20
October, 2017
Friday
01:53 AM
banner
banner
banner

കോഫീ ഹൗസ് ഏതായാലും ഭക്ഷണം നന്നാവണം

527

കോഫീ ഹൗസുകളുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകളാണല്ലോ അടുത്തിടെ വന്നു കൊണ്ടിരിക്കുന്നത്. ജീവനക്കാരെ എങ്ങോട്ടു സ്ഥലം മാറ്റി. ഏതു പത്രം ഇടണം എന്നെല്ലാം ഇവയിലൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ ഇവിടത്തെ ഉപഭോക്താക്കള്‍ക്കു താല്‍പ്പര്യമുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. അഞ്ചെട്ടു വര്‍ഷം മുന്‍പു വരെ ഏതു കോഫി ഹൗസില്‍ പോയാലും ഭക്ഷണത്തിനും വൃത്തിക്കും പെരുമാറ്റത്തിനുമെല്ലാം ഒരു മിനിമം ഗ്യാരണ്ടിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം അപ്രത്യക്ഷമാകുകയാണോ? ഭക്ഷണം പലപ്പോഴും നിലവാരത്തകര്‍ച്ച കൊണ്ടു ശ്രദ്ധേയമാകുന്നു. ചപ്പാത്തിയാണ് വാങ്ങുന്നതെങ്കില്‍ നമുക്കു കിട്ടുന്നത് പലപ്പോഴും ഗോതമ്പു മാവു പരത്തിയത് വെറുതെ ചൂടുതട്ടിച്ചതു മാത്രമായിരിക്കും.

ഇനി പെരുമാറ്റത്തിന്റെ കാര്യത്തിലോ? ശരീരഭാഷ മാത്രമല്ല, മൊഴിയുന്നതും തികച്ചും പ്രകോപനപരമാകുന്നു. ഒരു സുഹൃത്ത്‌ പറഞ്ഞത്‌, വെഞ്ഞാറമൂട്‌ കോഫീ ഹൗസിൽ നിന്നും ഒരു ദിവസം കട്‌ലറ്റ്‌ വാങ്ങി (ചുവന്ന മസാല ദോശ പോലെ കട്‌ലറ്റും കോഫീ ഹൗസ്‌ സ്പെഷ്യലാണ്‌). ചിക്കൻ കട്‌ലറ്റിൽ കരിച്ച്‌ കരിക്കട്ടപ്പരുവത്തിലുള്ള എന്തോ ഒന്ന് വച്ചിരിക്കുന്നു. വിളിച്ച്‌ ചോദിച്ചപ്പോൾ കിട്ടിയ മറുപടി അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയത്രെ, കഴിക്കണ്ട, അവിടെ വച്ചേക്കൂ എന്ന്. താരതമ്യേന പുതിയ ജീവനക്കാരാണ് ഇങ്ങനെ പ്രകോപിപ്പിക്കുന്നതില്‍ അധികവും എന്നു തോന്നുന്നു. അടുത്തിടെ വേകാത്ത ചപ്പാത്തി കൊണ്ടു വന്നത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു വിതരണം ചെയ്ത വിദഗ്ദ്ധന്‍ എനിക്കു വേണ്ടി ഭക്ഷണ നിര്‍മാണത്തെക്കുറിച്ച് ഒരു ക്ലാസു തന്നെ എടുക്കുകയുണ്ടായി. അതിന്റെ പത്തിലൊന്നു സമയം ചപ്പാത്തിക്കല്ലില്‍ ആ മാവു വെച്ചിരുന്നെങ്കില്‍ വെന്തു കിട്ടിയേനേ. അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ച എനിക്കു സംശയമായി. ഇതുവരെ ഞാന്‍ കഴിച്ചിട്ടുള്ളതൊന്നും ചപ്പാത്തിയേ അല്ലേ എന്ന്.

പാല്‍ അടിയില്‍ കരിഞ്ഞതിന്റെ ചുവയുമായുള്ള ചായ, വേകാത്ത ചപ്പാത്തി എന്നിവയെക്കുറിച്ചു പരാതി പറയാതിരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു. അതേ പോലെ തന്നെ പരാതിയോ അഭിപ്രായമോ എഴുതാനുള്ള പുസ്തകവും അവരോടു ചോദിക്കരുതെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നു തോന്നുന്നു. ഇതിനിടയിലും ബോട്ട് ജെട്ടി, പാലാ, മണ്ണുത്തി, അരൂര്‍ (ഇപ്പോള്‍ കുത്തിയതോടിനടുത്ത്), തമ്പാനൂർ എന്നിവിടങ്ങളിലെ കോഫി ഹൗസുകള്‍ ഇപ്പോഴും നിലവാരം കാത്തു സൂക്ഷിക്കുന്നതായി പറയാതെ വയ്യ. ഭരണ നിര്‍വ്വഹണത്തെക്കുറിച്ചു ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും എല്ലാം ചെയ്യുന്നതിനിടെ കിട്ടുന്ന ഇടവേളകളില്‍ മികച്ച ഭക്ഷണം എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ചും മാന്യമായ രീതിയില്‍ എങ്ങനെ പെരുമാറാം എന്നതിനെക്കുറിച്ചും പുതിയ തലമുറയ്ക്കു പഠിപ്പിച്ചു കൊടുക്കാനും അല്‍പ്പ സമയം കണ്ടെത്തിയാല്‍ നന്നായിരുന്നു.

സ്മിതി കൊച്ചിൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *