21
October, 2017
Saturday
11:34 PM
banner
banner
banner

സത്യത്തിൽ ഒരു ശരാശരി മലയാളിക്ക്‌ ഒരു വർഷത്തിൽ എത്ര ജന്മദിനങ്ങൾ ഉണ്ട്‌?

76

ഇതെന്‍െറ മാത്രം ചിന്തകളാണോയെന്നറിയില്ല. പക്ഷെ എന്‍െറ ചിന്തകള്‍ ഇതിലൂടെ കാടുകേറാന്‍ തുടങ്ങീട്ട് നാളുകളേറെയായി. ഇതൊന്ന് കുറിച്ചിടാന്‍ തോന്നിയതിപ്പോഴാണെന്ന് മാത്രം .ജ്യോതിശാസ്ത്രം- ജീവിതത്തിന്‍െറ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്വയമാശ്വസിക്കാനും പഴിചാരാനും നാമിതിനെ കൂട്ടുപിടിച്ചിട്ടുണ്ട്. ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് ബര്‍ത്ത്ഡേയെക്കുറിച്ചാണ്. കുട്ടിക്കാലം മുതല്‍ ഞാന്‍ ഒത്തിരിയിഷ്ടപ്പെട്ടിരുന്ന ദിവസം. അതിന് കാരണം അന്നത്തെ ദിവസം മാത്രം സ്കൂളില്‍ കളര്‍ഡ്രസ്സ് ഇടാമായിരുന്നു. (യൂണിഫോമില്‍ നിന്നും പരോള്‍ ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തം). കൂടാതെ അസംബ്ളിയില്‍ വച്ച് ‘ഹാപ്പി ബര്‍ത്തഡേ’ ഗാനം കോറസ്സായി ആലപിക്കുകയും ചെയ്യും. അഥവാ അസംബ്ളി ഇല്ലാത്ത ദിവസങ്ങളിലാണെങ്കിലും ‘ ബര്‍ത്ത്ഡേ ബേബീസി’ന്‍െറ പേര് മൈക്കിലൂടെ വിളിച്ചറിയിച്ചിരുന്നു. അന്ന് കോറസ് ക്ളാസ്സ് റൂമില്‍ നിന്നും എന്ന വ്യത്യാസം മാത്രം. ബന്ദുകള്‍, സമരങ്ങള്‍, പൊതു അവധികള്‍, വിശേഷ അവധികള്‍ എന്നിവയെ ബര്‍ത്ത്ഡേ ദിനത്തില്‍ നിന്നും ഒഴിവാക്കി കിട്ടാന്‍ വഴിപാടുവകകള്‍ വേറെയും.

ഇനി കാര്യം. ഞാന്‍ ജനിച്ച ദിവസവും സ്കൂള്‍ രജിസ്റ്ററിലെ ദിവസവും രണ്ടും രണ്ടാണ്. മാര്‍ച്ചില്‍ ജനിച്ച ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനിച്ചത് മെയ് യില്‍. എന്‍െറ മാത്രമല്ല അനുജത്തിയുടേയും സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെ കണ്ടപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ക്യൂരിയോസിറ്റി എവറസ്റ്റ് കേറി. പിന്നീടുള്ള ചര്‍ച്ചകളിലും മറ്റും നിന്ന് മിക്കവാറും എല്ലാവരുടെയും കാര്യം ഇങ്ങനൊക്കെത്തന്നെയെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ‘ഒഫിഷ്യല്‍’ ‘ഒറിജിനല്‍’ എന്നീ ലേബലുകളുള്ള ബര്‍ത്ത്ഡേ യെക്കുറിച്ച് മനസ്സിലാക്കി. അങ്ങനെയിരിക്കെയാണ് ജന്മദിനം എന്നു കേള്‍ക്കുന്നത്.

ബര്‍ത്ത്ഡേയുടെ തത്തുല്ല്യമായ മലയാളപദം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും തോന്നിയില്ല. വളരെ പെട്ടെന്ന് തന്നെ അവയുടെ നാനാര്‍ഥങ്ങള്‍ മഴവില്ലു വരച്ചു. കലണ്ടറിലെ ഇംഗ്ളീഷ് മാസങ്ങള്‍ മലയാളം മാസങ്ങളെ ഗര്‍ഭത്തില്‍ പേറുന്നുണ്ട് പോലും. 27 നക്ഷത്രങ്ങളെയും ഓരോ ദിവസത്തേക്കും വീതിച്ചു നല്‍കിയിരിക്കുന്നു. അങ്ങനെ വന്നപ്പോള്‍ ആഘോഷിക്കാന്‍ ജന്മനക്ഷത്രം കൂടി നോക്കേണ്ടിവന്നു. അങ്ങനെയിരിക്കെയാണ് ഹൈന്ദവ വിശ്വാസപ്രകാരം മലയാളമാസത്തിലെ നക്ഷത്രമാണ് പ്രായം നിശ്ചയിക്കുന്നതെന്നറിഞ്ഞു. (അവിടെ ഡേറ്റിന് പ്രസക്തിയില്ല പോലും). പിന്നെ കണ്‍ഫ്യൂഷന്‍െറ കൂട്ടത്തല്ല്. പിന്നെ കിട്ടിയ പേരാണ് ‘പിറന്നാള്‍’. പിറന്നാളിന് ക്ഷേത്രത്തില്‍ പോയി പേരും നാളും പറഞ്ഞ് അര്‍ച്ചന ചെയ്യണമത്രേ.

അങ്ങനെ കുടുംബത്തിലുള്ള എല്ലാവരുടേയും ബര്‍ത്ത്ഡേ, ജന്മദിനം, പിറന്നാള്‍ ഇവയെക്കുറിച്ച് ചെറിയൊരു ഗവേഷണം നടത്തി. അങ്ങനെയാണ് പപ്പയുടെ എസ്.എസ്.എല്‍.സി. ബുക്ക് കാണാനിടയായത്. കന്നിമാസത്തില്‍ ജനിച്ച പപ്പയുടെ date of birth ഫെബ്രുവരിയില്‍. രസകരമായൊരു വസ്തുത മറനീക്കി പുറത്തുവന്നതപ്പോഴാണ്. പണ്ടുകാലത്ത് സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുന്ന ആളിന്‍െറ മികവ് പോലിരിക്കും സര്‍ട്ടിഫിക്കറ്റിലെ ഡീറ്റെയില്‍സെന്ന് പപ്പ തമാശരൂപേണ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെ കന്നി ഫെബ്രുവരി ആയി. അമ്മയുടെയും വ്യത്യസ്തമല്ലാത്ത കഥയാണ്.

ഹൈസ്കൂള്‍ ക്ളാസ്സിലാണ് വിവിധതരം കലണ്ടറിനെക്കുറിച്ച് പഠിക്കുന്നത്. സോളാര്‍, ലൂണാര്‍ എന്നിവ അടിസ്ഥാനമാക്കി ഹിജ്റ, ശക, ജോര്‍ജിയന്‍ തുടങ്ങിയ വിവിധയിനം കലണ്ടറുകള്‍ വീണ്ടും ഇടിയപ്പത്തിന്‍െറ നൂലുപോലെ മസ്തിഷ്കത്തെ ബന്ധിച്ചു. വാരികകളില്‍ വരുന്ന അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രഫലവും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധികരിക്കുന്ന കൂറടിസ്ഥാനമാക്കിയുള്ള ഫലവും എന്‍െറ ചിന്തകള്‍ക്കാഹാരമായി. ക്രസ്ത്യന്‍ സ്കൂളില്‍ പഠിച്ചതുകൊണ്ടാകാം ഭാഗ്യദൗര്‍ഭാഗ്യങ്ങളളക്കാന്‍ സോഡിയാക് (zodiac sign) അഥവാ സണ്‍ (Sun sign) പ്രധാന കഥാപാത്രമായെത്തി. ഏരീസ് മുതല്‍ പീസിസ് വരെ 12 signs. അത് ഇംഗ്ളീഷ് മാസങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവയൊരോന്നും സ്വധര്‍മ്മത്തിലൂടെ ഭാവി ഭാഗധേയം നിശ്ചയിക്കുന്നു.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

ചുരുക്കത്തില്‍ ജോലിക്ക് ഒഫിഷ്യല്‍ ജനനത്തീയതി വിവാഹപൊരുത്തം തുടങ്ങിയ ജാതക സംബന്ധിയായവയ്ക്ക് ഒറിജിനല്‍ ജനനത്തീയതി, നേര്‍ച്ചകാഴ്ചയ്ക്ക് ജന്മനക്ഷത്രം, ആചാരപ്രകാരം മലയാളമാസത്തിലെ ജന്മദിനവും പേറി ദിവസങ്ങളിലൂടെ ഞാനും മുന്നോട്ട്. കാലദേശത്തിനനുസരിച്ച് ഇതിന് മാറ്റമുണ്ടാകും എന്ന തിരിച്ചറിവ് NB ആയി രേഖപ്പെടുത്തിക്കൊണ്ട് പ്രയാണം തുടരുന്നു.

ധന്യ അഴകപ്പൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *