21
October, 2017
Saturday
02:05 PM
banner
banner
banner

എന്നെ മറന്നാലും എന്റെ പാട്ടുകൾ മറക്കരുത്‌: ബിഗ്‌ സർപ്രൈസുമായി ഗോപീ സുന്ദർ

1390

ഗോപി സുന്ദർ എന്ന കലാകാരന്റെ കരിയറിന്റെ തുടക്കമായിരുന്നു നോട്ട്‌ ബുക്ക്‌. അതുവരെ മലയാള ചിത്രങ്ങളിൽ കേട്ട്‌ പരിചയിക്കാത്തതും പുതുമയും ഫ്രഷ്ണെസ്സും നിറഞ്ഞതായിരുന്നു നോട്ട്ബുക്കിലെ സ്കോറുകൾ. തുടർന്നു വന്ന ബിഗ്‌ ബിയും സാഗർ ഏലിയാസ്‌ ജാക്കിയുമെല്ലാം നമ്മളെ ത്രില്ലടിപ്പിച്ചെങ്കിൽ അതിൽ ഗോപി സുന്ദർ എന്ന കലാകാരൻ വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു എന്ന്‌ നിസംശയം പറയാം.

2006 ലെ ക്രിസ്തുമസ്സ്‌ റിലീസായിരുന്നു റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത ‘നോട്ട്‌ ബുക്ക്‌’. എറണാകുളം കവിതയിലിരുന്നാണ്‌ ഞാനും എന്റെ ഫ്രണ്ട്സും നോട്ട്‌ ബുക്ക്‌ കണ്ടത്‌. ചിത്രം കഴിഞ്ഞിറങ്ങിയ ശേഷം ഞങ്ങൾ സംസാരിച്ചത്‌ മുഴുവൻ ചിത്രത്തിലെ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കും, അതുപോലെ മെജോ ജോസഫ്‌ ചെയ്ത കഥാപാത്രം പിയാനോയിൽ വായിക്കുന്ന ചിത്രത്തിന്റെ തീം മ്യൂസിക്കിനേയുമൊക്കെ കുറിച്ചായിരുന്നു. ഗോപി സുന്ദർ എന്ന കലാകാരന്റെ കരിയറിന്റെ തുടക്കമായിരുന്നു നോട്ട്‌ ബുക്ക്‌. അതുവരെ മലയാള ചിത്രങ്ങളിൽ കേട്ട്‌ പരിചയിക്കാത്തതും പുതുമയും ഫ്രെഷ്ണെസ്സും നിറഞ്ഞതായിരുന്നു നോട്ട്ബുക്കിലെ സ്കോറുകൾ. തുടർന്നു വന്ന ബിഗ്‌ ബിയും സാഗർ ഏലിയാസ്‌ ജാക്കിയുമെല്ലാം നമ്മളെ ത്രില്ലടിപ്പിച്ചെങ്കിൽ അതിൽ ഗോപി സുന്ദർ എന്ന കലാകാരൻ വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു എന്ന്‌ നിസംശയം പറയാം. തീർന്നില്ല, സ്ഥിരം മുസ്ലീം കല്യാണപ്പാട്ടുകളിൽ നിന്നും തീർത്തും ഡിഫറൻഡായി ശ്രേയ ഘോഷാലിനെ കൊണ്ട്‌ അൻവറിലെ ‘കിഴക്കു പൂക്കും മുരുക്കിനെന്തൊരു ചുവചുവപ്പാണ്‌’ എന്ന്‌ പാടിപ്പിച്ചപ്പോൾ കേരളം മുഴുവൻ അതേറ്റു പാടി. പിന്നീട്‌ വന്ന ഉസ്‌താദ്‌ ഹോട്ടലിലെ ‘അപ്പങ്ങളെമ്പാടു’മായാലും എബിസിഡിയിലെ ‘ജോണീ മോനേ ജോണി’യായാലും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ‘മുക്കത്തെ പെണ്ണേ’ എന്ന ഗാനമായാലും ഗോപി സുന്ദർ നമ്മെ നല്ല സംഗീതത്തിലൂടെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്‌. ചെന്നൈ എക്സ്പ്രസിൽ ഷാരൂഖ്‌ ഖാനുവേണ്ടി ‘തിത്ലി’ എന്ന ഗാനം പാടാൻ സംഗീത സംവിധായകരായ വിശാൽ & ശേഖർ തിരഞ്ഞെടുത്തത്‌ ഗോപിയുടെ ശബ്ദമായിരുന്നു. നാഗാർജുനയും കാർത്തിയും മത്സരിച്ചഭിനയിച്ച്‌ ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന തെലുഗ്‌ ചിത്രം ഊപ്പിരി (തോഴ) എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ ഗോപി സുന്ദറാണ്‌. സ്വന്തം ബാൻഡിന്റെ ലോഞ്ചിനായി തയാറെടുക്കുന്ന ഗോപി സുന്ദറിന്റെ വിശേഷങ്ങളിലേക്ക്‌.

gopi_s2

അധികം സംസാരിക്കാതെ മടിച്ചുനിൽക്കുന്ന താങ്കൾ സ്റ്റേജിൽ കയറുമ്പോൾ സൂപ്പർ എനർജെറ്റിക്‌ പെർഫോമറായി മാറുന്നത്‌ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്‌!
എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുമ്പിൽ ഇരിക്കുന്ന ഓഡിയൻസിനെ എന്തു വില കൊടുത്തും എൻടർടെയ്ൻ ചെയ്യുക എന്നതാണ്‌. അതിനു വേണ്ടിയാണല്ലോ ഓരോ കലാകാരന്മാരും പരിശ്രമിക്കുന്നത്‌. റിക്കോർഡിങ്ങ്‌ സ്റ്റുഡിയോയിൽ പാടുന്നതിന്റെ ഇരട്ടി എനർജി വേണം സ്റ്റേജിൽ കയറി പെർഫോം ചെയ്യുമ്പോൾ. ഓഡിയൻസ്‌ എൻജോയ്‌ ചെയ്യുന്നുണ്ടെന്നറിഞ്ഞാൽ നമ്മളും അതിനനുസരിച്ച്‌ എനർജെറ്റിക്കാകും.

സിനിമയുമായി ബന്ധമില്ലാത്തവർ സിനിമാ ഫീൽഡിലേക്ക്‌ വരുമ്പോൾ വളരെയേറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരാറുണ്ടെന്ന്‌ പലരും പറയാറുണ്ട്‌. അങ്ങനെ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
ഞാൻ വളരെ പതുക്കെയാണ്‌ സിനിമയിലേക്ക്‌ എത്തിയത്‌. ഔസേപ്പച്ചൻ സാറിന്റെ ടീമിൽ തബലിസ്റ്റായിട്ടായിരുന്നു തുടക്കം. പിന്നെ മ്യൂസിക്‌ പ്രോഗ്രാമറായി ജോലി ചെയ്യാൻ തുടങ്ങി. അപ്പോൾ പലരും മ്യൂസിക്‌ ഡയറക്ട്‌ ചെയ്യാനും വിളിച്ചു തുടങ്ങി. എനിക്ക്‌ ആത്മവിശ്വാസം വന്നപ്പോഴാണ്‌ ഞാൻ നോട്ട്ബുക്കിന്റെ പശ്ചാത്തല സംഗീതം ചെയ്യാൻ തീരുമാനിച്ചത്‌.  എതിർപ്പുകളും പാരകളുമൊക്കെ എല്ലാ ഫീൽഡിലുമുള്ള പോലെ സിനിമയിലുമുണ്ട്‌. എനിക്ക്‌ നെഗേറ്റെവ്‌ അനുഭവങ്ങൾ പൊതുവെ കുറവായിരുന്നു. എനിക്ക്‌ വിധിച്ചത്‌ എന്നെ തേടിവരുമെന്ന്‌ വിശ്വസിക്കുന്ന ആളാണു ഞാൻ. ഇതുവരെ അങ്ങനെയാണ്‌ സംഭവിച്ചതും.

എന്ന്‌ നിന്റെ മൊയ്തീൻ, ചാർലി, ദേശീയ പുരസ്ക്കാരം നേടിത്തന്ന 1983 തുടങ്ങി എല്ലാ സിനിമകളെയും മികച്ചതാക്കാൻ പശ്ചത്താല സംഗീതം പ്രധാന പങ്കാണ്‌ വഹിച്ചത്‌. ഇത്‌ സംഗീത സംവിധാനത്തേക്കാൾ ഉത്തരവാദിത്വം കൂടിയ ജോലിയായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അങ്ങനെ താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്‌. ഞാൻ രണ്ടും ഒരുപോലെ എൻജോയ്‌ ചെയ്യുന്ന ആളാണ്‌. തീർച്ചയായും ബാക്‌ഗ്രൗണ്ട്‌ സ്കോറിൽ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നന്നായി ചിത്രീകരിച്ച പല സീനുകളും കൈവിട്ടു പോകും. പുരസ്ക്കാരം ലഭിച്ചതിലുപരി 1983 ലെ മ്യൂസിക്കിന്‌ ജനങ്ങൾ നൽകിയ സ്വീകാര്യതയായിരുന്നു കൂടുതൽ സാറ്റിസ്ഫാക്ടറിയായി തോന്നിയത്‌. തീർച്ചയായും ദേശീയ പുരസ്ക്കാരം വളരെ പ്രാധാന്യമുള്ളത്‌ തന്നെയാണ്‌. എന്നാൽ ഓരോ വീടുകളിൽ ചെല്ലുമ്പോൾ അവിടുത്തെ ചെറിയ കുട്ടികൾ ‘അപ്പങ്ങളെമ്പാടും’ അല്ലെങ്കിൽ ‘ജോണി മോനേ ജോണീ’ പാടി കേൾപ്പിക്കുമ്പോഴുള്ള സന്തോഷം ഒരു അവാർഡിനും നേടിത്തരാനാകില്ല.

gopi_s1

ചാർലിയിൽ ടെസ, ബോട്ടിൽ കയറി ചാർലിയുടെ മായാലോകത്തേക്ക്‌ കടക്കുന്ന രംഗം മുതൽ സിനിമയ്ക്ക്‌ മൊത്തത്തിലുള്ള മാജിക്കൽ റിയലിസത്തോട്‌ നീതി പുലർത്തുന്ന രീതിയിലായിരുന്നു സിനിമയുടെ പാശ്ചാത്തല സംഗീതം. ഇതെല്ലാം കുറേയേറെ റിസർച്ചിനും റഫറൻസിനും ശേഷമാണോ ചിട്ടപ്പെടുത്തുന്നത്‌?
സ്റ്റോറി കേൾക്കുമ്പോൾ തന്നെ ഓരോന്ന്‌ സ്ട്രൈക്ക്‌ ചെയ്യും. കഥാപാത്രങ്ങൾ പട്ടിണി കിടക്കുന്നുണ്ടെന്നു കരുതി ഞാനും പട്ടിണി കിടന്ന്‌ മ്യൂസിക്‌ കമ്പോസ്‌ ചെയ്യാൻ നിന്നാൽ അത്‌ പ്രശ്നമാവില്ലേ? ഓരോ സിനിമയ്ക്കും ഓരോ മൂഡുണ്ടാകും. അത്‌ ഉൾക്കൊണ്ട്‌ സംവിധായകന്റെ കൂടെ ഡിസ്കസ്‌ ചെയ്ത്‌ ഓരോന്നു ചിട്ടപ്പെടുത്തും. ചിലപ്പോൾ രണ്ടും മൂന്നും പാട്ടൊക്കെ ഒരു ദിവസം കൊണ്ട്‌ ചെയ്യാറുണ്ട്‌.

അത്ര ഈസിയാണോ മ്യൂസിക്‌ കമ്പോസിങ്ങ്‌? പലരും കുറച്ച്‌ കാലം കഴിഞ്ഞ്‌ പുതിയ കോൺട്രിബ്യൂഷൻസ്‌ ഇല്ലാതെ കരിയറിൽ ഡൗണായി പോകാറുണ്ട്‌?
അത്‌ ഓരോ കലാകാരന്മാരും എന്നെങ്കിലും നേരിടേണ്ടി വരുന്ന റിയാലിറ്റിയാണ്‌. ഒരു കാലം കഴിഞ്ഞാൽ നമ്മൾ ചെയ്യുന്ന വർക്ക്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക്‌ വിലയുള്ള സമയം നന്നായി സമ്പാദിച്ച്‌, വയസാകുമ്പോൾ ആലപ്പുഴയിലോ കുട്ടനാട്ടിലോ കൃഷിയൊക്കെ നോക്കി കൊച്ചു മക്കളുടെ കൂടെ അപ്പാപ്പൻ പണ്ട്‌ പാടിയ പാട്ടു കേട്ടോടാ മോനെ എന്ന്‌ വീമ്പ്‌ പറഞ്ഞ്‌ ഇരിക്കണം. അതാണ്‌ എന്റെ പ്ലാൻ.

gopi_s3ഏറ്റവും സ്വാധിനിച്ച രണ്ട്‌ ആൽബങ്ങൾ ഏതൊക്കെയാണ്‌?
എം എസ്‌ വിശ്വനാഥന്റെയും ദേവരാജൻ മാസ്റ്ററുടെയുമൊക്കെ പാട്ട്‌ കേട്ട്‌ വളർന്ന കുട്ടിക്കാലമാണ്‌ എന്റേത്‌. ഒരു കമ്പ്ലീറ്റ്‌ ആൽബം എന്നൊക്കെ പറയാൻ… കാതോട്‌ കാതോരത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന്‌ മികച്ചവയാണ്‌. അതുപോലെ തന്നെ ഞാൻ ഗന്ധർവൻ, ജോൺസൺ മാഷിന്റെ ഏറ്റവും മികച്ച ഗാനങ്ങൾ ആ ചിത്രത്തിലേതാണെന്ന്‌ എനിക്കെപ്പോഴും തോ
ന്നാറുണ്ട്‌.

ഇപ്പോൾ മലയാളത്തിൽ തന്നെ ഒരുപാട്‌ മ്യൂസിക്‌ ബാൻഡുകളുണ്ട്‌. സ്വന്തം ബാൻഡായ ‘ബാൻഡ്‌ ബിഗ്‌ ജി’ എങ്ങനെയാണ്‌ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നത്‌?
ഞാൻ എന്ന ബ്രാൻഡ്‌ തന്നെയാകും എന്റെ ബാൻഡിന്റെ പ്രത്യേകത. മറ്റ്‌ പല ബാൻഡുകളും ഓരോ ഷോയിലും ചെയ്യുന്നതെന്താണെന്നും ഏതു ലെവൽ വരെ പോകുമെന്നൊക്കെ നിങ്ങൾക്ക്‌ പ്രെഡിക്ട്‌ ചെയ്യാനാകും. ഈ പ്രെഡിക്ഷൻസിനെയൊക്കെ ബ്രേക്ക്‌ ചെയ്യുക എന്നതാണ്‌ എന്റെ ആദ്യത്തെ ലക്ഷ്യം. ഓരോ ഷോയിലും പാടുന്ന ആർടിസ്റ്റ്‌ വേറെയാകും, ഒപ്പനയോ സൂഫിയോ ഭരതനാട്യമോ ഏതൊരു ആർട്ട്ഫോം ആണെങ്കിലും ഈ ഷോയിൽ പെർഫക്ട്ലി സിങ്കായി പോകും. നല്ലൊരു ബ്രാൻഡും നല്ലൊരു ബാൻഡും കൂടെ യോജിക്കുമ്പോഴുണ്ടാകുന്ന എല്ലാ പുതുമയും എൻടർടെയ്ന്മെന്റും ഈ ഷോകളിൽ നിങ്ങൾക്ക്‌ പ്രതീക്ഷിക്കാം. നിങ്ങൾ ഇഷ്ടപ്പെട്ട പാട്ടുകളുടെ പല വേർഷൻസും ലൈവായി കേൾക്കാനും ആസ്വദിക്കാനും പങ്കാളികളാകാനും ഞങ്ങൾക്ക്‌ കൂടിയുള്ള അവസരം എന്നാണ്‌ ഞാൻ പറയുന്നത്‌. മേയ്‌ 20 ന്‌ ദുബായിൽ വച്ചാകും ഞങ്ങളുടെ ആദ്യ ഷോ.

ഏതൊക്കെയാണ്‌ റിലീസാകാനുള്ള ചിത്രങ്ങൾ?
ജെയിംസ്‌ ആൻഡ്‌ ആലീസാണ്‌ അടുത്ത റിലീസ്‌. അമൽ നീരദ്‌, അഞ്ജലി മേനോൻ, റോഷൻ ആൻഡ്രൂസ്‌ എന്നിവരുടെ ചിത്രങ്ങളുമുണ്ട്‌ ഈ വർഷം. ആർ എസ്‌ വിമലിന്റെ കർണൻ എക്സൈറ്റിങ്ങായിട്ടുള്ള മറ്റൊരു പ്രോജക്ടാണ്‌. പ്രേമത്തിന്റെ തെലുഗും മഹേഷ്‌ ബാബു നായകനാകുന്ന ബ്രഹ്മോൽസവവും തെലുഗ്‌ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ്‌.

gopi_s4

എന്താണ്‌ വായനക്കാരോട്‌ പറയാനുള്ളത്‌?
വായനക്കാരോട്‌ എനിക്ക്‌ പറയാനുള്ളത്‌ എന്റെയും മറ്റ്‌ കലാകാരന്മാരുടെയും നല്ല വർക്കുകൾക്ക്‌ എപ്പോഴും പ്രോത്സാഹനം നൽകുക, എന്റെ പാട്ടുകൾ മറക്കാതിരിക്കുക.

ഷനീം സെയ്ദ്‌, (എഡിറ്റർ, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌)
Photos: Sudip EEYES Trissur

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *