???

രാഷ്ട്രീയ ലാഭത്തോടെ ഇതിനെ കണ്ടാല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പറയും സര്‍ക്കാര്‍ ആണെന്ന്. എന്നാല്‍ നെഞ്ചത്ത് കൈവച്ചു ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടും, ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ ആണെന്ന്. എന്നിരുന്നാല്‍ ഇവിടെയും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആകുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനോ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുവാനോ സര്‍ക്കാര്‍ ഇത് വരെ ശ്രമിച്ചില്ല എന്നത് ഒരു കുറ്റം തന്നെയാണ്.

അടിയന്തരാവസ്ഥ കാലത്ത് ഇതുപോലെ പോലീസിന്റെ ഒരു ക്രൂരകൃത്യം നടന്നിരുന്നു. അന്നൊക്കെ ഇതുപോലെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാകാത്തതിനാല്‍ ഈച്ചരവാര്യര്‍ക്ക് മരിക്കുന്നത് വരെ നീതി ലഭിച്ചിട്ടില്ലായിരുന്നു. കാലം മാറിയപ്പോള്‍ ഇവിടെ പ്രതികരണശേഷി വര്‍ദ്ധിച്ചുവെങ്കിലും കുറ്റകൃത്യങ്ങള്‍ കൂടുകയാണ് ഉണ്ടായത്.

വിനായകന് മുന്‍പ് ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗ് ഉപയോഗിച്ചത് ജിഷ്ണുവിന് വേണ്ടിയായിരുന്നു. കോപ്പിയടിച്ച് എന്ന് ആരോപിച്ചു പിടികൂടിയത്തിലെ വിഷമത്തില്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍, എന്നാല്‍ അതും തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആ സ്ഥാപനത്തിന്റെ മേധാവിക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരുപാട് ചോര ചിന്തിയ സമരങ്ങള്‍ ജിഷ്ണുവിന് വേണ്ടി നമ്മുടെ നാട്ടില്‍ നടന്നു. എന്നിട്ട് നീതി കിട്ടിയോ???

കൊച്ചി കായലില്‍ പൊങ്ങിയ മിഷേല്‍, ജിഷ, സൗമ്യ എന്നിങ്ങനെ നീണ്ടുപോകുന്നു. ഇതില്‍ എത്രപേര്‍ക്ക് നീതി ലഭിച്ചു? ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ കൊണ്ട് എത്ര പേര്‍ക്ക് നീതി ലഭിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് ഇവിടെ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പലതും ഇതുപോലെ ഹാഷ് ടാഗുകളില്‍ പിറവി എടുത്തതാണ്.

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ക്രൂരകൃത്യങ്ങള്‍ പെരുകുന്നു എന്ന് ചോദിച്ചാല്‍ ഏതൊരു പിഞ്ചു കുഞ്ഞിന് പോലും അതിന്റെ ഉത്തരം പറയുവാന്‍ കഴിയും. നമ്മുടെ നാട് എത്രയൊക്കെ പുരോഗമിച്ചാലും ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുവാന്‍ നമ്മുടെ നീതിന്യായത്തിന് കഴിയുന്നില്ല, അല്ലെങ്കില്‍ നീതി നടപ്പാക്കേണ്ടവര്‍ കണ്ണുകള്‍ മൂടി കെട്ടുന്നു.

ഉത്തരേന്ത്യയില്‍ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ എല്ലാം കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനം ഭജിക്കുന്നു. അത് രാക്ഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷെ നാമെല്ലാം ചിന്തിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാല്‍ “ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ അവസാനിക്കുന്നില്ല” പേരില്‍ മാത്രമാണ് മാറ്റം വരുന്നത്. വരുംകാലം നമുക്ക് വേണ്ടി ഇങ്ങനെ ഒരു ഹാഷ് ടാഗ് ഉണ്ടാകാതിരിക്കട്ടെ എന്ന് സ്വയം പ്രാര്‍ഥിക്കാം.

വിനായകന് വേണ്ടി അവസാനത്തെ ഹാഷ് ടാഗ് ആയി #ItsMurder ഹാഷ് ടാഗ് ഉപയോഗിച്ച് അവന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാം. അതിനായ് നമുക്കൊരുമിച്ചു ഒത്തുചേരാം. നമ്മുടെ നാടിന്‍റെ നന്മയ്ക്ക്. ഇനിയൊരു ഹാഷ് ടാഗ് പിറക്കാതിരിക്കുവാനായി.

ജിതിൻ ഉണ്ണികുളം | Opinion

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *