21
October, 2017
Saturday
11:44 PM
banner
banner
banner

ദിലീപ്‌ അനുകൂല വാർത്തകളെയും ദിലീപിനു വേണ്ടി സംസാരിക്കുന്നവരെയും ആരാണ്, എന്തിനാണ് ഭയക്കുന്നത്‌?

99

കേരളം ഒന്നടങ്കം ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. ഏതറ്റം വരെ പോയാലും നടിക്ക്‌ നീതി കിട്ടണം എന്നത്‌ തന്നെയാണ് ഏതൊരാളുടെയും വികാരം. അതേ സമയം 2 മാസത്തിലധികമായി ജയിലിൽ കഴിയുന്ന ദിലീപ്‌ തന്നെയാണോ സംഭവത്തിന്റെ ഗൂഢാലോചനയ്ക്ക്‌ പിന്നിലെന്ന് ഇതുവരെയും ശക്തമായ തെളിവു നിരത്തി സ്ഥാപിക്കാനും ആകുന്നില്ല. ആകെ മുന്നിലുള്ളത്‌ പൾസർ സുനിയുടെ മൊഴികൾ മാത്രമാണ്. എന്നാൽ പൾസർ സുനിയുടെ തന്നെ പല മൊഴിമാറ്റലുകളും ഇതിനോടകം കേരളം കണ്ടതുമാണ്. അതുകൊണ്ട്‌ തന്നെ പൾസറിനെ പോലെയുള്ള ഒരു കൊടും കുറ്റവാളിയെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.

ദിലീപിനെ കുടുക്കാനായി ആരോ എഴുതിയ തിരക്കഥയില്‍ കഥയറിയാതെ ആട്ടം ആടുകയാണ് അന്വേഷണ സംഘം എന്ന് ദിലീപിനെ അനുകൂലിക്കുന്നവരുടെയും ആരാധകരുടെയും ആരോപണം. മതിയായതും ശക്തവുമായ തെളിവുകള്‍ കൈയ്യിലുണ്ട് എന്ന് പോലീസ് കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്തകള്‍ നല്‍കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിക്കുന്നതെന്താണ് എന്ന അവരുടെ ചോദ്യവും പ്രസക്തമാണ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ സംശയങ്ങള്‍ കൂടുകയാണ്. ദിലീപിന് കേരള സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കേസിനെ തന്നെ ഇല്ലാതാക്കും എന്ന പ്രോസിക്യൂഷന്‍ വാദമാണ് തുടര്‍ച്ചയായി ദിലീപിന് ജാമ്യം നിഷേധിക്കുവാന്‍ കാരണമാകുന്നത്. എന്നാല്‍, ദിലീപിനെക്കാള്‍ സ്വാധീനവും അധികാരവുമുള്ളവര്‍ പുറത്ത് ദിലീപ് നിരപരാധിയാണെന്ന് പറയുമ്പോള്‍ പൊതു സമൂഹം ആശയക്കുഴപ്പത്തിലാണ്.

പണം കൊടുത്താല്‍ എന്തും ചെയ്യുന്ന ഒരു ക്രിമിനലിന്‍റെ വാക്കുകള്‍ മാത്രം വിശ്വസിച്ചാണ് പോലീസ് മുന്നോട്ട് പോകുന്നത് എന്ന ദിലീപ് അനുകൂലികളുടെ വാദം പ്രസക്തമാണ്. മറുഭാഗത്ത്, ദിലീപിനൊപ്പം നില്‍ക്കുന്നവരാകട്ടെ വര്‍ഷങ്ങളായി സിനിമാ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിക്കുന്നവരും താരതമ്യേന അഴിമതികളിലോ വിവാദങ്ങളിലോ പെടാത്തവരുമാണ്.

പ്രതികാര ദാഹിയായ ഒരാളുടെ പക വീട്ടലാണോ ഇതെന്ന ദിലീപ് ആരാധകരുടെ ചോദ്യം തികച്ചും ന്യായമാണ്. കാവ്യാ മാധവനെ കൂടി ഈ കേസില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കം ഇതിന് ഉദാഹരണമാണ്. കാവ്യ – ദിലീപ് പ്രണയം പൂവണിയുകയും സ്വന്തം മകള്‍ പോലും ദിലീപിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന് നഷ്ടബോധമോ ആരോടെങ്കിലും പകയോ തോന്നേണ്ട കാര്യമില്ല എന്നതാണ് ദിലീപ്‌ അനുകൂലികളുടെ പൊതുവായ ഒരു വിലയിരുത്തൽ.

കെ.ബി.ഗണേഷ് കുമാറും മുകേഷും ഇന്നസെന്‍റും ജയറാമും ശ്രീനിവാസനുമൊന്നും കേരളീയ പൊതു സമൂഹത്തില്‍ ഇടപെടാത്തവരോ സാമൂഹിക വിരുദ്ധരോ അല്ല. മറിച്ച് സാമൂഹിക പ്രതിബന്ധതയുള്ള പൊതുപ്രവര്‍ത്തകരും കലാകാരന്മാരുമാണവര്‍. ഒരു കുറ്റവാളിക്ക് അനുകൂലമായി സംസാരിച്ചാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് ഉത്തമ ബോധ്യമുള്ള പക്വമതികളുമാണവര്‍. പണം കൊടുത്ത് വിലയ്ക്കെടുക്കാനാകാത്ത വ്യക്തിത്വങ്ങളും. പി.സി.ജോര്‍ജ്ജ് എം.എല്‍.എ ഈ കേസില്‍ ആദ്യം മുതല്‍ തന്നെ ദിലീപാണ് ഇരയെന്നും ഗൂഡാലോചന നടന്നത് ദിലീപിനെ കുടുക്കാനാണെന്നും പറഞ്ഞിരുന്നു.

ദിലീപിനെതിരെ പറയുന്ന സിനിമാ താരങ്ങളിലധികവും ദിലീപ് സിനിമയില്‍ തങ്ങള്‍ക്ക് അവസരം നിഷേധിച്ചു എന്നാണ് ആരോപിക്കുന്നത്. കേസിന് ബലമേകുന്ന തെളിവോ മൊഴിയോ കൊടുക്കുവാന്‍ ദിലീപിനെ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഒരു വാടക ഗുണ്ടയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുക എങ്കില്‍ തീര്‍ച്ചയായും ദിലീപിനെതിരായ ഗുഡാലോചന കൂടി ഭാവിയില്‍ കേരളാ പോലീസിന് അന്വേഷിക്കേണ്ടി വരും എന്നുറപ്പാണ്. അതല്ല ശക്തമായ, ഇതുവരെയും മാധ്യമങ്ങൾക്ക്‌ വിട്ടു നൽകാത്ത തെളിവുകളുടെ അടിസ്ഥാനത്തിലെങ്കിൽ പ്രതി ചേർക്കപ്പെട്ടവർക്ക്‌ അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്നതിൽ സംശയമില്ല.

എന്തിനാണ് ദിലീപ്‌ അനുകൂല വാർത്തകളെയും ദിലീപിനു വേണ്ടി സംസാരിക്കുന്നവരെയും ഭയക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്‌. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം നിൽക്കുവാൻ മാത്രമേ മനസാക്ഷിയുള്ള ഏതൊരാൾക്കും കഴിയുകയുള്ളൂ, അതേ സമയം തെറ്റുകാരൻ ആണെന്ന് തെളിയും വരെയെങ്കിലും ദിലീപ്‌ എന്ന ‘കുറ്റാരോപിതനെ’ വെറുതെ വിടുന്നതല്ലേ നല്ലത്‌? ദിലീപിന്‌ വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തെ സമ്മിശ്ര പ്രതികരണത്തോടെയാണ് കേരള ജനത എതിരേറ്റത്‌. പ്രമുഖർ പോലും ആ ലേഖനത്തെ വിമർശിച്ചു. അതൊരു പക്ഷെ നടിയോടുള്ള അവരുടെ സ്നേഹക്കൂടുതലും കരുതലും കൊണ്ടാകാം. തെറ്റുപറയാനാകില്ല.

ദിലീപ്‌ അനുകൂല വാർത്തകളെ, ദിലീപിനെതിരായ വാർത്തകൾ പോലെ തന്നെ കാണുന്നതല്ലേ ഈ സാഹചര്യത്തിൽ നല്ലത്‌? ഏതൊരു കാര്യത്തിനും രണ്ട്‌ വശങ്ങൾ ഉണ്ടാകാം. നടി അപമാനിക്കപ്പെട്ടു എന്നത്‌ സത്യമാണ്. എന്നാൽ അത്‌ ഒരു ക്രിമിനൽ പറയുന്നത്‌ അപ്പാടെ വിശ്വസിച്ച്‌ ഒരാളെ ടോർച്ചർ ചെയ്യുന്ന സാഹചര്യം ഉണ്ടാകാതെ എത്രയും വേഗം തെളിവുകൾ നിരത്തി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്‌. ഇനി അഥവാ നടൻ നിരപരാധി ആണെന്ന് തെളിഞ്ഞാൽ, അങ്ങനെ കോടതി പറഞ്ഞാൽ, ഈ എറിയുന്ന കല്ലുകളെല്ലാം പെറുക്കി വച്ച്‌ അയാൾ ഉയരമുള്ള ഒരു ഗോപുരം തന്നെ തീർക്കും, പിന്നെ അതിന്റെ മുകളിലായിരിക്കും ആ നടന്റെ സ്ഥാനം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *