22
October, 2017
Sunday
06:35 AM
banner
banner
banner

വീട്ടിലിരുന്ന് സമ്പാദിക്കാം; സ്ത്രീകൾക്ക് സാഹചര്യങ്ങൾക്കനുസരിച്ച് ചെയ്യാവുന്ന തൊഴിലുകൾ

3639

ദൈനംദിന ചെലവുകൾ കൂടിക്കൊണ്ടിരിക്കുമ്പോൾ കുടുംബത്തിൽ പുരുഷൻ മാത്രം സമ്പാദിക്കുക എന്ന പരമ്പരാഗത രീതിക്ക്‌ മാറ്റം വന്നില്ലെങ്കിൽ നിത്യചെലവുകളുടെ വർധനവ്‌ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങൾ വലുതായിരിക്കും. സാമ്പത്തിക ഘടകങ്ങളേക്കാൾ, സ്ത്രീ തൊഴിലെടുക്കുന്നത്‌ സാമൂഹികവും മാനസികവുമായ ഒട്ടേറെ ഘടകങ്ങളെ സ്വാധീനിക്കുന്നു.

കേരളത്തിൽ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാൽ പുരുഷന്മാരെക്കാൾ കൂടുതൽ ശതമാനം സ്ത്രീകളാണ്‌. കോളേജുകളിൽ 60 ശതമാനത്തിലധികവും പെൺകുട്ടികളാണ്‌. പിന്നീട്‌ ഇവർ വീട്ടമ്മമാരും മറ്റും മാത്രമായി മാറുന്നത്‌ ഉണ്ടാക്കിയേക്കാവുന്ന കുടുംബ, സാമൂഹിക പ്രശ്നങ്ങൾ വലിയ തോതിൽ നാം അനുഭവിച്ച്‌ തുടങ്ങിയിരിക്കുന്നു. കുടുംബഭദ്രതയെ സ്വാധീനിക്കുന്ന രീതിയിൽ സ്ത്രീകൾ അസംതൃപ്തരാവുക എന്നേടത്ത്‌ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ തൊഴിൽ തേടുന്നതും ചെയ്യുന്നതും അവരിൽ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വർധിക്കുന്നതിന്‌ കാരണമാകും. ഇതിനർഥം എല്ലാ സ്ത്രീകളും കുടുംബം വിട്ട്‌ നിർബന്ധമായും തൊഴിൽ തേടി പോകണം എന്നല്ല. വിദ്യാഭ്യാസ നിലവാരം, കുടുംബ പശ്ചാത്തലം എന്നിവക്കനുസരിച്ച്‌ തങ്ങൾക്കിണങ്ങിയ തൊഴിൽ കണ്ടെത്തുന്നതും ചെയ്യുന്നതും അഭിലഷണീയമാണ്‌. പുറത്ത്‌ പോയി തന്നെ തൊഴിൽ തേടണമെന്നില്ല. വീട്ടിലിരുന്ന്‌ ചെയ്യാവുന്ന തൊഴിലുകളും സംരംഭങ്ങളും ഒട്ടനവധിയുണ്ട്‌.

സ്ത്രീകൾക്ക്‌, തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച്‌ ചെയ്യാവുന്ന തൊഴിലുകളെയും തൊഴിൽ ജന്യ കോഴ്സുകളെയും സാധ്യതകളെയും കുറിച്ചറിയേണ്ടത്‌ അത്യാവശ്യമാണ്‌. സ്ത്രീകളുടെ സാധ്യതകളെ മൂന്ന്‌ തരത്തിൽ ക്രമീകരിക്കാം.

1. വീട്ടിലിരുന്ന്‌ ഇന്റർനെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച്‌ ചെയ്യാവുന്ന ഓൺലൈൻ ജോലികൾ.
2. സ്വയം സംരംഭകരാവാൻ കഴിവും താൽപര്യവുമുള്ളവർക്ക്‌ യോജിക്കുന്ന സംരംഭങ്ങളും പദ്ധതികളും
3. തൊഴിൽ ജന്യഹ്രസ്വകാല കോഴ്സുകൾ

വീട്ടിലിരുന്ന്‌ സമ്പാദിക്കാൻ തീരുമാനിച്ചാൽ ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ വളരെ രസകരമായ ഒരുപാട്‌ സാധ്യതകൾ കണ്ടെത്താനാവും. ഓൺലൈൻ തൊഴിലുകൾ ഒരർഥത്തിൽ തൊഴിലും വിനോദവുമാണ്‌.

ഓൺലൈൻ ടീച്ചർ (ട്യൂട്ടർ)
അമേരിക്കയിലും മറ്റും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലത്തിലുള്ള വിദ്യാർഥികളിൽ ഏതാണ്ട്‌ 40-50 ശതമാനം പേരും സയൻസ്‌, മാത്സ്‌ വിഷയങ്ങൾക്ക്‌ തോൽക്കുന്നു. ഇതാണ്‌ എജുക്കേഷൻ ഔട്ട്‌ സോഴ്സിംഗ്‌ മേഖലയിൽ സാധ്യതയേറാൻ കാരണമായത്‌. സയൻസിലോ മാത്സിലോ പി.ജിയോ ബി.എഡോ കഴിഞ്ഞവർക്ക്‌ ഇംഗ്‌ളീഷ്‌- പ്രത്യേകിച്ച്‌ ഇംഗ്‌ളീഷിൽ സംസാരിക്കാനുള്ള കഴിവ്‌ മെച്ചപ്പെടുത്തിയാൽ വീട്ടിലിരുന്ന്‌ ഇന്റർനെറ്റ്‌ വഴി പഠിപ്പിക്കാം. ഏതാണ്ട്‌ മാസത്തിൽ അറുപതിനായിരം രൂപ വരെ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്‌. ചില സൈറ്റുകളിൽ രജിസ്‌റർ ചെയ്ത്‌ അവർ നടത്തുന്ന ടെസ്‌റുകൾക്ക്‌ വിധേയമായി കഴിവ്‌ തെളിയിച്ചാൽ ജോലി ചെയ്യാൻ തുടങ്ങാം. വൈറ്റ്‌ ബോർഡ്‌ പോലുള്ള സോഫ്റ്റ്‌ വെയറുകൾ ഉപയോഗിച്ച്‌ ഈ ജോലി വീട്ടിലിരുന്നും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്‌ ‘ട്യൂട്ടർ വിസ്‌റ’ എന്ന വെബ്‌ സൈറ്റിൽ പ്രവേശിക്കുക.

ഓൺലൈൻ അക്കൌണ്ടിംഗ്‌
കോയമ്പത്തൂരിൽ ബി.എസ്‌.സി ബയോടെക്നോളജി പഠിച്ച ക്രിസ്‌റീന എന്നെ ബന്ധപ്പെട്ടത്‌ വിദൂര വിദ്യാഭ്യാസം വഴി ചെയ്യാവുന്ന എം.ബി.എകളെ കുറിച്ച്‌ അറിയാനായിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഓൺലൈൻ അക്കൌണ്ടിംഗ്‌ തൊഴിലിനൊപ്പം വീട്ടിലിരുന്ന്‌ പഠിക്കാനേ ആവൂ എന്നതുകൊണ്ടാണ്‌ വിദൂര വിദ്യാഭ്യാസത്തെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌. ബയോടെക്നോളജി പഠിച്ച ആ വിദ്യാർഥിനി അക്കൌണ്ടിംഗിൽ വെറും ആറ്‌ മാസത്തെ പരിശീലനം നേടുകയും ഇന്റർനെറ്റ്‌ കൃത്യമായി ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ്‌ ഇത്തരമൊരു സാധ്യതയിൽ എത്തിച്ചേർന്നത്‌. അക്കൌണ്ടിംഗിൽ ഫിനാൻസ്‌, ഓഡിറ്റിംഗ്‌, ബില്ലിംഗ്‌ എന്നിവയിൽ താത്പര്യമുള്ളവർക്ക്‌ വീട്ടിലിരുന്ന്‌ ഇത്തരം ജോലി ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാം. മോഷ, ഗുരു, ഇലാൻസ്‌ എന്നീ വെബ്സൈറ്റുകൾ വഴി ഇത്തരം തൊഴിൽ സാധ്യതകൾ കണ്ടെത്താനാകും.

കണ്ടന്റ്‌ റൈറ്റിംഗ്‌
ഈ ലേഖകൻ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഉള്ളടക്കവും സർവീസുകളെ കുറിച്ചുള്ള വിശദീകരണങ്ങളും ചേർക്കേണ്ടിവന്നപ്പോൾ അത്‌ ചെയ്യാൻ പറ്റിയ ആളുകളെ തേടി ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. പ്രൊഫഷനുകളെല്ലാം വലിയ ചാർജാണ്‌ പറഞ്ഞിരുന്നത്‌. അവസാനം വെബ്സൈറ്റ്‌ നിർമാതാക്കൾ തന്നെ നിർദേശിച്ചതനുസരിച്ച്‌ ആലുവയിലെ ഒരു പ്രശസ്ത കോളേജിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിനിയാണ്‌ ഒരു പേജിന്‌ അഞ്ഞൂറ്‌ രൂപ നിരക്കിൽ ഈ ജോലി ചെയ്ത്‌ തന്നത്‌. ഇംഗ്‌ളീഷിൽ കഴിവുള്ളവർക്ക്‌, ക്രിയാത്മകമായ വിവരണശേഷിയുണ്ടെങ്കിൽ വളരെ രസകരമായി ചെയ്യാവുന്ന ഒരു ജോലിയാണിത്‌. വെബ്സൈറ്റ്‌ നിർമാതാക്കൾ, സോഫ്റ്റ്വെയർ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട്‌ ഈ ജോലി അന്വേഷിക്കാവുന്നതാണ്‌. ബ്രോഷറുകൾ, പ്രോസ്പെക്ടസുകൾ എന്നിവ ഡിസൈൻ ചെയ്യുന്നവർ, പ്രിന്റിംഗ്‌ കമ്പനികൾ എന്നിവയിൽ സാധ്യതകൾ ഒരുപാടുണ്ട്‌.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ
വിദേശത്ത്‌, പ്രത്യേകിച്ച്‌ അമേരിക്കയിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ഇൻഷുറൻസ്‌ കമ്പനികൾക്ക്‌ വിശദമായ മെഡിക്കൽ റിപ്പോർട്ട്‌ സമർപിക്കേണ്ടതുണ്ട്‌. ആശുപത്രികൾ ഇത്തരം ജോലികൾ ഡോക്ടർമാരെ ഏൽപിച്ച്‌ അവരുടെ സമയം കളയാറില്ല. പകരം ഡോക്ടർമാർ വാക്കിലോ വരയിലോ നൽകുന്ന സൂചനകൾ മാത്രമുപയോഗിച്ച്‌ പുറംകരാർ കമ്പനികളെ ഏൽപിച്ച്‌ ഇൻഷുറൻസ്‌ കമ്പനികൾക്കുള്ള വിശദ റിപ്പോർട്ടുകൾ എഴുതി വാങ്ങുന്നു. ഈ ജോലി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എന്ന പേരിൽ പഠിപ്പിക്കുകയും തൊഴിൽ നേടിക്കൊടുക്കുകയും ചെയ്യുന്ന ചില കമ്പനികൾ കേരളത്തിലുമുണ്ട്‌. കോഴിക്കോട്‌ അസുറെ (AZURE), പുത്തനത്താണിയിലെ ആക്സൻ, കൊച്ചിയിലെ സ്പെക്ട്രം (SPECTRUM) തിരുവനന്തപുരത്ത്‌ (CDIT)എന്നിവ പഠനവും തൊഴിലവസരവും നൽകുന്നു.

പ്രൂഫ്‌ റീഡിംഗ്‌
ലോകത്തിലെ അറിയപ്പെടുന്ന പ്രസാധകശാലകളെല്ലാം മുഴുസമയ പ്രൂഫ്‌ റീഡർമാരെ വെക്കുന്നതിന്‌ പകരം ഓൺലൈനായി ഈ ജോലി ചെയ്യിപ്പിക്കുന്നുണ്ട്‌. മാക്മില്ലൻ, പെങ്ങ്വിൻ മുതലായ പ്രസാധകശാലകളുടെ വെബ്സൈറ്റിൽ അവയുടെ ബാക്ക്‌ ആന്റ്‌ സപ്പോർട്ടിൽ പ്രവേശിച്ചാൽ ഈ തൊഴിലുകൾ നമുക്കും തേടാവുന്നതാണ്‌.
പുറമെ വെബ്സൈറ്റ്‌ ഡിസൈനിംഗ്‌, ബില്ലിംഗ്‌, കോഡിംഗ്‌, മെഡിക്കൽ ഇൻഫർമേഷൻ സർവീസ്‌, ഓഡിറ്റിംഗ്‌ എന്നീ മേഖലയിലൊരുപാട്‌ തൊഴിലവസരങ്ങൾ ഓൺലൈനായി നമുക്ക്‌ തേടാവുന്നതാണ്‌. ഫോട്ടോഷോപ്പ്‌, എക്സൽ, പവർപോയിന്റ്‌ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക്‌ ഗുരു, മോക്ഷ, ഈസി ജോബ്സ്‌, ഓൺലൈൻ ജോബ്സ്‌ എന്നിങ്ങനെയുള്ള സൈറ്റുകളിലൂടെ തൊഴിൽ തേടാവുന്നതാണ്‌. ഓൺലൈൻ തൊഴിൽ ദാതാക്കളിൽ വളരെ പ്രമുഖരാണ്‌ മെക്കാനിക്കൽ ടർക്ക്സ്‌. എല്ലാവിധ ടെക്നിക്കൽ നോൺ ടെക്നിക്കൽ ജോലികളും ഈ സൈറ്റിലൂടെ ലഭ്യമാണ്‌.

സ്വയം സംരംഭങ്ങൾ സാമ്പത്തിക മുന്നേറ്റത്തിനും സ്വയം പര്യാപ്തതക്കും (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *