മലയാളം ഇ മാഗസിൻ.കോം

ഇത് അസഹനീയമാണ്! ഡിജിപിക്ക് ദിലീപിന്റെ പരാതി, \’ദൃശ്യം മോഡൽ\’ പൊളിക്കാൻ ഈ വീഡിയോയും!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ പോലീസിനു നേരെ പരാതിയുമായി ദിലീപ് രംഗത്ത് വരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നും തന്നെ തെജോബധം ചെയ്യാന്‍ ആരൊക്കെയോ ചേര്‍ന്ന് മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും പറഞ്ഞു കൊണ്ട് ദിലീപ് ഡി ജി പി ലോക്നാഥ്‌ ബെഹ്‌റയ്ക്ക് ഉടന്‍ പരാതി നല്‍കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നു. താനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പോലീസ് ഭീഷണിപ്പെടുത്തുന്നതായും കൃത്രിമമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉള്ള അന്വേഷണസംഘത്തെ മാറ്റി പുതിയ അന്വേഷണസംഘത്തെ നിയമിക്കുകയോ അല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനോ ദിലീപ് പരാതിയില്‍ ആവശ്യപ്പെടുടുമെന്നും മംഗളത്തിന്റെ റിപ്പോർട്ടിലുണ്ട്.

തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണു പോലീസ് ആസൂത്രണം ചെയ്യുന്നത്. തന്റെ സിനിമാഭാവി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ കേസ് അന്വേഷണസംഘമെന്നും ദിലീപ് പറയുന്നു. തന്റെ പുതിയ സിനിമ സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ ഭാവി തകര്‍ക്കുകയാണു ലക്ഷ്യം. താന്‍ നേരത്തേ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ചില താല്‍പര കക്ഷികള്‍ ഈ കേസ് വഴിതെറ്റിച്ചു വിടുകയാണെന്നും ദിലീപ് ആരോപിച്ചു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം െവെകിയെന്ന പോലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും പരാതിയില്‍
ചൂണ്ടിക്കാട്ടും. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലര്‍ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക.

ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത് അസഹനീയമാണ്. തനിക്കെതിരേ ഒരു തെളിവുമില്ല. ഒരേ ടവര്‍ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല.

ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവു വരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല. പോലീസ് ഒമ്പത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍നിന്നൊന്നും തന്റെ കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. പള്‍സര്‍ സുനി ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പോലീസ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നത്. അതുപോലെ തന്നെ താന്‍ ചികിത്സാ നേടി എന്ന് പറയുന്നത് വ്യാജരേഖ ഉണ്ടാക്കിയതാണ് എന്നാണു പോലീസ് ഭാഷ്യം. അതും അവര്‍ കെട്ടിചമച്ചതാണ്.

സുനില്‍ ജയിലില്‍നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി ആരൊക്കെയോ ചേര്‍ന്ന് തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ ആ കത്തില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ ആ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ഞാന്‍ ശ്രമിക്കുക.അല്ലാതെ ഒന്നരക്കോടിക്ക് എന്റെ ജീവിതം ഞാന്‍ നശിപ്പിക്കുവാന്‍ ഒരുങ്ങുമോ? ഇപ്പോള്‍ തന്നെ ഇത്രേം ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ തന്നെ എത്ര രൂപ എനിക്ക് നഷ്ടം വന്നിട്ടുണ്ടാകും. അപ്പോള്‍ ഒന്നരക്കോടി കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊടുത്തു സെറ്റില്‍ ചെയ്യാനല്ലേ കൊട്ടേഷന്‍ കൊടുക്കുന്ന ആള്‍ക്കാര്‍ ചെയ്യുകയുള്ളൂ. അല്ലാതെ ആരെങ്കിലും നഷ്ടം സഹിച്ചു ജയിലില്‍ പോയി കിടക്കുമോ? പണത്തേക്കാള്‍ ഉപരി മാനം പോലും പോകുന്ന കേസല്ലേ ഇതൊക്കെ. അപ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു കൊട്ടേഷന് ഞാന്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ആ പണം ഞാന്‍ കൊടുക്കില്ലേ? സംഭവത്തിലെ യാഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്റെ വാക്കുകള്‍കൂടി വിശ്വാസത്തിലെടുക്കണം.

എന്നാല്‍ ആശുപത്രിയില്‍ ദിലീപ് കിടന്നത് വ്യാജരേഖ ചമച്ചതാണ് എന്ന് പറഞ്ഞ പോലീസിനെ വെട്ടിലാക്കുന്ന രീതിയിലായിരുന്നു ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഇന്നലെ പറഞ്ഞത്. ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ. െഹെദരാലി പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയില്‍ വന്ന് കുത്തിവയ്പ് എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം െവെകിട്ട് തിരിച്ചുവീട്ടില്‍ പോകുകയുമായിരുന്നു. രാത്രിയില്‍ നഴ്‌സ് വീട്ടിലെത്തി കുത്തിവയ്പ് നല്‍കുകയായിരുന്നു പതിവ്. 17 ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതിനാല്‍ ഒ.പി. ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. നടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദിലീപ് \’ദൃശ്യം\’ മോഡലില്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നാണ് പോലീസിന്റെ ഭാഷ്യം. ആശുപത്രി പ്രവേശനവും അതിന്റെ രേഖകളും എല്ലാം പള്‍സര്‍ സുനി നടിയെ ആക്രമിക്കുമെന്ന് അറിഞ്ഞുകൊണ്ടാണെന്നും പോലീസ് പറയുന്നു. അതേസമയം, ദിലീപിന് പനിയാണെന്നും ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് ഫാന്‍സ് പുറത്തുവിട്ടു. വീഡിയോദൃശ്യം കാണാം:

Avatar

Jithin Unnikulam

ജിതിൻ ഉണ്ണികുളം | Staff Reporter