22
June, 2017
Thursday
05:33 PM
banner
banner
banner

വെയിൽ കൊണ്ട് ചുട്ടു പൊള്ളിക്കിടക്കുന്ന കാറിനെ വേഗത്തിൽ തണുപ്പിക്കാൻ ചില കാര്യങ്ങൾ

1982

അല്പനേരം വെയിലത്ത് കിടക്കുന്ന കാറിന്റെ ഉള്ളിൽ കയറിയാലുള്ള അനുഭവം അതി കഠിനം തന്നെ. സ്റ്റിയറിങ് വീലിലും ഡാഷ്ബോര്‍ഡിലുമൊക്കെ തൊട്ടാല്‍ പെള്ളുന്ന ചൂട്. ഒപ്പം ചൂടായ പ്ലാസ്റ്റിക്കിന്റെ വൃത്തികെട്ട ഗന്ധവും. എസിയുടെ തണുപ്പ് കാറില്‍ നിറയുമ്പോഴേക്കും യാത്രക്കാര്‍ ആകെ വലഞ്ഞിട്ടുണ്ടാകും. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാവും. അവ എന്തൊക്കെയെന്നു നോക്കാം.

വണ്ടിയില്‍ നിന്ന് ഇറങ്ങി അല്‍പ്പം നടക്കേണ്ടിവന്നാലും തണലുള്ള സ്ഥലം നോക്കി തന്നെ വാഹനം പാര്‍ക്ക് ചെയ്യുക. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നില്‍ പതിയ്ക്കും വിധം പാര്‍ക്ക് ചെയ്യുക. സ്റ്റിയറിങ്ങ് വീലും മുന്‍ സീറ്റുകളുമൊക്കെ ചൂടാകുന്നതു ഇങ്ങനെ തടയാം. മുന്നിലെയും പിന്നിലെയും വിന്‍ഡ് സ്ക്രീനില്‍ സണ്‍ ഷേഡ് ( തിളക്കമുള്ളവ കൂടുതല്‍ നല്ലത് ) വയ്ക്കുന്നത് നന്ന്. ഇത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ വാഹനത്തിന് ഉള്‍ഭാഗം അധികം ചൂടുപിടിക്കില്ല. കുറഞ്ഞപക്ഷം പത്രക്കടലാസ് ഡാഷ് ബോര്‍ഡില്‍ വിരിച്ചിടുക. ഇതു ഡാഷ് ബോര്‍ഡിന്റെ പുതുമ കാത്തുസൂക്ഷിക്കാനും ഉപകരിക്കും. കട്ടിയുള്ള തുണികൊണ്ട് സീറ്റ് അടക്കമുള്ള ഭാഗം മൂടി ഇടുന്നതും നല്ലതാണ്. ബ്ലാങ്കറ്റ് ചൂട് ആഗിരണം ചെയ്ത് സീറ്റിനും ഡാഷ്ബോര്‍ഡിനുമൊക്കെ തണുപ്പേകും. തിരികെ വരുമ്പോള്‍ തുണി മടക്കി ഡിക്കിയില്‍ തള്ളുക.

വണ്ടിയ്ക്കുള്ളിലെ ചൂടുകുറയ്ക്കാന്‍ ഗ്ലാസ് താഴ്ത്തിയിട്ട് പാര്‍ക്ക് ചെയ്യുക സുരക്ഷിതമല്ല. എന്നാല്‍ ഗ്ലാസ് അല്‍പ്പമൊന്നു താഴ്ത്തി ഇട്ടാല്‍ വായു സഞ്ചാരം കൂട്ടി ഉള്‍ഭാഗം തണുപ്പിക്കാനാവും. വിന്‍ഡോ വിടവിലൂടെ കൈ കടത്താനാവില്ലെന്നു ഉറപ്പാക്കുക. കള്ളന്മാര്‍ക്ക് വെറുതെ അവസരം കൊടുക്കേണ്ടല്ലോ? ഏറെ നേരം വെയിലത്തുകിടന്ന വാഹനം എടുക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് രണ്ടുമിനിറ്റോളം ഓടിയ്ക്കുക. ചൂടുവായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ അതുപകരിക്കും. പിന്നീട് ഗ്ലാസുകള്‍ ഉയര്‍ത്തി വച്ച് എസി പ്രവര്‍ത്തിപ്പിക്കുക. ക്യാബിനുള്‍ഭാഗം വേഗത്തില്‍ തണുപ്പുള്ളതാകും.

പൊടിയില്ലാത്ത, ശുദ്ധവായു കിട്ടുന്ന സാഹചര്യങ്ങളില്‍ മാത്രം എസിയുടെ വെന്റിലേഷന്‍ ( പുറത്തുനിന്ന് വായു സ്വീകരിക്കുന്ന ) മോഡ് ഇടുക. റീ സര്‍ക്കുലേറ്റിങ് മോഡില്‍ വാഹനത്തിനുള്ളിലുള്ള വായുവാണ് എസി തണുപ്പിക്കുക. അതിനാല്‍ ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ ഈ മോഡാണ് ഉത്തമം. ഫ്രഷ്‌ എയര്‍ ഫ്ലാപ്പ്‌ തുറന്നിരിക്കുമ്പോള്‍ പുറത്തു നിന്നുള്ള വായുവാണു ഉള്ളിലേക്കു തണുപ്പിച്ചു കയറ്റുന്നത്‌. ഈ വായു ചൂടുപിടിച്ചതാകയാല്‍ എസിക്ക്‌ ഇതു തണുപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മാത്രവുമല്ല, സിറ്റി ഡ്രൈവിങ്ങില്‍ പൊടിയും പുകയും നിറഞ്ഞ വായു ഉള്ളില്‍ കടക്കാതെ സൂക്ഷിക്കാനും റീസര്‍ക്കുലേഷന്‍ മോഡ്‌ ഉപകരിക്കും. എസിയുടെ തണുപ്പ് കുറയുന്നത് റഫ്രിജറന്റ് ഗ്യാസിന്റെ കുറവുമൂലവുമാകാം. പ്രതിവര്‍ഷം 15 ശതമാനം വരെ ഗ്യാസ് കുറയും. എല്ലാ വര്‍ഷവും എസി സര്‍വീസ് ചെയ്യാന്‍ ശ്രദ്ധിക്കുക.

റേഡിയേറ്ററിനു മുന്നിലായി ഉറപ്പിച്ചിരിക്കുന്ന കണ്ടന്‍സറില്‍ ( ഇതും കാഴ്ചയ്ക്ക് റേഡിയറ്റര്‍ പോലെയിരിക്കും ) പ്രാണികള്‍ , ഇലകള്‍ എന്നിവ പറ്റിയിരിക്കാന്‍ ഇടനല്‍കരുത്. അല്ലെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള റഫ്രിജറന്റിനെ തണുപ്പിക്കുന്ന കണ്ടന്‍സറിന്റെ ജോലി തടസ്സപ്പെടും. ഫലത്തില്‍ എസിയുടെ തണുപ്പു കുറയും. തണുപ്പു കുറയുക, എസി വെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുക, അമിത ശബ്ദമുണ്ടാകുക, ഫ്ലോറില്‍ നനവുണ്ടാകുക, എസി ഇടുമ്പോള്‍ എന്‍ജിന്‍ ഓവര്‍ ഹീറ്റാകുക എന്നിവയിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ എസി മെക്കാനിക്കിനെക്കൊണ്ട് എസി പരിശോധിപ്പിക്കുക.

കടപ്പാട്‌: ഓട്ടോബീറ്റ്സ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *