മലയാളം ഇ മാഗസിൻ.കോം

പുരുഷബോധങ്ങളെ വിറളിപിടിപ്പിക്കുന്ന ഉടുപ്പിറുക്കങ്ങളിലെ പെൺലോകം

മനുഷ്യന്‍ അവന്‍റെ പരിണാമഘട്ടത്തില്‍ എടുത്തണിഞ്ഞ ഒരു കുരുക്കായിരുന്നു ഉടയാടകള്‍. നഗ്നനായിരിക്കെ അവരെത്ര സ്വതന്ത്രരും ഉന്മാദിയുമാണ്. ജനിച്ച നിമിഷത്തിലേത് പോലെ, രതിനേരങ്ങളിലേതുപോലെ നഗ്നരായിരിക്കെ അവരെത്ര കളങ്കമറ്റവരും അപരസ്‌നേഹമുള്ളവരുമാണ്. ഉടുപ്പുകളുടെ മുഷിച്ചില്‍ മണമില്ലെങ്കില്‍ മനുഷ്യമണം എന്ത് ഉന്മത്തമായിരിക്കും. തുണിയിട്ട് മൂടി നരച്ച് പോയില്ലായിരുന്നുവെങ്കില്‍ മനുഷ്യത്തോലിയെത്ര മഴയുടെ, വെയിലിന്‍റെ ഉറവ പേറിയേനെ..

\"\"

എന്നിട്ടും നമ്മള്‍ ഉടുപ്പണിഞ്ഞു. ഉടലിനെ കെട്ടിമുറുക്കിവെയ്ക്കാന്‍ ശീലിച്ചു. നഗ്നതയില്‍ ചൂളുകയും അപമാനിതരാകുകയും ചെയ്തു.

വസ്ത്രം ആത്യന്തികമായി അത് ധരിക്കുന്നവന്‍റെ തിരഞ്ഞെടുപ്പും സൗന്ദര്യപരമായ ഭാവനകളോട് ചേര്‍ന്ന് നില്‍്ക്കുന്നതുമാകാം. എന്നാല്‍, അപരന്‍റെ കാഴ്ചയെക്കുറിച്ചഉള്ള കരുതല്‍കൂടി ചേര്‍ന്നിട്ടാണ് അത് പൂര്‍ണ്ണമാകുന്നത്. ഒരാള്‍ ധരിക്കുന്ന വസ്ത്രം അപരന്‍റെ ആസ്വാദനത്തിനോ വലിയിരുത്തലിനോ ഒക്കെ വിധേയമാകാറുണ്ട്.

\"\"

ഒരു സമൂഹത്തില്‍ നിലനിന്ന് പോരുന്ന മൂല്യങ്ങളുടെയും സദാചാര ക്രമങ്ങളുടെയും ഒക്കെ സ്വാധീനത്തിലാണ് പലപ്പോഴും അത് നടക്കുന്നത്. പുരുഷന് മേല്‍‌ക്കൈ ഉള്ള ഒരു വ്യവസ്ഥയില്‍ വസ്ത്രശൈലികകള്‍ രൂപപ്പെടുത്തുന്നതില്‍ അവന്‍റെ രുചികളും താല്പര്യങ്ങളും പ്രധാനമാകാറുണ്ട്. സ്വതന്ത്രമായ ചലനത്തിതനും ഇടപെടലുകള്‍ക്കും സാധ്യമായ വസ്ത്രങ്ങള്‍ അവന്‍ തെരഞ്ഞെടുക്കുകയും സങ്കീര്‍ണവും ശരീരത്തെ നിയന്ത്രിക്കുന്നതും പുരുഷക്കാഴ്ചകള്‍ക്ക് സുഖപ്രദവുമായ ഉടയാടകള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു പോന്നിട്ടുണ്ട്.

സംസ്‌കാര വിനിമയങ്ങളുടെയും പൊതു ഇടങ്ങളിലേക്കുള്ള വരവിന്‍റെയും ഒക്കെ ഫലമായി വസ്ത്രങ്ങളില്‍ അവള്‍ പുതിയത് തേടുകയും സ്വന്തം താല്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് സ്വതന്ത്രമായി ചലിക്കാനനുവദിക്കുന്ന ശരീരത്തിന്‍റെ ഒളിപ്പിച്ച് വെക്കലിനെ ഭേദിക്കുന്നവ തെരഞ്ഞെടുക്കുകയും ഉണ്ടായി. പലപ്പോഴും പുരുഷബോധങ്ങളെ വിറളിപിടിച്ചിച്ചിട്ടുണ്ടത്.

\"\"

സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയുടെ ശോഷണത്തിലുള്ള ആധിയായിട്ടാണ് അവരത് ആദ്യം പ്രകടിപ്പിച്ചിരുന്നതെങ്കില്‍, സുരക്ഷയാണ് പിന്നീടെടുത്ത് പ്രയോഗിച്ചത്.

അതായത് പെണ്ണിന്‍റെ വസ്ത്രം പുരുഷനില്‍ ഉണ്ടാക്കുന്ന വൈകാരികമായ തരംഗങ്ങള്‍ അവനെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുമെന്നും അതിനാല്‍ അവന്‍റെ ലൈംഗീകചോദനകളെ ഉണര്‍ത്താത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും. മനുഷ്യന് ജീവശാസ്ത്രപരമായി സ്വലിംഗത്തില്‍പ്പെട്ടതോ ആയവരുടെ എതിര്‍ലിംഗത്തില്‍പ്പെട്ടതോ ആയവരുടെ ശരീരത്തിന്‍റെ കാഴ്ചകൊണ്ട് ലൈംഗീകമായി ഉത്തേജനമുണ്ടാവാം. എന്നാല്‍ ആ തൃഷ്ണകളെ നിരുപദ്രകരമായ ഒരു സ്വയംഭോഗംകൊണ്ട് വരെ അവന് ശമിപ്പിക്കാവുന്നതുമാണ്, അപരന്‍റെ ശരീരത്തിലേക്ക് അനുവാദമില്ലാതെ ഇടിച്ച് കയറുന്നതിലൂടെ ആകരുത്.

നഗ്നതയും വസ്ത്രവും തമ്മില്‍ ചെറിയ അതിര്‍ത്തികള്‍ മാത്രമുള്ള പല സമൂഹങ്ങളിലും അപരശരീരങ്ങള്‍ നോട്ടത്തിലും ഇടപഴകലുകളിലും ആരോഗ്യപരമായ പരസ്പര ബഹുമാനം പുലര്‍ത്തുന്നുണ്ട്. ശരീരം കുറ്റമായ, വസ്ത്രങ്ങള്‍ ഒളിഞ്ഞുനോട് സാധ്യതകളെ പേറുന്ന നമ്മുടേത് പോലുള്ള സമൂഹത്തില്‍ ഉടലും ഉടുപ്പും മതത്തിന്‍റെ പുരുഷമൂല്യങ്ങളുടെ ഒക്കെ നിരന്തര വിചാരണങ്ങളില്‍പ്പെട്ട് വരിഞ്ഞുമുറുകുമ്പോഴും അതിക്രമിച്ച് കയറുന്നവരെക്കുറിച്ചുള്ള ഭീതിയിലുമാണ്.

\"\"

ഏതാണ്ട് അഞ്ച് വര്‍ഷത്തിന് മുമ്പാണ് ലെഗ്ഗിന്‍സ് കേരളത്തിലെ പെണ്‍കുട്ടികളുടെ വാര്‍ഡ് റോബുകളിലേക്കെത്തുന്നത്. അതിന് മുമ്പും ആ വസ്ത്രം ഇവിടുണ്ടായിരുന്നു. ലെഗ്ഗിന്‍സ് വിരോധികള്‍ പറയുംപോലെ അടിവസ്ത്രമായിത്തന്നെ. ഇടക്കെങ്ങാന്‍ പൊങ്ങി പറന്നേക്കാവുന്ന പാവാടയുടെയും സാരിയുടെയും താഴെ, നിഴല്‍ വീണ് കാല്‍വടിവ് വെളിവാക്കാവുന്ന ചുരിദാര്‍ പാന്റിനു കീഴെയൊക്കെ അത്തരം ഒരു കനം കുറഞ്ഞ പാന്റ് പറ്റിപിടിച്ച് കിടന്നിരുന്നു.

താഴെയീ ലെഗ്ഗിന്‍സും ധരിച്ചവര്‍, പുറത്തേക്ക് യാത്രയില്‍ ഒരു വാഹനാപകടം പറ്റിയാല്‍, എടുത്തുകൊണ്ട് പോകുന്നവര്‍കകും ആശുപത്രി ജീവനക്കാര്‍ക്കും മുന്നില്‍ സാരി പൊന്തി കാല് വെളിവാകുമെന്ന് ഭയന്നിട്ടാണെന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ് ഞെട്ടിച്ചിട്ടുണ്ട്. ആ ലെഗ്ഗിന്‍സ് തന്നെയാണ് പുതിയ നിറങ്ങളില്‍, തുണികളില്‍ ഒക്കെ മേല്‍വസ്ത്രമായി വന്നത്. ധരിച്ചാലുള്ള ഭംഗിയോടൊപ്പം കാലുകളെ, നടപ്പിനെ ഒക്കെ അതങ്ങ് എളുപ്പമാക്കി. ഒത്തിരി നാളൊന്നും അങ്ങനെ സ്വസ്ഥതയുള്ള വസ്ത്രം ധരിക്കാന്‍ പെണ്ണുങ്ങളെ വിടാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് ജീന്‍സിനെക്കാളും ഒക്കെ മുന്തിയ കുറ്റപത്രം ലെഗ്ഗിന്‍സിനെതിരെ സാംസ്‌കാരിക കാരണവന്മാര്‍ ഇറക്കിത്തുടങ്ങിയിട്ടുണ്ട്.

പുരുഷന് ഉദ്ധാരണം ഉണ്ടാക്കുന്ന എന്നതാണ് ഈ വസ്ത്രങ്ങളുടെ പ്രശ്‌നമത്രേ. ഉദ്ധരിക്കാനുള്ള പുരുഷലിംഗത്തിന്‍റെ സ്വാതന്ത്ര്യത്തോട് ഒരെതിര്‍പ്പുമില്ല. എന്നാല്‍ ആ കാരണം പരിഗണിച്ച് സ്ത്രീകളെന്തിനാണ് വസ്ത്രങ്ങളെ പരിഷ്‌കരിക്കേണ്ടത്. നേര്‍മ്മയുള്ള, ധരിക്കാന്‍ സൗകര്യപ്രദമായ, കാല്‍വണ്ണകളെ മനോഹരമായി കാണിക്കുന്ന ലെഗ്ഗിന്‍സ് ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം അതേ വേഷത്തില്‍ അവളെ കണ്ടാല്‍ തനിക്ക് ലൈംഗീക ഉത്തേജനമുണ്ടാകുന്നവെന്ന പുരുഷവാദത്തോട് ഒത്തുതീര്‍പ്പുണ്ടാക്കാനുള്ളതല്ല.

\"\"

പര്‍ദ ധരിച്ച പെണ്ണും ചുരിദാരിട്ടവളും സാരി ധരിച്ച പെണ്ണും ഒക്കെ ഓരോ പുരുഷനും വ്യത്യസ്ത വൈകാരികതകള്‍ ഉണ്ടാക്കമെന്നിരിക്കെ അതിന്മേലുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീകളില്‍ നിക്ഷിപ്തമല്ല.

ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലെ നായിക ഉപയോഗിക്കുന്ന ഒരു തരം ചുരിദാറുണ്ട്. വളരെ നീളം കൂടിയ ടോപ്പും അറ്റം വിരിച്ച പാന്റ്‌സും. വളരെ പെട്ടെന്ന് ഫാഷന്‍ പട്ടികയില്‍ കയറിയ ഈ വസ്ത്രം നാട്ടിന്‍പുറങ്ങളില്‍വരെ സാധാരണവുമായിരുന്നു.

അക്കാലങ്ങളില്‍ കേട്ടിരുന്ന ഒരാത്മഹത്യ കഥയുണ്ട്. ഷോര്‍ട്ട് ടോപ്പ് ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ബസ്സില്‍ നിന്നറങ്ങുമ്പോള്‍ പാന്റ്‌സ് അഴിഞ്ഞ് വീണു. തൊട്ടടുത്ത് ഉണ്ടായിരുന്ന ഭര്‍ത്താവ് ഉടുമുണ്ടഴിച്ച് അവളെ പുതപ്പിച്ചു. പിറ്റേന്ന് അപമാനഭാരം കൊണ്ട് ആ സ്ത്രീ ആത്മഹത്യ ചെയ്തത്രേ. നീളമുള്ള ടോപ്പായിരുന്നേല്‍ വല്ല പ്രശ്‌നവും ഉണ്ടായിരുന്നോ എന്നാണ് കഥയ്ക്ക് അവസാനമുള്ള ആത്മഗതം.

പുരുഷന്‍ ഉടുപ്പഴിച്ച് സ്വയം നഗ്നനായും അത്രതന്നെയുള്ള പെണ്‍നഗ്നതയെ ഒളിപ്പിക്കണമെന്ന് കരുതുന്ന ബോധത്തെ പേറുന്ന ഒരു സമൂഹം വിവാഹിതയായ ഒരുവള്‍ പാരമ്പര്യ വസ്ത്രധാരണശൈലികളോടൊക്കാത്ത ഉടുപ്പണിഞ്ഞ് കാല്‍ത്തുടകള്‍ അന്യര്‍ കാണാന്‍ ഇടയാക്കി എന്നതിന് കൊടുത്ത ശിക്ഷയായിരുന്നു ആ മരണം. ഇതേ സമവാക്യങ്ങളിലാണ് ലെഗ്ഗിന്‍സും ജീന്‍സുമൊക്കെ തെറ്റായ വസ്ത്രങ്ങളാകുന്നത്.

സ്ത്രീകള്‍ ധരിക്കുന്ന കംഫര്‍ട്ടബില്‍ ആയ ഉടുപ്പകളൊക്കെ ഏതെങ്കിലും ഒരിടത്തുവെച്ച് സമൂഹത്തിന്‍റെ വിലക്കോ വിചാരണയോ നേരിടാറുണ്ട്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ മാത്രമല്ല, അയഞ്ഞവപോലും. എഴുപതുകളിലെ ഫാഷനുടപ്പായ നൈറ്റികള്‍ വീട്ടകങ്ങളിലേക്ക് മറഞ്ഞുപോയത് നോക്കൂ. ധരിക്കാനും ധരിച്ച് നടക്കാനും വളരെ സൗകര്യപ്രദമാണ് മാക്‌സികള്‍.

\"\"

ഒഴുകികിടക്കുന്ന ഒരുടുപ്പ്. കൈനീളം കുറഞ്ഞത്, വലിയ അയഞ്ഞ കൈകളുള്ളത്, കടും മഞ്ഞയും ഇളം റോസും പിന്നെ ലോകത്തുള്ള മുഴുവന്‍ നിറങ്ങളും ഉള്‍ക്കൊള്ളിക്കാവുന്നത്, കോട്ടണോ ചുങ്കിടിയോ സാറ്റിനോ ഏതിലും തയ്ക്കാവുന്നത്, പോക്കറ്റുള്ളത് വരെ. എന്തുകൊണ്ടോ മുറ്റത്ത് ഇറങ്ങാന്‍ പാടില്ലാത്ത ഉടുപ്പാണത്. ഏറിയാല്‍ ഉമ്മറം വരെ. ഇത്ര സുഖപ്രദമായ ഒരു വസ്ത്രം, ശരീരത്തെ പൊതിഞ്ഞു നടക്കുന്നതുതന്നെ വീട്ടിലൊതുങ്ങിപ്പോയത് എങ്ങനെയായിരിക്കും.

അപ്പോള്‍ ഇറുക്കംകൊണ്ട് നിയന്ത്രണം കളയുന്ന എന്നതിനെക്കാള്‍ അവളെ സ്വതന്ത്രമാക്കുന്നു എന്ന കുറ്റം വസ്ത്രങ്ങള്‍ക്കാണ് കുറ്റം ചെയ്യുന്ന വസ്ത്രങ്ങള്‍ക്കാണ് വിലക്കും വിചാരണയും ഒക്കെ നേരിടേണ്ടിവരുന്നത്. ആറു മീറ്ററില്‍ ചുറ്റിവെക്കുന്ന സാരിയും മൂടിപ്പുതച്ചിരിക്കുന്നു എന്ന് സ്വയം തോന്നിപ്പിക്കുന്ന പര്‍ദ്ദയും സ്വതന്ത്ര്യം നഷ്ടമാക്കുകയും ഒളിപ്പിച്ചുവെക്കലിന്‍റെ കൗതുകം നിലനിര്‍ത്തുകയും ചെയ്യുന്നു എന്നതിനാല്‍ത്തന്നെ അംഗീകരിക്കപ്പെടുന്നുമുണ്ട്.

ശ്വസം വിട്ട് നടക്കാന്‍ പറ്റുന്ന, ഒരു ബൈക്കിന്‍റെ ഇരുവശങ്ങളിലേക്ക് കാലെടുത്തിടാവുന്ന, സുഗമമായി അടിവസ്ത്രം താഴ്ത്തി മൂത്രമൊഴിക്കാവുന്ന, വേഗത്തിലെടുത്ത് ഇടാവുന്ന, സ്വയം തെരഞ്ഞെടുക്കുന്ന ഉടുപ്പുകള്‍ ധരിക്കുന്ന പിടിച്ചുകെട്ടലില്ലാത്ത ഈ വസ്ത്രങ്ങളോടുള്ള ഭീതി ആണാധിപ്യത്തിന്റേതാണ്. ശരീരത്തേയും അതിനോടുള്ള സമീപനങ്ങളെയും കുറച്ച് പെണ്ണിനുള്ള ആകുലതകളെ അവള്‍ അഴിച്ചെറിയുന്തോറും ദുര്‍ബലപ്പെടുന്ന മേധാവിത്വത്തിന്‍റെ.

ഹസ്ന ഷഹീത

Avatar

Staff Reporter