21
October, 2017
Saturday
11:33 PM
banner
banner
banner

ചുവടുകൾ ഇനി പിഴക്കാതിരിക്കാൻ കരുതലോടെ ദിലീപ്‌, നാദിർഷ ഇന്ന് ഹാജരാകും, ഗുരുതര ആരോപണങ്ങളുമായി പി.സി.ജോർജ്‌ വീണ്ടും

91

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ പ്രതി ചേർക്കപ്പെട്ട്‌ ജയിലിലായ നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ്‌ കോടതിയിലാണ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്‌. 60 ദിവസമായി താന്‍ ജയിലിലാണെന്നും അതു കൊണ്ട് തന്നെ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. അങ്കമാലി കോടതി നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.

ചുവടുകൾ ഒന്നുമിനി പിഴക്കരുതെന്നു ദിലീപിനറിയാം. ഹർജി തയ്യാറാക്കാൻ വൈകിയതിനാലാണ് ജാമ്യ അപേക്ഷ സമർപ്പിക്കുന്നത് മാറ്റിവച്ചത് എന്ന മുൻ വിശദീകരണത്തിൽ നിന്ന് നിലപാട്‌ മാറ്റി ദിലീപ്‌ കഴിഞ്ഞ ദിവസം തന്നെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.

അതേ സമയം ദിലീപിനും ഗണേഷ്‌ കുമാറിനും അനുകൂലമായ റിപ്പോർട്ട്‌ ആലുവ ജയിൽ സൂപ്രണ്ട്‌ അങ്കമാലി കോടതിയിൽ നൽകി. റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കെ ബി ഗണേഷ്‌ കുമാർ ജയിലിൽ സന്ദർശിച്ചത്‌ ചട്ടങ്ങൾ പാലിച്ചാണെന്നാണ് റിപ്പോർട്ടിലുള്ളത്‌. കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇരുവരും സംസാരിച്ചിട്ടില്ല. കൂടാതെ അഞ്ചാം തീയതി വരെ ദിലീപിനെ ജയിലിൽ എത്തി സന്ദർശിച്ച എല്ലാവരുടെയും ലിസ്റ്റും ജയിൽ അധികൃതർ കോടതിക്ക്‌ കൈമാറിയിട്ടുണ്ട്‌.

എന്നാൽ ജയിലിൽ ദിലീപിനെ സന്ദർശിച്ച ശേഷം പുറത്തു വന്ന ഗണേഷ്കുമാർ മാധ്യമങ്ങളോട്‌ പറഞ്ഞത്‌ വിവാദമായിരുന്നു. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നാണ് അന്ന് ഗണേഷ്കുമാർ പറഞ്ഞിരുന്നത്‌.

നാദിർഷായുടെ ഹർജിയിന്മേൽ കോടതി എന്ത് നിലപാടെടുക്കും എന്ന് വ്യക്തമായിട്ടേ ദിലീപ് ജാമ്യാപേക്ഷ നൽകാനിടയുള്ളു എന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ. കഴിഞ്ഞ ദിവസം നാദിർഷായുടെ ഹർജി പരിഗണിക്കവെ കോടതി പ്രകടിപ്പിച്ച സംശയങ്ങൾ ദിലീപ് അനുകൂലികൾക്ക് ആശ്വാസമേകുന്നതാണ്. കേസന്വേഷണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി കോടതി പോലീസിനെ വിമർശിച്ചിരുന്നു. നാദിർഷായോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച കോടതി, ഈ മാസം പതിനെട്ടുവരെ നാദിർഷായെ അറസ്റ് ചെയ്യരുതെന്നും പോലീസിനോട് നിർദേശിച്ചു. നാദിര്‍ഷാ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. ആലുവ പൊലീസ് ക്ലബിലാകും നാദിര്‍ഷാ ഹാജരാവുക. നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു.

കേസിൽ ദിലീപിനെ പ്രതിയാക്കി അറസ്റ്റ്‌ ചെയ്തതു ഗൂഢാലോചനയാണെന്ന്‌ പി.സി. ജോർജ്ജ്‌ എംഎൽഎ വീണ്ടും ആരൊപിക്കുന്നു.

സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോർജ് പറഞ്ഞു. അറസ്റ്റിലായ നടൻ ദിലീപിനു ജാമ്യത്തിന് അർഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നൽകുന്നില്ല എന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണ്. അവർ നടൻ നാദിർഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. സുനിയുടെ ഭീഷണിക്കാര്യം നാദിർഷ നേരിട്ട്‌ വന്ന് പറഞ്ഞിരുന്നു എന്നും പി സി കൂട്ടിച്ചേർത്തു.

പൊതു സമൂഹത്തിലും ദിലീപിനെ അനുകൂലിച്ച്‌ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ, നാദിർഷായുടെ ജാമ്യാപേക്ഷയിൽ അനുകൂല വിധിയുണ്ടായാൽ അത് ദിലീപിന്റെ ജാമ്യാപേക്ഷയെ അനുകൂലമായി ബാധിക്കും. ഇത്തവണ കൂടി ജാമ്യം നിഷേധിക്കപ്പെട്ടാൽ ദിലീപ് ഒരുപക്ഷെ വിചാരണ തടവുകാരനായി ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരും. കോടതി ചോദിച്ചതുപോലെ അപ്രതീക്ഷിത വഴിത്തിരിവുകളുള്ള ഒരു സിനിമാക്കഥപോലെ നീളുകയാണ് ദിലിപിന്റെ ജയിൽ ജീവിതം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *