21
October, 2017
Saturday
02:17 PM
banner
banner
banner

വരാനിരിക്കുന്നത് പൈങ്കിളി വാർത്തകൾ? കുറ്റം പറയുന്നവരും മംഗളത്തെ പിന്തുടരും!

1282

മന്ത്രിയുടേതെന്ന പേരിൽ അസ്ലീല ശബ്ദരേഖ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് മംഗളത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നവർ നാളെ അതേ പാത പിന്തുടരുമോ എന്ന നിരീക്ഷണം ശക്തമാകുന്നു. കടുത്ത ചാനൽ മൽസരം നടക്കുന്ന കേരളത്തിൽ മംഗളത്തിന്റെ വരവോടെ അത് ഒന്നുകൂടെ കൊഴുക്കുന്ന ലക്ഷണമാണ്‌ കാണുന്നത്. പല ചാനലുകളും ജീവനക്കാർക്ക് ശമ്പളം പൊലും സമയത്തിനു കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്‌. പ്രേക്ഷകർ ഇല്ലാതാകുന്നതോടെ പരസ്യ വരുമാനം വീണ്ടും കുറയും. അതിനാൽ റേറ്റിംഗ് വർദ്ധിപ്പിക്കുവാൻ ഇനി പുതിയ മാർഗ്ഗങ്ങൾ  തേടിയേ മതിയാകൂ. പ്രത്യക്ഷത്തിൽ സദാചാരം ഒക്കെ പറയുമെങ്കിലും അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുവാൻ ത്വരയുള്ള ഒരു വിഭാഗം ആളുകളുടെ മനസ്സെന്താണെന്ന് ഊഹിചെടുത്തു തന്നെയാണ്‌ മംഗളം ആദ്യ ബ്രേക്കിംഗ് ന്യൂസ് നല്കിയതെന്ന് വേണം കരുതുവാൻ. എരിവും പുളിയും ഉള്ള എക്സ്ക്ലൂസീവുകൾ പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാൻ കഴിയാതെ വന്നാൽ അവർ മംഗളത്തിന്റെ മുമ്പിൽ ഇരിക്കും എന്ന ഒരു അപകടം പലരും തിരിച്ചറിയുന്നുണ്ട്. അതിനാൽ തുടക്കത്തിലെ അവരെ ഒതുക്കുക എന്ന തന്ത്രവും ഇതിനിടയിൽ പയറ്റുന്നുണ്ട്. അല്ലാത്ത പക്ഷം പിടിച്ചുനില്ക്കുവാൻ എക്സ്ക്ലൂസീവുകൾ കണ്ടെത്തേണ്ടി വരും.

എത്തിക്സിനു നിരക്കാത്തതാണെങ്കിലും ആദ്യ എക്സ്ക്ലൂസീവിൽ തന്നെ മന്ത്രി ശശീന്ദ്രന്റെ എന്ന പേരിൽ ഒരു അശ്ലീല ശബ്ദരേഖ പുറത്ത് വിടുകയും തുടർന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ മാധ്യമ രംഗത്തു ഒരു ചരിത്രമാണ്‌. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ആണെങ്കിലും ഇതുവഴി ജനങ്ങളിൽ ചാനലിന്റെ വരവ് കൃത്യമായി അറിയിക്കുവാൻ അവർക്കായി. വമ്പൻ വാർത്താ അവതാരക താരങ്ങൾ ഒന്നും ഇല്ലെങ്കിലും മംഗളം അതിന്റെ ആദ്യ ന്യൂസോടെ ഉണ്ടാക്കിയ ഇമ്പാക്ട് വലുതാണ്‌. കേമന്മാരായ മാധ്യമ പ്രവർത്തകർ അണിനിരന്നിട്ടും ആരംഭിച്ച് ഏകദേശം ഒരു വർഷമായ പ്രമുഖ ചാനലിനു ഇന്നേവരെ ശ്രദ്ധിക്കപ്പെടുന്ന ഒരു എക്സ്ക്ലൂസീവ് ന്യൂസ് നല്കുവാൻ സാധിച്ചിട്ടില്ല എന്നതും ഇതോടെ ചർച്ചയായി. മറ്റുള്ളവർ നല്കാത്ത വാർത്തകൾക്ക് പ്രാധാന്യം നല്കുക എന്ന ശൈലിയാണ്‌ അവലംബിക്കുന്നതെങ്കിൽ മംഗളത്തെ സംബന്ധിച്ച് അത്തരം താരശോഭയുള്ള മാധ്യമപ്രവർത്തകരുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പാരമ്പര്യത്തിന്റെ മഹത്വം പറയുന്നവർ ഇല്ലെങ്കിലും അവർക്ക് റേറ്റിംഗ് ഉയർത്തുവാൻ സാധിക്കും.

മാധ്യമ പ്രവർത്തകരിൽ നിന്നും മംഗളത്തോടുള്ള വിയൊജിപ്പുകൾ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയതിന്റെ പ്രശ്നം മാത്രമാണെന്ന് കരുതുവാൻ ആകില്ല. നിലവിലുള്ള പല വാർത്താ ശൈലിക്കും മാറ്റം വരുത്തേണ്ടിവരും എന്ന ഒരു ഭയവും ഇതിലൂടെ ഉയർന്നതായി കരുന്നവരുണ്ട്. അതിൽ ഒന്ന് മാധ്യമ പ്രവർത്തകരുടെ രാഷ്ടീയവും നിലപാടുമായി ബന്ധപ്പെട്ടാണ്‌. മൽസരം കടുക്കുമ്പോൾ നിലനില്പിനായി അതൊക്കെ മാറ്റിവച്ച് രംഗത്തിറങ്ങേണ്ടിവരും എന്നാണ്‌ പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. അതിനാൽ തുടക്കത്തിൽ തന്നെ തങ്ങളുടെ സേഫ് സോൺ തകർക്കുവാൻ ഇടയുള്ള മംഗളത്തെ ഒതുക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അല്ഭുതപ്പെടേണ്ടതില്ല.

അതായത് സമൂഹ്യമാധ്യമങ്ങളുടെ കാലത്ത് സിനിമാതാരങ്ങല്ക്കെന്ന പോലെ മാധ്യമ പ്രവർത്തകരുടെയും പേജുകൾ വലിയ തോതിൽ വായനക്കാരെ ആകർഷിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളിൽ സജീവമായ മാധ്യമപ്രവർത്തകരിൽ പ്രമുഖ വിഭാഗം കൃത്യമായ രാഷ്ടീയ ചായ് വോടെയാണ്‌ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുള്ളത്. സർക്കാരിനും ഇടതുപക്ഷത്തിനും പ്രതിസന്ധിയുണ്ടാകുമ്പോൾ കടുത്ത പ്രതിരോധം തീർത്തുകൊണ്ട് ഇവർ പോസ്റ്റുകൾ ഇടുന്ന രീതിയുണ്ട്. ഇത് വ്യാപകമായ ചർച്ചകൾക്കും ഷെയറിംഗിനും വിധേയമാകാറുമുണ്ട്. ഒരു ഗ്യാങ്ങ് എന്ന രീതിയെ അനുസ്മരിപ്പിക്കുന്ന ഇവരുടെ ശൈലി പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്. വിദ്യാർഥിരാഷ്ടീയത്തിൽ ഇവർ ഒരു പ്രത്യേക കക്ഷിയുടെ ആളുകൾ ആയതിനാലാണ്‌ ഇപ്രകാരം ഉള്ള പോസ്റ്റുകൾ എന്ന് വിമർശകർ ചൂണ്ടിക്കാട്ടാറുണ്ട്. സഭ്യമായ ഭാഷയിലാണെകിലും അപ്രിയമോ അസുഖകരമോ ആയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന ചിലരെയെല്ലാം ഇവർ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയും ചെയ്യുന്നത് പതിവാണ്‌. ഇന്നിപ്പോൾ മാധ്യമ എത്തിക്സ് പ്രസംഗിക്കുന്നവർ മുമ്പ് ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ചെയ്ത “എത്തിക്സ് വിരുദ്ധത” പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. കോൺഗ്രസ് നേതാവ് രജ്മോഹൻ ഉണ്ണിത്താനെ മഞ്ചേരിയിലെ സംഭവത്തിൽ വാർത്തയാക്കിയപ്പോൾ ഏതു യുവതിയുടെ പരാതിയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ നിങ്ങൾ മാനിച്ചുവോ എന്നുമാണ്‌ ഇടതു സർക്കാരിലെ മന്ത്രിക്കെതിരെ വാർത്തവന്നപ്പോൾ അതിൽ യുവതിയുടെ പരാതിയില്ലെന്ന ഇവരുടെ വാദത്തെ ഘണ്ഡിക്കുന്നത്. ഇതോടൊപ്പം സർക്കാർ വിരുദ്ധമായ ഒരു എക്സ് ക്ളൂസീവും ഇ സംഘം കണ്ടെത്തുകയോ പുറത്തു കൊണ്ടുവരികയോ ചെയ്യുന്നില്ലെന്നും ഒരു വിഭാഗം പ്രേക്ഷകർ കരുതുന്നു. ഇത് ഇവരുടെ രാഷ്ടീയ ചായ് വ് മൂലമാണെന്ന നിരീക്ഷണവും ഉണ്ട്.

മംഗളം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലിയുമായി മുന്നോട്ടു പോയാൽ മറ്റുള്ളവർക്കും എക്സ്ക്ലൂസീവുകൾക്കായി ശ്രമിക്കേണ്ട സാഹചര്യം വരും. അതോടെ പ്രതിരോധത്തിലാകുക സർക്കാർ അനുകൂലികളായ ഒരു വിഭാഗമാണ്‌. മാധ്യമ മൽസരം കൊഴുക്കുമ്പോൾ ഒരു പക്ഷെ ഇന്ന് മംഗളത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന മനേജ്മെന്റുകളുടെ നിലപാടിൽ മാറ്റം വരികയും മാധ്യമപ്രവർത്തകരിൽ സമ്മർദ്ദവും വരികയും ചെയ്യും.

ഇതിന്റെ ഉദാഹരണമാണ്‌ ഓൺലൈൻ വാർത്താ പത്രങ്ങൾക്ക് സന്ദർശകർ കൂടിയതോടെ നേരത്തെ ഉണ്ടായിരുന്ന ശൈലിയിൽ നിന്നും ടൈറ്റിലിലും വാർത്തകളുടെ നിലവാരത്തിലും ശൈലിയിലും പ്രമുഖ മാധ്യമങ്ങൾ പോലും മാറ്റം വരുത്തിയത്. ഇപ്പോഴത്തെ കൂട്ടായ ആക്രമണങ്ങളിൽ ഒതുക്കപ്പെടതെ അതിജീവിക്കുവാൻ മംഗളത്തിനായാൽ തീർച്ചയായും അത് മാധ്യമ രംഗത്ത് പുതിയ പ്രവണതകൾക്ക് വഴിവെക്കും എന്നതിൽ സംശയമില്ല. അപ്പോൾ ചിലപ്പോൾ ഇന്ന് എത്തിക്സ് പറയുന്നവർ ഡെസ്കിൽ ഇരുന്നു കൊണ്ടുതന്നെ ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങൾ എന്ന പേരിൽ കാണിച്ച ദൃശ്യങ്ങൾ പോലെ പലതും പുറത്തുവിടുന്നതും പ്രേക്ഷകർ കാണേണ്ടിവരും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *