മലയാളം ഇ മാഗസിൻ.കോം

കളിക്കളം വിട്ട് പാക്കിസ്ഥാന്‍. യുദ്ധത്തിനു ഇനി പുതിയ വഴി.

തര്‍ക്കങ്ങള്‍ക്ക് പുതിയ വഴികള്‍ തേടുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്നും കോടിക്കണക്കിനു രൂപ നഷ്ട പരിഹാരമായി ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്‌.

പാകിസ്ഥാനില്‍ കളിക്കാന്‍ ടീം ഇന്ത്യ തയ്യാറാവാത്ത സാഹചര്യത്തില്‍ ബി സി സി ഐ 457 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ  സമീപിക്കാന്‍ ഒരുങ്ങുന്നു.

രണ്ടായിരത്തിപതിനാലില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 6 പരമ്പരകളാണ് പാകിസ്ഥാന്‍ ടീമുമായി ഇന്ത്യ കളിക്കേണ്ടത്.  കരാര്‍ അനുസരിച്ച് രണ്ടായിരത്തി പതിനഞ്ചിനും രണ്ടായിരത്തി ഇരുപത്തി മൂന്നിനും ഇടയിലായി 6 പരമ്പരകളും പൂര്‍ത്തിയാക്കണം. ആദ്യ മത്സരം പാക്കിസ്താനില്‍ ആകണം എന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

രണ്ടായിരത്തി എട്ടുമുതല്‍ ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരകള്‍ നടക്കുന്നില്ല എന്നും എന്നാല്‍ ഐ സിസിയുടെ  മത്സരങ്ങളില്‍ ഇരു ടീമുകളും തമ്മില്‍ കളിക്കുന്നുണ്ട് എന്നും പിസിബി ചെയര്‍മാന്‍ നജം സേത്തി പറയുന്നു. പാക്കിസ്താനില്‍ നടക്കേണ്ട ആദ്യ പരമ്പര കൂട്ടായി ആലോചിച്ച് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാം എന്ന് നിര്‍ദേശം മുന്നോട്ടു വച്ചിട്ടും ബി സിസി ഐ തയ്യാറാകുന്നില്ല എന്നും നജം സേത്തി പറയുന്നു.

ഇതിനാലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐ സിസിയെ സമീപിക്കുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഐ സിസിയുടെ  തര്‍ക്ക പരിഹാര കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച പരാതി നല്‍കാനാണ് പാക്കിസ്ഥാന്‍ നീക്കം.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com