23
July, 2017
Sunday
08:16 PM
banner
banner
banner

മലയാളികൾക്ക്‌ ആശ്വസിക്കാൻ വക: ഗൾഫിലെ സ്വദേശിവൽക്കരണം പാളുന്നുവെന്ന് സൂചനകൾ

4870

ലക്ഷക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികളെ കുടിയിറക്കി പകരം സ്വദേശികളെ കുടിയിരുത്താനുള്ള ഗൾഫ്‌ രാജ്യങ്ങളുടെ പദ്ധതികൾ പല മേഖലകളിലും പാളുന്നു. സ്വദേശികളെ പണിക്കു കിട്ടാത്തതുതന്നെ കാരണം.

ആരോഗ്യ, സാങ്കേതിക, ഭരണമേഖലകളിൽ യോഗ്യതയുള്ളവരെ കിട്ടാനില്ലായെന്നാണ്‌ സ്ഥിതിയെങ്കിൽ നിർമ്മാണ മേഖലകളിലെ മേലനങ്ങിയുള്ള അവിദഗ്ധ തൊഴിലുകൾക്ക്‌ ഒരു സ്വദേശിപോലും എത്തുന്നില്ല. ഇക്കണക്കിനു പോയാൽ സൗദി അറേബ്യയും യുഎഇയും കുവൈറ്റും ബഹ്‌റൈനും ഖത്തറും ഒമാനുമടങ്ങുന്ന ഗൾഫ്‌ സഹകരണ കൗൺസിൽ രാജ്യങ്ങളിൽ കാൽനൂറ്റാണ്ടു കഴിഞ്ഞാലും സ്വദേശിവൽകരണം പൂർണമാകില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൾഫ്‌ ജനസംഖ്യയിൽ നാലിലൊന്നുവരുന്ന ഇന്ത്യൻ പ്രവാസികൾക്കും അവരിൽ ഭൂരിപക്ഷം വരുന്ന മലയാളികൾക്കും ആശ്വാസമേകുന്ന സൂചനകൾ.

പൂർണസ്വദേശിവൽകരണത്തിനു കുവൈറ്റ്‌ പാർലമെന്റിൽ കഴിഞ്ഞ ദിവസം ഉയർന്ന മുറവിളിക്കിടയിൽ ഔദ്യോഗികവൃത്തങ്ങൾ തന്നെ പുറത്തുവിടുന്ന കണക്കുകളനുസരിച്ച്‌ മിക്ക മേഖലകളിലും സ്വദേശികളെ പണിക്കുകിട്ടാനില്ല. വിദേശികളെ കുടിയിറക്കി പകരം സ്വദേശികൾക്കു ജോലി നൽകണമെന്നാവശ്യപ്പെട്ട്‌ പാർലമെന്റംഗമായ അബ്ദുൽ കരിം അൽ ഖണ്ഡാരിയുടെ നേതൃത്വത്തിൽ എം പിമാരുടെ ഒപ്പുശേഖരണം നടന്നുവരുന്നു. കുവൈറ്റിൽ ചെറുന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച്‌ പ്രത്യേകം ചർച്ചചെയ്യാൻ ഫെബ്രുവരി 2 ന്‌ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. പാർലമെന്റിലെ ഏക വനിതാ അംഗമായ സഫാ അൽ ഹാഷെമാകട്ടെ സ്വദേശിവൽകരണത്തിന്‌ കുവൈറ്റികളെ പരിശീലിപ്പിക്കാത്തതിന്‌ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു.

കുവൈറ്റിലെ ആകെ ജനസംഖ്യ 44 ലക്ഷമാണ്‌. ഇവരിൽ വിദേശികൾ 31 ലക്ഷം. 13 ലക്ഷം മാത്രം കുവൈറ്റികൾ. ജനസംഖ്യയുടെ 30 ശതമാനം മാത്രം. 31 ലക്ഷം വിദേശികളെ നാടുകടത്തി പകരം കുവാറ്റികളെ നിയമിക്കാൻ പോന്ന ജനസംഖ്യപോലുമില്ലെങ്കിലും സമ്പൂർണ സ്വദേശിവൽക്കരണമെന്ന മുദ്രവാക്യം വിചിത്രമാണെന്നാണ്‌ സർക്കാർ-സ്വകാര്യമേഖലാവൃത്തങ്ങളുടെതന്നെ അഭിപ്രായം.

ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം അടുത്തകാലത്തൊന്നും നടപ്പില്ല. കുവൈറ്റിലെ ഡോക്ടർമാരിൽ 70 ശതമാനത്തിലേറെ വിദേശികൾ. 22,000 നഴ്സുമാരിൽ കുവൈറ്റികൾ വെറും 6 ശതമാനം. എൻജിനീയറിങ്‌ ഭരണ, മാനേജ്മെന്റ്‌, ധനകാര്യ, ബാങ്കിങ്‌ മേഖലകളിലും മഹാഭൂരിപക്ഷവും പ്രവാസികൾ. ഈ മേഖലകളിലെ വിദേശികളെ നാടുകടത്തിയിട്ട്‌ പകരം വയ്ക്കാൻ കുവൈറ്റികളെ കിട്ടാനുമില്ല.

നിർമ്മാണമേഖലയിൽ 90 ശതമാനത്തിലേറെ വിദേശികളാണ്‌. ഇതാകട്ടെ കുവൈറ്റികൾക്കു വെറുക്കപ്പെട്ട മേഖലയും. സ്വകാര്യമേഖലയിൽ പണിചെയ്യുന്നവർ സർക്കാർ മേഖലയിലേയ്ക്ക്‌ കുടിയേറുന്ന പ്രവണതയും കുവൈറ്റികൾക്കിടയിൽ വളർന്നുവരുന്നു. സ്വകാര്യമേഖലയിലാണെങ്കിൽ ഉൽപ്പാദനക്ഷമത കൂട്ടാനുള്ള നടപടികളുടെ ഭാഗമായി ജീവനക്കാരെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കും. സർക്കാർ മേഖലയിലാണെങ്കിൽ ഉഴപ്പിനടന്നു ശമ്പളം വാങ്ങാം. കഴിഞ്ഞ വർഷം സ്വകാര്യമേഖലയിൽ നിന്ന്‌ സർക്കാർ മേഖലയിലേയ്ക്കു ചുവടുമാറ്റിയ കുവൈറ്റികൾ 17,000 എന്നാണ്‌ കണക്ക്‌.

കുവൈറ്റിലെ സ്ഥിതിതന്നെയാണ്‌ യുഎഇ ഒഴികെയുള്ള മറ്റ്‌ ഗൾഫ്‌ രാജ്യങ്ങളിലെ തൊഴിൽ മേഖലകളിലെ സ്ഥിതിയെന്ന്‌ നിരീക്ഷകർ വിലയിരുത്തുന്നു. യുഎഇയിൽ ഇടത്തരം, ഉന്നത മേഖലകളിൽ പണിചെയ്യാൻ ധാരാളം സ്വദേശികളെ കിട്ടും. പക്ഷേ, നിർമ്മാണ-ഗാർഹിക ജോലികൾക്ക്‌ വിദേശികളെ ഏറെക്കാലത്തേയ്ക്ക്‌ യുഎഇയും ആശ്രയിക്കേണ്ടിവരും. സൗദി അറേബ്യയിൽ മൊബെയിൽ, ഫാർമസി മേഖലകളിൽ മാത്രമാണ്‌ ഇതുവരെ സ്വദേശിവൽക്കരണം നടപ്പായത്‌. വിദേശത്തും സ്വദേശത്തും പഠിക്കുന്ന സൗദി യുവതികളെ നഴ്സിങ്‌ മേഖലകളിൽ ആധിപത്യമുറപ്പിച്ചിരിക്കുന്ന മലയാളികൾക്കു പകരം നിയമിക്കാനുള്ള നീക്കം ആശങ്കയുണർത്തിയിട്ടുണ്ട്‌. എങ്കിൽ സൗദിയിലെ കാൽലക്ഷം മലയാളി നഴ്സുമാർക്കെങ്കിലും ജോലി നഷ്ടമാകുമെന്ന് റിപ്പൊർട്ടുകൾ ഉണ്ടായിരുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *