24
September, 2017
Sunday
07:11 AM
banner
banner
banner

അന്ന്‌ ചാനലുകൾക്ക്‌ ദിലീപ്‌ വിലപിടിപ്പുള്ള താരം, ഇന്നവർക്ക്‌ വെറും പ്രതി: പതനം ആഘോഷമാക്കുന്ന മലയാളി

5218

മലയാള സിനിമയിൽ മറ്റൊരു താരത്തിനും കിട്ടാത്ത പരിഗണന ആണ് ജനപ്രിയനായകന് മാധ്യമങ്ങൾ നൽകിയിരുന്നത്‌. എന്നാൽ ഒരു കാലത്ത്‌ ദിലീപിന്‌ റെഡ്‌ കാർപ്പെറ്റ്‌ വിരിച്ച ചാനലുകൾ ഇന്ന്‌ ദിലീപിനെതിരായ കൂക്കുവിളികൾ ഹൈലറ്റായി ലൈവായി കേൾപ്പിക്കുകയാണ്‌. അന്നവർക്ക്‌ ദിലീപ്‌ വിലപിടിപ്പുള്ള താരമായിരുന്നു. ദിലീപിന്റെ ഇന്റർവ്യൂ, ദിലീപിനെ ബ്രാൻഡ്‌ അംബാസിഡർ ആക്കി ചാനൽ ഷോകൾ, മാഗസിൻ കവർ പേജും ഇന്റർവ്യൂവും തുടങ്ങി ദിലീപിന്റെ ബ്രാൻഡിൽ ടാം റേറ്റിംഗും സർക്കുലേഷനും കൂട്ടിയവർ ഇന്ന് അതേ ദിലീപിന്റെ പതനത്തിലും ടാം റേറ്റിംഗും സർക്കുലേഷനും വർദ്ധിപ്പിക്കുന്നു. ഒരിക്കൽ ആലുവാക്കാരൻ ഗോപാലകൃഷ്ണനെ ദിലീപ് ആക്കാൻ മത്സരിച്ച മാധ്യമങ്ങൾ ഇന്ന് അതേ ദിലീപിനെ വീണ്ടും പഴയ ഗോപാലകൃഷ്ണൻ ആക്കാൻ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. നടി ആക്രമിക്കപ്പെട്ട വാർത്ത പുറത്ത് വന്നത് മുതൽ ജനപ്രിയനായകൻ വില്ലൻ ആണ് എന്ന് തെളിയിക്കുവാൻ പൊലീസിനെക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് ഒരുപക്ഷേ കേരളത്തിലെ മാധ്യമങ്ങളും നടനോട് പ്രത്യക്ഷമായോ പരോക്ഷമായോ ശത്രുത മനസ്സിൽ സൂക്ഷിക്കുന്നവരും ആയിരുന്നു.

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന ഒരു പഴയ ചിന്തയുടെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മാധ്യമങ്ങൾ അന്വേഷണം ആരംഭിച്ചത്. എല്ലുമുറിയെ പണിയെടുത്തും പട്ടിണികിടന്നും ഒരുപാട് കഷ്ടപ്പെട്ടും ആണ് ഗോപാലകൃഷ്ണൻ ദിലീപ് ആയത്, ഒരുപക്ഷേ ആ ഘട്ടത്തിൽ ഇതേ മാധ്യമങ്ങൾ പോലും ദിലീപിന് വേണ്ടി ചുവന്ന പരവതാനി വിരിച്ച് ദിലീപിന്റെ വിജയം ആഘോഷിച്ചവർ ആണ്. ജനപ്രിയനായകന്റെ കുടുംബത്തിലേക്ക് കണ്ണുംനട്ട് ഇരുന്നവർക്ക്‌ ആശ്വാസം പകർന്നുകൊണ്ട് കാര്യങ്ങൾ ദിലീപിന് പ്രതികൂലമായി സംഭവിച്ചു. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ദിലീപ് അറസ്റ്റിലായി. പറയത്തക്ക സിനിമാപാരമ്പര്യമോ സിനിമയിൽ എത്തിക്കാൻ ഗോഡ്ഫാദർമാരോ ഇല്ലാതെയാണ് മലയാള സിനിമാലോകത്തേക്ക് ആ ചെറുപ്പക്കാരൻ കയറിവന്നത്.

പത്മനാഭന് പിള്ളയുടെയും സരോജത്തിന്റെയും മകനായി 1968 ഒക്ടോബർ 27ന് ആലുവ സ്വദേശിയായ ദിലീപ് ജനിച്ചു.സിനിമയിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ഗോപാലകൃഷ്ണൻ ദിലീപ് ആയി മാറിയത്. പഠന കാലത്ത് തന്നെ മിമിക്രിയിൽ കഴിവ് തെളിയിച്ച ദിലീപ് ഏറെ കഷ്ടപ്പെട്ടാണ് മിമിക്രിക്കരുടെ സ്വപ്നം ആയ കൊച്ചിൻ കലാഭവനിൽ എത്തപ്പെട്ടത്. നാദിർഷയ്ക്കൊപ്പം "ദേ മാവേലി കൊമ്പത്ത്" എന്ന ഓഡിയോ കാസറ്റിൽ എത്തപ്പെട്ടതോടെ ദിലീപ് കൂടുതൽ ജനഹൃദയങ്ങളിൽ എത്തിച്ചു. അന്ന് ആകെ ഉണ്ടായിരുന്ന സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റ് ആയിരുന്നു ദിലീപിലെ മിമിക്രിക്കരനെ ആദ്യമായി മിനിസ്ക്രീനിൽ എത്തിച്ചത്. "കോമിക്കോള" എന്ന ഷോയിലൂടെ ദിലീപ് കൂടുതൽ ജനകീയനായി.

സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യവുമായി നടന്ന ആ ചെറുപ്പക്കാരന് അന്നത്തെ ഹിറ്റ് മേക്കർ ആയിരുന്ന സംവിധായകൻ കമൽ പുതിയൊരു മേഖല പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങിനെ അഭിനയിക്കാനെത്തിയ ദിലീപ് കമലിന്റെ സഹ സംവിധായകൻ ആയി. സംവിധായകൻ ലാൽ ജോസും ദിലീപും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ തുടങ്ങുന്നതും അവിടെ നിന്നാണ്. കമലിന്റെ സംവിധാന സഹായി ആയിരുന്നു ലാൽജോസ് അക്കാലത്ത്.പുതിയ മേഖലയിൽ എത്തപ്പെട്ടെങ്കിലും ദിലീപിലെ നടൻ അഭിനയം ആണ് ആഗ്രഹിച്ചത് എന്നതിന്റെ തെളിവ് ആയിരുന്നു ആ കാലയളവിൽ ദിലീപ് സിനിമയിൽ ചെയ്ത ചെറിയ ചെറിയ വേഷങ്ങൾ. 1992 ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന കമൽ ചിത്രം ആയിരുന്നു ദിലീപിനെ വെള്ളിത്തിരയിൽ എത്തിച്ചത്. പിന്നീട് ദിലീപിന് അക്ഷരാർത്ഥത്തിൽ രാജയോഗം തന്നെ ആയിരുന്നു.

ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ ഏറെ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ചത് "മാനത്തെ കൊട്ടാരം" എന്ന സിനിമയിലൂടെ ആണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ സിനിമാലോകം അംഗീകരിച്ചുതുടങ്ങിയത് ഈ സിനിമയിലൂടെ ആയിരുന്നു. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ ദിലീപ് എന്ന കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ച ഗോപാലകൃഷ്ണൻ അങ്ങിനെ ദിലീപ് ആയി മാറി. ഹാസ്യ രംഗങ്ങളിൽ മികവ് പുലർത്തിയ ആ സഹനടനെ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയത് പെട്ടെന്ന് ആയിരുന്നു. 1996 പുറത്തിറങ്ങിയ 'സല്ലാപം' എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റായി മാറിയതോടെ ദിലീപിന്റെ ജീവിതത്തിലേക്ക് മാധ്യമങ്ങളും കടന്നു വരാൻ തുടങ്ങി. തുടർന്ന് ദിലീപിന്റെ പ്രണയം മാധ്യമങ്ങൾ ആഘോഷിച്ചു. ദിലീപ് അന്നത്തെ സൂപ്പർ നായിക മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ഓരോ മലയാളിയ്ക്ക് മുൻപിലും തുറന്ന പുസ്തകം ആയി മാറി. ഇതിന് ശേഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വൻവിജയം ആയതോടെ എല്ലാവരുടേം ശ്രദ്ധ ആ ആലുവാക്കാരനിലേക്ക് മാത്രമായി.

അക്കാലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്ന പഞ്ചാബി ഹൗസിന്റെ വിജയം മാധ്യമങ്ങൾ ആഘോഷമാക്കി.താരപദവിയിലും തലക്കനമില്ലാത്ത ദിലീപ് എന്ന ചെറുപ്പക്കാരനെ അവർ ജനപ്രിയനാകിയത് അതിനുശേഷം ആണ്. നായകവേഷം മാത്രമേ ചെയ്യുള്ളു എന്നു വാശി കാണിക്കാത്ത ദിലീപിന്റെ മനസ്സിനെ ആണ് ജനങ്ങൾ ആദ്യം ആകർഷിച്ചത്. സുഹൃത്തായ ലാൽജോസ് ദിലീപിനെ നായകനാക്കി ചെയ്ത ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ കാവ്യ മാധവൻ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയതോടെ ദിലീപിന്റെ സിനിമ ജീവിതത്തിലേക്കും സ്വകാര്യ ജീവിതത്തിലേക്കും എത്തിനോക്കാൻ മാധ്യമങ്ങൾക്ക് താൽപ്പര്യം ഏറി. എങ്കിലും ഇതേ മാധ്യമങ്ങൾ ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ദിലീപിന്റെ താരപദവിയും അഭിനയ മികവും ഉയർത്തി.

വിവാഹത്തിന് ശേഷം മഞ്ജു വാര്യർ അഭിനയ ലോകത്തോട് വിടപറഞ്ഞു എങ്കിലും ദിലീപിന് പിന്നീട് വച്ചടിവച്ചടി കയറ്റമായിരുന്നു. ദിലീപിന്റെ ജീവിതത്തിൽ ഭാഗ്യം വിതച്ചത് മഞ്ജുവാണെന്ന് വരെ മാധ്യമങ്ങൾ എഴുതി. 16 വർഷം നീണ്ട ആ ദാമ്പത്യം 2014 ൽ വേർപിരിഞ്ഞതോടെ മാധ്യങ്ങൾക്ക് ദിലീപിൽ ഉണ്ടായിരുന്ന താൽപര്യവും കുറഞ്ഞു. കാവ്യ മാധവനേയും ദിലീപിനേയും ചേർത്തുള്ള ഗോസിപ്പ് കഥകൾ മെനയാനുള്ള പാപ്പരാസി പണികൾ മാത്രമായി പിന്നീടങ്ങോട്ട്. സിനിമയിലേക്കും നൃത്തത്തിലേക്കും തിരിച്ചുവരാൻ മഞ്ജു വാര്യർ ആഗ്രഹിച്ചിരുന്നു എന്നും ദിലീപ് അതിന് അനുവദിച്ചില്ല എന്നും മഞ്ജു ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്നരീതിയിൽ പുറത്തു വന്ന കണ്ടെത്തലുകൾ എല്ലാം ഓരോ മാധ്യമസൃഷ്ടികൾ മാത്രം ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപ് രണ്ടാം വിവാഹം ചെയ്തതോടെ തങ്ങൾ പ്രചരിപ്പിച്ചിരുന്ന കഥകൾ ശരി ആണെന്ന് അവർ വിധി എഴുതി.2016 നവംബറില് നടന്ന ഈ വിവാഹത്തോടെ ജനപ്രിയനായകന് പ്രേക്ഷകമനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. ഇതിനിടയിൽ നടി ആക്രമിക്കപ്പെട്ട സംഭവം കൂടി ആയതോടെ ആഘോഷങ്ങൾക്ക് മാറ്റ് കൂടി.

സംഭവം നടന്ന് മണിക്കൂറുക്കൾക്കകം പലരും സംശയത്തിന്റെ വിരലുകൾ ദിലീപിലേക്ക് ചൂണ്ടിയത് തന്നെ ഇതിന്റെ ഭാഗം ആണ്. ആരോപണവും വ്യക്തിഹത്യയും കൊണ്ട് ഏറ്റവും രൂക്ഷമായ മാധ്യമ വിചാരണയ്ക്കായിരുന്നു ദിലീപ് വിധേയനായത്.ഇതിനിടയിൽ ദിലീപ് പല മാധ്യമപ്രവർത്തകർക്കും നൽകിയ അഭിമുഖങ്ങൾ അവർ എത്തിച്ചത് വലിയ വിവാദങ്ങളിലേക്ക് ആയിരുന്നു. 13 മണിക്കൂർ നീണ്ടുനിൽക്കുന്ന പോലീസിന്റെ ചോദ്യം ചെയ്യലായിരുന്നു മാധ്യമങ്ങൾ പിന്നീട് ആഘോഷിച്ചത്. ആ ചോദ്യം ചെയ്യലിന്റെ അവസാനത്തിൽ പൊലീസിനെക്കാളും മുൻപേ കേരളത്തിന്റെ മാധ്യമങ്ങൾ ദിലീപിന്റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ദിലീപ് എന്ന ആ ആലുവാക്കാരന്റെ വിശപ്പിന്റെ വിലയിൽ കെട്ടിപ്പടുത്ത സാമ്രാജ്യം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുപോയി.

മിമിക്രി കളിച്ചും സംവിധായക സഹായിയായും ചെറിയ വേഷങ്ങൾ ചെയ്തും സിനിമാലോകത്തെ കൈയെത്തി പിടിച്ച ഗോപാലകൃഷ്ണനെ, ദിലീപ് ആക്കി മാറ്റുവാൻ മത്സരിച്ചവർ ഇന്ന് തിരിച്ചു ദിലീപിനെ പഴയാഗോപാലകൃഷ്ണനായി കാണാൻ ആഗ്രഹിക്കുന്നു. നായകനില് നിന്ന് വില്ലനിലേക്ക് എത്തിക്കാൻ ചൂട്ടും പിടിച്ച് കൂടെ നടന്നവർ എല്ലാം ഇന്ന് ദിലീപിന് നേരെ മുഖം തിരിക്കുന്നു. ദിലീപ് വില്ലനാണ് എന്നു വിധി എഴുതിയവരുടെ കാലം ആണിത് എന്നു വേണം എങ്കിൽ പറയാം. ദിലീപിനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഓരോ ആരോപണങ്ങളും അതിന്റെ തെളിവ് ആണ്. ദിലീപ് എന്ന ആരെയും അമ്പരപ്പിക്കുന്ന ഉയരങ്ങൾ കീഴടക്കിയ നടൻ അറസ്റ്റിലാകുന്നത് വരെ ആർക്കും പറയാനില്ലാത്ത പല മോശം കഥകളും എഴുതി വച്ചിരുന്ന ഒരു കഥ പോലെ ആണ്.

പോലീസിന്റെ അറസ്റ്റ് നൽകുന്ന സൂചനകൾ ദിലീപിന് ഒരിക്കലും പ്രതീക്ഷ നൽകുന്നതല്ല എങ്കിലും താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉറച്ചനിലപാടിൽ തന്നെ നിൽക്കുമ്പോൾ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ജീവിതത്തിൽ വില്ലനായിരുന്നോ എന്നുള്ളത് ദൈവത്തിനു മാത്രം സ്വന്തമായ ഒരു രഹസ്യം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ദിലീപിന്റെ അറസ്റ്റ് ആഘോഷിച്ചത് കേരളം മാത്രം ആയിരുന്നില്ല. മറിച്ച് ബോളിവുഡ് സിനിമാ പ്രസിദ്ധീകരണങ്ങളും പ്രാദേശിക ഭാഷാ സിനിമാ വെബ്സൈറ്റുകളും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ പല പ്രസിദ്ധീകരണങ്ങളും ആക്രമിക്കപ്പെട്ട നടിയുടെ പേരുൾപ്പെടെയുള്ള വാർത്തയോടെ ആണ് ഇതിനെ വരവേറ്റത്. മലയാള സിനിമയിലെ മറ്റൊരു താരകുടുംബത്തിനും നൽകാത്ത മാധ്യമ പ്രാധാന്യം ദിലീപിന്റെ കുടുംബത്തോട് മാത്രം എന്തിന് എന്നുള്ളതും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അവശേഷിക്കുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *